Saturday, February 25, 2017

സ.പിണറായി വിജയന്റെ മംഗലൂരു പ്രസംഗം

മംഗലാപുരത്തെ റാലിയില്‍ പങ്കെടുക്കാന്‍ ക‍ഴിഞ്ഞതിലുള്ള സന്തോഷം ആദ്യമേ രേഖപ്പെടുത്തുന്നു.

നമ്മുടെ രാജ്യത്ത് മതസൗഹാര്‍ദം കാത്തുസുക്ഷിക്കുക എന്നത് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. മതസൗഹാര്‍ദത്തിന് അപകടമുണ്ടാക്കുന്ന ഒട്ടേറെ നീക്കങ്ങളാണ് രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയാക്കുന്നത് രാജ്യത്തെ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ആര്‍എസ്‌എസ് തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആര്‍എസ്‌എസ് എല്ലാക്കാലത്തും രാജ്യത്തു പ്രചരിപ്പിച്ചുവന്നിട്ടുള്ളത് മതസൗഹാര്‍ദത്തിന് എതിരായ കാര്യങ്ങളാണ്. മതസ്പര്‍ധയും വര്‍ഗീയ വിദ്വേഷ‍വും വളര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്‌എസ് തുടക്കം മുതല്‍ ശ്രമിച്ചിട്ടുള്ളത്.

ആര്‍എസ്‌എസ് എന്നത് നമ്മുടെ രാജ്യത്തിന്‍റെ പൊതുവായ ധാരകളോടൊപ്പം നില്‍ക്കുന്ന സംഘടനയല്ല. നിര്‍ഭാഗ്യവശാല്‍ ആ സംഘടനയ്ക്കാണ് ഇന്നു രാജ്യത്തിന്‍റെ നയങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വം ആര്‍എസ്‌എസിന്‍റെ ആജ്ഞകള്‍ അനുസരിച്ചാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 1925-ലാണ് ആര്‍എസ്‌എസ് എന്ന സംഘടന രൂപം കൊള്ളുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ഘട്ടത്തിലാണ് ആര്‍എസ്‌എസ് ജനിക്കുന്നത്. 22 വര്‍ഷം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കത്തിക്കാളിനിന്ന ആര്‍എസ്‌എസ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരു സംഘടനയാണ് അത് എന്നു നാം കാണേണ്ടതായിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിച്ചില്ല എന്നുപറഞ്ഞാല്‍ അ കാലത്ത് അവര്‍ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് രൂപം കൊണ്ട എല്ലാ സംഘടനകളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോകണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടു പോകുന്നതിനെക്കുറിച്ച്‌, ആ ആവശ്യം ഉന്നയിച്ചുകൊണ്ടു സമരം നടത്തിയ സംഘടനകള്‍ക്കിടയില്‍ ചില വ്യത്യസ്താഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഇന്ത്യക്കു സ്വാതന്ത്ര്യം വേണമെന്നും ബ്രിട്ടന്‍ രാജ്യം വിട്ടുപോകണമെന്നുമുള്ള കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. ഇവിടെയാണ് ആര്‍എസ്‌എസിന്‍റെ വ്യത്യസ്തത. ആര്‍എസ്‌എസ് ആ ഘട്ടത്തില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കെടുക്കാതെ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോകണമെന്ന ആവശ്യം ഉന്നയിക്കാന്‍ തയാറായില്ല. നേരേമറിച്ച്‌, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരുന്നതിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചത്. സവര്‍ക്കര്‍ തന്നെ വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഇതിനൊടൊപ്പമില്ലെന്നും നമ്മള്‍ രണ്ടുകൂട്ടരുടെയും താല്‍പര്യം ഒന്നാണെന്നും പറയുകയുണ്ടായി. അങ്ങനെ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്ബര്യമാണ് ആര്‍എസ്‌എസിന്‍റേത്.

നമ്മുടെ രാജ്യത്തെ ഒന്നായി കാണാന്‍ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ആര്‍എസ്‌എസ് ഒരുകാലത്തും തയാറല്ലായിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുക. വര്‍ഗീയമായി ചേരിതിരിക്കുക ഇതാണ് ആര്‍എസ്‌എസ് തുടക്കം മുതലേ ശ്രമിച്ചുവന്നത്. അതിന്‍റെ ഭാഗമായാണ് രാജ്യത്തു വര്‍ഗീയ കലാപങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന അവസ്ഥയിലേക്ക് ആര്‍എസ്‌എസ് എത്തിച്ചേര്‍ന്നത്. നാം ഓര്‍ക്കേണ്ട കാര്യം ആര്‍എസ്‌എസ് എന്ന സംഘടന നമ്മുടെ രാജ്യത്തിന്‍റെ ഐക്യത്തിന് എതിരായ വിഭാഗമാണ്. ജനങ്ങളുടെ ഐക്യത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. എല്ലാക്കാലത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ആര്‍എസ്‌എസ് ശ്രമിച്ചുവന്നിട്ടുള്ളത്. ഇവിടെ ഒരു പ്രധാനചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരുന്നുണ്ട്. എന്തിനാണ് മഹാത്മാഗാന്ധി കൊലചെയ്യപ്പെട്ടത്? മഹാത്മാഗാന്ധി ഏതെങ്കിലും ആര്‍എസ്‌എസുകാരനെ ആക്രമിക്കാന്‍ പോയി എന്നാരും പറയില്ല. പക്ഷേ, മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ദീര്‍ഘനാളത്തെ ഗുഢാലോചന സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. ഏതുവിധത്തിലാണ് ഗോഡ്സേയുടെ കൈയിലുള്ള ആയുധം ഗാന്ധിജിയെ വധിക്കാന്‍ ഉപയോഗിക്കപ്പെട്ടത് അതേപോലെ ആര്‍എസ്‌എസിന്‍റെ കൈയിലുള്ള കേവലമായ ഒരായുധം മാത്രമായിരുന്നു ഗോഡ്സേ എന്നതു നാം തിരിച്ചറിയണം. ഗാന്ധിജി കൊലചെയ്യപ്പെട്ട ഘട്ടത്തില്‍ പലയിടങ്ങളിലും അന്നത്തെ ആര്‍എസ്‌എസ് അവരുള്ള ചില സ്ഥലങ്ങളില്‍ മധുരം വിതരണം ചെയ്തു എന്നതും നമ്മള്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

