Thursday, February 2, 2017

കള്ളക്കണക്കുകള്‍

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മികച്ച വാഗ്മിയാണ്. പ്രസംഗകലയിലുള്ള അദ്ദേഹത്തിന്റെ പാടവം വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹം ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ ബജറ്റ് പ്രസംഗം. ഒരു കഥാകാരന്‍ വാക്കുകളിലൂടെ മായികപ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ ഒരു മായാലോകമാണ് അദ്ദേഹം വരച്ചുകാട്ടിയത്. സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ കുതിക്കുന്ന ഭാരതം. കര്‍ഷകരും ഗ്രാമീണരുമെല്ലാം ക്ഷേമൈശ്വര്യങ്ങളില്‍ ആറാടുന്ന പുതിയ സാമ്പത്തികവര്‍ഷം. ഇതൊക്കെയാണ് അദ്ദേഹം വാക്കുകള്‍കൊണ്ടു തീര്‍ത്തത്.

എന്നാല്‍, യാഥാര്‍ഥ്യം അത്തരത്തില്‍ പ്രസാദമധുരമല്ല. മറിച്ച്, നന്നേ കയ്പേറിയതാണ്. അതു മനസ്സിലാക്കാന്‍ ജെയ്റ്റ്ലി മറച്ചുവച്ചതും പറയാതെ പോയതുമായ കണക്കുകളും പറഞ്ഞ കള്ളക്കണക്കുകളും മാത്രം മതി. അദ്ദേഹം അവതരിപ്പിച്ച 2017-18 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ഉയര്‍ത്തുന്ന ഏറ്റവും വലിയ ആശങ്ക അത് യാഥാര്‍ഥ്യങ്ങളില്‍ അധിഷ്ഠിതമല്ല എന്നതാണ്.

ഇന്ത്യ നോട്ടുനിരോധനം മൂലം ഉണ്ടാകുന്ന സാമ്പത്തിക മുരടിപ്പിലാണ് എന്നും അതു രണ്ടുശതമാനമോ അതിലേറെയോ ആകാം എന്നും രണ്ടുവര്‍ഷമെങ്കിലും അതു തുടരും എന്നും ദേശീയ സാര്‍വദേശീയ തലങ്ങളിലുള്ള എല്ലാ സാമ്പത്തിക, വികസന ഏജന്‍സികളും പ്രവചിച്ചിരിക്കെ, ഇന്ത്യ 7.1 ശതമാനം നിരക്കില്‍ വളരും എന്ന കാവ്യകല്‍പ്പനയിന്മേലാണ് അദ്ദേഹം ബജറ്റ് പടുത്തുയര്‍ത്തിയിരിക്കുന്നത്. നോട്ട് നിരോധനം താല്‍ക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടുപിടിക്കാനുള്ള ശ്രമമാണ് ബജറ്റില്‍ ഉടനീളം ജയ്റ്റ്ലി നടത്തുന്നത്. അതിനായി തനിക്ക് അനുകൂലമായ കണക്കുകള്‍ തപ്പിയെടുത്തു നിരത്തുകയും ചെയ്യുകയായിരുന്നു പ്രസംഗത്തിന്റെ പ്രാരംഭഭാഗത്താകെ.

റദ്ദാക്കിയ നോട്ടിനു തുല്യമായ തുക പുതിയ ബജറ്റ് നടപ്പാക്കിത്തുടങ്ങുമ്പോഴേക്ക് വിപണിയില്‍ തിരിച്ചെത്തുമെന്നും അതോടെ എല്ലാ പ്രശ്നവും തീരുമെന്നുമുള്ള ആശയം പ്രചരിപ്പിച്ച് മുഖം രക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനുള്ള ഒത്താശയാണ് ജെയ്റ്റ്ലി ചെയ്യുന്നത്. എന്നാല്‍, പൂട്ടിയ ചെറുകിട വ്യവസായങ്ങളും വേണ്ടരീതില്‍ പരിപാലിക്കപ്പെടാത്തതുമൂലം പരാജയമാകാന്‍ പോകുന്ന റാബി വിളയുമൊക്കെ കറന്‍സി തിരികെ വന്നെന്നു കരുതി തിരിച്ചുവരുമോ? മരിച്ച നൂറില്‍പ്പരംപേര്‍ തിരികെ വരുമോ?

