Friday, February 10, 2017

മുന്നണിയും ഭരണവും

എല്‍ഡിഎഫ് ഭരണം ഏറ്റെടുത്തപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വലിയ ആശയോടും ചെറുന്യൂനപക്ഷം ആശങ്കയോടുമാണ് വീക്ഷിച്ചത്. കഴിഞ്ഞ എട്ടുമാസത്തെ അനുഭവങ്ങള്‍ ബഹുഭൂരിപക്ഷം പുലര്‍ത്തിയ ആശകളെ ശക്തിപ്പെടുത്തുന്നതും ചിലരുടെ ആശങ്കകളെ നിരാകരിക്കുന്നതുമാണ്. നല്ല കാര്യങ്ങള്‍ ജനതാല്‍പ്പര്യത്തിന് അനുസൃതമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫിനെ മാറ്റി ഭരണം ഏറ്റെടുത്ത എല്‍ഡിഎഫ് സോഷ്യലിസത്തോട് കൂറുള്ളവരുടേതാണെങ്കിലും ഇന്നത്തെ ഭരണഘടനയ്ക്കുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് അത് നടപ്പാക്കാനാകില്ല. പല കഷ്ടപ്പാടുകളും വികസന മുരടിപ്പും നേരിടുന്ന ജനങ്ങള്‍ക്ക് നല്ല നാളെ പ്രദാനംചെയ്യുന്നതിനുള്ള ഉദ്യമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

കേരളീയര്‍ ആറുപതിറ്റാണ്ടായി കണ്ട സ്വപ്നങ്ങളില്‍ പലതും യാഥാര്‍ഥ്യമാക്കാനുള്ള വിപുലമായ സാധ്യതകളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. നവകേരളമിഷന്‍ അതിനുള്ള നല്ല ചുവടുവയ്പാണ്. നാലുവരിപ്പാത, പ്രകൃതിവാതക പൈപ്പ്ലൈന്‍ തുടങ്ങിയ പശ്ചാത്തലസൌകര്യ വികസനത്തിനും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം നിഷ്പ്രയാസം നേടിയെടുക്കാന്‍ കഴിയുന്നതല്ല. മുന്നിലുള്ള തടസ്സങ്ങള്‍ മാറ്റാന്‍ കേരളം ഒത്തൊരുമയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിന് ഫലപ്രദമായി ഇടപെടാനുള്ള ചുമതല സര്‍ക്കാരിനു മാത്രമല്ല എല്‍ഡിഎഫിനും വിവിധ തലങ്ങളിലെ പ്രാദേശിക ഭരണസമിതികള്‍ക്കും ഭരണപ്രതിപക്ഷ ഭേദമെന്യേ അതിലെ ഓരോ ഘടകകക്ഷികള്‍ക്കുമുണ്ട്.

തിരുവനന്തപുരം ലോ അക്കാദമിയിലെ 29 ദിവസം നീണ്ട സമരം പിന്‍വലിച്ചെങ്കിലും സമര പശ്ചാത്തലത്തില്‍ എല്‍ഡിഎഫില്‍ വിള്ളല്‍വീണുവെന്നും ഭരണനിലനില്‍പ്പിനെ ബാധിക്കുംവിധം സിപിഐ- സിപിഐ എം ബന്ധം വഷളായെന്നും ചില മാധ്യമങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നു. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ സ്വതന്ത്രവ്യക്തിത്വമുള്ള കക്ഷികളാണെങ്കിലും എല്‍ഡിഎഫ് എന്ന രാഷ്ട്രീയമുന്നണിയില്‍ ഘടകകക്ഷികളായത് മാര്‍ക്സിസം ലെനിനിസത്തിന്റെയും വര്‍ഗസമരത്തിന്റെയും കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ വര്‍ഗസമരമാണ്. അത് ഓരോ രാജ്യത്തും ഓരോതരത്തില്‍ പ്രത്യക്ഷപ്പെടാം. സാമ്രാജ്യത്വവുമായി സഹകരിക്കുന്നതും ഫ്യൂഡലിസവുമായി സന്ധിചെയ്യുന്നതുമായ കുത്തകമുതലാളിവര്‍ഗം ഒരു ഭാഗത്തും തൊഴിലാളികളും ഗ്രാമീണ ദരിദ്രരടക്കമുള്ള അധ്വാനിക്കുന്ന ബഹുജനങ്ങള്‍ മറുവശത്തുമായുള്ള ഏറ്റുമുട്ടലാണ് വര്‍ഗസമരത്തിന്റെ ഇന്നത്തെ രൂപം. കേന്ദ്രത്തിലെയും നല്ലൊരുപങ്ക് സംസ്ഥാനങ്ങളിലെയും ഭരണം കൈയാളുന്ന ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെന്ന ഭരണവര്‍ഗപാര്‍ടി ബൂര്‍ഷ്വാപാര്‍ടി മാത്രമല്ല ഭൂരിപക്ഷവര്‍ഗീയത വളര്‍ത്തുന്ന അപകടകരമായ വര്‍ഗീയ പ്രസ്ഥാനമാണെന്നും വിലയിരുത്തുന്നു. കമ്യൂണിസ്റ്റുകാര്‍ക്കും മറ്റ് ഇടതുപക്ഷക്കാര്‍ക്കും മാത്രമല്ല ജനാധിപത്യപ്രസ്ഥാനത്തിനാകെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന  ഭരണസംവിധാനമായി ബിജെപി ഭരണവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മാറിയിരിക്കുകയാണ്. സംഘപരിവാറും കേന്ദ്രഭരണവും ഉയര്‍ത്തുന്ന വിപത്തിനെ ഫലപ്രദമായി തടയണം. അതിന് ജനവിരുദ്ധ രാഷ്ട്രീയനയവും വര്‍ഗീയതയോട് സന്ധിയും പതിവാക്കിയ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചതുകൊണ്ട് ഫലമുണ്ടാകില്ല. ഈ രാഷ്ട്രീയ കാഴ്ചപ്പാടാണ് സിപിഐ എമ്മും സിപിഐയും മുന്നോട്ടുവയ്ക്കുന്നത്.