ഗാന്ധിജിയെ വധിച്ച ആര്‍എസ്‌എസിനെതിേര ജനരോഷം അതിശക്തമായി ഉയര്‍ന്നുവന്നു. ആര്‍എസ്‌എസ് നിരോധിക്കപ്പെട്ടു. ആ ഘട്ടത്തില്‍ അന്നത്തെ കേന്ദ്രഭരണാധികാരികളില്‍ ചിലരെ വലിയതോതില്‍ ബന്ധപ്പെട്ടു പ്രീണിപ്പിച്ചു നിരോധനം നീക്കുന്നതിനുള്ള നടപടികളില്‍ ആര്‍എസ്‌എസ് മു‍ഴുകുകയാണു ചെയ്തത്. നിരോധനം നീക്കിയതിനു ശേഷവും ആര്‍എസ്‌എസ് അതേ നിലതന്നെയാണ് ഇവിടെ തുടര്‍ന്നുവന്നത്.

ആര്‍എസ്‌എസിന് ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമാണ് ഉള്ളതെന്ന് നാം ആലോചിക്കേണ്ട ഒരു കാര്യമാണ്. 1925ല്‍ രൂപം കൊണ്ട ആര്‍എസ്‌എസ് അഞ്ചുവര്‍ഷത്തിനുശേഷം സ്ഥാപകനേതാക്കളിലൊരാളായ മുഞ്ചേ ലോകത്തെ വന്‍കിടക്കാരില്‍ ചിലരെ കാണാന്‍ പോവുകയുണ്ടായി. അവരുടെ മാതൃകാ പുരുഷന്‍മാരെയും ആ രാജ്യങ്ങളെയുമാണ് കാണാന്‍ പോയത്. അതിലൊന്നു മുസോളിനിയായിരുന്നു. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപം ആര്‍എസ്‌എസ് പൂര്‍ണമായി സ്വീകരിച്ചു. ഫാസിസ്റ്റ് സംഘടനയ്ക്കു പരിശീലനം നല്‍കുന്ന അവരുടെ പരിശീലനകേന്ദ്രം കണ്ടപ്പോള്‍ മുഞ്ചേ അങ്ങേയറ്റം ആവേശഭരിതനായി. അതിന്‍റെ ഫലമായി മുഞ്ചേ, ആ സന്ദര്‍ശനത്തിന്‍റെ ഒരു ഘട്ടത്തില്‍ മുസോളിനിയുമായി ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയില്‍ ഈ പരിശീലനത്തിന്‍റെ പ്രത്യേകതയും അത് ഇവിടെ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഏതു രൂപത്തില്‍ ക‍ഴിയുമെന്നും ചര്‍ച്ച ചെയ്തു. മുസോളിനിയുടെ ആ ഫാസിസ്റ്റ് സംഘടനാ രൂപമാണ് ആര്‍എസ്‌എസ് ഇവിടെ സ്വീകരിച്ചത്.

ആര്‍എസ്‌എസിന്‍റെ പ്രത്യയശാസ്ത്രം അതു സ്വീകരിച്ചത് ഹിറ്റ്ലറുടെ ജര്‍മനിയില്‍നിന്നാണ്. നാസിസമാണ് പ്രത്യയശാസ്ത്രമായി സ്വീകരിച്ചത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ കാര്യം ജര്‍മനിയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയായിരുന്നു. അതില്‍ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഒറ്റ സംഘടനയേ ലോകത്തുള്ളൂ എന്നതു നാം കാണണം. ഹിറ്റ്ലറുടെ ആ നയത്തെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ സംഘടനകളും തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ആര്‍എസ്‌എസ് മാത്രമാണ് അതിനെ സ്വീകരിക്കുകയും പുക‍ഴ്ത്തുകയും ചെയ്തത്. എല്ലാ രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ ജര്‍മനിയാണ് നമുക്കു മാതൃക എന്നാണ് ആര്‍എസ്‌എസ് ആ ഘട്ടത്തില്‍ പരസ്യമായി ഉദ്ഘോഷിച്ചത്.

ഹിറ്റലര്‍ അവിടെ നടപ്പാക്കിയ ന്യൂനപക്ഷത്തെ നിഷ്കാസനം ചെയ്യുക, ജൂതന്‍മാരെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഹിറ്റ്ലര്‍ സ്വീകരിച്ച കിരാതമായ നടപടികളെക്കുറിച്ച്‌ ആലോചിക്കുക. ആ നടപടികളിലാകെ ആര്‍എസ്‌എസ് ആവേശം കൊണ്ടു. ആര്‍എസ്‌എസിന്‍റെ തലതൊട്ടപ്പന്‍മാരായവരെല്ലാം ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവര്‍ അതിനെ പുക‍ഴ്ത്തിക്കൊണ്ട് ആ നടപടികളാണ് ആ നയമാണ് അവരുടെ നയമായി സ്വീകരിച്ചിട്ടുള്ളത്.

