Tuesday, February 21, 2017

'1850 കുറ്റവാളികളെ സര്‍ക്കാര്‍ വിട്ടയക്കുന്നു'; പ്രചാരണത്തിനപ്പുറം വസ്തുത ഇതാണ്



കൊടും കുറ്റവാളികളെ കൂട്ടത്തോടെ വിട്ടയക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഇളവ് അനുവദിക്കാമെന്ന രാജ്യത്ത് നിലവിലുള്ള കീഴ്വഴക്കമാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ കുറ്റവാളികളെ തുറന്നു വിടുന്നു എന്ന വ്യാജ വാര്‍ത്തയായി മാറിയത്. ഈ പട്ടിയ തയാറാക്കിയതാവട്ടെ മുന്‍ സര്‍ക്കാരിന്റെ കാലത്തും.

ഇപ്പോള്‍ നടന്നത്, ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ട ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ  മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു എന്നതാണ്. പതിവിനു വിപരീതമായി രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റിലീസ്”അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. എന്നാല്‍, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് നല്‍കുക എന്ന നടപടിക്രമം മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇതാണ് വസ്തുത എന്നിരിക്കെ, വ്യാജ പ്രചാരണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കുന്നു.

ഈ വാര്‍ത്ത കണ്ടു ഞെട്ടി.

തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നു, കുറ്റവാളികള്‍ക്ക് പിണറായി സര്‍ക്കാര്‍ മോചനം നല്‍കുന്നു എന്ന പ്രചാരണം ആരംഭിച്ചത് ഗവര്‍ണ്ണറുടെ ഓഫിസില്‍ നിന്ന് ഒരു പത്രക്കുറിപ്പ് വന്നതോടെയാണ്. സിപിഐ എം തടവുകാരെയാണ് വിടയുന്നതു എന്ന് ചിലര്‍. കൊടും കുറ്റവാളികളെ എന്ന് വേറെ ചിലര്‍. ചന്ദ്രബോസിനെ കൊന്ന  നിസാമിനെയും വിടുമെന്ന് മറ്റു ചിലര്‍.

ചുരുക്കത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ ഗുണ്ടകളെയും ക്രിമിനലുകളെയും മനുഷ്യ മൃഗങ്ങളെയുമാണ് സംരക്ഷിക്കുന്നത് എന്ന് സംഘ ഗാനം.
സാധാരണ സ്വാതന്ത്ര്യ ദിനത്തിനും മറ്റും തടവുകാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ശിക്ഷയില്‍ ഇളവ് നല്‍കാറുണ്ട്. അതാവും, അത് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ അല്പം ഉദാരമാക്കിയതാകും എന്നാണു കരുതിയത്. അത്ര വലിയ ഗൗരവവും തോന്നിയില്ല. അങ്ങനെയിരിക്കുമ്പോഴാണ്, 'വിട്ടയക്കാന്‍' ശുപാര്‍ശ ചെയ്യുന്നവരുടെ പട്ടികയില്‍ ഈയടുത്ത് ശിക്ഷിക്കപ്പെട്ടവരും പെടുന്നു എന്ന വാര്‍ത്ത വന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമം ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് മനസ്സിലാക്കാം. ഒരുമ്പെട്ടിറങ്ങിയാല്‍ ഇതിലേറെയും സംഭവിക്കും. എന്നാല്‍ ചില ചാനലുകളും പത്രങ്ങളും ഇതേറ്റെടുത്തു. വി മുരളീധരന്റെ പ്രസ്താവന: മാനഭംഗ കേസിലേതുള്‍പ്പെടെയുള്ള 1,850 കൊടുംകുറ്റവാളികളെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍  ജനങ്ങളുടെ കൂടെയല്ല, കുറ്റവാളികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.

ചന്ദ്രിക മുഖപ്രസംഗം; കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്നു വിടരുത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം. ഇത്രയുമായപ്പോഴാണ്, സംഭവം എന്താണ് എന്നു അന്വേഷിച്ചത്.

1 . 2015 ലേ സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കാനുള്ള 2300 തടവുകാരുടെ പട്ടികയാണ് അയച്ചിരുന്നത് .

