Tuesday, June 15, 2021

തൊഴിലിന്‌ മുഖ്യപരിഗണന - മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

കേരളം പുതുവഴിയിലൂടെ സഞ്ചരിക്കുകയാണ്‌. മാറുന്ന കാലത്തിനനുസരിച്ച്‌ നാടിനെ മുന്നോട്ടു നയിക്കാൻ പര്യാപ്‌തമായ ദിശാബോധമുള്ള വികസന പദ്ധതികൾ ഒരുങ്ങുന്നു. തുടക്കം കുറിച്ചവ പൂർത്തീകരണത്തിലേക്ക്‌. മഹാമാരിയുടെ കാലത്തും കരുതലും വികസനവും ഒരേ പോലെ സമന്വയിപ്പിച്ച്‌ കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്‌ ജനകീയ സർക്കാർ നീങ്ങുന്നു. വരും കാല വെല്ലുവിളികളെ നേരിടാൻ സാമൂഹ്യക്ഷേമവും ജനകീയ ഐക്യവും കരുതലോടെ സംയോജിപ്പിച്ച്‌ മുന്നോട്ട്‌. സർക്കാർ ലക്ഷ്യംവയ്ക്കുന്ന സുപ്രധാനമായ 
മേഖലകളെക്കുറിച്ച്‌ തദ്ദേശഭരണ എക്‌സൈസ്‌ മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു. 


കോവിഡ്‌ പ്രതിരോധത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ വലുതാണ്‌. പ്രാദേശിക ഭരണകൂടം എന്ന നിലയ്‌ക്ക്‌ പരമ്പരാഗതരീതിയിൽ വലിയ മാറ്റമല്ലേ വരുന്നത്‌?

പ്രതിസന്ധി ഘട്ടങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വിളിപ്പുറത്തുണ്ടെന്ന ആത്മധൈര്യം ഇന്ന്‌ ജനങ്ങൾക്കുണ്ട്‌. കോവിഡ്‌ പ്രതിരോധത്തിൽ താഴെ ത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുകയാണല്ലോ. ആരോഗ്യ വകുപ്പുമായി ചേർന്നുള്ള പരിരക്ഷ. പൊലീസുമായി ചേർന്നുള്ള ക്വാറന്റൈൻ നിരീക്ഷണം. ആരും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതൽ. അങ്ങനെ എല്ലാ മേഖലയിലും തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിലുണ്ട്‌. ഇക്കാര്യത്തിൽ കക്ഷിരാഷ്‌ട്രീയമില്ല. ജനപ്രതിനിധികൾക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ സേവനസന്നദ്ധരായി. ഇത്‌ പുതിയൊരു സംസ്‌കാരമാണ്‌ രൂപപ്പെടുത്തിയത്‌.

കോവിഡ്‌ രണ്ടാം തരംഗം ശക്തമായ ഉടനെയാണല്ലോ പുതിയ സർക്കാർ ചുമതലയേറ്റത്‌. തുടർന്ന്‌, എന്തെല്ലാം ഇടപെടലാണ്‌ സർക്കാർ നടത്തിയത്‌

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിൽ ഇടപെട്ടത്‌ വാർഡ്‌തല സമിതികളാണ്‌. എന്നാൽ, രോഗികളുടെ എണ്ണത്തിൽ കുറവുവന്നതോടെ വാർഡ്‌തല സമിതികൾക്ക്‌ ചെറിയൊരു ആലസ്യം വന്നു. അവ കണ്ടെത്തി പരിഹരിക്കുകയും സമിതികളെ സജീവമാക്കുകയുമാണ്‌ പുതിയ സർക്കാർ ആദ്യം ചെയ്‌തത്‌. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശഭരണ അധ്യക്ഷൻമാരുടെ യോഗം വിളിച്ചു. തദ്ദേശഭരണ, ആരോഗ്യ വകുപ്പ്‌ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്തു. അതിന്റെ ഗുണവും കണ്ടു. സിഎഫ്‌എൽടിസി, എസ്‌എഫ്‌എൽടിസികൾ, ഡിസിസികൾ തുടങ്ങിയവ വീണ്ടും സജ്ജമായി. ഓക്‌സിജൻ ലഭ്യത, ആംബുലൻസ്‌ ലഭ്യത തുടങ്ങിയവ ഉറപ്പ്‌ വരുത്താൻ കൺടോൾ റൂമുകളും കോർഗ്രൂപ്പുകളും രൂപീകരിച്ചു. അതിന്റെ ഫലമായി മരണനിരക്ക്‌ നിയന്ത്രിച്ച്‌ നിർത്താനായി. ജനകീയഹോട്ടലുകളും സാമൂഹ്യ അടുക്കളകളും സജീവമായി. രാജ്യത്ത്‌ മറ്റൊരിടത്തും ഇത്തരം ഇടപെടലില്ല. നമ്മുടെ ജനാധിപത്യ ആരോഗ്യ സംവിധാനത്തിന്റെ കരുത്തും ഇതാണ്‌.

ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട്‌ തികച്ചു. ജനകീയാസൂത്രണത്തിന്റെ കരുത്തിലല്ലേ മഹാമാരികളെപ്പോലും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ പാകപ്പെട്ടത്‌?


ജനകീയാസൂത്രണം തുടർച്ചയായി മുന്നോട്ടുപോയതിന്റെ ഏറ്റവും മികച്ച നേട്ടമാണ്‌ ഈ മഹാമാരിക്കാലത്ത്‌ നമ്മൾ അനുഭവിക്കുന്നത്‌. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജനകീയാസൂത്രണം വലിയ മാറ്റമാണ്‌ കേരളത്തിലുണ്ടാക്കിയത്‌. അധികാര വികേന്ദ്രീകരണമെന്ന ഭരണഘടനാ തത്വം കേരളത്തിൽ ഏറ്റവും നല്ല നിലയിൽ നടത്താനായതും ജനകീയാസൂത്രണത്തിന്റെ നേട്ടമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ജനകീയവൽക്കരിക്കപ്പെട്ട നാട്‌ നമ്മുടേതാണ്‌. ഇതുതന്നെയാണ്‌ ഏത്‌ പ്രതിസന്ധിയെയും നേരിടാൻ നമുക്ക്‌ കരുത്ത്‌ പകരുന്നത്‌.

എൽഡിഎഫ്‌ പ്രകടനപത്രികയിലും പുതിയബജറ്റിലും തൊഴിലിനാണല്ലോ വലിയ പ്രാധാന്യം. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്‌?

ശരിയാണ്‌. തൊഴിൽമേഖലയ്‌ക്കാണ്‌ തദ്ദേശഭരണ വകുപ്പ്‌ മുന്തിയ പരിഗണന നൽകുക. ഒരു വാർഡിൽ നേരിട്ട്‌ തൊഴിൽ നൽകുന്ന ഒരു സംരംഭമെങ്കിലും ആരംഭിക്കും. ഇങ്ങനെ ആദ്യഘട്ടം 20,000 തൊഴിൽ സംരംഭം ആരംഭിക്കാനാണ്‌ പദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടും കുടുംബശ്രീ വഴിയുമാകും ഇത്‌. ഇതിനായി പ്രവാസികളുടെ സഹായവും തേടും. സ്‌ത്രീതൊഴിലന്വേഷകർക്ക്‌ കുടുംബശ്രീ പ്രത്യേകപദ്ധതി തയ്യാറാക്കും. കിലയെ തൊഴിൽ ലഭ്യമാക്കാനുള്ള സ്ഥാപനംകൂടിയായി വളർത്തും. കിഫ്‌ബിയുടെ സ്‌കൂൾ നവീകരണ പദ്ധതി ഇപ്പോൾ കില ഏറ്റെടുത്തിട്ടുണ്ട്‌. ഇത്തരം വിവിധ പദ്ധതികളിലൂടെയാകും തൊഴിൽ സൃഷ്‌ടിക്കുക.

സർക്കാരിന്റെ സുപ്രധാനമായ പ്രഖ്യാപനമാണല്ലോ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷനും സ്‌മാർട്ട്‌കിച്ചണും

സ്‌ത്രീകൾക്ക്‌ വലിയ ആത്മവിശ്വാസമാണ്‌ എൽഡിഎഫ്‌ നൽകുന്നത്‌. തുടർഭരണത്തിന്‌ പ്രധാനകാരണം സ്‌ത്രീ വോട്ടർമാരുടെ ഈ പിന്തുണയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവരെ ചേർത്തുപിടിച്ചു. ഈ സർക്കാരും അതു തുടരും. അതിന്റെ ഭാഗമായാണ്‌ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്‌. ഇത്‌ കേവലം പണത്തിന്റെ പ്രശ്‌നമല്ല. സ്‌ത്രീയുടെ അധ്വാനത്തെ മാനിക്കലാണ്‌. ഫ്യൂഡൽ ചിന്താഗതിയിൽനിന്നുയർന്ന ആൺകോയ്‌മയുടെ വീട്ടകങ്ങളെ അവ പൊളിച്ചെഴുതും. ഞാൻ എന്നതിൽനിന്ന്‌ ഞാനും നീയും ഒന്നിച്ച്‌ എന്ന വിചാരത്തിലേക്ക്‌ സമൂഹം എത്തും. അതിനാലാണ്‌ വീട്ടമ്മമാരുടെ പെൻഷൻ വിപ്ലവകരമായ നടപടിയാകുന്നത്‌. മുമ്പ്‌ കർഷകത്തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ വികാരമായിരുന്നു. മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു വലിയ ജനവിഭാഗത്തെയാണ്‌ അന്ന്‌ ആദരിച്ചത്‌.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏതെങ്കിലും രീതിയിൽ പൊളിച്ചെഴുതേണ്ടതുണ്ടോ?