ഇരുകമ്യൂണിസ്റ്റുപാര്‍ടികളുടെയും യോജിപ്പ് കേരളത്തില്‍ മാത്രമല്ല ദേശീയമായും ശക്തിപ്പെട്ടുവരികയാണ്. ആഗോളീകരണ സാമ്പത്തികനയത്തെയും വര്‍ഗീയരാഷ്ട്രീയത്തെയും ചെറുക്കാനുള്ള ഈ ദേശീയനയത്തെ ശക്തിപ്പെടുത്തുന്നതാണ് കേരളത്തിലെ എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും. കേരളരാഷ്ട്രീയത്തെ പുരോഗമനപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുകയാണ് വേണ്ടത്. ഈ വേളയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്നത്തെ മാറ്റിയിരുന്നു. ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. വിദ്യാര്‍ഥിസമരത്തെ ആദ്യംതന്നെ ബിജെപിയും ആര്‍എസ്എസും തകിടംമറിച്ചു. അതിന്റെ പ്രകടമായ തെളിവാണ് ബിജെപി നേതാവ് വി മുരളീധരന്റെ നിരാഹാരം. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അത് പിന്തുടര്‍ന്നു.

അവിടെക്കണ്ട കാഴ്ചയാകട്ടെ വിചിത്രമാണ്. ബിജെപിയോടും ആര്‍എസ്എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്-മുസ്ളിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കി. എ കെ ആന്റണിയും മുസ്ളിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബിജെപിയെ ആശിര്‍വദിക്കാനെത്തി. മോഡി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ളിംലീഗിനും ബിജെപിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നു. ഇത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ഥനയാണ് ഞങ്ങള്‍ നടത്തിയത്.

ലോ അക്കാദമി വിഷയത്തില്‍ ബിജെപി - കോണ്‍ഗ്രസ് നേതൃസംഘങ്ങള്‍ ഓരോ സമയത്തും ഓരോരോ ആവശ്യങ്ങളുന്നയിച്ച് പ്രശ്നം വഷളാക്കുകയായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെ ആസ്പദമാക്കിയായിരുന്നു പ്രക്ഷോഭം. വിവാദത്തിന് പാത്രമായ പ്രിന്‍സിപ്പല്‍ അഞ്ചുവര്‍ഷം പ്രിന്‍സിപ്പലായോ അധ്യാപികയായോ കോളേജില്‍ എത്തില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യവസ്ഥയുണ്ടാക്കാമെന്നും ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോഴാണ് എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഈ ഒത്തുതീര്‍പ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്സ് കാണിക്കണമെന്നും സമരരംഗത്ത് ശേഷിച്ചവര്‍ ആവശ്യപ്പെട്ടപ്പോള്‍  എഡിഎമ്മിന് മുമ്പാകെ മിനിറ്റ്സ് മാനേജ്മെന്റ് ഹാജരാക്കി. ചര്‍ച്ച എഡിഎം നടത്തിയാല്‍ പോര വിദ്യാഭ്യാസമന്ത്രി നടത്തണമെന്ന് ശഠിച്ചപ്പോള്‍ അതിനും വഴങ്ങി. ഫെബ്രുവരി നാലിന് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ച വിദ്യാഭ്യാസമന്ത്രി നടത്തി.