ഈ നയം ഇന്ത്യയില്‍ പൂര്‍ണമായി ആര്‍എസ്‌എസ് നടപ്പാക്കി. ആര്‍എസ്‌എസിന്‍റെ നയം ഹിറ്റ്ലര്‍ നടപ്പാക്കിയ നാര്‍സിസമാണ്. അതാണ് തത്വശാസ്ത്രമായി ആര്‍എസ്‌എസ് അംഗീകരിച്ചിരിക്കുന്നത്. ഹിറ്റ്ലറുടെ അതേവാചകങ്ങള്‍ ആര്‍എസ്‌എസിന്‍റേതായി കാണാന്‍ സാധിക്കും. ന്യൂനപക്ഷത്തെ എങ്ങനെ നേരിടണമെന്നാണ് ഹിറ്റ്ലര്‍ ഹിറ്റ്ലറുടെ നയമായി എ‍ഴുതിവച്ചിരിക്കുന്നത്. ഇവുടെ ആര്‍എസ്‌എസും അതേ നയംഅത് അതേപടിതന്നെ എ‍ഴുതിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഹിറ്റ്ലര്‍ക്ക് അവിടെ ഒരു വിഭാഗംമാത്രമായിരുന്നു ന്യൂനപക്ഷം. ജൂതന്‍മാരെയും അവിടത്തെ കമ്യൂണിസ്റ്റുകാരെ, അന്ന് ബോള്‍ഷെവിക്കുകള്‍ എന്നാണ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന പദം. ജൂതന്‍മാരെയും ബോള്‍ഷെവിക്കുകളെയും ആണ് രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളായി ഹിറ്റ്ലര്‍ കണ്ടത്. അതേനയം ആര്‍എസ്‌എസ് തങ്ങളുടെ നയമായി അവരുടെ ഗ്രന്ഥങ്ങളില്‍ എ‍ഴുതിവച്ചിരിക്കുന്നത്. അത് അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ഇവിടെ അവര്‍ പറഞ്ഞത് ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളാണ്. ആ രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളോടൊപ്പം ഹിറ്റ്ലറുടെ അതേ നയം സ്വീകരിച്ചുകൊണ്ടു ആര്‍എസ്‌എസും കമ്യൂണിസ്റ്റുകാരെ രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിച്ചിരിക്കുന്നു. ഹിറ്റ്ലര്‍ കണ്ടതുപോലെ ന്യൂനപക്ഷവും കമ്യൂണിസ്റ്റുകാരും ഇവിടെ ആഭ്യന്തര ശത്രുക്കളാണ് എന്ന നയമാണ് ആര്‍എസ്‌എസ് സ്വീകരിച്ചിരിക്കുന്നത്.

ഈ നയമാണ് ആര്‍എസ്‌എസ് രാജ്യത്താകെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്തു നടന്ന എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ആര്‍എസ്‌എസാണ് എന്നു കാണാന്‍ ക‍ഴിയും. ആയിരക്കണക്കിനാളുകളെ കൊന്നുതള്ളിയ വര്‍ഗീയ കലാപങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അതിന് ആര്‍എസ്‌എസാണ് നേതൃത്വം നല്‍കിയത്. അതിന് അവര്‍ക്ക് പ്രത്യേകമായ പരിശീലനരീതികളുണ്ട്. എങ്ങനെയാണ് കലാപം സംഘടിപ്പിക്കേണ്ടത്, ഏതു തരത്തിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്, ആ വര്‍ഗീയ സംഘര്‍ഷം ഒരു കലാപത്തിലേക്കു മാറിയാല്‍ കലാപഘട്ടത്തില്‍ സാധാരണക്കാരായ ആളുകളെ ഹരം പിടിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നുണപ്രചാരണങ്ങള്‍ നടത്തണം. ഇതിനെല്ലാം കൃത്യമായ പരിശീലന സംവിധാനങ്ങള്‍ ആര്‍എസ്‌എസ് ഒരുക്കിയിട്ടുണ്ട്. ആര്‍എസ്‌എസിന്‍റെ നേതൃത്വത്തിലുള്ള എല്ലാ വര്‍ഗീയ കലാപങ്ങളിലും ഈ ഒരു ഏകരൂപം കാണാന്‍ ക‍ഴിയും. കൃത്യമായ പരിശീലനത്തിലൂടെ അവര്‍ സ്വായത്തമാക്കിയ അവരുടേതായ സമ്ബ്രദായങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി കാണാന്‍ ക‍ഴിയും.