വേണമെന്നാണ്‌ സർക്കാർ നയം. ആസ്‌തി വികസന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കാൻ തൊഴിലുറപ്പ്‌ പദ്ധതിക്കാകണം. അതുവഴി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകും. തൊഴിൽദിനങ്ങളും കൂട്ടണം. 100 എന്നത്‌ 200 ആക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. കേന്ദ്രസർക്കാരാണ്‌ അതിൽ തീരുമാനമെടുക്കേണ്ടത്‌. ശുചീകരണപ്രവർത്തനം ഇപ്പോൾ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഏൽപ്പിച്ചിട്ടുണ്ട്‌.

തദ്ദേശഭരണ ഏകീകരണം എന്നത്‌ എൽഡിഎഫിന്റെ സുപ്രധാന കാൽവയ്‌പല്ലേ. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവ നടപ്പാക്കിയെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനില്ലേ

അതെ. വിവിധ വിഭാഗങ്ങളായി നിൽക്കുന്ന തദ്ദേശഭരണ വകുപ്പുകളുടെ ഏകീകരണം ഭരണപരമായും ജനോപകാരപ്രദമായും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. എൽഡിഎഫ്‌ പ്രകടനപത്രികയിലും അവ എടുത്തു പറഞ്ഞിട്ടുണ്ട്‌. അതിനാൽ ഈ സർക്കാരിന്റെ പ്രഥമപരിഗണനയിൽ ഒന്നാമത്‌ ഏകീകരണം ഫലപ്രദമാക്കലാണ്‌. ജീവനക്കാരുടെ പുനർവിന്യാസവും കുറച്ചുകൂടി ശക്തമാക്കണം. നിലവിലെ സംവിധാനത്തിൽനിന്ന്‌ മാറി കൂടുതൽ മേഖലകളിലേക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ കടക്കുകയാണ്‌. അതിനാൽ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരികയാണ്‌.

നിലവിലെ മദ്യനയത്തിൽ എന്തെങ്കിലും മാറ്റം ആലോചനയിലുണ്ടോ?

മദ്യനയത്തിൽ ഒരു മാറ്റവും ഇപ്പോൾ ആലോചനയിലില്ല. വളരെ ആലോചിച്ചാണ്‌ മദ്യവർജനത്തിൽ ഊന്നിയുള്ള മദ്യനയം സർക്കാർ സ്വീകരിച്ചത്‌. മദ്യനിരോധനം പരാജയമാണെന്ന്‌ ലോകമാകെ തെളിയിച്ചതാണ്‌. മദ്യവർജനമാണ്‌ ശരിയായ നിലപാട്‌. ഇവ ശക്തിപ്പെടുത്തും. എന്നാൽ, മദ്യം അത്യാവശ്യമായി വേണ്ടവരുണ്ടാകും. അത്തരക്കാർക്ക്‌ അവ കിട്ടാതെ വന്നാലുള്ള ആരോഗ്യ–-സാമൂഹ്യ പ്രശ്‌നങ്ങൾ നമ്മൾ ഏറെ കണ്ടതാണ്‌. വ്യാജ മദ്യമടക്കം ഒഴുകും. മയക്കുമരുന്ന്‌ ഉപയോഗം വർധിക്കും. അതിനാൽ മദ്യലഭ്യതയും ആവശ്യമാണ്‌. വിമുക്തി പദ്ധതി ശക്തിപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. കുട്ടികൾക്കിടയിലെ മയക്കുമരുന്ന്‌ ഉപയോഗം തടയാൻ വാർഡ്‌ സമിതികൾ രൂപീകരിക്കും.

വിവിധതരം പഴങ്ങളിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി

വലിയ സാധ്യതയാണ്‌ ഈ പദ്ധതിക്ക്‌. വീര്യം കുറഞ്ഞതും ആരോഗ്യത്തിന്‌ ഹാനികരവുമല്ലാത്ത മദ്യമാണ്‌ ഇതുവഴി ലഭിക്കുക . അതിനായി കൃഷി, വ്യവസായം, തദ്ദേശഭരണം, എക്‌സൈസ്‌ വകുപ്പുകൾ യോജിച്ച്‌ ഇതിനുള്ള പദ്ധതി തയ്യാറാക്കേണ്ടതാണ്‌. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ നല്ല വില ഉറപ്പ്‌ വരുത്താനും ഈ പദ്ധതി വഴി സാധിക്കും.

തയ്യാറാക്കിയത്‌: റഷീദ്‌ ആനപ്പുറം

No comments:

Post a Comment