Sunday, January 26, 2014

ആം ആദ്മി ധ്യാനമാര്‍ഗി

 "ഇന്ദ്രിയങ്ങള്‍ക്ക് ഏതൊരാളുടെ മനസ്സ് കീഴ്പ്പെടുന്നുവോ, ആ മനസ്സ് കാറ്റത്തുലയുന്ന വഞ്ചിപോലെയാണ്." എന്നു മനസിലാക്കിയതുകൊണ്ടാണ് ബിഹാറുകാരന്‍ സോംനാഥ് ഭാരതി ബുദ്ധന്റെ അനുയായിയായത്. കെട്ടുവിട്ട മനസ്സാണ് എന്ന് സ്വയം ബോധ്യമുണ്ടായിരുന്നു-നിയന്ത്രിക്കാന്‍ "വിപാസന" മെഡിറ്റേഷന്‍ തുടങ്ങി. ശ്രീ ശ്രീ എന്നൊന്നും വിളിക്കുന്നില്ലെങ്കിലും ശ്വസനകലയുടെ ഉസ്താദാണ്. നവാദയിലെ സര്‍ക്കാര്‍ സ്കൂള്‍ മുതല്‍ ഡല്‍ഹി ഐഐടിയും കടന്ന് ഇന്ദ്രപ്രസ്ഥത്തിലെ ലോ സെന്ററില്‍നിന്ന് ബിരുദമെടുക്കുന്നതുവരെയുള്ള യാത്ര അവസാനിപ്പിച്ചത് ആം ആദ്മി പാര്‍ടിയിലാണ്. അഭിഭാഷകനായി, ബിസിനസുകാരനായി, വിദ്യാഭ്യാസ വിചക്ഷണനായി, പ്രഭാഷകനായി, ആക്ടിവിസ്റ്റായി പലപല വേഷങ്ങളണിഞ്ഞു.

ഒടുവില്‍, കെജ്രിവാളിന്റെ വിശ്വസ്തന്‍. മാളവ്യ നഗറില്‍നിന്ന് കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിച്ച് അത്ഭുതവിജയം നേടി ഡല്‍ഹി നിയമസഭയില്‍. മന്ത്രിസഭയില്‍ പതിച്ചുകിട്ടിയത് നിയമവും ഭരണ പരിഷ്കാരവുമടക്കമുള്ള വകുപ്പുകള്‍. അനീതിക്കും അക്രമത്തിനുമെതിരെയാണ് പോരാട്ടം. എവിടെച്ചെന്നും യുദ്ധംചെയ്യും. കക്കൂസില്‍ അസ്ഥികൂടം കണ്ട കേസില്‍ എതിര്‍ഭാഗം സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കോടതിയില്‍ തലകുനിഞ്ഞു. മറ്റൊരു കേസില്‍ കോടതിയുടെ കടുത്ത ശാസന- കുറ്റം ജഡ്ജിക്കുമേല്‍ ചാര്‍ത്തി സോംനാഥ് തലയൂരി. അതോടെ വക്കീല്‍കുപ്പായം അഴിച്ചുവയ്ക്കേണ്ടിവന്നത് മിച്ചം.

