കൊട്ടുംകുരവയുമായി നരേന്ദ്ര മോഡി ജൂലൈ ഏഴിന് നടപ്പാക്കിയ മന്ത്രിസഭാ പുനഃസംഘടന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പലവിധ ഗൂഢതാൽപ്പര്യങ്ങൾ നിറഞ്ഞതാണ്. എന്നാൽ, മാധ്യമങ്ങൾ അതെല്ലാം മറച്ചുവച്ച് സ്‌തുതിഗീതങ്ങൾ മുഴക്കുകയാണെന്നു കാണാം. 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുംവിധം അമിത പ്രാധാന്യമാണ് നൽകിയത്. അന്ധമായ കോർപറേറ്റ് പ്രീണനത്തിനും ലക്കില്ലാത്ത ആസ്‌തി വിൽപ്പനയ്‌ക്കും പച്ചക്കൊടിയെന്നതാണ് മറ്റൊരു ദിശ. നേർവിപരീതവും വ്യത്യസ്‌തവുമായ താൽപ്പര്യങ്ങളുള്ള രാസവള‐ ആരോഗ്യ മന്ത്രാലയങ്ങൾ ഒരാളുടെ കീഴിലാക്കിയതും പ്രധാനം. വ്യവസായമന്ത്രി ഉപഭോക്‌തൃകാര്യത്തിന്റെയും ചുമതല നിർവഹിക്കുമെന്നതും പതിവല്ല. ഇതുവരെ ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുണ്ടായ പൊതുമേഖലാ വകുപ്പിനെ ധനമന്ത്രാലയത്തിന്റെ ഭാഗമാക്കി കണ്ണുംപൂട്ടിയുള്ള വിറ്റുതുലയ്‌ക്കൽ പരിപാടി ത്വരിതഗതിയിലാക്കുമെന്ന പേടിപ്പെടുത്തുന്ന സൂചനയും നൽകിയിരിക്കുകയാണ്.
വിപുലമായ അസ്തിവാരമുള്ള രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിലാണ് കോർപറേറ്റ് ഹിന്ദുത്വ വ്യവസായികളുടെയും അവരുടെ യജമാനന്മാരായ നേതൃത്വങ്ങളുടെയും പുതിയ കച്ചവടക്കണ്ണ്. ഭരണഘടന പ്രകാരം പൂർണമായും സംസ്ഥാന വിഷയമായിരുന്നിട്ടും സഹകരണരംഗത്തിന് പുതിയ മന്ത്രാലയം രൂപീകരിച്ച് അമിത് ഷായെ ഏൽപ്പിച്ചിരിക്കുകയാണ് മോഡി. ബ്രിട്ടീഷ് കാലഘട്ടത്തോളം ചരിത്രമുള്ള ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളെ കോൺഗ്രസിൽനിന്ന് അടർത്തിയെടുത്ത് ബിജെപിയുടെ കൈപ്പിടിയിലാക്കിയതിന്റെ മുഖ്യആസൂത്രകനാണ് അദ്ദേഹം. കോൺഗ്രസ് വിമുക്ത ഗുജറാത്തിലേക്കുള്ള ആദ്യ ചുവടായി ഷാ ഉപയോഗിച്ചത് സഹകരണ ബാങ്കുകളെയും ക്ഷീരോൽപ്പാദന സംഘങ്ങളെയുമാണ്.
ആ സംസ്ഥാനത്ത് ബിജെപി പടിപടിയായി എത്തിപ്പിടിച്ച മേൽക്കൈക്കും അപ്രമാദിത്വത്തിനുമുള്ള പ്രധാനകാരണം അമിത് ഷാ രണ്ടു പതിറ്റാണ്ടുമുമ്പ് സഹകരണമേഖലയിൽ ആരംഭിച്ച കാവിവൽക്കരണമായിരുന്നു. അമൂൽ കുര്യനെ ക്ഷീര സഹകരണ മേഖലയിൽനിന്ന് പുകച്ചുപുറത്തു ചാടിച്ചതിനുപിന്നിലും സമാനമായ കുതന്ത്രങ്ങളായിരുന്നു. ആ സംസ്ഥാനത്തെ സഹകരണമേഖല ബിജെപിയുടെ പ്രധാന രാഷ്ട്രീയ‐ സാമ്പത്തിക അടിത്തറയാണ്. ആ വെട്ടിപ്പിടിക്കൽ പരീക്ഷണത്തിന്റെ ആദ്യരംഗം തലസ്ഥാന നഗരിയിലെ സഹകരണ ബാങ്കുകളായിരുന്നുവെന്നത് മറ്റൊരു കഥ. തുടർന്ന്, അവശേഷിച്ച ധാർമികമൂല്യങ്ങളും ദരിദ്രാഭിമുഖ്യവും മതനിരപേക്ഷ ഉള്ളടക്കവും ഇല്ലാതാകുകയും സഹകരണമേഖല പൂർണമായും അമിത് ഷായുടെ ഉരുക്കുമുഷ്‌ടിയിൽ അമരുകയുംചെയ്‌തു.
