Thursday, January 30, 2014

കര്‍ഷകര്‍ക്ക് നഷ്ടം 600 കോടി

കോട്ടയം: റബര്‍ മേഖല ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക്. കൃഷിച്ചെലവുകള്‍ കൂടിയും വിലകുറഞ്ഞും ഇത്രയും ഗുരുതരമായ പ്രതിസന്ധിയെ ഈ മേഖല നേരിടേണ്ടി വന്നിട്ടില്ല. വിലത്തകര്‍ച്ച മൂലം സംസ്ഥാന സര്‍ക്കാരിനും കൃഷിക്കാര്‍ക്കുമായി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടുണ്ടായ നഷ്ടം 600 കോടിയോളം. ഇറക്കുമതി തീരുവ കുറച്ച് ടയര്‍ വ്യവസായികള്‍ക്ക് സഹായം നല്‍കിയതുവഴിയാണ് ഈ സാഹചര്യമൊരുക്കിയത്. ഇറക്കുമതി തീരുവ 20 രൂപയില്‍നിന്ന് വര്‍ധിപ്പിച്ച് 34 രൂപയാക്കാന്‍ 2013 ഫെബ്രുവരി 26 ന് വാണിജ്യമന്ത്രാലയം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, ഇത് നടപ്പാക്കാന്‍ ധനമന്ത്രി പി ചിദംബരം അനുമതി നല്‍കിയത് ഡിസംബര്‍ 20നും. ഈ കാലയളവുകൊണ്ടുമാത്രം കര്‍ഷകര്‍ക്ക് 600 കോടിയുടെ നഷ്ടം വന്നതായാണ് റബര്‍ബോര്‍ഡ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇറക്കുമതി തീരുവയുടെ ഫലമായി റബര്‍ വില ക്രമാതീതമായി ഇടിഞ്ഞു തുടങ്ങിയത് 2012 മുതലാണെന്ന് റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രതിനിധി പയസ് സ്ക്കറിയ ചൂണ്ടിക്കാട്ടി. 2011 ജനുവരിയില്‍ കിലോയ്ക്ക് 226 രൂപയുണ്ടായിരുന്നത് 12ല്‍ 188 രൂപയിലേക്ക് എത്തി. ഈ ജനുവരിയില്‍ വില 140ലേക്ക് ചുരുങ്ങി. വില ഇടിച്ചില്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 1,500 കോടിയോളം രൂപ കര്‍ഷകര്‍ക്ക് നഷ്ടമായി. വിലത്തകര്‍ച്ചമൂലം രണ്ടു വര്‍ഷത്തിനുള്ളില്‍ കിലോയ്ക്ക് അമ്പതു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. രൂപയുടെ മൂല്യവുമായി (ഡോളര്‍ വില) താരതമ്യം ചെയ്യുമ്പോള്‍ വിലത്തകര്‍ച്ചയുടെ ആഘാതം കനത്തതാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഒരു കിലോ റബറിന് 63 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നികുതികളിലൂടെയുണ്ടായ നഷ്ടം പ്രതിവര്‍ഷം ആയിരം കോടി വരുമെന്നും കണക്കാക്കുന്നു. ഇറക്കുമതിയിലൂടെ വിദേശ നാണ്യ ശേഖരത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ നഷ്ടം വേറെയും. രാജ്യത്ത് റബര്‍ ഉല്‍പ്പാദിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് 98.04 ശതമാനമാണ്. രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള 12 ലക്ഷത്തോളം കര്‍ഷകരും പതിനായിരത്തോളം ചെറുകിട വ്യാപാരികളും ഈ മേഖലയെ ആശ്രയിക്കുന്നു. എംആര്‍എഫ്, സിയറ്റ്, അപ്പോളൊ, ബ്രിക് സ്റ്റോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ താല്‍പര്യം സംരക്ഷിച്ച് ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തേതിലും 208 ശതമാനം വര്‍ധന വരുത്തിയാണ് കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കിയത്. അവധി വ്യാപാരവും ലൈസന്‍സോ, രജിസ്ട്രേഷനൊ മറ്റ് നിയന്ത്രണമൊ ഇല്ലാതെ ആര്‍ക്കും ഈ രംഗത്തേക്ക് വരാമെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