എന്നിട്ടും അന്ന് പ്രശ്നം ഒത്തുതീര്‍ക്കുകയും സമരം പിന്‍വലിക്കുകയും ചെയ്യാന്‍ കഴിയാതിരുന്നതുവഴി ബിജെപി ഒരുക്കിയ രാഷ്ട്രീയകെണിയില്‍ മറ്റുള്ളവര്‍ വീഴുകയായിരുന്നു. ഈ സമരത്തിന്റെ മറവില്‍ മുഖ്യമന്ത്രിയെ താറടിക്കാന്‍ നടന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. സമരത്തെ ഭൂപ്രശ്നമാക്കി മാറ്റാന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഇല്ലാത്ത അര്‍ഥം കല്‍പ്പിക്കാനുള്ള ശ്രമവും നടന്നു. പട്ടം താണുപിള്ളയുടെയും പനമ്പള്ളി ഗോവിന്ദമേനോന്റെയും മന്ത്രിസഭാംഗമായിരുന്ന പി എസ് നടരാജപിള്ളയുടെ അച്ഛന്റെ പേരിലുള്ള ഭൂമി സര്‍ സി പിയുടെ ദിവാന്‍ വാഴ്ചയില്‍ രാജഭരണം ഏറ്റെടുത്തതാണ്. ആ ഭൂമി ലോ അക്കാദമിയുടെ ട്രസ്റ്റിന് പതിച്ചുകൊടുത്തത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. ഭൂമി പതിച്ചുകൊടുത്ത അച്ഛന്റെ നടപടിക്കെതിരെയാണ് മകന്‍ സമരം നടത്തിയതെന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ആറുപതിറ്റാണ്ട് പിന്നിട്ട യുഡിഎഫ് രാഷ്ട്രീയം തകര്‍ച്ചയിലാണ്. ബൂര്‍ഷ്വ- ഫ്യൂഡല്‍ വര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ കെട്ടുപൊട്ടിയിരിക്കുകയാണ്. ഇതില്‍നിന്നു നേട്ടമുണ്ടാക്കാന്‍ ബിജെപി നോക്കുകയാണ്. ഇത് മനസ്സിലാക്കി ബിജെപിയുടെ കളിയെ തുറന്നുകാട്ടാനാകാതെ ആര്‍എസ്എസ് തീര്‍ത്ത കെണിയില്‍ കോണ്‍ഗ്രസും യുഡിഎഫും വീഴുകയായിരുന്നു. എല്‍ഡിഎഫിനെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലാക്കാമെന്ന ഉദ്ദേശത്തോടെ ബിജെപിയും യുഡിഎഫും അവരുടെ സമരാഭാസം തുടര്‍ന്നു. പക്ഷേ, ഇക്കൂട്ടരുടെ രാഷ്ട്രീയമോഹം പൂവണിയാന്‍ പോകുന്നില്ലെന്ന് സിപിഐ എം നേതൃത്വം അന്നും ഓര്‍മപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഐ എമ്മിനെയും സിപിഐയെയും യോജിപ്പിക്കുന്ന രാഷ്ട്രീയത്തെ അസ്ഥിരമാക്കാന്‍ ലോ അക്കാദമി വിഷയത്തിന് കഴിയില്ല എന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. അതിപ്പോള്‍ ഞങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ക്കും ബോധ്യമായിട്ടുണ്ടെന്ന് കരുതുന്നു. ലോ അക്കാദമി സമരം ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ക്കാന്‍ സമരത്തില്‍ ശേഷിച്ചവര്‍ നിശ്ചയിച്ചത് വിവേകപൂര്‍ണമായ നടപടിയാണ്. എസ്എഫ്ഐയുമായി മാനേജ്മെന്റ് നേരത്തേയുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പൊതുവില്‍ അംഗീകരിച്ചാണ് ഇപ്പോള്‍ കൂട്ടായി ഒത്തുതീര്‍പ്പുണ്ടായത്. എന്തായാലും വിവേകം വൈകി ഉദിച്ചാലും നല്ലതുതന്നെ.