2016-17ലെ സാമ്പത്തിക വളര്‍ച്ച ജെയ്റ്റ്ലി പറയുന്ന 7.1 ശതമാനം അല്ല. അത് നോട്ട് നിരോധനത്തിനു മുമ്പുള്ള രണ്ടു പാദങ്ങളിലെ വളര്‍ച്ചയാണ്. യഥാര്‍ഥത്തില്‍ നടപ്പുവര്‍ഷത്തെ വളര്‍ച്ച ആറിനും 6.5നും ഇടയിലായിരിക്കുമെന്നാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള വിശകലനം കാണിക്കുന്നത്. അടുത്ത വര്‍ഷമാകട്ടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം വരെ താഴാമെന്ന് ഇക്കണോമിക് സര്‍വേതന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരമൊരു മാന്ദ്യകാലത്തെ പ്രതിരോധിക്കുന്ന ബജറ്റല്ല ജെയ്റ്റ്ലിയുടേത്. ഇത് സമ്പദ്ഘടനയ്ക്ക് ധനപരമായ ഒരു ഉത്തേജനവും നല്‍കുന്നില്ല. മറിച്ച്, ധനകമ്മി 3.2 ശതമാനമായി താഴ്ത്തിനിര്‍ത്തിയതില്‍ കേന്ദ്രധനമന്ത്രി ഊറ്റം കൊള്ളുകയാണ്. ഈ സമീപനം സാമ്പത്തിക മുരടിപ്പ് രൂക്ഷമാക്കും.

ഇപ്പോള്‍ത്തന്നെ, സ്ഥിരമൂലധന നിക്ഷേപത്തോത് 2011-12ല്‍ 34.3 ശതമാനം ആയിരുന്നത് 2016-17ല്‍ 29.1 ശതമാനമായി താണിരിക്കുന്നു. ബാങ്ക് വായ്പയുടെ വളര്‍ച്ച 2011-12ല്‍ 17.8 ശതമാനം ആയിരുന്നത് ഈ ഡിസംബര്‍ അവസാനം 4.7 ശതമാനമായി താണിരിക്കുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിലെ കയറ്റുമതിയുടെ അനുപാതം 2011-12ലെ 24.5 ശതമാനത്തില്‍നിന്ന് കുത്തനെ ഇടിയാന്‍ തുടങ്ങിയത് 18.8 ശതമാനത്തില്‍ എത്തുമെന്നാണു കണക്കാക്കുന്നത്. 'കെയര്‍ റേറ്റിങ് ഏജന്‍സി'യുടെ കണക്കു പ്രകാരം ശേഷിവിനിയോഗം 70-72 ശതമാനം മാത്രമാണ്. ഇതെല്ലാം ഉല്‍പ്പാദനമാന്ദ്യത്തിന്റെ സൂചകങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ ഏതു ബജറ്റിന്റെയും സ്ഥൂലസാമ്പത്തിക ധര്‍മം ചെലവു വര്‍ധിപ്പിക്കുക എന്നതും വിപണിചോദന ഉത്തേജിപ്പിക്കുകയുമാണ്. എന്നാല്‍, ഇതല്ല ഈ ബജറ്റിലെ സമീപനം.

യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം 20.1 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ ബജറ്റില്‍ അത് 21.5 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. വര്‍ധന കേവലം 6.5 ശതമാനം മാത്രമാണ്. 2016-17ല്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 13.54 ശതമാനം ഉണ്ടായിരുന്ന കേന്ദ്രബജറ്റ് ഇക്കുറി ജിഡിപിയുടെ 12.7 ശതമാനമായി കുറയുകയാണ് ഫലത്തില്‍ ചെയ്തിരിക്കുന്നത്. അപ്പോഴാണ് ധനകമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി എന്നു വീമ്പുപറയുന്നത്! എഫ്ആര്‍ബിഎം കമ്മിറ്റിതന്നെ 'ആകസ്മികമായ ധന ആഘാതങ്ങളോടൊപ്പം ദൂരവ്യാപകഫലമുള്ള ഘടനാപരമായ പുനഃസംഘാടനം' ഉണ്ടാകുമ്പോള്‍ 3.5 ശതമാനംവരെ വ്യതിയാനം ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്.

