ആവേശം ചോരാതെ മാരുതി തൊഴിലാളികള്‍
മനേസര്‍ : ഹരിയാനയിലെ മനേസറില്‍ കൂറ്റന്‍ പ്ലാന്റിനുസമീപമുള്ള പന്തലില്‍ മാരുതി- സുസുകി കമ്പനിയിലെ തൊഴിലാളികളുടെ സമരം 25 നാള്‍ പിന്നിട്ടു. രണ്ട് ഷിഫ്റ്റായാണ് സമരം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഒരു കൂട്ടര്‍ സമരംചെയ്യും. തുടര്‍ന്ന് അടുത്ത ഷിഫ്റ്റ്. 24 മണിക്കൂറും സമരം. 2500 തൊഴിലാളികള്‍ സമരരംഗത്തുണ്ട്. ഭൂരിഭാഗവും പരിസരത്തുതന്നെ കാണും. തുടങ്ങിയ അതേ ആവേശം ഇന്നുമുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരും. ജപ്പാന്‍നിയമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല- മാരുതി സുസുകി എംപ്ലോയീസ് യൂണിയന്‍ നേതാവ് സോനു ഗുജ്ജര്‍ ദേശാഭിമാനിയോട് പറഞ്ഞു.
സമരപന്തലിനുപിന്നില്‍ രണ്ടു ചാക്ക് (ചന) കടല സൂക്ഷിച്ചിട്ടുണ്ട്. സമരക്കാരുടെ പ്രധാന ഭക്ഷണം. ചന കഴിച്ചാല്‍ വിശപ്പ് വരില്ല. വെള്ളവും കുടിക്കും. ഭൂരിഭാഗം തൊഴിലാളികളും ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്നവരാണ്. ഞായറാഴ്ച അര്‍ധരാത്രി ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ച് അറസ്റ്റുചെയ്ത് ജയിലിലിട്ടിരിക്കുകയായിരുന്നു സോനുവിനെ. രണ്ടു ദിവസം ലോക്കപ്പില്‍ കിടന്നശേഷം കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇടപെട്ടതിനെതുടര്‍ന്ന് വിട്ടയച്ചു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ് എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സമരം. സംഘടിക്കാനുള്ള അവകാശത്തിനുവേണ്ടി ജൂണില്‍ നടത്തിയ സമരം വിജയംകണ്ടിരുന്നു. അന്നത്തെ സമരത്തിന് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെ ജപ്പാനിലെ സുസുകിക്ക് മേധാവിത്വമുള്ള കമ്പനിപുതിയ ബോണ്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ സമരത്തിന് കാരണം. തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന നിബന്ധനകളാണ് ബോണ്ടില്‍ . ചിലര്‍ ബോണ്ടില്‍ ഒപ്പിട്ടതോടെ അത് നടപ്പാക്കാനും തുടങ്ങി. ഒരു ലീവെടുത്താല്‍ 1150 രൂപ പിഴയൊടുക്കണം. അസുഖംമൂലമോ കുടുംബത്തിലെ ആവശ്യങ്ങള്‍ക്കോഅവധിയെടുക്കാനാകാത്ത സ്ഥിതി. "എന്റെ സ്വന്തം കല്യാണത്തിന് ലീവെടുത്തത് 18,000 രൂപ അടച്ചിട്ടാണ്"- മെക്കാനിക് അമരിന്ദര്‍കുമാര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ ആറു മിനിറ്റാണ് സമയം. വൈകിയാല്‍ പിഴ. ഇന്ത്യന്‍ തൊഴില്‍നിയമത്തിന് വിരുദ്ധമായ ഇത്തരം കരിനിയമങ്ങള്‍ ഉള്‍പ്പെടുന്ന ബോണ്ടില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. സമരത്തിന്റെ പേരില്‍ നടപടിയെടുത്ത 50 തൊഴിലാളികളെ തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടി പിന്‍വലിക്കണം. ജോലിക്ക് കയറാന്‍ അനുവദിക്കണം- ഇവയാണ് മറ്റ് ആവശ്യങ്ങള്‍ .
തൊഴില്‍നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതയുള്ള ഹരിയാന സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളെയല്ല, ജപ്പാന്‍ മാനേജ്മെന്റിനെയാണ് സംരക്ഷിക്കുന്നതെന്ന് സമരത്തെ അഭിസംബോധന ചെയ്യാനെത്തിയ സിഐടിയു സംസ്ഥാന പ്രസിഡന്റ് സത്ബീര്‍സിങ് ദേശാഭിമാനിയോട് പറഞ്ഞു. തൊഴിലാളികള്‍ അകത്ത് പ്രവേശിക്കാതിരിക്കാന്‍ കമ്പനിയുടെ നാല് ഗേറ്റിനുചുറ്റും ഷീറ്റ് അടിച്ചത് ഹരിയാന സര്‍ക്കാരാണ്. പക്ഷേ, എല്ലാ തൊഴിലാളികളും ഒറ്റക്കെട്ടായി നില്‍ക്കുന്നതിനാല്‍ ഈ സമരത്തെ പൊളിക്കാന്‍ സുസുകി- ഹരിയാന സര്‍ക്കാര്‍ സഖ്യത്തിന് കഴിയില്ല- സത്ബീര്‍ പറഞ്ഞു.
(ദിനേശ്വര്‍മ)
സമരത്തിന് ജപ്പാന്‍ യൂണിയനുകളുടെ പിന്തുണ
ന്യൂഡല്‍ഹി: മാരുതി-സുസൂകിയുടെ മനേസര്‍ പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് സുസൂകിയുടെ ആസ്ഥാനത്തു നിന്ന് തൊഴിലാളിസംഘടനകളുടെ പിന്തുണ. ജപ്പാനിലെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കോണ്‍ഫെഡറേഷനായ "സെന്‍സോറെന്‍" ആണ് സിഐടിയു മുഖാന്തിരം മാരുതി-സുസൂകി സമരത്തിന് പിന്തുണ നല്‍കിയത്. "ജപ്പാനിലെ ബഹുരാഷ്ട്രക്കമ്പനികള്‍ നടത്തുന്ന തൊഴിലാളി ദ്രോഹത്തിനെതിരെ ഇവിടുത്തെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധിക്കുന്നു. സുനാമിക്കു ശേഷം സുസൂകിയുള്‍പ്പെടെയുള്ള കമ്പനികള്‍ ജപ്പാനിലും തൊഴിലാളികളെ പീഡിപ്പിക്കുകയാണ്. അതിനെതിരായ പ്രക്ഷോഭത്തിലാണ് ഞങ്ങള്‍ . ഇന്ത്യയില്‍ മാന്യമായ തൊഴില്‍ അന്തരീക്ഷത്തിനു വേണ്ടി നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നു". സെന്‍സോറെന്‍ സന്ദേശത്തില്‍ പറഞ്ഞു.
deshabhimani 230911
ഹരിയാനയിലെ മനേസറില്‍ കൂറ്റന്‍ പ്ലാന്റിനുസമീപമുള്ള പന്തലില്‍ മാരുതി- സുസുകി കമ്പനിയിലെ തൊഴിലാളികളുടെ സമരം 25 നാള്‍ പിന്നിട്ടു. രണ്ട് ഷിഫ്റ്റായാണ് സമരം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഒരു കൂട്ടര്‍ സമരംചെയ്യും. തുടര്‍ന്ന് അടുത്ത ഷിഫ്റ്റ്. 24 മണിക്കൂറും സമരം. 2500 തൊഴിലാളികള്‍ സമരരംഗത്തുണ്ട്. ഭൂരിഭാഗവും പരിസരത്തുതന്നെ കാണും. തുടങ്ങിയ അതേ ആവേശം ഇന്നുമുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരും. ജപ്പാന്‍നിയമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല- മാരുതി സുസുകി എംപ്ലോയീസ് യൂണിയന്‍ നേതാവ് സോനു ഗുജ്ജര്‍ ദേശാഭിമാനിയോട് പറഞ്ഞു.
ReplyDelete