Saturday, January 25, 2014

കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വം: ഐസക്

തിരു: സംസ്ഥാനത്തെ കടുത്ത സാമ്പത്തികഞെരുക്കം പ്രതിഫലിക്കുന്ന ധനമന്ത്രി കെ എം മാണിയുടെ പന്ത്രണ്ടാം ബജറ്റില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കാര്യമായ നടപടിയില്ല. പൊതുമേഖലാവ്യവസായങ്ങള്‍ക്കും പരമ്പരാഗതമേഖലയ്ക്കും പ്രത്യേക വകയിരുത്തലില്ല. 1,556 കോടി രൂപയുടെ അധിക നികുതി വരുമാനം ലക്ഷ്യമിടുന്ന 2014-15 വര്‍ഷത്തെ ബജറ്റില്‍ 125.5 കോടിയുടെ നികുതിയിളവ് മാത്രം. നിര്‍മാണസാമഗ്രികള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യ എണ്ണ, പാറപ്പൊടി, മെറ്റല്‍, ബ്രാന്‍ഡഡ് ഭക്ഷ്യസാധനങ്ങള്‍, യുപിഎസ് എന്നിവയ്ക്ക് വില വര്‍ധിക്കും. കെട്ടിടനികുതി ഇരട്ടിയാക്കി. ഇതുവഴി 70 കോടിയാണ് അധികവരുമാനം ലക്ഷ്യമിടുന്നത്. വിദേശമദ്യത്തിന്റെ നികുതി പത്ത് ശതമാനം കൂട്ടി. ഈ ഇനത്തില്‍ 400 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

ഭൂമിയുടെ ന്യായവില കൂട്ടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കെഎസ്ആര്‍ടിസിക്ക് 150 കോടി വകയിരുത്തിയതാണ് പൊതുമേഖലയ്ക്ക് ഏക ആശ്വാസം. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ചു. എല്ലാ വ്യാപാരങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി. ചിട്ടി കുറി ഇടപാടുകള്‍ക്കുള്ള മുദ്രപ്പത്രത്തിന് 1000 രൂപയ്ക്ക് 25 എന്നത് 50 രൂപയാക്കി. സഹകരണസ്ഥാപനങ്ങള്‍ക്ക് കീഴിലെ ചിട്ടികള്‍ മുദ്രപ്പത്രനിയമത്തിന്‍കീഴില്‍ കൊണ്ടുവരും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ 964 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിള ഇന്‍ഷുറന്‍സ്, രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവ ബജറ്റിലുണ്ട്. പാചകവാതക സിലിണ്ടറിന്റെ സബ്സിഡിക്ക് നികുതി ഇളവ് അനുവദിച്ച കഴിഞ്ഞ മന്ത്രിസഭായോഗതീരുമാനം ബജറ്റില്‍ ആവര്‍ത്തിച്ചു. സ്വര്‍ണക്കടകളില്‍നിന്നുള്ള കോമ്പൗണ്ടിങ് നികുതി ഏകീകരിക്കുന്നത് സ്വര്‍ണവ്യാപാരികള്‍ക്ക് സഹായമാകും.