ബജറ്റിലെ സംഖ്യാപരമായ ചെറിയ വളര്‍ച്ചതന്നെ നികുതി വരുമാനം 12.6 ശതമാനം വളരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ്. മാന്ദ്യകാലത്ത് ഏതു നികുതിയാണ് വളരാന്‍ പോകുന്നത്? അതില്ലാഞ്ഞിട്ടുതന്നെ ഏതു നികുതിയാണ് വളര്‍ന്നത്? അതുകൊണ്ടുതന്നെയാണ് ആദായനികുതി ഒഴിച്ച് ഒന്നിനെക്കുറിച്ചും അദ്ദേഹം മിണ്ടാഞ്ഞത്. ആദായനികുതിയില്‍ അദ്ദേഹം കേമത്തംപോലെ പറയുന്ന വളര്‍ച്ചയാകട്ടെ, ആംനസ്റ്റി സ്കീമില്‍ സ്വത്തു വെളിപ്പെടുത്തിയവരുടെ നികുതിയും അവര്‍ക്കുമേല്‍ ചുമത്തിയ 50 ശതമാനം പിഴയും ചേര്‍ന്നതാണ്.

ജെയ്റ്റ്ലിയുടെ ഏറ്റവും പ്രധാന വിഭവസമാഹരണ വര്‍ധന പൊതുമേഖലാ ഓഹരികളുടെ വില്‍പ്പനയിലാണ്. പുതുക്കിയ കണക്ക് പ്രകാരം 2016-17ല്‍ 45,500 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, അടുത്ത വര്‍ഷം 72,500 കോടി രൂപയാണ് ഓഹരികളും പൊതുസ്വത്തുക്കളും വിറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തുടരുന്ന ഈ വിത്തെടുത്തു കുത്തല്‍നയം അനിയന്ത്രിതമായി വളരുന്നതാണ് ഈ പ്രഖ്യാപനത്തില്‍ കാണുന്നത്.

ബജറ്റിലെ എല്ലാത്തരം ജനവിരുദ്ധതകളെയും കള്ളക്കണക്കുകള്‍ നിരത്തിയും വാക്ചാതുരികൊണ്ട് ദുര്‍വ്യാഖ്യാനിച്ചും നീതീകരിക്കുകയാണ് കേന്ദ്ര ധനമന്ത്രി. ഉത്തര്‍പ്രദേശിലെയും മറ്റും തെരഞ്ഞെടുപ്പിന്റെ മുപ്പത്തെട്ടാം മണിക്കൂറില്‍ തിരക്കുപിടിച്ച് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്ലാവരും കരുതിയത് ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ വന്‍തോതിലുള്ള ധനവിനിയോഗവും ക്ഷേമപദ്ധതികളുടെ വ്യാപനവും ഒക്കെ ഉണ്ടാകും എന്നാണ്. എന്നാല്‍, എന്തോ വലിയകാര്യങ്ങള്‍ ചെയ്തു എന്ന മട്ടില്‍ പ്രസംഗിച്ച് ജനങ്ങളുടെ കണ്ണില്‍ മണ്ണിടുകയാണ് ജെയ്റ്റ്ലി ചെയ്തത്.

ധനയാഥാസ്ഥിതിക സമീപനം സാമൂഹികക്ഷേമ ചെലവുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പുപദ്ധതിയിലെ 48,000 കോടി രൂപയുടെ റെക്കോഡ് വകയിരുത്തല്‍ ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. 2016-17 ലെ ബജറ്റിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പല തുകയിലും വലിയ വര്‍ധന അവകാശപ്പെടുന്നത്. എന്നാല്‍, ഈ താരതമ്യത്തിന് അടിസ്ഥാനമാക്കേണ്ടത് യഥാര്‍ഥ ചെലവുകളുടെ അടിസ്ഥാനത്തില്‍ പുതുക്കുന്ന ബജറ്റ് എസ്റ്റിമേറ്റുകളാകണം. അപ്പോള്‍ നാം കാണുന്നത് പലതിലും നാമമാത്ര വര്‍ധനയോ കുറവോ ആണ്.

2016-17ലെ പുതുക്കിയ കണക്കുപ്രകാരം തൊഴിലുറപ്പു പദ്ധതിയുടെ ചെലവ് 47,499 കോടി രൂപയാണ്. അതായത് 501 കോടി രൂപയാണ് തൊഴിലുറപ്പില്‍ കൂടുതലായി വകയിരുത്തിയിരിക്കുന്നത്. ഈ തുകയാകട്ടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ശരാശരി 45 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ നല്‍കാനേ തികയൂ. 100 ദിവസത്തെ തൊഴില്‍ നല്‍കുമെന്ന കേന്ദ്രധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.

പിഎംജിഎസ്വൈയ്ക്ക് പുതുക്കിയ കണക്കില്‍ 19,000 കോടി രൂപയാണ് 2016-17ലെ ചെലവ്. ഈ തുക മാത്രമേ 2017-18ലും വകയിരുത്തിയിട്ടുള്ളൂ. സര്‍വശിക്ഷാ അഭിയാന് ഇപ്രകാരം 1300 കോടി രൂപയും ഉച്ചഭക്ഷണത്തിന് 300 കോടി രൂപയും ദേശീയ കുടിവെള്ളപദ്ധതിക്ക് 50 കോടി രൂപയും മാത്രമേ അധികമായി വകയിരുത്താന്‍ തയ്യാറായിട്ടുള്ളൂ. സാമൂഹിക പെന്‍ഷനുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 9500 കോടി രൂപ മാത്രമേ ഈ വര്‍ഷവും ഉള്ളൂ. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തല്‍ 48,072 കോടി രൂപയില്‍നിന്ന് 51,026 കോടി രൂപയായി ഉയര്‍ത്താനേ തയ്യാറായുള്ളൂ. വെറും 3000 കോടി രൂപയുടെ വര്‍ധന. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്കുള്ള തുക 13,240 കോടി രൂപയില്‍നിന്ന് 9000 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. ഗ്രാമവികസനത്തിനും 3000 കോടിയുടെ വര്‍ധനയേ ഉള്ളൂ. നഗരമേഖലയിലെ അമൃത് പരിപാടിയുടെ അടങ്കലാകട്ടെ 9559 കോടി രൂപയില്‍നിന്ന് 9000 കോടി രൂപയായി കുറയ്ക്കുകയാണ് ചെയ്തത്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതത്തില്‍ ഗണ്യമായ വര്‍ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയര്‍ത്തിയിട്ടുള്ളൂ. 9,90,311 കോടി രൂപയില്‍നിന്ന് 10,85,074 കോടി രൂപയിലേക്ക്. വര്‍ധന 94,763 കോടി രൂപ മാത്രം. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങളിലേക്കുള്ള വിഭവകൈമാറ്റം ദേശീയവരുമാനത്തിന്റെ 6.5 ശതമാനം ആയിരുന്നത് 6.4 ശതമാനമായി കുറയുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വായ്പയില്‍ 0.5 ശതമാനം വര്‍ധന അനുവദിക്കാനും കേന്ദ്രധനമന്ത്രി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനവും ചെലവുചുരുക്കാന്‍ നിര്‍ബന്ധിതമാകും.കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നതാണ് കേന്ദ്രബജറ്റ്. നാണ്യവിളകള്‍ക്കു നാം ഇന്‍ഷുറന്‍സ് ആവശ്യപ്പെട്ടത് തന്നില്ല എന്നുമാത്രമല്ല വിള ഇന്‍ഷുറന്‍സുതന്നെ വെട്ടിക്കുറച്ചു. പ്രാഥമിക സഹകരണ ബാങ്കുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ അജന്‍ഡ നടപ്പാക്കാന്‍ സമ്മര്‍ദത്തിലാക്കുക എന്നതാണ് അക്കാര്യത്തിലെ ബജറ്റ് സമീപനം. കേരളത്തോടുള്ള അവഗണനകള്‍ പത്രങ്ങളെല്ലാം ഹൈലൈറ്റ് ചെയ്തുതന്നെ പ്രസിദ്ധീകരിക്കും എന്നതിനാല്‍ ആ ഭാഗത്തേക്കു കടക്കുന്നില്ല. പൊതുവില്‍ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ് 2017-18ലെ കേന്ദ്രബജറ്റ്

*
ഡോ. ടി എം തോമസ് ഐസക്

Thursday Feb 2, 2017
(http://www.deshabhimani.com/articles/union-budget-2017/620925)

No comments:

Post a Comment