Thursday, January 23, 2014

ആം ആദ്മി നിയമമന്ത്രി കുടുങ്ങുന്നു

ദക്ഷിണ ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വനിതകളെ അപമാനിക്കാന്‍ നേതൃത്വം നല്‍കിയ നിയമമന്ത്രി സോമനാഥ് ഭാരതി നിയമത്തിന്റെ വലയില്‍ കുടുങ്ങുന്നു. മന്ത്രിയുടെയും സംഘത്തിന്റെയും ആക്രമണത്തിനും അധിക്ഷേപത്തിനും വിധേയരായ സ്ത്രീകളില്‍ ഒരാള്‍ മജിസ്ട്രേട്ടിന് മൊഴി നല്‍കി. അക്രമിസംഘത്തിലുണ്ടായിരുന്ന മന്ത്രിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജ്യം വിട്ടുപോയില്ലെങ്കില്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും ആഫ്രിക്കന്‍ സ്ത്രീ മജിസ്ട്രേട്ടിനോട് പറഞ്ഞു. സിആര്‍പിസി 164-ാം വകുപ്പുപ്രകാരം രഹസ്യമൊഴിയാണ് ഇവര്‍ കോടതിയില്‍ നല്‍കിയത്. കോടതി മൊഴി പൊലീസിന് കൈമാറും. സോമനാഥ് ഭാരതി വ്യാഴാഴ്ച ഹാജരായി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന വനിതാകമീഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്. ഹാജരാകാത്തപക്ഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കും പൊലീസ് കമീഷണര്‍ക്കും ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ ബര്‍ക്ക സിങ് പറഞ്ഞു.

ദക്ഷിണ ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ചയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ആം ആദ്മി സംഘം പരിശോധനയ്ക്കിറങ്ങിയത്. വടിയും മറ്റുമായി എത്തിയ സംഘം സ്ത്രീകളെ മര്‍ദിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ആഫ്രിക്കന്‍ വനിതകളെ പരിശോധിക്കാന്‍ പൊലീസിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന് കൂട്ടുനില്‍ക്കാത്ത പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കെജ്രിവാളും സംഘവും രണ്ടുദിവസം ധര്‍ണ നടത്തിയത്.

നിയമമന്ത്രിയുടെ നടപടിയെ വനിതാസംഘടനകള്‍ അപലപിച്ചു. മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഫ്രിക്കന്‍ വനിതകളെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ സംഘടനകളുടെ ഭാരവാഹികള്‍ മുഖ്യമന്ത്രി ക്ക് കത്തയച്ചു. നൈജീരിയന്‍, ഉഗാണ്ടന്‍ വനിതകളെ വേശ്യകളെന്ന് ആക്ഷേപിച്ച് ജനക്കൂട്ടത്തിന്റെ വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തത് ആശങ്കാജനകമാണ്. വനിതകളെ സംരക്ഷിക്കുന്ന നിലപാടാണ് മാളവ്യനഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്വീകരിച്ചത്. മന്ത്രിയുടെ നിയമവിരുദ്ധമായ ഉത്തരവ് അംഗീകരിക്കാന്‍ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നത് അന്യായമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം ഉപേക്ഷിക്കണമെന്നും സംഘടനാനേതാക്കള്‍ ആവശ്യപ്പെട്ടു. ജഗ്മതി സങ്വാന്‍ (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍), ആനി രാജ (എന്‍എഫ്ഐഡബ്ല്യു), കവിത കൃഷ്ണന്‍ (എഐപിഡബ്ല്യുഎ), ഷബ്നം ഹാഷ്മി (എഎന്‍എച്ച്എഡി), ഇന്ദു അഗ്നിഹോത്രി (സിഡബ്ല്യുഡിഎസ്), കവിത ശ്രീവാസ്തവ (പിയുസിഎല്‍), സുനിതദര്‍ (ജഗോരി), ജ്യോസ്ന ചാറ്റര്‍ജി (ജെഡബ്ല്യുപി), ലീല പസ്സ (വൈഡബ്ല്യുസിഎ) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇതിനിടെ, മലയാളി നേഴ്സുമാര്‍ക്കെതിരെ വംശീയ ആക്ഷേപംചൊരിഞ്ഞതിന് ആം ആദ്മി പാര്‍ടി നേതാവ് കുമാര്‍ വിശ്വാസ് ഖേദം പ്രകടിപ്പിച്ചു.

deshabhimani

No comments:

Post a Comment