പദ്ധതി വെട്ടിച്ചുരുക്കും

നികുതിവരുമാനം കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. നടപ്പുവര്‍ഷത്തെ ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികളില്‍ ഏറെയും നടപ്പാകില്ലെന്നതിന്റെ സൂചനയാണ് ധനമന്ത്രി കെ എം മാണി അടുത്ത വര്‍ഷത്തെ ബജറ്റിനൊപ്പം സമര്‍പ്പിച്ച രേഖകള്‍തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യൂകമ്മി മന്ത്രി അവകാശപ്പെട്ടതിന്റെ മൂന്നിരട്ടിയോളം കുതിച്ചുയരും. ഇല്ലാത്ത വരുമാനവര്‍ധനയും നടപ്പാക്കാനാകാത്ത ചെലവുചുരുക്കല്‍ നടപടികളുമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തേയ്ക്ക് പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കഴിയാതെവരും. ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി വെട്ടിച്ചുരുക്കലിനാണ് കേരളം സാക്ഷ്യം വഹിക്കുക. 2012-13ല്‍ റവന്യൂകമ്മി 3,400 കോടിയായി കുറയുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇത് 9,351 കോടിയായി ഉയര്‍ന്നു. 2013-14ല്‍ 2269.97 കോടിയുടെ കമ്മിയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ അടങ്കലില്‍ കമ്മി 6,208 കോടിയാണെന്നാണ് ധനമന്ത്രി പറയുന്നത്. മന്ത്രിയുടെ കണക്കനുസരിച്ചുതന്നെ മൂന്നിരട്ടിയോളം വര്‍ധന. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ 7131.69 കോടിയുടെ കമ്മിയാണ് രേഖപ്പെടുത്തിയത്. 0.9 ശതമാനമായിരുന്ന റവന്യൂ കമ്മി 2.6 ശതമാനമായി കുതിച്ചുയര്‍ന്നു. നികുതിയിതര വരുമാനത്തില്‍ 700 കോടിയുടെ അധികവരുമാനം അവകാശപ്പെടുമ്പോഴാണ് റവന്യൂ കമ്മി കുതിച്ചുയരുന്നത്. റവന്യൂ വരുമാനത്തില്‍ 4,000 കോടിയുടെ കുറവുണ്ട്. 2012-13നെ അപേക്ഷിച്ച് ഈ സാമ്പത്തികവര്‍ഷം 12 ശതമാനം റവന്യൂ വരുമാനവര്‍ധനയാണ് മന്ത്രി പ്രതീക്ഷിക്കുന്നത്. 38,771.10 കോടി പ്രതീക്ഷിച്ചു. എന്നാല്‍, പുതുക്കിയ അടങ്കലില്‍ ഇത് 35,542.96 കോടി രൂപയായി. 3228.14 കോടിയുടെ കുറവ്.

അടുത്ത സാമ്പത്തിക വര്‍ഷമാകട്ടെ 18 ശതമാനം നികുതിവര്‍ധനയാണ് കണക്കുകൂട്ടുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് ആനുപാതികമായി നടപ്പുവര്‍ഷത്തെ പദ്ധതിച്ചെലവ് 20 ശതമാനം വര്‍ധിക്കുകയാണെങ്കില്‍ ആകെ ചെലവ് 66,000 കോടിവരെയാകാം. എങ്കില്‍, കമ്മി 13,428 കോടിയില്‍ കവിയും. ബജറ്റില്‍ പ്രഖ്യാപിച്ച മൂലധനച്ചെലവ് 14,540 കോടിയും പുതുക്കിയ അടങ്കലില്‍ 13,925 കോടിയുമാണ്. അടുത്ത വര്‍ഷത്തേക്ക് 16,797 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ ഇത്രയും പണം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയില്ല. ഈ വര്‍ഷം കടമെടുക്കാനുള്ള പരിധി കഴിഞ്ഞു. 2,100 കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശ്ശികയുണ്ട്. സ്വാഭാവികമായി പദ്ധതികള്‍ വെട്ടിച്ചുരുക്കുക മാത്രമാവും സര്‍ക്കാരിനുമുന്നിലെ ഏകപോംവഴി. മുന്നിലൊന്ന് പദ്ധതികളെങ്കിലും നടപ്പാക്കാന്‍ കഴിയാതെയാകും. കുറെ വര്‍ഷങ്ങളായി പടിപടിയായി മൂലധനച്ചെലവ് ഉയര്‍ന്നുവരുന്ന ആശാവഹമായ ലക്ഷണമാണ് പദ്ധതി നടത്തിപ്പില്‍ അനുഭവപ്പെട്ടിരുന്നത്. 0.6 ശതമാനത്തില്‍നിന്ന് ഉയര്‍ന്ന് 1.6 ശതമാനത്തിലെത്തി. ബജറ്റില്‍ 1.5 ശതമാനത്തിന്റെ വര്‍ധനയാണ് മന്ത്രി പ്രതീക്ഷിക്കുന്നത്. ഇതും ഒരിക്കലും സാധ്യമാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൃഷി മറന്നു; വോട്ടിനായി പൊള്ളയായ പ്രഖ്യാപനങ്ങള്‍

