Thursday, December 10, 2020

ജമാഅത്തെ ഇസ്ലാമി ലക്ഷ്യം ഇസ്ലാമിക രാഷ്‌ട്രം‌ ; യുഡിഎഫ്‌ സർക്കാരിന്റെ സത്യവാങ്‌മൂലം

 ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികലക്ഷ്യം ഇസ്ലാമിക രാഷ്ട്ര സ്ഥാപനമാണെന്ന്‌ മുൻ യുഡിഎഫ്‌ സർക്കാർ സത്യവാങ്‌മൂലം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014–-ൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ്‌ മതരാഷ്ട്രവാദികളാണെന്ന വെളിപ്പെടുത്തൽ‌.  എൻഡിഎഫ്‌, പോപ്പുലർ ഫ്രണ്ട്‌‌ ഓഫ്‌ ഇന്ത്യ (പിഎഫ്‌ഐ), മൈനോറിറ്റി റൈറ്റ്‌ വാച്ച്‌, ഇസ്ലാമിക്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ, വഹ്‌ദത്തെ ഇസ്ലാമി എന്നീ ഇസ്ലാമിക മൗലികവാദ സംഘടനകൾ ജമാഅത്തെ ആദർശത്തിൽനിന്ന്‌ ആവേശഭരിതരായതാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. 2014 ജനുവരി 21ന് ആഭ്യന്തരവകുപ്പ്‌ തയ്യാറാക്കിയ സത്യവാങ്‌മൂലം അണ്ടർ സെക്രട്ടറി കെ മേരി ജോസഫ്‌ 28–-നാണ്‌ ഹൈക്കോടതിയിൽ നൽകിയത്‌. രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന ആ മന്ത്രിസഭയിൽ മുസ്ലിംലീഗിന്റെ അഞ്ച്‌  മന്ത്രിമാരുമുണ്ടായിരുന്നു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ,  ഭരണഘടന, നിയമങ്ങൾ എന്നിവയോടുള്ള അവഗണനയും വെറുപ്പും  പ്രകടമാക്കുന്നതാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ  ഭരണഘടനയെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്‌‌‌. ‌ ദൈവേതര ഭരണകൂടത്തിൽ മുഖ്യ ചുമതലകൾ വഹിക്കരുതെന്ന്‌ അനുയായികളോട്‌ ആവശ്യപ്പെടുന്നതടക്കം ജമാഅത്തെ ഇസ്ലാമിയുടെ മതതീവ്രവാദ–-ദേശവിരുദ്ധസ്വഭാവം തുറന്നുകാട്ടുന്ന നിരവധി  പരാമർശങ്ങൾ കോൺഗ്രസ്‌–-മുസ്ലിംലീഗ്‌ സർക്കാർ തയ്യാറാക്കിയ സത്യവാങ്‌മൂലത്തിലുണ്ട്‌.

അനിസ്ലാമിക നിയമങ്ങൾ പുറപ്പെടുവിക്കുന്ന കോടതികളെ തർക്കപരിഹാരത്തിന്‌ സമീപിക്കരുതെന്നതാണ്‌ മറ്റൊന്ന്‌. ദേശദ്രോഹ  ആശയങ്ങളുള്ള  14 പുസ്‌തകങ്ങൾ ജമാഅത്തെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക്‌ പബ്ലിഷിങ്‌‌ ഹൗസ് ‌(ഐപിഎച്ച്‌) പ്രസിദ്ധീകരിച്ചു. തീവ്ര –-മൗലികവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും മതേതരവിരുദ്ധമായ ചിന്തകളുള്ളതുമായ പുസ്‌തകങ്ങളിറക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഡിഎഫ്‌ സർക്കാർ അന്ന്‌ പറഞ്ഞു "ജമാഅത്തെ ഇസ്ലാമി മതതീവ്രവാദ സംഘടന'

ജമാഅത്തെ ഇസ്ലാമി ഭരണഘടനയെ മാനിക്കാത്ത മതതീവ്രവാദ സംഘടനയാണെന്ന്‌ മുൻ യുഡിഎഫ്‌ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം‌

ചർച്ചയാകുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത സംഘടനയാണ്‌ ജമാഅത്തെ ഇസ്ലാമിയെന്നും അനുയായികളെ ദേശീയ താൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സംഘടനയാണെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ‌ 2014 ജനുവരി 28നാണ്‌  സത്യവാങ്‌മൂലം നൽകി‌യത്‌. ജമാഅത്തെയുടെ പ്രവർത്തനം, ഫണ്ട്, ആശയം എന്നിവയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ സമദ് എന്നയാൾ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു‌.

ഈ ഹർജിയിലാണ്‌ യുഡിഎഫ്‌ സർക്കാർ നിലപാട്‌ അറിയിച്ചത്‌. ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി മേരി ജോസഫ് ആയിരുന്നു സർക്കാരിനായി സത്യവാങ്മൂലം സമർപ്പിച്ചത്. രമേശ്‌ ചെന്നിത്തലയായിരുന്നു അന്ന്‌ ആഭ്യന്തരമന്ത്രി. ജമാഅത്തെയുടെ വെൽഫെയർ പാർടിയുമായി ഇപ്പോൾ സഖ്യത്തിന്‌ നേതൃത്വം നൽകുന്ന മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി ആ‌ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു.

ജമാഅത്തെ ഇസ്ലാമി കേരളത്തിൽ നിരീക്ഷണത്തിലുള്ള സംഘടനയാണെന്നും വ്യക്തമാക്കുന്നു‌. ആവശ്യമെങ്കിൽ നിരോധിക്കാൻ നടപടി സ്വീകരിക്കും. സർക്കാർ ജോലി സ്വീകരിക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും സംഘടന എതിരാണ്‌. ജമാഅത്തെ ഇസ്ലാമി  പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ്‌ ഹൗസ് (ഐപിഎച്ച്‌) പ്രസിദ്ധീകരിച്ച 14 പുസ്‌തകം നിരോധിക്കാൻ നടപടി പൂർത്തിയാക്കുകയാണ്‌. 1957-ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ജമാഅത്തെയുടെ ഭരണഘടന, രാജ്യത്തിന്റെ  ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പി വി ജീജോ

No comments:

Post a Comment