Wednesday, January 22, 2014

സ്വയം പിരിച്ചുവിടേണ്ട പാര്‍ടി

മുസ്ലിംലീഗ് പിരിച്ചുവിട്ട് അതിലുള്ളവരെല്ലാം മറ്റു മതേതര പാര്‍ടികളില്‍ ചേരേണ്ടതിന്റെ കാലികപ്രസക്തി കാര്യകാരണസഹിതമാണ് എ കെ ബാലന്‍ വിശദീകരിച്ചത്. ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറായത് ലീഗാണ്. തീവ്രവാദത്തെ കൈമെയ് മറന്ന് പ്രോത്സാഹിപ്പിച്ചെങ്കിലും ഭസ്മാസുരന് വരംകൊടുത്ത മട്ടിലായി. ലീഗ് വിചാരിച്ചാലും അവരെ തടയാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. സമുദായത്തിന്റെ കുത്തകാവകാശവും തള്ളി. മുസ്ലിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ കാലത്താണെന്നതിന് ഉദാഹരണങ്ങളേറെ...

ഈയൊരു ചുറ്റുപാടില്‍ മതേതര സങ്കല്‍പ്പത്തിന് ശക്തിപകരാന്‍ സ്വയം പിരിഞ്ഞ് മറ്റുപാര്‍ടികളില്‍ അഭയംതേടുകയാണ് ലീഗുകാര്‍ക്ക് മുമ്പിലുള്ള ഏകമാര്‍ഗമെന്ന് ബാലന്‍ തീര്‍ച്ചയാക്കി. ലീഗുകാരെല്ലാം ഇടതുപക്ഷത്തേക്ക് വരണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ഇഷ്ടമുള്ള പാര്‍ടികളില്‍ ചേര്‍ന്നോളൂ. ഇടതുപക്ഷത്തായാല്‍ കുറെ ഗുണം കിട്ടും. ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയുമില്ല. "ഇമാനോട്" (വിശ്വാസദാര്‍ഢ്യം) കൂടിത്തന്നെ പ്രവര്‍ത്തിക്കുകയുമാകാം. ന്യൂനപക്ഷ കമീഷന്‍ ബില്ലിന്റെ ചര്‍ച്ചയിലാണ് ബാലന്‍ തന്റെ നിര്‍ദേശം മുന്നോട്ടുവച്ചത്. കമീഷന്‍ വന്നതുകൊണ്ടൊന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന ഉറച്ച വിശ്വാസക്കാരനാണ് അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പാലോളി കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ബാലന്‍ അക്കമിട്ട് നിരത്തി. ഭൂപരിഷ്കരണ നിയമം, മലപ്പുറം ജില്ലാ രൂപീകരണം, ഹജ്ജ് ഹൗസ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്..... നീണ്ട പട്ടികതന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇനി കമ്യൂണിസ്റ്റ് ചൈനയിലേക്ക് പോയാലോ. പണ്ട് അബ്ദുറഹ്മാന്‍ രണ്ടത്താണിയോടൊപ്പം നടത്തിയ യാത്ര മായാതെ നില്‍പ്പുണ്ട്. പക്ഷേ, ഒന്നും രണ്ടുമല്ല, അഞ്ചുനേരമാണ് രണ്ടത്താണി നിസ്കരിച്ചത്. ഖുറാന്‍ വില്ലേജ്, വനിതാ ഇമാം, പാകിസ്ഥാനില്‍ പോയി ഇസ്ലാം പഠിക്കാന്‍ സ്കോളര്‍ഷിപ്.... രണ്ടത്താണിക്ക് ചൈനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്നാണ് ബാലന്റെ പക്ഷം. മലപ്പുറം ജില്ല രൂപീകരിച്ചതിനെ എതിര്‍ത്ത് സത്യഗ്രഹം നടത്തിയ ചിലര്‍ അപ്പുറത്തുണ്ടെന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല. കെ ടി ജലീല്‍ ഒരു പടികൂടി കടന്ന് ലീഗുകാരെ വെല്ലുവിളിക്കാന്‍ തയ്യാറായി. മലപ്പുറം ജില്ല രൂപീകരണത്തെ കോണ്‍ഗ്രസുകാര്‍ അനുകൂലിച്ചുവെന്ന് പറയാന്‍ ധൈര്യമുള്ള ലീഗുകാര്‍ ആരെങ്കിലുമുണ്ടോയെന്നായിരുന്നു ജലീലിന്റെ വെല്ലുവിളി. ഇ എം എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ താനൂര്‍ കടപ്പുറത്ത് പാകിസ്ഥാന്‍ പടക്കപ്പല്‍ വരുമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയെ കോണ്‍ഗ്രസ് അനുകൂലിച്ചൂവെന്ന് ഒരാള്‍ പറഞ്ഞാല്‍ മതിയെന്ന് ജലീല്‍ ആവര്‍ത്തിച്ചെങ്കിലും ലീഗുകാര്‍ ഏറ്റുപിടിക്കാന്‍ മടിച്ചു. തീരെ വശംകെട്ടപ്പോള്‍ കെ എന്‍ എ ഖാദര്‍ എന്തുംവരട്ടെയെന്ന് കരുതി മുന്നോട്ടുവന്നു. കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലയെ എതിര്‍ത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മലപ്പുറം ജില്ലയുടെ പേരിലുള്ള വര്‍ഗീയവല്‍ക്കരണത്തെയാണ് തങ്ങള്‍ എതിര്‍ത്തതെന്നായിരുന്നു ബെന്നി ബഹനാന്റെ ന്യായം. ഇ എം എസിന്റെ നെഞ്ചുറപ്പും ചങ്കൂറ്റവും കൊണ്ടുമാത്രമാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമായതെന്ന് കെ ടി ജലീല്‍. ഉമ്മാക്കി കാണിച്ചാല്‍ എടുത്ത തീരുമാനം പിന്‍വലിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാര്യം തന്നേക്കാള്‍ കുടുതല്‍ നന്നായി ബില്ല് അവതരിപ്പിച്ച മന്ത്രി മഞ്ഞളാംകുഴി അലിക്ക് ബോധ്യമുണ്ടെന്നും ജലീല്‍ വ്യക്തമാക്കി. മതത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണടയിലൂടെയുള്ള വിലയിരുത്തലിനെയും ജലീല്‍ വിമര്‍ശിച്ചു. കേരളത്തിലെ ക്രൈസ്തവരുടെയും പട്ടിക വിഭാഗക്കാരുടെയും ജീവിതം മെച്ചപ്പെട്ടത് അതത് സമുദായങ്ങളുടെ നേട്ടമാണോ? എങ്കില്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ടികളുടെയും പങ്ക് എന്താണെന്ന് ജലീല്‍ ആരാഞ്ഞു. സി ദിവാകരനും ലീഗിനെയും കോണ്‍ഗ്രസിനെയും അരിഞ്ഞുവീഴ്ത്തി. ഗുജറാത്തില്‍ മോഡിയെ തളയ്ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് മോഡിയില്‍നിന്ന് രാജ്യത്തെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. മഅ്ദനിയെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും ദിവാകരന്‍ വിമര്‍ശിച്ചു. അഹമ്മദ് കബീര്‍, ജോസഫ് വാഴക്കന്‍, കെ അജിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പൊതുശ്മശാനങ്ങളുടെ ദൂരപരിധി ഇളവ് ചെയ്യുന്ന മുനിസിപ്പാലിറ്റി ഭേദഗതിബില്ലും സഭ പരിഗണിച്ചു. പൊതുശ്മശാനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സാജുപോളിന്റെ പ്രഖ്യാപനമാണ് ബില്ലിന്റെ പരിഗണനാവേളയില്‍ ശ്രദ്ധേയമായത്. രാജു എബ്രഹാം, ഇ എസ് ബിജിമോള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം കോടതി റദ്ദാക്കിയതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. വി എസ് സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
(കെ ശ്രീകണ്ഠന്‍)

deshabhimani

No comments:

Post a Comment