കസ്്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കര്‍ഷകസമൂഹത്തില്‍ ഉയര്‍ന്ന സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാന്‍ ബജറ്റില്‍ പൊള്ളയായ പ്രഖ്യാപനങ്ങള്‍ കുത്തിനിറച്ചു. കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള പൊടിക്കൈകളല്ലാതെ മാണിയുടെ ബജറ്റില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനോ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയാനോ നടപടിയില്ല. എന്നാല്‍, കര്‍ഷകരെ കബളിപ്പിക്കുന്ന നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്്. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുമ്പോഴാണ് പുതിയ പദ്ധതികള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും ബജറ്റില്‍ മാണി മൗനം പാലിച്ചു. വര്‍ഷംതോറും കുറയുന്ന ഭക്ഷ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികളില്ല. പലിശ സബ്സിഡിക്കും കാര്യമായ തുകയില്ല. സഹകരണസംഘങ്ങളില്‍നിന്ന് കാര്‍ഷിക വായ്പയെടുക്കുമ്പോള്‍ പണയാധാരത്തിന് നല്‍കുന്ന ഗഹാന് ഫീസ് ഏര്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് തിരിച്ചടയായി. രണ്ടു ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനവും അതിനുമുകളില്‍ ഒരു ശതമാനവുമാണ് ഫീസ്. ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍കം ഗാരന്റിയും വിലനിര്‍ണയ അവകാശവും നല്‍കുമെന്നാണ് മാണിയുടെ പ്രധാന പ്രഖ്യാപനം. രണ്ടു ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പദ്ധതി. 25 പ്രധാന വിളകള്‍ ഇന്‍ഷുര്‍ചെയ്യും. പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാരും 10 ശതമാനം ഗുണഭോക്താവും വഹിക്കും. 50 കോടി ഇതിനായി നീക്കിവച്ചു.

രണ്ടു ഹെക്ടറില്‍താഴെ കൃഷിഭൂമിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമുണ്ട്. കര്‍ഷകര്‍ക്ക് അഗ്രികാര്‍ഡ് വഴി ആനുകൂല്യങ്ങളും സഹായപദ്ധതികളും ലഭ്യമാക്കുമെന്നും അവകാശവാദമുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച 18.77 ലക്ഷം കര്‍ഷകര്‍ക്ക് അഗ്രികാര്‍ഡ് നല്‍കും. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമായി മാറ്റുമെന്ന പ്രഖ്യാപനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. ഹൈടെക് കൃഷിയില്‍ പരിശീലനം നല്‍കും. പരിശീലനം നേടുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഹൈടെക് കൃഷി പ്രോത്സാഹനത്തിനായി കോടികള്‍ നീക്കിവച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ചെറുകിട കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്, കാര്‍ഷികോല്‍പ്പന്ന വിപണനത്തിന് സഹകരണസംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ പലിശരഹിത വായ്പ, ചെറുകിട ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം, കാര്‍ഷിക വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക മാച്ചിങ് ഗ്രാന്റ്, പാട്ടക്കൃഷി പ്രോത്സാഹനം, കാര്‍ഷിക പാഴ്വസ്തുക്കളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. കാര്‍ഷിക- ഭക്ഷ്യ സംസ്കരണരംഗങ്ങളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഗ്ലോബല്‍ അഗ്രിമീറ്റ് നടത്തുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. കാര്‍ഷികോല്‍പ്പന്ന റീട്ടെയില്‍ മെഗാ പ്രോജക്ട്, ബയോടെക് എക്സിബിഷന്‍, മികച്ച കര്‍ഷകര്‍ക്ക് ആഗോളതലത്തിലും ദേശീയതലത്തിലും പഠനയാത്രകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ഗ്രാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്്.