2 . ആ പട്ടിക തയാറാക്കി അയക്കുമ്പോള്‍ കേരളം ഭരിച്ചത് യു ഡി എഫ് ആണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

3  . ആ പട്ടിക നിശ്ചിത സമയം കഴിഞ്ഞു, ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം തിരിച്ചയച്ചു.

4. എല്‍ ഡി എഫ് സര്‍ക്കാറിനു മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറിയും ജയില്‍ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയില്‍  നേരത്തെ 2300 പേരാണെങ്കില്‍, ഈ പരിശോധനയ്ക്കു ശേഷം അത്  1850 ആയി ചുരുക്കി. ഐക്യ കേരള വജ്ര  ജൂബിലിയുടെ ഭാഗമായി നവംബര്‍ ഒന്നിന് നടപ്പാക്കാന്‍ അത് പരിഗണിക്കാം എന്ന് ഗവര്‍മെന്റ് തീരുമാനിച്ചു.

5 . ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ ഗവര്‍ണര്‍ക്കു നല്‍കിയ 1850 തടവുകാരുടെ പട്ടികയില്‍  ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി ഒരു പേര് പോലും ഇല്ല.

6 ഉദ്യോഗസ്ഥ തല സമിതി പുനഃപരിശോധിച്ചു അന്തിമ രൂപം നല്‍കിയ  ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ടിയിരുന്ന ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ  മാനദണ്ഡം  കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു. അത് സാധാരണ ഔദ്യോഗിക ആശയ വിനിമയമാണ്. പക്ഷെ ഇവിടെ രാജ്ഭവനില്‍ നിന്ന് പ്രത്യേക പത്രക്കുറിപ്പ് ഇറങ്ങി. അതിലാകട്ടെ, 'റിലീസ്' അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ വിട്ടയയ്ക്കല്‍ അല്ല, നിശ്ചിത  കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു(മൂന്നു മാസ തടവുകാര്‍ക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂര്‍ത്തിയായവര്‍ക്കു  ഒരു വര്‍ഷംഇങ്ങനെ) ഇളവ് നല്‍കലാണ്.  ഒരു പ്രത്യേക ദിവസം (നവംബര്‍ ഒന്നിന്) കൂട്ടത്തോടെ 1850 പേര് ജയില്‍ മോചിതര്‍ ആക്കല്‍ അല്ല, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ  നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍  അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ  ഇളവ് ലഭ്യമാക്കി  മോചിക്കപ്പെടലാണ്.  ഒരാള്‍ക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്.

7 . ഈ പട്ടികയ്ക്ക് രൂപം നല്‍കിയത് ജയില്‍ വകുപ്പാണ്. ഓരോ ജയിലില്‍ നിന്നും സൂപ്രണ്ടുമാരാണ് ശുപാര്‍ശ നല്‍കുന്നത്. അന്തിമ രുപം നല്‍കിയത് ജയില്‍ ഡി ജി പി. ഓരോ ജയിലില്‍ നിന്നുമുള്ള പരിശോധനയുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.

ഇത്രയും വിവരങ്ങള്‍ ഇവിടെ എഴുതേണ്ടി വരുന്നത്, നമ്മെ തെറ്റിദ്ധരിപ്പിക്കാനും ഇടതു പക്ഷം ഭീകര ഭരണം നടത്തുന്നുണ്ട് എന്ന് സ്ഥാപിക്കാനും കൊടും നുണകള്‍ തുടര്‍ച്ചായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ്. ഈ വിവരങ്ങള്‍ പൂര്‍ണ്ണമല്ല. ഫയല്‍ നമ്പറുകള്‍, തീയതികള്‍ഇങ്ങനെ കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. അത് വഴിയെ.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കുറ്റവാളികളുടെ തോഴന്‍ ആക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വാക്കു കൂടിഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 2300 പേരുകള്‍  ആണെങ്കില്‍ ഇപ്പോള്‍ അത് കുറഞ്ഞു 1850 ആയിട്ടുണ്ട്.

1 comment: