Monday, January 2, 2012

മണ്ണിന്റെ മാറിലെ ജീവിതപ്പാത

പൂമാല കെട്ടി തഴമ്പിക്കേണ്ടിയിരുന്ന കൈകൊണ്ടാണ് അക്ഷരപ്പൂക്കളുടെ രക്തഹാരമൊരുക്കി പാഥേയംപോലെ ചുവന്ന സഞ്ചിയില്‍ സൂക്ഷിച്ച് ചെറുകാട് ജീവിതപ്പാത താണ്ടിയത്. കണ്ണീരും കഷ്ടപ്പാടും അവമതിയും പരിചയിച്ച ജനതയെ തേടിയുള്ള പടിയിറക്കമായിരുന്നു കാലം ഏല്‍പിച്ച ദൗത്യം. മേലാളരുടെ താന്തോന്നിത്തം സഹിച്ച് കുനിഞ്ഞുനിന്ന അശരണരെ നിവരാന്‍ കെല്‍പ്പുള്ളവരാക്കി എന്നതാണ് ചെറുകാടിലെ സര്‍ഗവീര്യത്തിന്റെ ബലം. ജന്മിത്തത്തിന്റെ ആചാരവിശ്വാസങ്ങളുടെ ഇരുള്‍ക്കാടാണ് ആദ്യം വെടിപ്പാക്കിയത്.

1914 ആഗസ്ത് 26ന് പുലാമന്തോള്‍ ചെമ്മലശേരിയില്‍ കരുണാകരപിഷാരടിയുടെയും ചെറുകാട്ട് പിഷാരത്ത് നാരായണിപ്പിഷാരസ്യാരുടെയും മകനായി ജനിച്ച ഗോവിന്ദപ്പിഷാരടി, ചെറുകാടായി മാറിയത് ഒരു കാലഘട്ടത്തിന്റെ പരിണാമ പ്രക്രിയകളുടെ കഥ. ജീവിച്ചിരിക്കെ അക്കാദമിക-യാഥാസ്ഥിതിക നിരൂപകരുടെയൊന്നും കണ്‍വെട്ടത്തുപോലും അദ്ദേഹം പെട്ടിരുന്നില്ല. ഈ തമസ്കരണത്തിനെതിരെ കമ്യൂണിസ്റ്റ് മഹാകവി എന്ന് സ്വയം പ്രഖ്യാപിച്ചു ചെറുകാട്. ഒന്നു കളംമാറ്റി ചവിട്ടിയാല്‍ കൊണ്ടാടാനും ആദരങ്ങളൊരുക്കാനും പ്രമാണിമാര്‍ മത്സരിക്കുമായിരുന്നു. മോഹവലയങ്ങളുടെ അന്ധാളിപ്പില്‍ കുടുങ്ങാന്‍ മാത്രം കേവലം എഴുത്തുകാരന്‍ മാത്രമായിരുന്നില്ല ചെറുകാട്. മനുഷ്യന്റെ വേദനയിലും നിസ്സഹായതയിലും അവനോടൊപ്പം ജീവിച്ച, സമരം നയിച്ച, വിശപ്പിന്റെ രുചിയറിഞ്ഞ, ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ച ആദ്യാവസാനം കമ്യൂണിസ്റ്റായ നാടന്‍ മനുഷ്യന്‍ . അടിയേറ്റവനും അടികൊടുത്തവനുമായിരുന്നു ചെറുകാട്. അതുകൊണ്ടാണ് ഞങ്ങളുടെ കുളി കുളത്തിലും ചെറുകാടിന്റേത് കടലിലുമാണെന്ന് ജീവിതത്തിന്‍ കടലേ കവിതക്കു മഷിപ്പാത്രമെന്നു പാടിയ വൈലോപ്പിള്ളി സാക്ഷ്യപ്പെടുത്തിയത്. സര്‍ഗ-പാര്‍ടി ജീവിതം എത്രമേല്‍ സമരസപ്പെടുമെന്ന് ചെറുകാട് കാട്ടിത്തന്നു. ഒന്ന് മറ്റൊന്നിനെ അപ്രസക്തമാക്കുമെന്ന ധാരണയെ അദ്ദേഹം ഗൗനിച്ചില്ല. അത്രമേല്‍ നൈസര്‍ഗികവും ആത്മാര്‍ഥവുമായിരുന്നു ആ എഴുത്ത്.