എസ് മനോജ്

റബര്‍വില 142 ലേക്ക്; കര്‍ഷകര്‍ക്ക് കനത്ത ആഘാതം

കോട്ടയം: കര്‍ഷകരെ കടുത്ത ആശങ്കയിലാക്കി റബര്‍ വില കിലോയ്ക്ക് 142 രൂപയിലേക്ക് പതിച്ചു. ശനിയാഴ്ച 147.50 രൂപയായിരുന്ന വില രണ്ടു ദിവസം കൊണ്ട് അഞ്ചു രൂപയാണ് ഇടിഞ്ഞത്. 2011 ഏപ്രിലില്‍ 243.50 രൂപ വരെയെത്തിയത് രണ്ടര വര്‍ഷം കൊണ്ട് നൂറു രൂപയോളം കുറഞ്ഞു. കൃഷിച്ചെലവും കൂലിയും ക്രമാതീതമായി കൂടിയതോടെ കര്‍ഷകരുടെ ആഘാതം പതിന്മടങ്ങായി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം മൂലം സമീപ നാളുകളില്‍ പരിധിയില്ലാത്ത രീതിയില്‍ വിലയിടിഞ്ഞു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് വിലയിടിവ് തടയാന്‍ നടന്ന ശ്രമങ്ങളും ഫലം കണ്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20 ന് തീരുവ വര്‍ധിപ്പിച്ചപ്പോള്‍ 154 രൂപയായിരുന്നു വില. ക്രമേണ പത്തുരൂപ വരെ വില കൂടി 164 ല്‍ എത്തി. താരീഫ് കൂട്ടിയപ്പോള്‍ അന്താരാഷ്ട്രവില കിലോയ്ക്ക് 161 രൂപയായി. പിന്നീട് വില താഴ്ന്ന് 140 രൂപയിലെത്തി. ഇതേ തുടര്‍ന്ന് ആഭ്യന്തര വിലയും ക്രമാതീതമായി ഇടിയുകയായിരുന്നു.

റബര്‍ വിലയിടിവ്: കേന്ദ്രം ഇടപെടണം

റബര്‍ വിലയിടിവ് നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി കെ പി മോഹനന്‍ നിയമസഭയില്‍ പറഞ്ഞു. വിലയിടിവ് കര്‍ഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 2010 ഏപ്രിലില്‍ ക്വിന്റലിന് 24,000 രൂപയായിരുന്നത് 15,050 രൂപയായി ഇടിഞ്ഞു. വില കുറഞ്ഞപ്പോള്‍ ഉല്‍പ്പാദനച്ചെലവ് കൂടി. ഇറക്കുമതിത്തീരുവ ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഗ്രേഡിലുമുള്ള ഇറക്കുമതിത്തീരുവ 70 ശതമാനമോ, 49 രൂപയോ ഏതാണ് കുറവ് അതായി നിജപ്പെടുത്തണം. ഇറക്കുമതിക്കു മുമ്പുണ്ടായിരുന്ന തുറമുഖനിയന്ത്രണം പുനസ്ഥാപിക്കണം. കയറ്റുമതി പ്രോത്സാഹനത്തിന് സബ്സിഡി നല്‍കണം എന്നീ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 2013 ഡിസംബര്‍മുതല്‍ ഇറക്കുമതിത്തീരുവ കിലോയ്ക്ക് 20 ശതമാനമോ 30 രൂപയോ ഏതാണ് കുറവെന്ന നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജു എബ്രഹാമാണ് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചത്. അന്തര്‍ദേശീയ വിപണിയിലെ ഇടിവാണ് വില കുറയാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തെ ഇത് സാരമായി ബാധിച്ചു. തീരുവ കുറച്ചെങ്കിലൂം ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വിലസ്ഥിരതാഫണ്ടില്‍നിന്ന് 100 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ റബര്‍ സംഭരണം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റബറിന്റെ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധിയിലും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച രാജു എബ്രഹാം പറഞ്ഞു. 11 മാസം മുമ്പ് കേന്ദ്രവാണിജ്യമന്ത്രാലയം കൈക്കൊണ്ട തീരുമാനം നടപ്പായിട്ടില്ല. വിലയിടിവിനെത്തുടര്‍ന്ന് റബര്‍കര്‍ഷകര്‍ക്ക് പതിനായിരം കോടിയുടെ നഷ്ടമുണ്ടായി. 10 ടയര്‍ കമ്പനികള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. കേന്ദ്രസര്‍ക്കാരിനെ ടയര്‍ കമ്പനികള്‍ സ്വാധീനിക്കുകയാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.

deshabhimani

No comments:

Post a Comment