ഇന്ത്യയിലെ അറിയപ്പെടുന്ന റൂറൽ സോഷ്യോളജിസ്‌റ്റും ജെഎൻയു സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് മേധാവിയുമായ സുരീന്ദർസിങ് ജോധ്‌കയുമായി ചിന്താ പബ്ലിഷേഴ്‌സ് എഡിറ്റർ കെ എസ് രഞ്ജിത്ത് നടത്തിയ സംഭാഷണം.
രഞ്ജിത്ത്: ഇന്ത്യയിലെ കർഷകസമൂഹം ഇന്ന് നടത്തുന്ന ഈ പ്രക്ഷോഭങ്ങളെ ഒരു സോഷ്യോളജിസ്റ്റ് എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്.എസ് എസ് ജെ: പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. Cultivators എന്ന് വിളിക്കാവുന്നവരാണ് പ്രധാനമായും ഈ വിഭാഗം. പരിമിതമായ ഭൂമിയിൽ തങ്ങളുടെ കുടുംബത്തിലെ അധ്വാനശക്തി മാത്രം ഉപയോഗിച്ച് പണിയെടുക്കുകയും അവിടെ ഉൽപ്പാദിപ്പിക്കുന്നവ പ്രധാനമായും സ്വന്തം ഉപഭോഗത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന ചെറുകിട കർഷകർ, ഇംഗ്ലീഷിൽ Peasants എന്ന് നാം വിളിക്കുന്നവർ മറ്റൊരു സാമൂഹ്യ വിഭാഗമാണ്. ഇവരുടെ പ്രധാന രാഷ്ട്രീയപ്രശ്‌നം ഭൂമിയിലുള്ള ഉടമസ്ഥതയാണ്. പല രീതിയിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നവരാണ് അവർ. കൊള്ളപ്പലിശയ്ക്കു പണം കൊടുക്കുന്നവരുടെ ചൂഷണങ്ങൾക്കു പുറമെ അന്യായമായ ഭൂനികുതികളിലൂടെയും ദരിദ്രരാക്കപ്പെടുന്നവരാണ് അവർ.
ചെറുകിട ചരക്കുൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ആദ്യം പറഞ്ഞ കൂട്ടർ. കമ്പോള വ്യവസ്ഥയുമായി ഇഴുകിച്ചേർന്നവരാണ് ഈ വിഭാഗം. കൃഷിക്കാവശ്യമായ വിഭവങ്ങൾ കമ്പോളത്തിൽനിന്ന് വാങ്ങുകയും തങ്ങളുടെ ഉൽപ്പന്നങ്ങൾ കമ്പോളത്തിൽ വിൽക്കുകയും ചെയ്യുന്നവരാണ് അവർ. അധ്വാനശക്തി ആവശ്യമായ സന്ദർഭങ്ങളിൽ, പലപ്പോഴും ദിവസക്കൂലിക്ക്, അവരത് വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. ആധുനിക യന്ത്രോപകരണങ്ങൾ കൃഷിയുടെ പല ഘട്ടത്തിലും അവർ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കമ്പോളത്തിൽ ലഭിക്കുന്ന വില, അതുപോലെ അധ്വാനശക്തിക്കായി നൽകേണ്ടിവരുന്ന കൂലിയുടെ തോത്, ഇതൊക്കെയാണ് അവരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുന്നത്.
രഞ്ജിത്ത്: ഇന്ത്യയിലെ ആകെ ജനങ്ങളിൽ 60 ശതമാനവും കാർഷികമേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. എന്നാൽ, ദേശീയോൽപ്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് വലിയ തോതിൽ കുറഞ്ഞുവരികയാണ്. ഇന്നത് 15 ശതമാനം മാത്രമാണ്. ഇതിനർഥം ദേശീയോൽപ്പാദനത്തിന്റെ 85 ശതമാനവും 40 ശതമാനം മാത്രംവരുന്ന ജനവിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുകയാണ് എന്നാണ്. ഇത് സ്വാഭാവികമായും ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുന്നു. എതു ദിശയിലേക്കാണ് ഈ പ്രതിഭാസം നമ്മെ കൊണ്ടുചെന്നെത്തിക്കുക.