എല്‍ഡിഎഫ് രൂപംകൊണ്ടതും നിലനില്‍ക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാല്‍പ്പര്യവും അടിസ്ഥാനമാക്കിയാണെന്നത് ഞങ്ങള്‍ മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. 1967 മുതല്‍ 1969വരെ കേരളത്തിലെ ഭരണത്തില്‍ രണ്ട് പാര്‍ടികളും പങ്കാളികളായിരുന്നു. പിന്നീട് രണ്ട് പാര്‍ടികളും അകന്നുപോകുകയും രണ്ടു ചേരിയിലാകുകയും ചെയ്തു. 1969 മുതല്‍ 1979 വരെ ഏതാണ്ട് പത്തുവര്‍ഷം, അതില്‍ അടിയന്തരാവസ്ഥക്കാലമടക്കം ഈ നില തുടര്‍ന്നു. ദേശീയതലത്തിലും കേരളത്തിലും മാറിവന്ന രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരുകമ്യൂണിസ്റ്റുപാര്‍ടികളെയും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ യോജിപ്പ് ഇന്ത്യന്‍ രാഷ്ട്രടീയത്തെയും കേരള രാഷ്ട്രീയത്തെയും ഉത്തേജിപ്പിക്കുന്നതാണ്. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പൊതുധാരണ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ലോ അക്കാദമി സമരവും അനുബന്ധ സംഭവങ്ങളും ജാഗ്രതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം എല്‍ഡിഎഫിനെ ഒറ്റപ്പെടുത്താനും മുന്നണിയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും കോ-ലീ-ബി കൂട്ടുകെട്ട് ഏത് ഘട്ടത്തിലും പ്രത്യക്ഷപ്പെടാമെന്നതാണ്. ആര്‍എസ്്എസിനോടും ബിജെപിയോടുമുള്ള യുഡിഎഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം. ബിജെപിയും കോണ്‍ഗ്രസും മുസ്ളിംലീഗുമെല്ലാം കൈകോര്‍ത്തുപിടിച്ച് മഹാസഖ്യമുണ്ടാക്കിയാലും എല്‍ഡിഎഫിനെ തോല്‍പപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനും കഴിയില്ലെന്ന് പ്രബുദ്ധകേരളം ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണ്. അതിന് ഇടിച്ചില്‍വരുന്ന ഒന്നും മുന്നണിക്കകത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായെന്നതാണ് സിപിഐ എം നിലപാട്. രാഷ്ട്രീയവും നയപരവുമായ നിലപാട് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് രൂപപ്പെടുത്തുകയും അത് പ്രകാരമുള്ള ഭരണനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളതാണ് എല്‍ഡിഎഫ് ശൈലി. ഇതുകൊണ്ടാണ് എല്‍ഡിഎഫ് ഭരണകാലത്ത് ഒരിക്കലും വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകാത്തത്. യുഡിഎഫ് ഭരണത്തില്‍ ഓരോ മന്ത്രിയും ഓരോ സാമ്രാജ്യമോ ചിലരെല്ലാം മുഖ്യമന്ത്രിമാരോ ആയിട്ടുണ്ട്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ ഒരു റവന്യൂമന്ത്രിയും ഒരു വിദ്യാഭ്യാസമന്ത്രിയും ഒരു ധനമന്ത്രിയും ഒരു ഗതാഗതമന്ത്രിയും മാത്രമേ ഉണ്ടാകൂ.

അതുപോലെ ഭരണത്തെ നയിക്കാന്‍ ഒറ്റ മുഖ്യമന്ത്രിയും. രാഷ്ട്രീയവും നയപരവും സംഘടനാപരവുമായി കെട്ടുറപ്പുള്ള മുന്നണിയായി എല്‍ഡിഎഫ് മുന്നോട്ടുപോകും. ലോ അക്കാദമിയെ സിപിഐ എം കൈക്കലാക്കാന്‍ പോകുന്നുവെന്ന പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ല. ലോ അക്കാദമിയിലെ ഏതെങ്കിലും അധ്യാപകരുടെയോ അക്കാദമി മാനേജ്മെന്റിന്റെയോ പിഴവുകള്‍ക്കോ കുറ്റങ്ങള്‍ക്കോ ഏറാന്‍മൂളാന്‍ സിപിഐ എമ്മിനെയോ എല്‍ഡിഎഫ് സര്‍ക്കാരിനെയോ കിട്ടില്ല. പക്ഷേ, ബിജെപി-ആര്‍എസ്എസ് യുഡിഎഫ് സമരാഭാസക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ആരെയെങ്കിലും അനാവശ്യമായി ക്രൂശിക്കാനും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. ലോ അക്കാദമി സമരം തീര്‍ന്ന ഘട്ടത്തിലും ഈ നിലപാട് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്

*
കോടിയേരി ബാലകൃഷ്ണന്‍
Friday Feb 10, 2017
(http://www.deshabhimani.com/articles/news-articles-10-02-2017/622739)

No comments:

Post a Comment