ചെറുകാട്സാഹിത്യത്തിന് രൂപസൗഭാഗ്യമില്ലെന്ന് ആക്ഷേപിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. രചനയുടെ നാടന്‍ ശീലങ്ങളോടും എഴുത്തുവഴക്കങ്ങളോടും ഇണങ്ങിനിന്ന ചെറുകാടിനെ തിരിച്ചറിയാനാവാത്തവരായിരുന്നു ഇക്കൂട്ടര്‍ . ശില്‍പഘടനയിലൊന്നും ദത്തശ്രദ്ധനാവാതെ യാഥാര്‍ഥ്യങ്ങളുടെ പരുക്കന്‍ പ്രതലങ്ങളെ ആവിഷ്കരിക്കാന്‍ വെമ്പിയ നാട്ടുമ്പുറത്തുകാരനുണ്ട് ചെറുകാടില്‍ . കവിതയും നോവലും നാടകവും ഓട്ടന്‍തുള്ളലും പാഠകവും ആട്ടക്കഥയും ചമ്പുവും ആത്മകഥയും എന്നല്ല, ഏതേതു സാഹിത്യരൂപങ്ങളാണ് അദ്ദേഹം പരീക്ഷിക്കാഞ്ഞത്. വീട്ടുമുറ്റത്തെ മുരിങ്ങച്ചോട്ടില്‍നിന്നേ നക്ഷത്രത്തെ കാണൂ എന്ന ശാഠ്യം അനുഭവങ്ങളോടുള്ള സത്യസന്ധതയാണ്.

കേരളത്തില്‍ സ്ത്രീവാദത്തിന്റെ കേളികൊട്ടുയരുംമുമ്പേ ശക്തരായ കഥാപാത്രങ്ങളെ സൃഷ്ടിച്ചു അദ്ദേഹം. കസവും മേനിയും വേര്‍തിരിക്കാനാവാത്ത ഇന്ദുലേഖയുടെ പൊന്നിന്‍നിറമല്ല, മണ്ണിന്റെ ചൂരും ചൂടുമുള്ള, ഉന്തിയ പല്ലും ഒട്ടിയ കവിളുമുള്ള സാധാരണ സ്ത്രീകള്‍ . നാണി മിസ്ട്രസും ലക്ഷ്മിക്കുട്ടിയും രാജമ്മയും മറ്റും. ഏതു പ്രതിസന്ധിയിലും പുരുഷന് താങ്ങുംതണലുമായി ജീവിതത്തെ ഒറ്റയ്ക്കു നേരിട്ടവര്‍ . മുത്തശ്ശിയും മണ്ണിന്റെ മാറിലും ഭൂപ്രഭുവും തറവാടിത്തവും പ്രമാണിയും ശനിദശയും നമ്മളൊന്നും അടിമകളും സ്നേഹബന്ധങ്ങളും ദേവലോകവും അങ്ങനെ ഏതൊന്നിലും കാണാവുന്ന മാനുഷിക മൂല്യങ്ങളുടെ വൈകാരിക പ്രശ്നങ്ങളും മരുമക്കത്തായ തകര്‍ച്ചയും വൈയക്തിക-സാമൂഹിക ദ്വന്ദ്വങ്ങളുടെ സംഘര്‍ഷവും ജന്മി-കുടിയാന്‍ ബന്ധവും നാടുവാഴിത്ത പരാക്രമങ്ങളും ചെറുകാടിന്റെ പൊതു ഭൂമികയാണ്. ഒപ്പം കര്‍ഷക-അധ്യാപക പ്രസ്ഥാനങ്ങളുടെയും തൊഴിലാളിസംഘടനയുടെയും ഉത്ഭവവും പോരാട്ടചിത്രവുംകൂടിയായി അത് ചരിത്രത്തെ പിന്‍പറ്റുന്നു. ചുടലക്കാടനെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയായി മലങ്കാടനായി വേഷപ്രച്ഛന്നനായി തുള്ളല്‍പാട്ടെഴുതിയിട്ടുണ്ട് ചെറുകാട്.