ആക്ടിവിസ്റ്റുകള്‍ക്ക് എവിടെയും ചെല്ലാം; എന്തും പറയാം. ആക്ടിവിസ്റ്റ് മന്ത്രിയായാല്‍ എല്ലാ പണിയും എടുക്കും. പാതിരാത്രി റോഡിലിറങ്ങി നിയമ ലംഘനമുണ്ടോ എന്ന് വിളിച്ചു ചോദിച്ചു നടക്കുന്നതും ആം ആദ്മിയുടെ നിയമമന്ത്രി ചെയ്യേണ്ട ജോലിയാണ്. ഒരു ദിവസം പാതിരാസവാരിക്കിടെ ഒരു കട തുറന്നുകിടക്കുന്നു. രാവും പകലും തുറക്കുന്ന കട എന്ന ബോര്‍ഡും. മന്ത്രി നെരെ കയറിച്ചെന്ന് ലൈസന്‍സ് കാണിക്കാന്‍ ഉത്തരവിട്ടു. അത് ഉടമയുടെ കൈയിലാണെന്ന് ജീവനക്കാരന്‍ ബോധിപ്പിച്ചപ്പോള്‍ മന്ത്രിയുടെ മറുപടി കൈകൊണ്ടായി. കടക്കാരന് പരിക്ക്; മന്ത്രിക്ക് അനീതി കണ്ടെത്തി കട പൂട്ടിച്ചതിന്റെ വിജയാഹ്ലാദം. ഡല്‍ഹിയിലെ ഖിര്‍ക്കി ഭാഗത്ത് ആഫ്രിക്കക്കാര്‍ മയക്കുമരുന്നു കച്ചവടവും പെണ്‍വാണിഭവും നടത്തുന്നു എന്ന് ചിലര്‍ പരാതിപ്പെട്ടപ്പോള്‍ നിയമ മന്ത്രി നേരിട്ട് നിയമം നടപ്പാക്കാന്‍ പുറപ്പെട്ടു. കൂടെ കുറെ ആം ആദ്്മി തൊപ്പിക്കാരും തൊപ്പിയിടാത്ത മാധ്യമക്കാരും പിന്നെ പൊലീസും.

ഒരു വീട്ടില്‍കയറി റെയ്ഡ് നടത്താന്‍ പൊലീസിന് മന്ത്രിയുടെ ഉത്തരവ്. വാറന്റുണ്ടോ എന്ന ചോദ്യത്തിന്, എന്തു വാറന്റ്, ഞാന്‍ പറയുന്നതുതന്നെ വാറന്റ് എന്ന് മറുപടി. പൊലീസ് മടിച്ചു നിന്നു; മന്ത്രി കയര്‍ത്തുകയറി. ഒടുവില്‍ ഒരു കാറിലെത്തിയ നാലു ആഫ്രിക്കക്കാരെ മന്ത്രിക്ക് കിട്ടുന്നു. അടിയും തൊഴിയും തെറിയും. പരസ്യമായി മൂത്രവും രക്തവും ശേഖരിക്കാന്‍ ശ്രമം. പിറ്റേന്ന് സ്ത്രീകള്‍ ആശുപത്രിയില്‍. ടെലിവിഷനില്‍ കണ്ട് സോംനാഥ് ഭാരതിയെ തിരിച്ചറിഞ്ഞ ഉഗാണ്ടന്‍ വനിത പരാതിയുമായി കോടതിയിലുമെത്തി. ആം ആദ്മിയായാല്‍ നിയമം വേറെയാണ്. നിയമജ്ഞനായ മന്ത്രി ജഡ്ജിമാരുടെ യോഗം വിളിക്കാനും ഉത്തരവിടും. അത് തെറ്റല്ലേ എന്ന് ചോദിച്ചാല്‍ നിയമ സെക്രട്ടറിക്ക് തെറിവിളി കിട്ടും. മന്ത്രിയുടെ "ആജ്ഞ" അനുസരിക്കാത്ത പൊലീസിനെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രി തെരുവിലിറങ്ങും. കറുത്തവര്‍ നാടുവിടണം എന്ന് പ്രസംഗിച്ചാലും പട്ടിപ്രശ്നത്തില്‍ ഷോകോസ് നോട്ടീസ് കൊടുത്താലും അതാണ് മഹത്വം എന്ന് വാഴ്ത്താന്‍ മാധ്യമ ആദ്മികളുണ്ടെങ്കില്‍ നിയമം ആര്‍ക്കും ആപ്പാവില്ല. ബലാത്സംഗം ചെയ്യപ്പെട്ട വിദേശ വനിതയുടെ പേര് വിളിച്ചു പറഞ്ഞ് "നിയമപാണ്ഡിത്യം" തെളിയിച്ച സോംനാഥ് ഭാരതിയോട് മത്സരിക്കാന്‍ തെക്കേ ഇന്ത്യയിലെ ഈരാറ്റുപേട്ടയിലോ മറ്റോ ഒരാളുണ്ടെന്ന് ആംആദ്മി കണ്ടെത്തിയിട്ടുണ്ട്. തല്‍ക്കാലം പുള്ളിയും വിപാസനാധ്യാനമാര്‍ഗത്തിലാകയാല്‍ ആം ആദ്മി പ്രവേശനം വൈകുമത്രെ.