വ്യവസായങ്ങള്‍ക്ക് താഴിടും

കൊച്ചി: പൊതുമേഖല, പരമ്പരാഗത വ്യവസായങ്ങളെ തഴഞ്ഞ സംസ്ഥാന ബജറ്റ് കേരളത്തെ പിന്നോട്ടടിപ്പിക്കും. രൂക്ഷമായ വിലക്കയറ്റത്തിനിടെ വിലനിയന്ത്രണം ലക്ഷ്യമാക്കി സര്‍ക്കാരിനു കീഴിലെ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാത്തതും ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കും. ഊര്‍ധ്വശ്വാസം വലിക്കുന്ന ഫാക്ടുപോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. എന്നാല്‍, കുത്തക കപ്പല്‍ കമ്പനികള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനമായ റീ-സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ശേഖരിച്ച കണക്കുപ്രകാരം 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 34 എണ്ണവും ഭീമമായ നഷ്ടത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ 37 സ്ഥാപനം ലാഭത്തിലായിരുന്നിടത്താണ് നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തല്‍. കേവലം 10 സ്ഥാപനങ്ങളിലാണ് പേരിനെങ്കിലും ലാഭം. ലാഭവിഹിതമാകട്ടെ വളരെ കുറവും. പൊതുമേഖലയുടെ പുനരുദ്ധാരണത്തിന് കാര്യമായൊന്നും ബജറ്റിലില്ല. വ്യവസായവളര്‍ച്ചയുടെ പിന്നോട്ടടി ഇതോടെ ദാരുണമാകും. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും അടച്ചുപൂട്ടിയാലും അതിശയിക്കാനില്ല.

കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ അമോണിയം പ്ലാന്റ് ഇറക്കുമതി എല്‍എന്‍ജിയുടെ അമിതവില താങ്ങാനാകാതെ 10 ദിവസമായി നിശ്ചലാവസ്ഥയിലാണ്. ഒരു യൂണിറ്റ് എല്‍എന്‍ജിക്ക് 24.35 ഡോളറാണ് പെട്രോനെറ്റ് ഫാക്ടിനോട് ആവശ്യപ്പെട്ടത്. യൂറിയ, കാപ്രോലാക്ടം പ്ലാന്റുകള്‍ പൂട്ടിയതിനു പിന്നാലെയാണ് അമോണിയംപ്ലാന്റും അന്ത്യശ്വാസം വലിച്ചത്. എല്‍എന്‍ജിക്ക് 14.5 ശതമാനമാണ് നികുതി. ഇത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുപകരം കപ്പല്‍ ഇന്ധനമായ ഫര്‍ണസ് ഓയിലിന്റെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. ഇതുകൊണ്ടുള്ള നേട്ടം വന്‍കിട കപ്പല്‍കമ്പനികള്‍ക്കുമാത്രമാണ്. ഫാക്ടിന് നികുതിയിളവ് നല്‍കുന്നത് ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും രാജ്യത്തിനുമാണ് ഗുണകരമാവുക. ഈ വഴിക്കുള്ള നടപടി ഉണ്ടായില്ല. ചരിത്രത്തിലില്ലാത്ത വിധം വിലക്കയറ്റം അഭിമുഖീകരിക്കുമ്പോഴും ഫലപ്രദമായ ഇടപെടല്‍ ബജറ്റിലില്ല. കണ്‍സ്യൂമര്‍ഫെഡിന് സബ്സിഡി കുടിശ്ശിക ഇനത്തില്‍മാത്രം സര്‍ക്കാര്‍ നല്‍കാനുള്ളത് 430 കോടി രൂപയാണ്. സപ്ലൈകോയ്ക്കാകട്ടെ 500 കോടിയിലേറെ രൂപയും. കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിനായി ധനമന്ത്രി അനുവദിച്ചത് കേവലം 11 കോടിയാണ്. സപ്ലൈകോയ്ക്ക് 65 കോടിയും. വിലക്കയറ്റം ഇനിയും രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് കേരളത്തെ കാത്തിരിക്കുന്നത്. പരമ്പരാഗത മേഖലയിലും ബജറ്റ് ഇടപെടുന്നില്ല. മത്സ്യത്തൊഴിലാളികളുടേത് ഉള്‍പ്പെടെ കുടിശ്ശികയായ കടാശ്വാസ തുകയെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്തിട്ടില്ല.
(ഷഫീഖ് അമരാവതി)

കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വം: ഐസക്

തിരു: ബജറ്റില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍മാത്രമാണെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള പണം എവിടെനിന്നെന്ന് മന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത വരുമാനം കാട്ടിയും ചെലവ് കുറച്ചുകാണിച്ചും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള കസര്‍ത്താണ് ധനമന്ത്രിയുടേത്. മുന്‍ ബജറ്റുകളിലെല്ലാം പയറ്റിയ തന്ത്രം അതുപോലെ ഇത്തവണയും ആവര്‍ത്തിച്ചു. കമ്മി നേരിടാനുള്ള ചെപ്പടിവിദ്യകള്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടും. നടപ്പുസാമ്പത്തികവര്‍ഷത്തിലെ പദ്ധതികളില്‍ മൂന്നിലൊന്നെങ്കിലും വെട്ടിക്കുറയ്ക്കേണ്ടിവരും.

വരുംവര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. റവന്യൂകമ്മി കുതിച്ചുയരുന്നു. നികുതിസമാഹരണത്തിലെ കെടുകാര്യസ്ഥത വരുമാന ഇടിവിന് കാരണമാകുന്നു. നേരത്തെ മൂലധനച്ചെലവില്‍ ക്രമാനുഗതവും സ്ഥിരതയാര്‍ന്നതുമായ വര്‍ധന പ്രകടമായിരുന്നു. ഇത് ഇല്ലാതാക്കുന്നു. 0.6 ശതമാനത്തില്‍നിന്ന് 1.6 ശതമാനംവരെ വര്‍ധിച്ച മൂലധനച്ചെലവ് നടപ്പുവര്‍ഷത്തില്‍ 1.5 ശതമാനത്തിലെത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുകയില്ല. അടുത്തവര്‍ഷവും 1.5 ശതമാനമാണ് മന്ത്രിയുടെ പ്രതീക്ഷ. ബജറ്റിലെ കണക്കുകളുടെ നിജസ്ഥിതിയും ചോദ്യംചെയ്യപ്പെടും. വരവും ചെലവും കണക്കാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

കമ്മി ഇരട്ടിയോ അതിലേറെയോ ആയി. ഇത് നികത്താനുള്ള നിര്‍ദേശമില്ല. സംസ്ഥാനത്തെ യഥാര്‍ഥ പ്രശ്നങ്ങള്‍ മന്ത്രി മറച്ചുവയ്ക്കുകയാണ്. വര്‍ഷങ്ങളായി ഇടത്- വലത് സര്‍ക്കാരുകള്‍ ധനസ്ഥിതി സുസ്ഥിരമാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എ കെ ആന്റണി സര്‍ക്കാര്‍ ചെലവുചുരുക്കിയാണ് ധനസമാഹരണം നടത്തിയത്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവുചുരുക്കാതെ, അധികനികുതി അടിച്ചേല്‍പ്പിക്കാതെ, വരുമാനമാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ധനസമാഹരണം നടത്തി. ആന്റണിസര്‍ക്കാരിന് വിമര്‍ശം നേരിടേണ്ടിവന്നപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമാണ് ലഭിച്ചത്. ഈ മാതൃകയാണ് ഇല്ലാതാക്കുന്നത്. സാമ്പത്തിക അരാജകത്വത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇത് ഗൗരവമുള്ളതാണ്. എത്ര മറച്ചുവച്ചാലും മാസങ്ങള്‍ക്കകം ഇതിന്റെ പരിണതഫലം പുറത്തുവരുമെന്നും തോമസ് ഐസക് പറഞ്ഞു.

ബൈക്കിനെയും ഓട്ടോയെയും വെറുതെ വിട്ടില്ല

തിരു: സാധാരണക്കാരുടെ ആശ്രയമായ ബൈക്കും ഓട്ടോറിക്ഷയും അടക്കമുള്ള വാഹനങ്ങളുടെ നികുതി കുത്തനെ കൂട്ടി. ഈ വാഹനങ്ങളുടെ വിലയും യാത്രാനിരക്കും വര്‍ധിക്കുന്നത് സാധാരണക്കാര്‍ക്ക് ആഘാതമാകും. നിലവിലുള്ള ബൈക്കുകള്‍, കാറുകള്‍ എന്നിവയ്ക്ക് അഞ്ചുവര്‍ഷത്തെ മുന്‍കൂര്‍ നികുതിയും ഏര്‍പ്പെടുത്തി. നികുതി കുടിശ്ശിക വരുത്തിയാല്‍ 12 ശതമാനം പലിശകൂടി നല്‍കണം. നികുതിഘടനയില്‍ മാറ്റംവരുത്തിയും മുന്‍കൂര്‍ നികുതി വാങ്ങിയും ഈ മേഖലയില്‍ 300 കോടിയിലേറെ രൂപ അധികവരുമാനമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