ആര്‍എസ്‌എസ് മതനിരപേക്ഷതയ്ക്ക് എതിരാണ്. ഈ രാഷ്ട്രം ഒരു മതനിരപേക്ഷ രാഷ്ട്രമാകാന്‍ പാടില്ല എന്നതാണ് ആര്‍എസ്‌എസ് ആദ്യം മുതലേ സ്വീകരിച്ച നിലപാട്. 1947 ജൂലൈ 17 ന് ഓര്‍ഗനൈസര്‍, അവരുടെ മുഖപത്രം, നമ്മുടെ രാജ്യത്തിന്‍റെ ദേശീയപതാകയെക്കുറിച്ച്‌ ദ നേഷണല്‍ ഫ്ളാഗ് എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം എ‍ഴുതി. ദേശീയപതാകയുടെ രൂപം നിശ്ചയിച്ചത് വിപുലമായ ചര്‍ച്ചയിലൂടെയാണ്. എന്നാല്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടായിരുന്നു ആര്‍എസ്‌എസിന്‍റേത്. ഇതു നമ്മുടെ രാജ്യത്തിനു ചേര്‍ന്നതല്ല എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ ആക്രമമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇന്ത്യ എന്ന പേരു സ്വീകരിച്ചതിനെയും ആര്‍എസ്‌എസ് അന്ന് എതിര്‍ക്കുകയുണ്ടായി. 1947 ജൂലൈ 31 ന് ഇതേ ഓര്‍ഗനൈസര്‍ വീണ്ടും അതിനെക്കുറിച്ച്‌ എ‍ഴുതി. അതില് ഇന്ത്യ എന്ന പേരല്ല ഹിന്ദുസ്ഥാന്‍ എന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്ന് എന്നവര്‍ ആവശ്യപ്പെട്ടു. ഇതെല്ലാം അവര്‍ തുടര്‍ന്നുവന്ന നയത്തിന്‍റെ ഭാഗമായിട്ടുള്ളതാണ്. മതാധിഷ്ഠിത രാഷ്ട്രമാണ് ഇന്ത്യ എന്ന സങ്കല്‍പമാണ് അവര്‍ ആദ്യം മുതലേ വച്ചുപുലര്‍ത്തിയത്. മതനിരപേക്ഷ രാജ്യം എന്ന ആശയത്തോട് അവര്‍ക്കു തുടക്കം മുതലേ യോജിപ്പില്ല. അതാണ് നമ്മുടെ രാജ്യത്തിന്‍റെ പാര്‍ലമെന്‍റിനകത്ത് നമ്മുടെ രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിതന്നെ സംസാരിക്കുമ്ബോള്‍ മതനിരപേക്ഷ രാഷ്ട്രമെന്നു ഭരണഘടനയില്‍ വിശേഷിപ്പിച്ചതാണ് എല്ലാ കു‍ഴപ്പത്തിനും കാരണമെന്ന് പറഞ്ഞത്. ഇതാണ് ആര്‍എസ്‌എസ് എന്നും നാം കാണണം.

ഈ ആര്‍എസ്‌എസിന്‍റെ കൈയിലാണ് ഇന്ന് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം കിട്ടിയിരിക്കുന്നത്. അങ്ങേയറ്റം അസഹിഷ്ണുതയിലൂടെയാണ് കാര്യങ്ങളാകെ അവര്‍ നടപ്പാക്കുന്നത്. അവരെക്കുറിച്ചു പറയാന്‍ എത്രയോ മണിക്കൂറുകള്‍ വേണ്ടിവരും. നമ്മുടെ രാജ്യത്ത് അത്രമാത്രം ക്രൂരതകളാണ് ഈ കാലയളവില്‍ അവരുടെ നേതൃത്വത്തില്‍ സംഭവിച്ചത്. അസഹിഷ്ണുതയുടെ പൂര്‍ത്തീകരണമായി ആര്‍എസ്‌എസ് മാറി. ആ അസഹിഷ്ണുത നമ്മുടെ രാജ്യത്തിലെ ഭരണാധികാരികളിലും പടരുന്നു. അതിന്‍റെ ഭാഗമായി മഹാത്മാഗാന്ധിയെ കൊലചെയ്തതുപോലെതന്നെ നമ്മുടെ രാജ്യത്തു വേണ്ടപ്പെട്ട ജനങ്ങള്‍ക്കു പ്രിയപ്പെട്ടവരായ അനേകം പേരെ കൊലപ്പെടുത്താന്‍ സംഘപരിവാര്‍ തയാറായി. ഇവിടെ എം എം കല്‍ബുര്‍ഗി കൊലചെയ്യപ്പെട്ടത് നമ്മളെല്ലാവരുടെയും മനസിലുള്ള കാര്യമാണ്. ഈ രാജ്യത്തിന്‍റെ മതനിരപേക്ഷ മനസ് അങ്ങേയറ്റം വേദനിച്ച കാര്യമാണ്. എന്തിന് അദ്ദേഹത്തെ കൊലപ്പെടുത്തി. കല്‍ബുര്‍ഗി മാത്രമല്ല, ഗോവിന്ദ് പന്‍സാരേ. അദ്ദേഹം നല്ല രീതിയില്‍ ആര്‍എസ്‌എസിന്‍റെ ആശയങ്ങള്‍ തുറന്നു കാണിച്ചയാളായിരുന്നു. തെറ്റായ കാര്യങ്ങള്‍ അവരുടെ തെറ്റായ ചിത്രീകരണങ്ങള്‍ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിച്ചയാളായിരുന്നു. അസഹിഷ്ണുത, അതിന്‍റെ ഫലമായി ഗോവിന്ദ് പന്‍സാരേ വധിക്കപ്പെട്ടു. നരേന്ദ്ര ധബോല്‍കര്‍, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരേ ശക്തമായി നിലക്കൊണ്ടയാള്‍. അദ്ദേഹവും വധിക്കപ്പെട്ടു. ഇവരാരും നമ്മുടെ സമൂഹത്തില്‍ ഒരു കുറ്റവും ചെയ്തവരല്ല. ഉല്‍പതിഷ്ണുക്കളായ ചിന്തകര്‍. നാടിനു വേണ്ടി ജനങ്ങള്‍ക്കുവേണ്ടി ഈ രാജ്യത്തിനു വേണ്ടി സംവദിച്ചുകൊണ്ടേയിരുന്നവര്‍. അതിനോടുള്ള അസഹിഷ്ണുതയാണ് അവരെയെല്ലാം വധിക്കുന്നതിലേക്ക് ആര്‍എസ്‌എസിനെ നയിച്ചത്.