ആഫ്രിക്കന്‍ വനിതകള്‍ കോടതിയിലും വനിതാ കമീഷനിലും പരാതി കൊടുത്തതോടെ സോംനാഥ് ഭാരതിയുടെ മന്ത്രിപദം തെറിക്കുമോ എന്ന ആശങ്കയിലായി കെജ്രിവാള്‍ സംഘം. അങ്ങനെ തെരുവുയുദ്ധസമരം ജനിച്ചു. എന്നിട്ടും സോംനാഥ് രക്ഷപ്പെടുന്ന മട്ടില്ല. തെന്‍റ രാജി ആവശ്യപ്പെട്ട സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെയും ബിജെപി വക്താവ് അരുണ്‍ ജയ്റ്റ്ലിയുടെയും മുഖത്ത് തുപ്പാന്‍ തോന്നുന്നുവെന്നാണ് ഒടുവിലത്തെ വെളിപാട്. ആഫ്രിക്കന്‍ വനിതകളുടെ വണ്ടിയില്‍ ഗര്‍ഭനിരോധന ഉറകളുണ്ടായിരുന്നുവെന്നും മന്ത്രി പറയുന്നു. കൂടെ കൊണ്ടുപോയ ചാനല്‍ ക്യാമറയിലൊന്നും ഉറയില്ല. ആശുപത്രിയില്‍ രക്തപരിശോധന നടത്തിയപ്പോള്‍ ആ വനിതകള്‍ക്ക് മയക്കുമരുന്നു സേവയില്ലെന്നും കണ്ടെത്തി. എന്നാലും സോംനാഥിനെ രക്ഷിക്കാന്‍ സമരം തുടരും-അതാണ് ആം ആദ്മി രാഷ്ട്രീയം. കണ്ടുനില്‍ക്കുന്നവര്‍ ധ്യാനമാര്‍ഗം കൂടി ശ്വാസം വലിച്ച് സ്വയം നിയന്ത്രിക്കട്ടെ.

സൂക്ഷ്മന്‍ deshabhimani varanthapathipp

1 comment:

  1. അല്ലപ്പാ, ഇങ്ങളല്ലേ ഇന്നാള് പറഞ്ഞത് ഞമ്മളാണ് ആമാദ്മീന്ന്‍.. ന്നിട്ടിപ്പെന്തായി.. ഇങ്ങക്ക് ആമാദ്മി ആവണ്ടേ? ഇങ്ങക്ക് ഓരെ സക്യത്തിനു ഇന്‍ട്രസ്റ്റില്ലേ? ഇങ്ങള് ഓരെ സകായിക്കൂലേ? ഓല് വിളിച്ചാല്‍ ഇങ്ങള് ചെവി കൊടുക്കൂലേ..

    ബെര്‍തെ വേണ്ടാതീനം പറയല്ല ചങ്ങായീ. രാഷ്ട്രീയത്തില്‍ നാളെ നേരം വെളുത്താ ഉണ്ടാകുന്നത് എന്താന്ന് ഒരുത്തനും പറയാന്‍ പറ്റാത്ത കാലാ ഇത്.. ഇപ്പം വെളമ്പിയത് അപ്പടി വിഴുങ്ങി ബ്ലിങ്കസ്യാന്നാവാന്‍ വല്യ കാല താമസോന്നും വരൂല.. അതോണ്ട് എയ്തി പിടിപ്പിക്കുമ്പം ലേശം ലേശോക്കെ ഒന്ന് കണ്ട്രോള് ആക്കിയാ ഇങ്ങക്ക് തന്നെ ഭാവീല് ഉപകാരം ഉണ്ടായേക്കും.

    ReplyDelete