"ജീവിതപ്പാത" അവസാനിക്കുന്നത് അദ്ദേഹത്തിലെ മനുഷ്യനില്‍ വരുന്ന പരിവര്‍ത്തനങ്ങള്‍ നിര്‍വികാരമായി പറഞ്ഞുകൊണ്ടാണ്. പൊലീസുകാര്‍ അടിച്ചപ്പോള്‍ മാന്യനായ തന്നെക്കുറിച്ചുള്ള ധാരണ തെറ്റിയെന്നും ആദ്യത്തെ അടി അഭിമാനത്തിന്റെ പടത്തിന്മേല്‍ വന്നുവീണപ്പോള്‍ ശരാശരി മനുഷ്യനായെന്നും ബൂട്ടിട്ട കാലുകൊണ്ട് മുതുകത്ത് ചവിട്ടുകൂടിയായപ്പോള്‍ തത്വജ്ഞാനികൂടിയായെന്നും എഴുതുമ്പോള്‍ മനുഷ്യാവസ്ഥയുടെ നിര്‍വചനമായി മാറുന്നു അത്. 35 വര്‍ഷം മുമ്പ്, 1976ലാണ് നിതാന്ത വിശ്രമത്തിനായി മണ്ണിന്റെ മാറില്‍ ആ കണ്ണുകള്‍ ചേര്‍ത്തടച്ചത്. ചെറുകാടിനോടൊപ്പം ഏറെക്കാലം സഞ്ചരിച്ച പ്രൊഫ. വി അരവിന്ദാക്ഷന്‍ മലയാളത്തിന്റെ ഷൊളോഖോവ് എന്നാണ് വിശേഷിപ്പിച്ചത്. മണ്ണും മനുഷ്യനുമായുളള അടര്‍ത്താനാവാത്ത ബന്ധം പുനഃസൃഷ്ടിച്ചവരാണ് ഇരുവരും. ഡോണിന്റെ തീരത്ത് ഷൊളോഖോവും പുലാമന്തോള്‍ പുഴയോരത്തെ മണ്ണില്‍ ചെറുകാടും.
(എന്‍ രാജന്‍)

deshabhimani 021211

1 comment:

  1. പൂമാല കെട്ടി തഴമ്പിക്കേണ്ടിയിരുന്ന കൈകൊണ്ടാണ് അക്ഷരപ്പൂക്കളുടെ രക്തഹാരമൊരുക്കി പാഥേയംപോലെ ചുവന്ന സഞ്ചിയില്‍ സൂക്ഷിച്ച് ചെറുകാട് ജീവിതപ്പാത താണ്ടിയത്. കണ്ണീരും കഷ്ടപ്പാടും അവമതിയും പരിചയിച്ച ജനതയെ തേടിയുള്ള പടിയിറക്കമായിരുന്നു കാലം ഏല്‍പിച്ച ദൗത്യം. മേലാളരുടെ താന്തോന്നിത്തം സഹിച്ച് കുനിഞ്ഞുനിന്ന അശരണരെ നിവരാന്‍ കെല്‍പ്പുള്ളവരാക്കി എന്നതാണ് ചെറുകാടിലെ സര്‍ഗവീര്യത്തിന്റെ ബലം. ജന്മിത്തത്തിന്റെ ആചാരവിശ്വാസങ്ങളുടെ ഇരുള്‍ക്കാടാണ് ആദ്യം വെടിപ്പാക്കിയത്.

    ReplyDelete