Sunday, January 5, 2014

ആശമാരുടെ ഓണറേറിയം നിലച്ചു

ആരോഗ്യമേഖലയില്‍ കഠിനാധ്വാനം ചെയ്യുന്ന ആശ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്)മാര്‍ക്ക് മാസങ്ങളായി ഓണറേറിയം ഇല്ല. ഇതോടെ പലരും തൊഴില്‍ ഉപേക്ഷിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ മുടങ്ങിയ ഇന്‍സെന്റീവിന്റെ ഒരു വിഹിതം ആശാപ്രവര്‍ത്തകരുടെ അക്കൗണ്ടിലിട്ട് തടിതപ്പുകയാണ് സര്‍ക്കാര്‍. തുടക്കത്തില്‍ വേതനമില്ലാതെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 2009ല്‍ 300 രൂപ ഓണറേറിയം അനുവദിച്ചു. 2011ല്‍ ഇത് 500 രൂപയാക്കി. 2012ല്‍ 600 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും നല്‍കിയില്ല. 2013ല്‍ ഇത് 700 രൂപയാക്കി. ഒരുവര്‍ഷമായി ഈ തുക നല്‍കിയിട്ടില്ല. നവംബര്‍വരെയുള്ള ഇന്‍സെന്റീവാണ് ഇതുവരെ അനുവദിച്ചത്. പുതിയ നിബന്ധനകള്‍ വന്നതോടെ ആശമാരുടെ ജോലിഭാരം ഇരട്ടിയായെങ്കിലും അതിനനുസരിച്ച് ആനുകൂല്യം അനുവദിക്കുന്നുമില്ല.

2007ലാണ് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ആശമാരെ നിയോഗിച്ചത്. 33,500 പേരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരെ സഹായിക്കലാണ് ചുമതല. ഗര്‍ഭിണികളുടെ ചികിത്സാ മേല്‍നോട്ടം, പ്രായമായവരുടെ പരിചരണം, കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാ പ്രവര്‍ത്തനം തുടങ്ങിയവയാണ് ഇവരുടെ മേല്‍നോട്ടത്തില്‍ നടത്തുന്നത്. ഒപ്പം അങ്കണവാടികള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യപ്രവര്‍ത്തനവുമുണ്ട്. പഞ്ചായത്തുകളിലെ ശുചിത്വസംരക്ഷണ പ്രവര്‍ത്തനവും ഇവരുടെ ചുമതലയാണ്. റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ വേതനം വെട്ടിക്കുറയ്ക്കുന്നുവെന്ന പരാതി വ്യാപകമാണ്. മൂന്നുദിവസം കൃത്യമായി ഫീല്‍ഡില്‍ പോകണമെന്നാണ് പുതിയ നിബന്ധന. ഈ ദിവസങ്ങളില്‍ ഹെല്‍ത്ത് സെന്ററില്‍ ഒപ്പിടണം. പ്രതിരോധ കുത്തിവെപ്പുള്ള ദിവസങ്ങളിലും ഹെല്‍ത്ത് സെന്ററിലുണ്ടാകണം. പകര്‍ച്ചവ്യാധി സീസണായാല്‍ ആശമാര്‍ക്ക് വിശ്രമമില്ല. കൊതുകുനിവാരണം, കിണറുകളിലെയും വീട്ടുപരിസരങ്ങളിലെയും ക്ലോറിനേഷന്‍ എന്നിവക്കും ഇവരുടെ മേല്‍നോട്ടം വേണം. ദിവസം അമ്പതോളം വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഗര്‍ഭകാല ബോധവല്‍ക്കരണം നടത്തിയാല്‍ 200രൂപയും കുട്ടികളെ പ്രതിരോധ കുത്തിവെപ്പിനെത്തിച്ചാല്‍ 20 രൂപയും ലഭിക്കും. ക്ലോറിനേഷന് ഒരു വീടിന് അഞ്ചുരൂപയും വന്ധ്യംകരണത്തിന് പുരുഷന്മാരെ എത്തിച്ചാല്‍ 150 രൂപയും ലഭിക്കും. 20 അമ്മമാരെ സംഘടിപ്പിച്ച് ആരോഗ്യബോധവല്‍ക്കരണം നടത്തിയാല്‍ 100 രൂപയാണ് പ്രതിഫലം. ആശമാരുടെ പ്രവര്‍ത്തനം വ്യാപകമായതോടെ കേരളത്തില്‍ ശിശുമരണനിരക്കും പ്രസവമരണനിരക്കും കുത്തനെ കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലിഭാരം പരിഗണിച്ച് ആശമാരുടെ മിനിമം വേതനം 10,000 രൂപയാക്കണമെന്ന് ആശ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി രജനീമോഹന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment