Monday, February 6, 2017

വികാരനിര്‍ഭരം ഈ വിടവാങ്ങല്‍

രോഹിത് വെമുല മഞ്ച് (കൊച്ചി) > ദീര്‍ഘകാലം സമരസംഘടനാരംഗത്തു പ്രവര്‍ത്തിച്ച് കേന്ദ്രകമ്മിറ്റി ചുമതലകളില്‍നിന്നൊഴിഞ്ഞ പ്രിയസഖാക്കള്‍ക്ക് 10-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ വീരോചിത അഭിവാദ്യം. ദേശ, ഭാഷ വ്യത്യാസമില്ലാതെ നക്ഷത്രാങ്കിത ശുഭ്രപതാക ഒരടികൂടി ഉയര്‍ത്തുമെന്ന പ്രതിജ്ഞചൊല്ലിയാണ് പ്രതിനിധികള്‍ ദേശീയനേതാക്കള്‍ക്ക് റെഡ് സല്യൂട്ട് ചൊല്ലിയത്.  വീര്‍ സലാമും വീരവണക്കവും ഇടമുറിയാതെ നിറഞ്ഞ സദസ്സിനെ പ്രത്യഭിവാദ്യംചെയ്ത നേതാക്കള്‍ നാളെയുടെ പുത്തന്‍ പോരാട്ടങ്ങളില്‍ തോളോടു തോള്‍ചേര്‍ന്നുണ്ടാകുമെന്നും പ്രഖ്യാപിച്ചു.

അഖിലേന്ത്യാ  പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ എം ബി രാജേഷ്, സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, അഖിലേന്ത്യാ ട്രഷറര്‍ പുരന്‍ചന്ദ് എന്നിവര്‍ക്ക് വികാരനിര്‍ഭരമായ വിടവാങ്ങലാണ് നല്‍കിയത്. യൂണിറ്റ് പ്രസിഡന്റ്മുതല്‍ ജില്ല, സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ നേതൃത്വത്തിലേക്കും ഉയര്‍ന്ന എം ബി രാജേഷ് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളുടെ  അമരക്കാരനായും നിയമസഭാ സാമാജികനായും തിളങ്ങിയ ടി വി രാജേഷിന്റെ നേതൃത്വത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പോരാട്ടം സംഘടിപ്പിച്ചതും സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചതും. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് 105 ദിവസം ജയില്‍വാസം അനുഷ്ഠിച്ചു. എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന പ്രസിഡന്റായിരുന്ന പുരന്‍ചന്ദ് 2014ല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. 2012ലാണ് ട്രഷററാകുന്നത്.

കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം ടി വി അനിത, കെ എസ് സുനില്‍കുമാര്‍, രാജസ്ഥാനില്‍നിന്നുള്ള രാംരത്തന്‍ ബഗാഡിയ, കെ ഭാസ്കര്‍, രജീബ് മജുംദാര്‍, മാധവ്, നയന്‍ ഭുയന്‍, ലോക്നാഥ് അധികാരി, മുകേഷ് കുമാര്‍, ദിനേഷ് സിവാച്, മഹേന്ദര്‍ റാണ, ജെയ് ഭഗ്തി നേഗി, സുഖ്നാഥ് ലോഹ്റ, ഭരത്രാജ്, അഡ്വ. ഭഗ്വാന്‍ ഭോജെ, സുരേഷ് സ്വെയ്ന്‍, സുരീന്ദര്‍ ഖിവ, സത്നം സിങ്, രഘുവീര്‍ വര്‍മ, ഡോ. സീമ ജെയ്ന്‍, ആര്‍ വേല്‍മുരുകന്‍, എസ് മുത്തുകണ്ണന്‍, എല്‍ ഷണ്‍മുഖസുന്ദരം, എന്‍ കല്‍പ്പന, തപസ് ദത്ത, മിത്ലി ഭട്ടാചാര്യ, കെ ഭാസ്കര്‍, രാധാചരണ്‍, പ്രണബ്, ധര്‍മേന്ദ്ര യാദവ്, പാര്‍ഥ ദാസ്, ദുലു ദാസ്, ശങ്കര്‍ ഘോഷ്, രജീബ് മജുംദാര്‍ എന്നിവരാണ് ചുമതലകളൊഴിഞ്ഞ മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

എം ബി രാജേഷ്, ടി വി രാജേഷ് എന്നിവര്‍ക്ക്് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖര്‍ജി, എം സ്വരാജ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. സ്ഥാനമൊഴിഞ്ഞ മറ്റുള്ളവര്‍ക്ക് പ്രീതി ശേഖര്‍, എ എന്‍ ഷംസീര്‍, ബല്‍ബീര്‍ പരാശര്‍ എന്നിവര്‍ ഉപഹാരം നല്‍കി. മുദ്രാഗാനമൊരുക്കിയ ബിജിബാല്‍, ചീഫ് ഷെഫ് നൌഷാദ്, വേദിയൊരുക്കിയ ശ്രീധരന്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

കലയിലും സാഹിത്യത്തിലുംവരെ വര്‍ഗീയഫാസിസം പിടിമുറുക്കുന്ന ഇക്കാലത്ത് തുടര്‍ച്ചായ പോരാട്ടം ആവശ്യമാണെന്ന് എം ബി രാജേഷ് മറുപടിപ്രസംഗത്തില്‍ പറഞ്ഞു. 10-ാം സമ്മേളനം സംഘടനയുടെ ചരിത്രത്തിലെ നാഴികക്കല്ലാക്കി മാറ്റിയ സ്വാഗതസംഘത്തിനും സംസ്ഥാന, ജില്ല ഘടകങ്ങള്‍ക്കും അവോയ് മുഖര്‍ജി നന്ദി പറഞ്ഞു.

http://www.deshabhimani.com/news/kerala/dyfi-all-india-conference/621883

No comments:

Post a Comment