Friday, May 11, 2012

ഉമ്മന്‍ചാണ്ടി അന്നുപറഞ്ഞത് 52 കോടി പോയെന്ന്


വൈദ്യുതിവിതരണം മെച്ചപ്പെടുത്താനും പ്രസരണനഷ്ടം കുറയ്ക്കാനുമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കരാര്‍ കൊറിയയിലെ കെഡിഎന്‍ കമ്പനിക്കു നല്‍കിയതിലൂടെ സംസ്ഥാനത്തിന് 52 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചത്. യോഗ്യരായ കമ്പനികളെ മറികടന്നു, ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തി എന്നിങ്ങനെ പോയി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും ആരോപണം.

സംസ്ഥാനത്തിന് 52 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടാക്കുന്ന ഇടപാട് റദ്ദു ചെയ്യണമെന്നും കരാറിന് ചുക്കാന്‍ പിടിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നല്‍കിയ കത്തിലാവശ്യപ്പെട്ടത്. കരാര്‍ നല്‍കാനുള്ള കെഎസ്ഇബി തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയശേഷം ഉമ്മന്‍ചാണ്ടി മലക്കംമറിഞ്ഞു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് താന്‍ അഴിമതി ആരോപണം ഉന്നയിച്ചില്ലെന്നാണ്. "ലാവ്ലിന്‍ കേസുപോലെ സമാനമാണ് ഈ കൊറിയന്‍ ഇടപാടെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണെ"ന്നാണ് ഉമ്മന്‍ചാണ്ടിയുടെ കത്തില്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ പുനരാവിഷ്കൃത ത്വരിത ഊര്‍ജ വികസന നവീകരണ പരിപാടി (ആര്‍എപിഡിആര്‍എ)യാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തത്. സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വൈദ്യുതിമോഷണവും പ്രസരണനഷ്ടവും കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 240 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ കുത്തിത്തിരിപ്പിനെ തുടര്‍ന്ന് പദ്ധതി മുടങ്ങി. സംസ്ഥാനത്തിന് ഇത് വന്‍ തിരിച്ചടിയായി. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക കാണിച്ച ഒമിനിഗേറ്റിനു പകരം കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയപ്പോള്‍ 52 കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമായെന്നും ചിലരുടെ താല്‍പ്പര്യത്തിനു വഴങ്ങിയാണ് കരാര്‍ നല്‍കിയതെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ അന്നത്തെ കത്തില്‍ പറഞ്ഞത്. വിദഗ്ധമായ കരുനീക്കത്തിലൂടെയും അവിഹിതമാര്‍ഗങ്ങളിലൂടെയും അര്‍ഹരായ പലരെയും മറികടന്ന് മൂന്നാംസ്ഥാനക്കാരന് കരാര്‍ നല്‍കിയെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതിപ്രസരണ-വിതരണരംഗത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ഇതാണ് കള്ളം പ്രചരിപ്പിച്ച് ഉമ്മന്‍ചാണ്ടിയും കൂട്ടരും തടഞ്ഞത്. അഴിമതി നടന്നതായി പുകമറ സൃഷ്ടിച്ച യുഡിഎഫ് നേതൃത്വം കേന്ദ്രത്തില്‍നിന്ന് കിട്ടുമായിരുന്ന ഫണ്ടും മുടക്കി.

കരാര്‍ പിന്‍വലിച്ച സര്‍ക്കാര്‍നടപടി ചോദ്യംചെയ്ത് കൊറിയ ഇലക്ട്രിക് ഡാറ്റാ നെറ്റ്വര്‍ക്ക് കമ്പനി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കി നിയമാനുസൃതമായാണ് കൊറിയന്‍ കമ്പനിക്ക് ടെന്‍ഡര്‍ ഉറപ്പിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ മാര്‍ഗരേഖ ഊര്‍ജ-നിയമ-ധനമന്ത്രാലയങ്ങള്‍ അംഗീകരിച്ചശേഷമാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ കമ്പനിയായ കെഡിഎന്നിന് കരാര്‍ നല്‍കിയത്. വ്യാജ ആരോപണമുന്നയിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കംവയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പദ്ധതി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം. താന്‍ അഴിമതി ആരോപിച്ചിട്ടില്ലെന്ന അവകാശവാദം അതിന്റെ ഭാഗമാണ്. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും എന്തുചെയ്യാന്‍ പോകുന്നു എന്നാണ് ഇനി അറിയേണ്ടത്.

deshabhimani 110512

1 comment:

  1. വൈദ്യുതിവിതരണം മെച്ചപ്പെടുത്താനും പ്രസരണനഷ്ടം കുറയ്ക്കാനുമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കരാര്‍ കൊറിയയിലെ കെഡിഎന്‍ കമ്പനിക്കു നല്‍കിയതിലൂടെ സംസ്ഥാനത്തിന് 52 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചത്. യോഗ്യരായ കമ്പനികളെ മറികടന്നു, ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തി എന്നിങ്ങനെ പോയി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും ആരോപണം.

    ReplyDelete