വാങ്ങല്‍വില പുനര്‍നിര്‍ണയിച്ചാണ് ബൈക്ക്, കാര്‍ എന്നിവയുടെ നികുതി വര്‍ധിപ്പിച്ചത്. ഒരു ലക്ഷത്തിനു താഴെ വിലയുള്ള ബൈക്കിന് വാങ്ങല്‍വിലയുടെ ഏഴ് ശതമാനമാണ് നികുതി. ഇറക്കുമതിചെയ്ത ബൈക്കിന്റെ നികുതി 13 ശതമാനമാക്കി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന അഞ്ചു ലക്ഷം രൂപവരെ വിലയുള്ള കാറുകള്‍ക്ക് ഏഴുശതമാനം നികുതി. ഇറക്കുമതി ചെയ്യുന്നവയ്ക്ക് 13 ശതമാനം. അഞ്ചു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വിലയുള്ള കാറിന് 10 ശതമാനവും ഇറക്കുമതിചെയ്യുന്നവയ്ക്ക് 18 ശതമാനവുമാണ് നികുതി. 10നും 15 ലക്ഷത്തിനുമിടയില്‍ വിലയുള്ള കാറുകള്‍ക്ക് ഇത് യഥാക്രമം 12ഉം 22ഉം ശതമാനമാണ്. 15 ലക്ഷത്തിനു മുകളിലാണെങ്കില്‍ 17ഉം 33ഉം ശതമാനമായിരിക്കും നികുതി. ഒരു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകളുടെ ഒറ്റത്തവണനികുതി 10 ശതമാനമായിരിക്കും.

ഇറക്കുമതിചെയ്തവയുടെ നികുതി 22 ശതമാനം. മൂന്നു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ ക്യാബുകള്‍ക്കും നികുതി ഏര്‍പ്പെടുത്തി. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ലക്ഷ്വറി ടാക്സികള്‍ക്കും ഒറ്റത്തവണ നികുതി വര്‍ധിപ്പിച്ചു. 1500 സിസിയില്‍ കൂടുതലുള്ള ടാക്സികളെ ലക്ഷ്വറി ടാക്സിവിഭാഗത്തില്‍ പെടുത്തി. പഴയ ലക്ഷ്വറി കാറുകളുടെ ത്രൈമാസ നികുതി 1500 രൂപയാക്കി. പുതിയ ടാക്സികാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതിയാക്കും. ഇതിലൂടെ 80 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ടാക്സികാറുകളുടെ നികുതി വര്‍ധിപ്പിച്ച് മുന്‍കൂര്‍ ഈടാക്കും. ടൂറിസ്റ്റ് കാറുകളുടെ അഞ്ചു വര്‍ഷത്തെ മുന്‍കൂര്‍ നികുതി 8500 രൂപയാക്കി. ലക്ഷ്വറി ടാക്സികളുടെ രണ്ടു വര്‍ഷത്തെ മുന്‍കൂര്‍ നികുതി 12,000 രൂപയാക്കി. 32 കോടി രൂപയുടെ മുന്‍കൂര്‍ വരുമാനമാണ് പ്രതീക്ഷ.

വാഹന നികുതി: ടൂറിസ്റ്റുകള്‍ സ്ഥലംവിടും

വിനോദസഞ്ചാര മേഖലയാണ് കേരളത്തിന്റെ ഭാവിയെന്ന പല്ലവി ഉരുവിടുമ്പോഴും ബജറ്റ്നിര്‍ദേശം വിനോദസഞ്ചാര മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നു. ചൈനയും മലേഷ്യയും സിംഗപ്പൂരുമെല്ലാം ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷക പാക്കേജുകള്‍ ഒരുക്കുമ്പോള്‍ ഇപ്പോഴുള്ള ആഭ്യന്തര വിനോദസഞ്ചാരികളെപോലും ഇല്ലാതാക്കുന്നതാകും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതീരുമാനം.. കേരളത്തില്‍നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്കു തിരിക്കുന്നവര്‍ ഇനി ഇരട്ടനികുതിയും ഒടുക്കേണ്ടിവരും. ബജറ്റിലെ വിനോദസഞ്ചാര വികസനപദ്ധതികള്‍ നാമമാത്രവുമാണ്. ഏഴില്‍ കൂടുതല്‍ പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ക്ക് നികുതി 4000 രൂപയില്‍നിന്ന് 6000 രൂപയും ഏഴ് സ്ലീപ്പര്‍ ബര്‍ത്തുകളില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് 7000 രൂപയുമാക്കി. ഇതിനുപുറമെ ഇവര്‍ കേരളത്തില്‍ നടത്തുന്ന സര്‍വീസിന് മൂന്നുമാസത്തിലൊരിക്കല്‍ സീറ്റൊന്നിന് 1000 രൂപയും സംസ്ഥാനത്തിനു പുറത്തേക്ക് നടത്തുന്ന സര്‍വീസിന് 2000 രൂപയും നല്‍കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് യഥാക്രമം 2000, 3000 രൂപവീതവും നികുതി ഈടാക്കും. അക്ഷരാര്‍ഥത്തില്‍ ഇടിത്തീയാണിതെന്ന് മേഖലയില്‍നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി നികുതിയുടെ കാര്യത്തില്‍ കേരളം ധാരണയിലാണ്്. ഇതുപ്രകാരം അങ്ങോട്ടു പോകുന്ന വാഹനങ്ങള്‍ സാധാരണ നികുതി മാത്രമാണ് ഒടുക്കേണ്ടിവരുന്നത്. ചില തെറ്റിദ്ധാരണകളുടെ പേരില്‍ കര്‍ണാടകവും മറ്റും ചില ദിവസങ്ങളില്‍ ഇത്തരം നികുതി ഈടാക്കിയത് ഏറെ വിവാദമായി. എന്നാല്‍ ഇപ്പോള്‍ ഈ ധാരണയില്‍നിന്ന് കേരളം പിന്മാറുന്നുവെന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ സഞ്ചാരികളില്‍നിന്ന് ഒരു ക്രമവും പാലിക്കാതെയാണ് നികുതിയും ഫീസുമൊക്കെ ഈടാക്കുന്നതെന്ന് പരക്കെ പരാതിയുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കാനാകും ബജറ്റ്നിര്‍ദേശം വഴിയൊരുക്കുക. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമൂലമുള്ള വരുമാനനഷ്ടം നികത്തുന്നത് ആഭ്യന്തര വിനോദസഞ്ചാരികളിലൂടെയാണ്. എന്നാല്‍ പുതിയ നികുതിനിര്‍ദേശം ഇവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് സൃഷ്ടിക്കുക. പുതിയ നികുതിയിലൂടെ മൂന്നുകോടിയോളം രൂപയുടെ നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കുമ്പോഴും ഇതുവഴി ഉണ്ടാകുന്ന നഷ്ടം പതിന്മടങ്ങ് വരുമെന്നും ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 206.65 കോടിരൂപ ചെലവഴിക്കുമെന്ന് ബജറ്റില്‍ ഒഴുക്കന്‍ പ്രഖ്യാപനം ഉണ്ടെങ്കിലും വ്യക്തതമില്ലായ്മ സംശയം ജനിപ്പിക്കുന്നതാണ്. സ്വകാര്യമേഖലയ്ക്കായി ഇന്‍സെന്റീവ് ഉള്‍പ്പെടെ ആറു കോടി വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ കരങ്ങളില്‍ എത്തുമെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതി. കോവളം, കുമരകം, തേക്കടി, ഫോര്‍ട്ട്കൊച്ചി, മൂന്നാര്‍, വയനാട്, വാഗമണ്‍ തുടങ്ങിയ കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിപുലീകരണത്തിനും ഇവിടെനിന്നുമുള്ള വരുമാന വര്‍ധനയ്ക്കുമായി ആകെ ഉള്‍പ്പെടുത്തിയത് 50 കോടി രൂപ.

