ആര്‍എസ്എസ് ഭീഷണി: നാടുവിട്ടവരുടെ വീട് സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു
പാനൂര്‍: ആര്‍എസ്എസ് ഭീഷണിയില്‍ നാടുവിട്ടവരുടെ വീട് സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. നേതാക്കള്‍ എത്തുന്നതറിഞ്ഞ് കുടുംബാംഗങ്ങള്‍ പ്രവര്‍ത്തകരോടൊപ്പം വീട്ടിലെത്തിയിരുന്നു. പൊയിലൂര്‍ കച്ചേരിപ്പറമ്പിലെ ഏച്ചിലാട്ട് ചാലില്‍ ഇസ്മയില്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബമാണ് ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ വധഭീഷണിമൂലം വീടൊഴിഞ്ഞത്. വ്യാഴാഴ്ച പകല്‍ 12.30നാണ് സിപിഐ എം നേതാക്കള്‍ എത്തിയത്. കെ കെ നാരായണന്‍ എംഎല്‍എ, എം പ്രകാശന്‍, എം സുരേന്ദ്രന്‍, പനോളി വത്സന്‍, കെ കെ പവിത്രന്‍, ഒ കെ വാസു, എ പി ഭാസ്കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ചത്. അബ്ദുള്‍ റഹ്മാന്റെ മകന്‍ ബഷീറും ഭാര്യ ബുഷറയും മക്കളും വീട്ടിലെത്തിയിരുന്നു. ബഷീറും ബുഷറയും കണ്ണീരോടെയാണ് ആര്‍എസ്എസ് സംഘത്തിന്റെ ക്രൂരത വിവരിച്ചത്.
ക്രിമിനല്‍ സംഘം അസഭ്യം ചൊരിയാത്ത ദിവസങ്ങളില്ല. സ്ത്രീകള്‍ മാത്രമാണ് വീടുകളില്‍ പലപ്പോഴും ഉണ്ടാകാറുള്ളത്. മദ്യപിച്ചെത്തുന്ന സംഘത്തെ ദൂരെനിന്ന് വരുന്നതു കാണുമ്പോഴേക്കും കുട്ടികളടക്കം അകത്തുകയറി വാതിലടക്കാറാണ് പതിവെന്ന് ബുഷറ പറഞ്ഞു. സ്കൂളില്‍ പോകുന്ന കുട്ടികളെയും ഭീഷണിപ്പെടുത്തുന്നത് കാരണം കോഴിക്കോട് താമസിപ്പിച്ച് പഠിപ്പിക്കുകയാണ്. അയല്‍വാസികളായ മനോഷ്, അനീഷ്, ബിജു, രമേശന്‍ തുടങ്ങിയവരാണ് നിരന്തരം ശല്യപ്പെടുത്തുന്നത്. പരാതിപ്പെട്ടാല്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തും മൊഴിമാറ്റിയും അക്രമികള്‍ക്ക് അനുകൂലമായി പൊലീസ് പ്രവര്‍ത്തിക്കുകയാണ്. രണ്ട് വീടുകളിലായി താമസിച്ചിരുന്ന പതിനാറംഗ കുടുംബം ഭീഷണി കാരണം ഒഴിഞ്ഞുപോകേണ്ടിവന്നത് ഗൗവരമേറിയ സംഭവമാണെന്നും ഇതിനെതിരെ കലക്ടര്‍, പൊലീസ് മേധാവി, ആഭ്യന്തര മന്ത്രി എന്നിവരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് കെ കെ നാരായണന്‍ എംഎല്‍എ പറഞ്ഞു. തിരിച്ചുവന്ന് വീടുകളില്‍ താമസിക്കാന്‍ തയ്യാറായാല്‍ സിപിഐ എം മുന്‍കൈയെടുത്ത് എല്ലാ സംരക്ഷണവും നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. ആര്‍എസ്എസ് സംഘം അതിക്രമം കാട്ടിയ ഒ കെ വാസുവിന്റെ വീട്, തങ്കേശപുരയില്‍ അബ്ദുള്ള, നടുക്കണ്ടിയില്‍ മൂസ, കൊല്ലന്റവിട കുഞ്ഞിക്കണ്ണന്‍, എ സി ദാമോദരന്‍, തയ്യുള്ളതില്‍ കനകന്‍, വയലില്‍ മൂസ എന്നിവരുടെ വീടുകളും നേതാക്കള്‍ സന്ദര്‍ശിച്ചു.
ആര്‍എസ്എസ് സംഘത്തെ രക്ഷിക്കാന്‍ ലീഗ് നേതാക്കള്‍
പാനൂര്‍: രണ്ട് മുസ്ലിം കുടുംബത്തെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും തുരത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘത്തെ രക്ഷിക്കാന്‍ മുസ്ലിംലീഗ് നേതാക്കള്‍ രംഗത്ത്. അക്രമികള്‍ക്കെതിരെ പേരുവച്ച് പരാതി നല്‍കിയതോടെ അങ്കലാപ്പിലായ ആര്‍എസ്എസ് നേതൃത്വം വീട്ടുകാരെ മയപ്പെടുത്താന്‍ ലീഗ് നേതാക്കളെ കൂട്ടുപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചില ലീഗ് നേതാക്കള്‍ വീടുവിട്ടുപോയ കുടുംബാംഗങ്ങളെ സമീപിച്ച് പരാതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വീട്ടുകാരെ ആശ്വസിപ്പിക്കാനോ വീട് സന്ദര്‍ശിക്കാനോ തയ്യാറാകാതിരുന്ന ലീഗ് നേതൃത്വം പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനെതിരെ വീട്ടുകാര്‍ പ്രതികരിച്ചതോടെ പിന്‍വലിയുകയായിരുന്നു. സിപിഐ എം നേതാക്കള്‍ വീടുസന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വീട്ടുകാര്‍ വെളിപ്പെടുത്തിയത്.
deshabhimani
No comments:
Post a Comment