സഹകരണമേഖലയുടെ പോരായ്‌മകൾ തീർക്കാനും അവയെ ശക്തിപ്പെടുത്താനും പ്രത്യേക ഭരണനിർവഹണ–- നിയമപരിപാലന–- നയ ചട്ടക്കൂടിന് രൂപം നൽകലാണ് ലക്ഷ്യമെന്ന് കേന്ദ്ര ഗവൺമെന്റ് പരസ്യമായി അവകാശപ്പെടുമ്പോഴും മന്ത്രാലയത്തിന്റെ അധികാര വിസ്‌തൃതിയും പ്രവർത്തന രീതികളും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. സഹകരണസ്ഥാപനങ്ങളെ കേന്ദ്ര നിയന്ത്രണത്തിലേക്കെത്തിക്കലാണ് മനസ്സിലിരിപ്പെന്ന് വ്യക്തം. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട് തോന്നുംപടി സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താനും കേന്ദ്രഗവൺമെന്റ് ലക്ഷ്യമിടുന്നു. ഇതെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾക്കും ഏറ്റുമുട്ടലുകൾക്കും വഴിതുറക്കും. കോർപറേറ്റുകൾക്കായി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുകയും അവയെ അനാകർഷകമാക്കി ഉപഭോക്താക്കളെ അകറ്റുകയുംചെയ്‌ത മോഡി സർക്കാർ സഹകരണമേഖലയിൽ കൈവയ്‌ക്കുന്നത് ഫെഡറലിസത്തിന് വിരുദ്ധമാണ്. വിനാശകരമായ ഈ നീക്കത്തെ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ ശക്തിയുക്തം എതിർക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുകയാണ്. പ്രശ്‌നത്തിന്റെ ഗൗരവം ഊന്നി മറ്റ് പ്രതിപക്ഷ പാർടികളുമായി ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ഭരണഘടനയുടെ ഏഴാംപട്ടികയിലെ ‘സംസ്ഥാന പട്ടിക’യിൽ 32–-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനങ്ങളുടെ അധികാരമാണ്. ആ കാഴ്‌ചപ്പാടിനെ ദുർബലമാക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. പ്രാഥമിക കൂടിയാലോചനയ്‌ക്കുപോലും കേന്ദ്രം തയ്യാറായതുമില്ല.
സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ സംഘപരിവാറും മോഡിസർക്കാരും മുഖ്യമായും ലക്ഷ്യമിടുന്നത് കേരളത്തെയാണ്. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം കൊത്തിവലിക്കാൻ കുത്തകകൾക്ക് അവസരമൊരുക്കാനാണ് വെട്ടിപ്പിടിത്തങ്ങളുടെ രാജാവായ അമിത് ഷായ്‌ക്കുതന്നെ ചുമതല നൽകിയതും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഊടുംപാവുമായ ഈ സമാന്തര സംരംഭത്തിന്റെ അടിത്തറയിലാണ് ഇവിടത്തെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്. അതിനെ തകർക്കുക കുറച്ചു വർഷങ്ങളായി ആർഎസ്‌എസ് നേതൃത്വത്തിലുള്ള സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ്. അതിനാൽ സഹകരണമേഖലയെ മൂലധന താൽപ്പര്യങ്ങളുടെ കാൽക്കീഴിൽ വയ്‌ക്കുന്നത് സർവശക്തിയുമുപയോഗിച്ച് എതിർക്കേണ്ടതുണ്ട്.
deshabhimani editorial 1072021
No comments:
Post a Comment