കോട്ടയം: കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ 38-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് കെ അജയന്‍ പതാക ഉയര്‍ത്തി. ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സൗത്ത് സോണ്‍) ജനറല്‍ സെക്രട്ടറി ജി ആനന്ദ് ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ വി എന്‍ വാസവന്‍ സ്വാഗതവും എം ജെ വര്‍ഗീസ് നന്ദിയും പറഞ്ഞു. റീജിയണല്‍ സെക്രട്ടറി കെ രമേഷ്കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ അജയന്‍ അധ്യക്ഷനായി. ബേബി ജോസഫ് (എല്‍ഐസിഇയു), ഏബ്രഹാം തോമസ്(ബെഫി), കെ പ്രഭാകരന്‍(ജിഐപിഎ), ടി ആര്‍ രഘുനാഥന്‍(സിഐടിയു) എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി ബി വേണുഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി കെ സദാശിവന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ഉച്ചകഴിഞ്ഞ് വാഹന ഇന്‍ഷുറന്‍സ് പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലുള്ള സെമിനാര്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ഡിജിഎം വി സാജന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ വൈസ്പ്രസിഡന്റ് പി ആര്‍ ശശി അധ്യക്ഷനായി. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി മാനേജര്‍ ഡോ. കെ രാധാകൃഷ്ണന്‍നായര്‍ വിഷയമവതരിപ്പിച്ചു. അഡ്വ. ടോമി കല്ലാനി, അഡ്വ. കെ അനില്‍കുമാര്‍, വി എന്‍ ശിവന്‍പിള്ള, പി സുരേഷ്, പി ഐ മാണി എന്നിവര്‍ സംസാരിച്ചു. വൈകിട്ട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു. തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാപനദിവസമായ ഞായറാഴ്ച രാവിലെ പത്തിന് ജനറല്‍ കൗണ്‍സില്‍ ചേരും. പകല്‍ 10.30ന് ചേരുന്ന പൊതുസമ്മേളനം കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ അജയന്‍ അധ്യക്ഷനാകും. ജെ ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളെ സമ്മേളനത്തിന് പരിചയപ്പെടുത്തും.
ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ മേഖല എന്തിന്: സെമിനാര്‍
കോട്ടയം: വാഹനപ്പെരുപ്പം, റോഡുകളുടെ തകര്‍ച്ച, പെരുകുന്ന അപകടങ്ങള്‍, പൊലിയുന്ന ജീവനുകള്‍, ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍, ലൈസന്‍സില്ലാത്ത ഉടമകള്‍, ഡ്രൈവര്‍മാര്‍, ഇന്‍ഷുറന്‍സ് ക്ലയിമിന് വേണ്ടിയുള്ള തട്ടിപ്പുകള്‍.. ചര്‍ച്ച കത്തിക്കയറി. ഒടുവില്‍ എത്തിനിന്നത് മികച്ച പൊതുമേഖല ഇന്‍ഷുറന്‍സുള്ള ഇവിടെ സ്വകാര്യ മേഖല എന്തിന് എന്ന ചോദ്യത്തില്‍. ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "വാഹന ഇന്‍ഷുറന്‍സ് പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറാണ് ഇന്‍ഷുറന്‍സ് മേഖലയെ സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയായത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിജിഎം വി സാജനാണ് സെമിനാര്‍ ഉദ്ഘാടനംചെയ്തത്. കമ്പനികള്‍ക്ക് കൂടുതല്‍ പ്രീമിയവും കൂടുതല്‍ നഷ്ടവുമുണ്ടാക്കുന്നതാണ് വാഹന ഇന്‍ഷുറന്‍സ് മേഖലയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് സമ്പൂര്‍ണ നഷ്ടം മാത്രമാണുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്ന സംവിധാനം രാജ്യവ്യാപകമാക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ വികലനയങ്ങളുടെ പ്രതിഫലനമാണ് ഇന്‍ഷുറന്‍സ് മേഖലയിലും പ്രതിഫലിക്കുന്നതെന്ന് വിഷയമവതരിപ്പിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ ഡോ. കെ രാധാകൃഷ്ണന്‍നായര്‍ പറഞ്ഞു. ഇതിന് നവലിബറല്‍ പരിഷ്കാരങ്ങളുമായി ബന്ധമുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിം തട്ടിപ്പുകളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ചചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവല്‍ക്കരിക്കുന്നത് ശരിയല്ലെന്ന് അഡ്വ. കെ അനില്‍കുമാര്‍ പറഞ്ഞു. ആംബുലന്‍സിന്റെ പുറകെ പോകുന്ന അഭിഭാഷകരുണ്ടാകാം. യഥാര്‍ഥ പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുന്നത് കോര്‍പ്പറേറ്റുകളുടെ ഭാഷയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ഈ രംഗത്ത് ബോധവല്‍ക്കരണം ആവശ്യമാണെന്ന് അഡ്വ. ടോമി കല്ലാനി പറഞ്ഞു. വി എന്‍ ശിവന്‍പിള്ള, പി സുരേഷ്, പി ഐ മാണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
deshabhimani
ggod
ReplyDelete