ഹൈടെക് കൃഷിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മാണി

ബജറ്റില്‍ 200 കോടി രൂപ വകയിരുത്തിയെങ്കിലും ഹൈടെക് കൃഷിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മന്ത്രി കെ എം മാണി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്) സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ചയിലാണ് മന്ത്രി താന്‍ സ്ഥിരമായി പ്രസംഗങ്ങളില്‍ പ്രയോഗിക്കുന്ന ഹൈടെക് എന്ന വാക്കിനെക്കുറിച്ചും ഹൈടെക് കൃഷിയെക്കുറിച്ചും ധാരണയില്ലെന്ന് സമ്മതിച്ചത്. ഹൈടെക് കൃഷിയെക്കുറിച്ച് പഠിക്കാനുള്ള അവസരം സൃഷ്ടിക്കുമെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.

അസംഘടിത- പരമ്പരാഗത തൊഴിലാളികളെ പരിഗണിക്കാത്ത ബജറ്റാണിതെന്ന് ചര്‍ച്ചയില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തി. ടൂറിസം മേഖലയ്ക്ക് പ്രതികൂലമാകുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. തീരദേശത്തെയും മലബാറിനെയും ബജറ്റില്‍ അവഗണിക്കുന്നു. തീരദേശമെന്നാല്‍ മത്സ്യത്തൊഴിലാളികള്‍മാത്രമായാണ് ബജറ്റില്‍ പരിഗണിച്ചതെന്നും വിമര്‍ശം ഉയര്‍ന്നു. കെട്ടിടനികുതി ഇരട്ടിയാക്കിയത് സാധാരണക്കാരെ ബാധിക്കും. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും അപകടകരമാണ്. കഴിഞ്ഞ ബജറ്റിലെ കള്ളത്തരങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഇത്തവണയും ഉണ്ടായതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ കണക്കുകള്‍ യാഥാര്‍ഥ്യമല്ല. പദ്ധതിച്ചെലവ് മൂന്നിലൊന്ന് വെട്ടിച്ചുരുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഐസക്കിന് വ്യക്തമായ മറുപടി നല്‍കാതെ ബജറ്റ് ചര്‍ച്ചയെ സൈദ്ധാന്തികചര്‍ച്ചയാക്കേണ്ടെന്ന് മാണി പ്രതികരിച്ചു. ബജറ്റിന് സഹായകമാകുന്ന ചര്‍ച്ചയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവിദഗ്ധന്‍ എന്നനിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് തോമസ് ഐസക്കിന്റെ മറുപടി.

നിത്യരോഗികള്‍ക്ക് 1000 രൂപ നല്‍കുമെന്ന് ബജറ്റില്‍ വകയിരുത്തിയെങ്കിലും രക്താതിസമ്മര്‍ദ- പ്രമേഹ രോഗികള്‍ ഇതില്‍ ഉള്‍പ്പെടില്ലേ എന്ന ചോദ്യത്തിന്, മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായെന്ന് പരിശോധിക്കണമായിരുന്നുവെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. ഫിനാന്‍ഷ്യല്‍ സെക്രട്ടറി, ടാക്സ് സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കെട്ടിടനികുതി ഇരട്ടി

തിരു: നിലവിലെ കെട്ടിട നികുതിയും ആഡംബര നികുതിയും ഇരട്ടിയാക്കി. ഇക്കാര്യം പക്ഷെ, മന്ത്രി കെ എം മാണി നിയസഭയില്‍ ബജറ്റ് പ്രസംഗത്തില്‍ വായിച്ചില്ല. റവന്യൂ വകുപ്പ് ഒറ്റത്തവണ ഈടാക്കുന്ന കെട്ടിട നികുതിയാണ് വര്‍ധിപ്പിച്ചത്. 1026 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് വര്‍ധന ബാധകമാകില്ല. 513 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള മറ്റ് കെട്ടിടങ്ങളെയും കന്നുകാലി, പന്നി ഫാമുകള്‍ക്കുള്ള കെട്ടിടങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കി.

deshabhimani

No comments:

Post a Comment