Friday, January 3, 2014

മന്ത്രിമാരുടെ ഇടപെടലും അന്വേഷിക്കണം

കടകംപള്ളിയിലും കളമശേരിയിലും കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനും ഭാര്യക്കുമൊപ്പം ഉന്നത സ്വാധീനമുള്ള ചിലരുമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരോ മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭൂമിതട്ടിപ്പു സംബന്ധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ നിരീക്ഷണം.

ഇതില്‍ കോടികളുടെ ഇടപാട് നടന്നുവെന്ന് വ്യക്തമാണ്. ഈ പണത്തിന്റെ സ്രോതസ്സ് കണ്ടെത്തണം. അതിന് നിഷ്പക്ഷമായ ഏജന്‍സി അന്വേഷിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനു പിന്നിലെ ഉന്നത ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണമാണ് വേണ്ടത്. ഒരു വസ്തുബ്രോക്കറും മറ്റൊരാളും ചേര്‍ന്ന് 20 കോടിയോളം രൂപ കൈമാറിയെന്ന് കരുതാനാവില്ല. പിന്നില്‍ ഉന്നതരുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തട്ടിപ്പിനുപിന്നില്‍ ആരാണെന്നറിയാന്‍ അവകാശമുണ്ട്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ ഉന്നത സ്വാധീനം ഉണ്ടാകാന്‍ ഇടയുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, കേസന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാടിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ട സാധാരണ കേസ് മാത്രമാണിതെന്നും അന്തര്‍ സംസ്ഥാന അന്വേഷണം ആവശ്യമില്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്നുമുള്ള സിബിഐ നിലപാടാണ് കോടതിയുടെ വിമര്‍ശത്തിനു കാരണമായത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ ഇതുവരെ അറസ്റ്റ്ചെയ്യാത്തതെന്തെന്നും കോടതി ചോദിച്ചു. രേഖകളില്‍ തിരിമറി മാത്രമല്ല, ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നത്.

സിബിഐ പറയുന്നതുപോലെ കേസിനെ നിസ്സാരവല്‍ക്കരിക്കാനാവില്ലെന്നും ഇത്തരം കേസുകള്‍ പലതും സിബിഐ അന്വേഷിക്കുന്നുണ്ടല്ലോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. കേസന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയുടെ ഉന്നതതലത്തില്‍ ചര്‍ച്ച നടത്തി നിലപാട് അറിയിക്കാന്‍ സിബിഐ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കോടതി ഇടപെട്ടിട്ടും റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യു കമീഷണര്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പരാതിപ്പെട്ടു. കടകംപള്ളി കേസില്‍ നാല് റവന്യു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്ന് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യനെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്. മറ്റു മൂന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഷെരീഫയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച കൂടുതല്‍ വാദം കേള്‍ക്കും.

deshabhimani

No comments:

Post a Comment