Thursday, January 2, 2014

കുഞ്ഞുങ്ങളുടെ കഞ്ഞികുടിയും മുട്ടും

പാചകവാതക കണക്ഷന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്കേ സബ്സിഡി ലഭിക്കൂ എന്നുവന്നതോടെ സംസ്ഥാനത്തെ 33,000 അങ്കണവാടിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. ഇപ്പോള്‍ തന്നെ വിപണിവില നല്‍കിയാണ് പല അങ്കണവാടിയും പാചകവാതകം വാങ്ങുന്നത്. അങ്കണവാടികളില്‍ എടുത്ത ഗ്യാസ് കണക്ഷനുകള്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ പേരിലാണ്. കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതിനാല്‍ സെക്രട്ടറിയുടെ പേരില്‍ പല കണക്ഷനുകള്‍ സാധ്യമല്ല. ഇതിനാല്‍ വ്യക്തിഗത സബ്സിഡി ആനുകൂല്യം ബാങ്ക് വഴി ലഭിക്കുകയുമില്ല. ഈ സാഹചര്യത്തില്‍ വിപണിവില നല്‍കി പാചകവാതകം വാങ്ങേണ്ടിവരും. ഇത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയാകും.

പല സ്ഥലത്തും അങ്കണവാടി ടീച്ചര്‍മാരും മറ്റും സ്വന്തം കൈയിലെ പണം മുടക്കിയാണ് ഗ്യാസ് എടുക്കുന്നത്. അങ്കണവാടികളെപ്പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓര്‍ഫനേജുകള്‍, ചില്‍ഡ്രന്‍സ് ഹോം, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. വിപണിവില നല്‍കി പാചകവാതകം വാങ്ങിയാല്‍ അധികവില സര്‍ക്കാര്‍ ലഭ്യമാക്കുമോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക ഉത്തരവിറക്കി ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ അങ്കണവാടികള്‍ നിലവില്‍ ഗാര്‍ഹിക കണക്ഷനിലാണ് ഗ്യാസ് വാങ്ങിയിരുന്നത്. 33,000 അങ്കണവാടിയില്‍ 20,000 അഗണവാടിയിലും ഗ്യാസ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഈ അങ്കണവാടികളിലെ നാലു ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ക്ക് പോഷകാഹാരം തയ്യാറാക്കുന്നത് ഗ്യാസ് ഉപയോഗിച്ചാണ്. ഗ്യാസിന് പണം നല്‍കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. മാറിയ സാഹചര്യത്തില്‍ ഗ്യാസ് കണക്ഷന്‍ ആധാര്‍ വഴിയാക്കണമെന്ന നിബന്ധന ഒഴിവാക്കി പ്രത്യേക ഉത്തരവിലൂടെ സബ്സിഡി ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ കഴിഞ്ഞദിവസം അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എം കെ മുനീറിന് കത്തുനല്‍കുമെന്ന് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രതികരിച്ചു. എന്നാല്‍, തങ്ങളുടെ മുന്നിലേക്ക് ഇതുവരെ ഈ വിഷയം വന്നിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ പറഞ്ഞു.

എല്‍പിജി വിലവര്‍ധന: സംസ്ഥാനത്ത് നാളെ ഹോട്ടലുകള്‍ അടച്ചിടും

തിരു: പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതോടെ പ്രതിദിനം 1,200 രൂപയുടെ അധിക ചെലവാണ് ഹോട്ടലുടമകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 230.16 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 385.95 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

എണ്ണക്കമ്പനികളുടെ താല്‍പര്യത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം

കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ താല്‍പര്യത്തേക്കാള്‍ ജനങ്ങളുടെ താല്‍പര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ചാചകവാതക വിലവര്‍ധനവ് ദൗര്‍ഭാഗ്യകരമാണെന്നും വിലവര്‍ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ വ്യക്തമാക്കി.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത സര്‍ക്കാര്‍ നടപടി തെറ്റാണ്. എണ്ണക്കമ്പനികളെ വിശ്വാസത്തിലെടുത്ത നടപടി പാളിയെന്ന് ബോധ്യമായ സാഹചര്യത്തില്‍ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഒരു രാഷ്ട്രീയ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കാലഘട്ടത്തില്‍ പാചകവാതക വിലവര്‍ധനവ് യുപിഎയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേല്‍ക്കാനുണ്ടായ പ്രധാന കാരണം പാചകവാതക വിലവര്‍ധനവും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതുമാണ്. തെറ്റുകള്‍ തിരുത്തി ജനകീയ നടപടികളുമായി മുന്നോട്ടുപോയാല്‍ യുപിഎയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ അംഗമായത് ഗുണകരമാണെന്നും കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ഇതുമൂലം സര്‍ക്കാരിന് കഴിയുമെന്നും സുധീരന്‍ വ്യക്തമാക്കി. ചെന്നിത്തല മന്ത്രിയായ സാഹചര്യത്തില്‍ കെപിസിസിയ്ക്ക് സ്വാഭാവികമായും പുതിയ പ്രസിഡന്റുണ്ടാകുമെന്നും പാര്‍ട്ടി നേതൃത്വം ഉചിതമായ സമയത്ത് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment