Friday, January 3, 2014

കേസ് ഒതുക്കാന്‍ സരിതയ്ക്ക് എങ്ങനെ പണം കിട്ടി: ഹൈക്കോടതി

ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് സോളാര്‍ തട്ടിപ്പുകേസുകള്‍ ഒത്തുതീര്‍ക്കാന്‍ എവിടെനിന്ന് പണം ലഭിച്ചുവെന്ന് പൊലീസ് അന്വേഷിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി. സരിത പ്രതിയായ സോളാര്‍ തട്ടിപ്പുകേസുകളുടെ എണ്ണം, തട്ടിപ്പിലൂടെ സമാഹരിച്ച ആകെ തുക എത്ര, ഒത്തുതീര്‍ന്ന കേസുകളുടെ എണ്ണം, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ ചൊവ്വാഴ്ച അറിയിക്കാന്‍ ജസ്റ്റിസ് തോമസ് പി ജോസഫ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സോളാര്‍തട്ടിപ്പിലൂടെ സമാഹരിച്ച പണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസില്‍ സരിത സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സരിതയുടെ പേരില്‍ സോളാര്‍തട്ടിപ്പിന് 33 കേസുകളുണ്ടെന്നും ആറുകോടിയോളം രൂപ തട്ടിപ്പിലൂടെ ഇവര്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആധികാരികമായ വിവരങ്ങള്‍ അന്വേഷണസംഘത്തില്‍നിന്നു ശേഖരിച്ച് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതിനിടെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ച കേസില്‍ സരിതയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ജസ്റ്റിസ് തോമസ് പി ജോസഫ് ജാമ്യം നല്‍കിയത്.

യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തും: സരിത

തിരു: സോളാര്‍ തട്ടിപ്പുകേസില്‍നിന്ന് തന്നെ രക്ഷിക്കാമെന്ന് ഏറ്റ യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് പ്രതി സരിത എസ് നായര്‍. ഇത് ഭീഷണിയല്ല, മടുത്തിട്ടാണ് വെളിപ്പെടുത്തുന്നത്. എല്ലാ കാര്യങ്ങളും സമയമാകുമ്പോള്‍ പറയുമെന്നും തിരുവനന്തപുരത്ത് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സരിത പറഞ്ഞു. സോളാര്‍ കേസില്‍ സരിതയുടെ മൊഴി യുഡിഎഫിലെ ഒരു ഉന്നതന്‍ അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സരിതയെ രാഷ്ട്രീയമായും സാമ്പത്തികമായും യുഡിഎഫ് നേതാക്കള്‍ ഉപയോഗിച്ചു. കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് യുഡിഎഫ് നേതാവ് വഞ്ചിക്കുകയായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി.

deshabhimani

No comments:

Post a Comment