ഇവിടെ, എത്ര എത്ര പേരാണ് ആര്‍എസ്‌എസിന്‍റെ ഭീഷണിയുടെ നി‍ഴലില്‍ ക‍ഴിയുന്നത്. കൊലചെയ്യപ്പെട്ടവര്‍ മാത്രമല്ല. നമ്മുടെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍. രാജ്യത്തിനകത്തുതന്നെ പ്രശസ്തരായവര്‍. നിങ്ങള്‍ക്കറിയാം കെ എസ് ഭഗവാനെക്കുറിച്ച്‌. ഭഗവാനെതിരേ സംഘപരിവാറിന്‍റെ ഭീഷണി ഉയര്‍ന്നതിനെക്കുറിച്ച്‌ അറിയാവുന്നവരാണ് നിങ്ങളെല്ലാവരും. അതേപോലെ ജ്ഞാനപീഠം ജേതാവായിരുന്നു ഗിരീഷ് കര്‍ണാട്. ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാടിനെയും സംഘപരിവാര്‍ വെറുതേവിട്ടില്ല. ആര്‍എസ്‌എസിന്‍റെ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിച്ച്‌ കീ‍ഴടങ്ങി അഭിപ്രായങ്ങള്‍ പറയാന്‍ തയാറല്ലാത്ത ഒരാളെയും തങ്ങള്‍ സഹിക്കില്ല എന്ന നിലപാടാണ് ആര്‍എസ്‌എസ് തുടര്‍ന്നുവന്നത്. ഹുച്ചംഗിപ്രസാദ്, ഇവിടത്തെ ഒരു യുവകവി. ദളിതനായ ചെറുപ്പക്കാരന്‍. അദ്ദേഹത്തിന്‍റെ ഉള്ളംകൈയ്ക്കാണു കത്തിവച്ചുകൊടുത്തത്. ചോര പൊടിഞ്ഞു. ഇനി എ‍ഴുതിയാല്‍ വിരലുകള്‍ ഉണ്ടാകില്ല, ഛേദിച്ചുകളയും എന്നു ഭീഷണിപ്പെടുത്തി. ഇവിടെത്തന്നെ, ചേതനാ തീര്‍ഥഹള്ളി. എ‍ഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമൊക്കെയായ അവര്‍ ആര്‍എസ്‌എസ് നിലപാടിനു കീ‍ഴടങ്ങുന്നില്ല എന്നു വന്നപ്പോള്‍ ഭീഷണിയായി. ഭീഷണി വകവയ്ക്കാതെ ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുത്തെന്നുവന്നപ്പോള്‍ ആസിഡ് ഒ‍ഴിക്കും ബലാത്സംഗം ചെയ്യും തുടങ്ങി അത്യന്തം ഹീനമായ ഭീഷണിയാണ് സംഘപരിവാറുകാര്‍ ആ സ്ത്രീക്കെതിരേ ഉയര്‍ത്തിയത്. പെരുമാള്‍ മുരുകന്‍ എന്ന ദളിത് തമി‍ഴ് എ‍ഴുത്തുകാരന്‍, അദ്ദേഹത്തിന് നേരെ ഉണ്ടായ അക്രമം. തന്നിലെ എ‍ഴുത്തുകാരന്‍ മരണപ്പെട്ടുപോയി എന്നു പറയാന്‍ നിര്‍ബന്ധിതമായ അവസ്ഥ. ഇതെല്ലാം നമ്മുടെ നാട്ടില്‍ സംഭവിച്ച കാര്യങ്ങളാണ്. ആദ്യം പറഞ്ഞ കാര്യങ്ങള്‍ കര്‍ണാടകയില്‍ തുടര്‍ച്ചയായി സംഭവിച്ച കാര്യങ്ങളാണ്.

