Thursday, January 30, 2014

കെ പി എ മജീദിന്റെ നാട്ടില്‍ ലീഗ് -ബിജെപി വോട്ടുകച്ചവടം

മലപ്പുറം: കുറുവ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ തോറയില്‍ ബിജെപി നേതാവിനെ വിജയിപ്പിക്കാന്‍ മുസ്ലിംലീഗ് വോട്ട് മറിച്ചു.മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സ്വന്തം പഞ്ചായത്തായ കുറുവയില്‍ ബിജെപി നേതാവ് വി എം ജനാര്‍ദനന് വോട്ട് മറിച്ചുനല്‍കാന്‍ മജീദ്തന്നെ നേരിട്ടെത്തി. മുസ്ലിംലീഗും ബിജെപിയും പരമാവധി വോട്ട് പിടിച്ചിട്ടും എല്‍ഡിഎഫിനെ മറികടക്കാനായില്ല. 477 വോട്ട് വീതം കിട്ടിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലാണ് മുസ്ലിംലീഗ്-ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത്. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തോറ വാര്‍ഡില്‍ ബിജെപിക്ക് വോട്ട് മറിച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തെക്കേപ്പാട്ട് നാരായണനാണ് ഇവിടെനിന്ന് വിജയിച്ചത്. അന്ന് താമര ചിഹ്നത്തിലാണ് വി എം ജനാര്‍ദനന്‍ മത്സരിച്ചത്. 338 വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ വോട്ടുനേടാന്‍ താമര ഉപേക്ഷിച്ച് ജീപ്പ് ചിഹ്നത്തിലാണ് ജനാര്‍ദനന്‍ മത്സരിച്ചത്. ഇതോടെ ലീഗ് സജീവമായി വോട്ടുപിടിച്ചു. ലീഗിന് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.

ഈ കോ-ലീ-ബി സഖ്യത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണത്തില്‍ തുറന്നുകാട്ടിയിരുന്നു. കുറുവയിലെ കോ-ലീ-ബി സഖ്യം വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ലീഗ് പ്രഖ്യാപിച്ചില്ല. സഖ്യവാര്‍ത്ത ലീഗ് സ്ഥിരീകരിക്കുകയും കഴിഞ്ഞ ഞായറാഴ്ച ലീഗിന്റെ ഉന്നത നേതാക്കള്‍ കുറുവയിലെത്തി യോഗം ചേര്‍ന്ന് മൊത്തം വോട്ടും ബിജെപി നേതാവിന് നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തു. സിപിഐ എമ്മിനെ പരാജയപ്പെടുത്താനാണ് ബിജെപിയുമായി ലീഗ് ഒത്തുചേര്‍ന്നത്. സിപിഐ എം സ്ഥാനാര്‍ഥി തോട്ടശോല രവീന്ദ്രനും ബിജെപി നേതാവ് വി എം ജനാര്‍ദ്ദനനും 477 വോട്ട് വീതമാണ് കിട്ടിയത്. സ്വതന്ത്രനായ അഷ്റഫിന് 94 വോട്ടും കിട്ടി.

വി ജയിന്‍


പാനൂരിലെ തിരിച്ചടി: ബിജെപിയില്‍ കലാപം

നരേന്ദ്രമോഡിയെ വിളിച്ച് കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്താമെന്ന മോഹങ്ങള്‍ക്ക് പാനൂരില്‍നിന്നേറ്റ തിരിച്ചടി ബിജെപിയില്‍ പുതിയ കലാപത്തിന് തിരികൊളുത്തുന്നു. ആയിരക്കണക്കിനു പേര്‍ കണ്ണൂരില്‍ ബിജെപി വിട്ടത് ആ പാര്‍ടിയിലെ ഗ്രൂപ്പുപോരിന് മൂര്‍ച്ചകൂട്ടി. സംസ്ഥാന ബിജെപിയെ മാത്രമല്ല കേന്ദ്രനേതൃത്വത്തെയും കണ്ണൂരിലെ സംഭവവികാസങ്ങള്‍ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഒ കെ വാസുവും അശോകനും ഉള്‍പ്പെടെയുള്ള കണ്ണൂരിലെ ബിജെപി നേതാക്കള്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത് മോഡിക്ക് പാര്‍ടിവോട്ടുകള്‍പോലും ആകര്‍ഷിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാക്കുന്നത്. നരേന്ദ്രമോഡിയുടെ പേരിലുള്ള നമോവിചാര്‍ മഞ്ചുപോലും ഉപേക്ഷിച്ചാണ് പാനൂരില്‍ ആയിരങ്ങള്‍ സിപിഐ എമ്മുമായി സഹകരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് മോഡി കേരളത്തിലെത്തുന്നതിനു തൊട്ടുമുമ്പാണ് സംസ്ഥാന ബിജെപിയില്‍ ചോര്‍ച്ചയുണ്ടായിട്ടുള്ളത്. രണ്ടാമതും സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന്റെ പിടിപ്പുകേടും തന്‍പ്രമാണിത്തവുമാണ് കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ വിട്ടുപോകുന്നതിലേക്ക് നയിച്ചതെന്നാണ് പോരിന് ആദ്യം രംഗത്തിറങ്ങിയ പി കെ കൃഷ്ണദാസ് വിഭാഗം ആരോപിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണയോടെ പ്രസിഡന്റായി തുടരുന്ന മുരളീധരന് സംസ്ഥാത്തെ ബിജെപിയുടെ വികാരമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

അടുത്തകാലത്ത് മുരളീധരന്‍പക്ഷം വിട്ട ശോഭ സുരേന്ദ്രന്‍ മുരളീധരനെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനും നരേന്ദ്രമോഡിക്കും കത്തെഴുതിയത് വിമതനീക്കത്തിന് ഊര്‍ജം പകരുന്നു. എല്ലാവരെയും കൂടെനിര്‍ത്തി പാര്‍ടിയെ മുന്നോട്ട് നയിക്കാന്‍ മുരളീധരന് കഴിയില്ലെന്നാണ് ശോഭയുടെ പരാതി. ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസും മുരളീധരന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണ്. ഇതില്‍ പരിഭ്രാന്തനായ മുരളീധരന്‍ ബിജെപിയില്‍നിന്നുള്ള ഒഴുക്ക് നിസ്സാരമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചു. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞ മുരളീധരന്റെ വിശദീകരണം 12 പാര്‍ടി പ്രവര്‍ത്തകര്‍ മാത്രമാണ് സിപിഐ എഎമ്മിലേക്ക് പോയതെന്നായിരുന്നു. എന്നാല്‍, ഇത് എം ടി രമേശ് തന്നെ തിരുത്തി. കണ്ണൂരിലെ പ്രശ്നം സംസ്ഥാന ബിജെപിയിലെ പോര് വരുംദിവസങ്ങളില്‍ ശക്തമാക്കുമെന്നുറപ്പ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലും ബിജെപിയില്‍ അസംതൃപ്തിയുണ്ട്. പലരും പാര്‍ടി വിടാനുള്ള തയ്യാറെടുപ്പിലാണ്. തൃശൂരില്‍ 5000 പേര്‍ പാര്‍ടി വിടാന്‍ പോകുകയാണെന്ന് ഒ കെ വാസു പാനൂരില്‍ അറിയിക്കുകയുണ്ടായി. ഇതോടൊപ്പം, ഗുജറാത്ത് കൂട്ടക്കൊലയുടെ കറപുരണ്ട മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന സന്ദേശം പാനൂരില്‍നിന്ന് ഉയരുന്നു. ന്യൂനപക്ഷങ്ങളുടെ കൂട്ടക്കശാപ്പുകാരനെന്ന മോഡിയുടെ "പ്രഭാവം"വോട്ടുകള്‍ നേടാന്‍ സഹായിക്കില്ലെന്ന സന്ദേശവും ഇതിലുണ്ട്.

deshabhimani

No comments:

Post a Comment