Monday, January 20, 2014

വയനാട് വേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ യാചിക്കുന്നു: മാത്യു ടി തോമസ്

കല്‍പ്പറ്റ: രാഷ്ട്രീയം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ലെന്ന തിരിച്ചറിവില്ലാത്തതിനാലാണ് സോഷ്യലിസ്റ്റ് ജനതാദള്‍ വയനാട് സീറ്റിന് വേണ്ടി യാചിക്കുന്ന ഗതികേടിലെത്തിയതെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. രാഷ്ട്രീയം അടിസ്ഥാനപരമായി ജനങ്ങളെ സേവിക്കുന്നതിനും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനുമാണെന്നത് മറന്ന് വെറും സീറ്റിനായി അടിപിടികൂടയാണിവര്‍. കല്‍പ്പറ്റയില്‍ ജനതാദള്‍ എസ് വയനാട് പാര്‍ലമെന്റ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ്.

ഇടതുമുന്നണിയിലായിരുന്നപ്പോള്‍ സ്വന്തം മണ്ഡലമായ വയനാട് വേണ്ട കോഴിക്കോട് മതി എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വയനാടിന്റെ പിറകേ പോവുന്നത്. വയനാട്ടിലെ ജനങ്ങള്‍ ഇത് തിരിച്ചറിയും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപിയായിരിക്കും ഭരണത്തില്‍ വരികയെന്നരീതിയില്‍ ബോധപൂര്‍വമായ പ്രചരണങ്ങള്‍ നടക്കുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകളാണ് ഇതിന് പിന്നില്‍. ചില മാധ്യമങ്ങളെയും ഇതിനായി ഇവര്‍ ഉപയോഗിക്കുന്നു. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ ഗതിവിഗതികള്‍ വിലയിരുത്തുന്നവര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ വികാരം ശക്തമാണ്. തെരഞ്ഞെടുപ്പി്ന് മുന്നോടിയായും തെരഞെടുപ്പിന് ശേഷവും രൂപം കൊള്ളുന്ന മൂന്നാം ബദലായിരിക്കും ഇനി കേന്ദ്രത്തില്‍ അധികാത്തിലേറുക. ഇത് രാജ്യത്തിന്റെ ആവശ്യമാണ്. വരുന്ന തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി ഐക്യത്തോടെ നേരിട്ടാല്‍ 2004 ലെ വിജയത്തേക്കാള്‍ മികച്ചവിജയം നേടാനാവും. കേന്ദ്രസര്‍ക്കാര്‍ ബഹുഭൂരിഭാഗം വരുന്ന പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ഇടവുകള്‍ നല്‍കുകയാണെന്നും മാത്യു ടി തോമസ് പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയ് അധ്യക്ഷനായി. ദേശിയ കൗണ്‍സില്‍ അംഗം ടി നിസാര്‍ അഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ്കുമാര്‍, പി പി ദിവാകരന്‍, ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ്കുട്ടി എന്നിവരും സംസാരിച്ചു. ചടങ്ങില്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ നിന്നും രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.

deshabhimani

No comments:

Post a Comment