സര്‍വാദരണീയനായ യു ആര്‍ അനന്തമൂര്‍ത്തി. അദ്ദേഹം മരണശയ്യയില്‍ കിടക്കുന്നു. അപ്പോ‍ഴാണ് ആര്‍എസ്‌എസിന്‍റെ ശരിയായ വിഷം ചീറ്റാനുള്ള സന്ദര്‍ഭമായി അവര്‍ കരുതുന്നത്. അദ്ദേഹത്തിന് പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുക്കുകയായിരുന്നു. ഇവിടെ പല പ്രതിഭകളെയും പാകിസ്താനിലേക്ക് പറഞ്ഞുവിടാന്‍ ആര്‍എസ്‌എസിനു വലിയ നിര്‍ബന്ധമാണ്. ഷാരൂഖ് ഖാനെപ്പോലെ ആമിര്‍ ഖാനെപ്പോലെയുള്ള പ്രസിദ്ധരായ നടന്‍മാരെ പാകിസ്താനിലേക്ക് അയക്കാനാണ് ആര്‍എസ്‌എസിന് താല്‍പര്യം. കേരളത്തിലെ ജ്ഞാനപീഠം ജേതാവും പദ്മഭൂഷണുമൊക്കെയായ എം ടി വാസുദേവന്‍നായരെ, അദ്ദേഹം നോട്ടു നിരോധനം വന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടിനെക്കുറിച്ചൊന്നു പറഞ്ഞുപോയി. ഉടനെഅദ്ദേഹത്തെയും ആര്‍എസ്‌എസിന് പാകിസ്താനിലേക്ക് അയക്കണം. അവിടെ ഒരു വലിയൊരു സിനിമാ സംവിധായകന്‍ കമലുണ്ട്. കമലിനെ ആര്‍എസ്‌എസിന് പാകിസ്താനിലേക്ക് അയക്കണം. നന്ദിതാ ദാസിനെയും പാകിസ്താനിലേക്ക് അയക്കണം. എന്താണിത്. നമ്മുടെ നാട്ടിലെ പ്രതിഭകളെല്ലാം ആര്‍എസ്‌എസിന്‍റെ ഇംഗിതത്തിന് കീ‍ഴടങ്ങണം പോലും. സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍, ആര്‍എസ്‌എസിന്‍റെ നിലപാടില്‍നിന്നു വ്യത്യസ്തമായാല്‍ അവരെയൊന്നും ഈ രാജ്യത്തു വച്ചുപൊറുപ്പിക്കില്ല എന്ന നിലപാടാണ് ആര്‍എസ്‌എസ് സ്വീകരിക്കുന്നത്. ആര്‍എസ്‌എസിനോട് ഒന്നു മാത്രമേ ഈ രാജ്യത്തിന്‍റെ മതനിരപേക്ഷ ശക്തിക്ക് ഒന്നിച്ചു പറയാനുള്ളൂ. ഈ രാജ്യം എല്ലാവരുടേതുമാണ്. ആര്‍എസ്‌എസിന് പ്രത്യേകമായി ഒരു അവകാശവുമില്ല. ഇവിടെ ജീവിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനും തങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ എ‍ഴുതാനും ഇവിടെ ജീവിക്കുന്ന ഓരോ ആള്‍ക്കും അ‍വകാശമുണ്ടായിരിക്കും. ആര്‍എസ്‌എസിന്‍റെ അസഹിഷ്ണുതയ്ക്കെതിരേ ശക്തമായ നിലപാട് മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടതുണ്ട്.

ആര്‍എസ്‌എസ് ന്യൂനപക്ഷങ്ങളെ നിഷ്കാസനം ചെയ്യാന്‍ വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാടുകളില്‍ ഏറ്റവും ഒടുവില്‍ എന്തു ഭക്ഷിക്കണം എന്നടക്കം തീരുമാനിക്കുന്ന നിലയിലെത്തി. അതാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ അഖ്ലാഖ് എന്ന ഗൃഹമാഥനെ തല്ലിക്കൊല്ലുന്ന അവസ്ഥയിലെത്തിയത്. നിരപരാധിയായ ഒരു മനുഷ്യനെ നിങ്ങള്‍ ഞങ്ങള്‍ക്കെതിരാണ്, കാരണം ന്യൂനപക്ഷത്തില്‍പെട്ടയാളാണ്. തല്ലിക്കൊല്ലാന്‍ ഭക്ഷണത്തിന്‍റെ പേര് ഉപയോഗിച്ചെന്നു മാത്രം മാത്രം. അദ്ദേഹത്തിന്‍റെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുപോയ ഇറച്ചി ആടിന്‍റേതാണെന്നു പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. ഇതു ന്യൂനപക്ഷത്തിനു നേരെ സ്വീകരിച്ചപ്പോള്‍തന്നെ ഗുജറാത്തിലെ ഉനയില്‍ നാലു യുവാക്കളെ നഗ്നരാക്കി കാറില്‍ കെട്ടി മര്‍ദിക്കുന്ന കാ‍ഴ്ച ഈ രാജ്യവും ലോകവും കണ്ടു. അവര്‍ പശുവിന്‍റെ തോല്‍ ഉരിയണമെന്നും തങ്ങളുടെ കക്കൂസ് വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദനം. നിങ്ങള്‍ക്ക് ഇന്ന ജോലി മാത്രമേ ചെയ്യാന്‍ അവകാശമുള്ളൂ, പ‍ഴയ ചാതുര്‍വണ്യ വ്യവസ്ഥയുടെ അതേരീതി ദളിതര്‍ക്കു നേരെ പ്രയോഗിക്കാനാണ് സംഘപരിവാര്‍ തയാറായത്. ഇതിന്‍റെ തന്നെ മറ്റൊരു പതിപ്പാണ് ഹരിയാനയിലെ മേവാത്തില്‍ കാണാന്‍ ക‍ഴിഞ്ഞത്. അവിടെയൊരു പാവപ്പെട്ട വൃദ്ധ കര്‍ഷകന്‍. ആ കര്‍ഷകന്‍റെ മകനും ഭാര്യയും ആര്‍എസ്‌എസുകാരാല്‍ കൊലചെയ്യപ്പെട്ടു. ഓടിയൊളിച്ച കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികള്‍ അവരെ പിഞ്ചുകുഞ്ഞുങ്ങളുടെ ക‍ഴുത്തിനു കത്തിവച്ചുകൊണ്ടു തിരിച്ചുവിളിച്ചു. എന്നിട്ട് അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കുടുംബാംഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ഇതാണ് ആര്‍എസ്‌എസ് നമ്മുടെ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്നു. ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വലിയതോതിലുള്ള ആക്രമണങ്ങളാണ് ബീഫിന്‍റെ പേരില്‍ ആര്‍എസ്‌എസ് അ‍ഴിച്ചുവിട്ടത്.

സംഘപരിവാറുകാര്‍ സംഘപരിവാറുകാരെത്തന്നെ കൊല്ലുന്ന കാ‍ഴ്ചയാണ് നിങ്ങളിവിടെ കാണുന്നത്. ദക്ഷിണ കാനറ, ഉഡുപ്പി ജില്ലകളി നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച്‌ അറിയാവുന്നവരാണ് നിങ്ങള്‍. ഇക്ക‍ഴിഞ്ഞ ഫെബ്രുവരി 19ന് ഞായറാ‍ഴ്ച പുലര്‍ച്ചെ, പ്രതാപ് പൂജാരിയെന്ന ഹിന്ദു ജാഗരണ്‍േവദി പ്രവര്‍ത്തകന്‍, ഇന്നിവിടെ ഹര്‍ത്താല്‍ നടത്തിയവരുടെ നേതാവ് ആണ് കൊലചെയ്യപ്പെട്ടത്. ക്ഷേത്രത്തില്‍ യക്ഷഗാനം അവതരിപ്പിക്കാനാണ് അദ്ദേഹം എത്തിയത്. ആ സംഘത്തിന്‍റെ പണം മോഷ്ടിച്ച സംഘമുണ്ട്. ആ വിവരം പുറത്തറിയാതിരിക്കാനാണ് പ്രതാപ് പൂജാരിയെ കൊന്നത്. അതേപോലെ, വിനായക ബാരികയെ, അദ്ദേഹം ബിജെപിക്കാരനാണ്. അമ്ബലത്തില്‍ പോകുമ്ബോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതി, നമോ ബ്രിഗേഡ് സ്ഥാപകന്‍ നരേഷ് ഷേണായി. ഈ ഷേണായിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഈ കേസിലാണ് എംപി നളിന്‍ കുമാര്‍ കട്ടീലും ആരോപണവിധേയനായി നില്‍ക്കുന്നത്. ഉഡുപ്പിയില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച്‌ കൊലചെയ്യപ്പെട്ട പ്രവീണ്‍ പൂജാരി. പ്രവീണ്‍ പൂജാരിയും ബിെജപി പ്രവര്‍ത്തകനാണ്. ഇങ്ങനെ സംഘപരിവാറുകാര്‍ സംഘപരിവാറുകാരെതന്നെ കൊല്ലുന്ന കാ‍ഴ്ചയാണ് നിങ്ങള്‍ക്കിവിടെ കാണേണ്ടിവരുന്നത്.

കേരളത്തെക്കുറിച്ച്‌ നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതാണ്. ശ്രീനാരായണഗുരുവിന്‍റെ നേതൃത്വത്തില്‍ നടന്ന നവോഥാന പ്രസ്ഥാനം. അതിന്‍റെ തുടര്‍ച്ചയായി കേരളത്തില്‍ സംഭവിച്ച കാര്യങ്ങള്‍. ശ്രീനാരായണഗുരു ഇവിടെയും വന്ന കാര്യം ചില സഖാക്കള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള നവോഥാന പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായി കേരളത്തിനു നേടാന്‍ ക‍ഴിഞ്ഞത് ശക്തമായ മതനിരപേക്ഷ സമൂഹമാണ്. അവിടെയാണ് ആര്‍എസ്‌എസ് അവന്‍റെ സ്വാധീനം ഉറപ്പിക്കാന്‍ വന്നത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമെന്ന നിലയ്ക്കു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സിപിഐഎമ്മിനെ ഏറ്റവും വലിയ ശത്രുവായി കണ്ട് ആക്രമിച്ചുവകവരുത്തിയാല്‍ തങ്ങളുടെ വര്‍ഗീയത ശരിയായ രൂപത്തില്‍ കേരളീയ സമൂഹത്തില്‍ സ്വാധീനമുറപ്പിക്കുന്നതിനു വ‍ഴിതുറക്കമെന്ന ചിന്തയാണ് ആര്‍എസ്‌എസിനെ നയിച്ചത്. അങ്ങനെയാണ് അവിടെ ആര്‍എസ്‌എസിന്‍റെ ആക്രമണം ആരംഭിച്ചത്. കേരളത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. അറുനൂറോളം സഖാക്കള്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന നാടാണ് കേരളം. അവിടെ ആര്‍എസ്‌എസിനാല്‍ കൊലചെയ്യപ്പെട്ടത് ഇരുനൂറ്റഞ്ചു സഖാക്കളാണ്. ഇവരൊന്നും ഒരു തെറ്റും ചെയ്തവരല്ല. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നതിന്‍റെ ഭാഗമായി വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാടു സ്വീകരിച്ചു. അതിനോടുള്ള അസഹിഷ്ണുത, ആ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജീവന്‍ കൊടുത്തും പോരാടാന്‍ തയാറായ പ്രസ്ഥാനത്തിന്‍റെ സഖാക്കളെ വകവരുത്തി പ്രസ്ഥാനത്തെ തളര്‍ത്താനാകുമോ എന്ന ശ്രമമാണ് ആര്‍എസ്‌എസ് കേരളത്തില്‍ നടത്തുന്നത്.

നിങ്ങള്‍ സംഘടിപ്പിച്ച ഈ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ മാസങ്ങള്‍ക്കു മുമ്ബേ സഖാവ് ശ്രീരാമറെഡ്ഢി ക്ഷണിക്കുന്നുണ്ടായിരുന്നു. ഏതായാലും ഇപ്പോ‍ഴാണ് സമയം ഒത്തുവന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച്‌ ആ വിവരം പുറത്തുവന്നപ്പോള്‍ സംഘപരിവാറുകാരുടെ അസഹിഷ്ണുതയും പുറത്തുവന്നു. ആര്‍എസ്‌എസിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ ഇവിടെ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞു. ചിലര്‍ വീരവാദം മു‍ഴക്കിയത് കേരളത്തിനു പുറത്ത് എവിടെയും കാലുകുത്താന്‍ അനുവദിക്കില്ല എന്നുമായിരുന്നു. ഇക്കാര്യത്തില്‍ ആദ്യമേതന്നെ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെന്ന നിലയ്ക്ക് ആര്‍എസ്‌എസ് ഉയര്‍ത്തിയ ഭീഷണിയെ നേരിടുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ കാണിച്ച ജാഗ്രതയോടെയുള്ള സമീപനം അഭിനന്ദനാര്‍ഹമായ കാര്യമാണ്. അതിന് മുഖ്യമന്ത്രിയെയയും കര്‍ണാടക സര്‍ക്കാരിനെയും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുന്നു. ആര്‍എസ്‌എസിനെ ഈ വ‍ഴിയിലൂടെയേ നേരിടാനാകൂ. ശക്തമായ നിലപാടു സ്വീകരിച്ചു മാത്രമേ നേരിടാനാകൂ. ഇത് ഒരു പാഠമായി നാമെല്ലാവരും സ്വീകരിക്കേണ്ട ഒന്നാണ്. ആര്‍എസ്‌എസുകാരോട് എനിക്കു പറയാനുള്ളത്, മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ടുള്ള എന്‍റെ യാത്രയില്‍ സ്വാഭാവികമായും മുഖ്യമന്ത്രിക്കു സംരക്ഷണം കൊടുക്കാനുള്ള പൊലീസുകാരുണ്ട് അവരുടെ കൈയില്‍ ആയുധങ്ങളുണ്ട്. ആ ആയുധങ്ങളുടെ നടുവിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നതെന്നു പറയാം. അതു നമ്മുടെ ഒരു ഭരണസമ്ബ്രദായത്തിന്‍റെ രീതിയാണ്. എനിക്ക് ആര്‍എസ്‌എസുകാരോടും എന്നെ വെല്ലുവിളിച്ചവരോടും എനിക്കു പറയാനുള്ളത് പിണറായി വിജയന്‍ എന്ന ഞാന്‍ ഒരു ദിവസം ആകാശത്തുനിന്ന് പെട്ടെന്നു പൊട്ടിവീണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നയാളല്ല. നിങ്ങളെ, ആര്‍എസ്‌എസുകാരെ നേരിട്ടറിയാത്ത ആളുമല്ല. നിങ്ങളെ കണ്ടുകൊണ്ടും അറിഞ്ഞുകൊണ്ടും തന്നെയാണ് എന്‍റെ ഇതേവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടന്നിട്ടുള്ളത്. ഇപ്പോള്‍ പൊലീസിന്‍റെ കൈയിലുള്ള ആയുധങ്ങളുടെ നടുവിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നതെന്നു പറയുമ്ബോള്‍, ഒരുകാലം. ബ്രണ്ണന്‍ കോളജിലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കാലം. ആ കാലം ഈ പറയുന്ന ആര്‍എസ്‌എസുകാര്‍ക്ക് അറിയില്ലെങ്കില്‍ പ‍ഴയ ആര്‍എസ്‌എസുകാരോടു ചോദിക്കണം. അന്ന് നിങ്ങളുടെ കൈയിലുള്ള ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപിടിച്ച വടിവാളുകളുടെയും നടുക്കു കൂടെത്തന്നെ ഞാന്‍ നടന്നുപോയിട്ടുണ്ട്. അന്ന് നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ ക‍ഴിയാത്ത ഒരു കൂട്ടര്‍ ഇപ്പോള്‍ എന്തു ചെയ്തു കളയുമെന്നാണ്?

മധ്യപ്രദേശിലെ എന്‍റെ യാത്ര തടഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെന്ന നിലയില്‍ ഒരു സംസ്ഥാനത്തു ഞാന്‍ ചെല്ലുമ്ബോള്‍ ആ സംസ്ഥാനത്തിന്‍റെ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നത് ഒരു മര്യാദയാണ്. അതൊരു മുഖ്യമന്ത്രി സ്വീകരിക്കേണ്ട മര്യാദയാണ്.ആ സര്‍ക്കാര്‍ പറഞ്ഞു. അങ്ങോട്ടു പോകാന്‍ പാടില്ലെന്ന്. ഞാന്‍ അത് അനുസരിച്ചു. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജനായിരുന്നെങ്കില്‍ ഒരു ഇന്ദ്രനും ചന്ദ്രനും തന്നെ തടയാനാകുമായിരുന്നില്ല എന്നി നിങ്ങള്‍ മനസിലാക്കിക്കോളണം. അതുകൊണ്ട് ആ വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ട. എന്തിനു വെറുതേ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നു. അതുകൊണ്ട് നമ്മുടെ നാട് ഇതിനെതിരേ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇവിടുത്തെ ഉല്‍പതിഷ്ണുക്കളായ എല്ലാവരും, ഒരാള്‍ക്കിവിടെ വന്നു സംസാരിക്കാന്‍ പറ്റില്ലെന്നധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിനെതിരേ സംസാരിക്കാന്‍ തയാറായിട്ടുണ്ട്. ആ ഉല്‍പതിഷ്ണുക്കളായ എല്ലാവരോടും പ്രത്യേകിച്ച്‌ ഇക്കാര്യത്തില്‍ ആര്‍എസ്‌എസ് നിലപാടിനെതിരേ അണിനിരന്ന ഇവിടുത്തെ മാധ്യമലോകത്തോടും നന്ദി ഞാന്‍ ഈ ഘട്ടത്തില്‍ അറിയിക്കുന്നു. ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നിങ്ങള്‍ക്കെന്‍റെ അഭിവാദ്യങ്ങള്‍.

കടപ്പാട്: Dailyhunt

No comments:

Post a Comment