എസ് എസ് ജെ: യഥാർഥ വസ്തുതകൾ ഇതിനേക്കാൾ സങ്കീർണമാണ്. തങ്ങളുടെ ജീവനോപാധിയായി ഭൂമിയെ മാത്രം കാണുന്നവരുടെ എണ്ണം സമകാലിക ഇന്ത്യയിൽ വളരെ കുറവാണ്. ഉദാഹരണത്തിന് ബിഹാറിലെ മധുബനി ജില്ലയിൽ കുറെക്കാലം മുമ്പ് ഞാനൊരു ഫീൽഡ് വർക്ക് പഠനം നടത്തിയിരുന്നു. 94 ശതമാനം ജനങ്ങളും ഗ്രാമത്തിൽത്തന്നെയാണ് ജീവിക്കുന്നതെങ്കിലും കൃഷിയെ മാത്രം ആശ്രയിക്കുന്നവർ 10-–-15 ശതമാനം മാത്രമാണ്. രാജ്യത്തെ വികസിത പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഗ്രാമീണമേഖലയിലെ വരുമാനം രാജ്യം ഒന്നാകെ പരിശോധിക്കുകയാണെങ്കിൽ കാർഷികേതര മേഖലയിൽനിന്നാണെന്നു കാണാം. അതുപോലെ കുടുംബങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വ്യത്യാസങ്ങൾ അനുസരിച്ച് വരുമാന സ്രോതസ്സുകളുടെ വൈവിധ്യവും മാറും. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചിരുന്നവർ ജീവിക്കാനായി മറ്റു പല തൊഴിലുകളെയും ആശ്രയിക്കേണ്ടിവരുന്നു.
എന്നാൽ, താങ്കൾ ചൂണ്ടിക്കാണിച്ച കണക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ അസമത്വത്തിന്റെ ഗുരുതരാവസ്ഥയിലേക്കു വിരൽചൂണ്ടുന്നു. കാർഷികമേഖലയുടെ തകർച്ചയെയും അത് എടുത്തുകാട്ടുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഉദാഹരണത്തിന് ദേശീയ വരുമാനത്തിൽ കൃഷിയുടെ വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ കൃഷിക്കാർക്ക് കൈമോശം വരുന്ന അധികാരത്തെയും സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ കർഷകസമൂഹം ആന്തരികമായി അസമത്വങ്ങൾ നിറഞ്ഞതാണ്. പലരും പല തലത്തിലാണ് നിലനിൽക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ഉൽപ്പാദനക്ഷമതയിലും ഏറ്റക്കുറച്ചിലുകളുണ്ട്. സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ കൈവശം വയ്ക്കുന്ന കൃഷിഭൂമിയുടെ അളവിലും വലിയ വ്യത്യാസങ്ങളുണ്ട്. ഭൂമിയിലെ ഉടമസ്ഥതയുടെ കേന്ദ്രീകരണം വൻകിട കൃഷിക്കാരെ കേന്ദ്രീകരിച്ചാണ് കിടക്കുന്നത്. ചെറു ന്യൂനപക്ഷം വരുന്ന വൻകിട കൃഷിക്കാർ വലിയ അളവിൽ ഭൂമി കൈവശംവച്ചു പോരുകയാണ്.
രഞ്ജിത്ത്: വികസിച്ചുവരുന്ന മുതലാളിത്ത വർഗങ്ങളും പരമ്പരാഗത കർഷകസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് നമുക്ക് മറ്റു വികസിത രാജ്യങ്ങളുടെ ചരിത്രത്തിൽനിന്ന് എന്തെങ്കിലും ഉൾക്കൊള്ളാനുണ്ടോ?
എസ് എസ് ജെ: മറ്റു വികസിത രാജ്യങ്ങളിൽ സംഭവിച്ചതുപോലെ കോർപറേറ്റ് മൂലധനം ഇന്ത്യയിലും മേൽക്കൈ നേടിയിട്ടുണ്ട്. കർഷക സമൂഹങ്ങളുടെ നഷ്ടങ്ങളുടെ മേലെയാണ് ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇവർ കൂടുതൽ കൂടുതൽ പ്രാന്തവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോർപറേറ്റ് മൂലധനത്തിന്റെ സാമൂഹിക അടിത്തറയായി വർത്തിക്കുന്ന പട്ടണ പ്രദേശങ്ങളിലെ മധ്യവർഗം ജനസംഖ്യയിൽ വലുതല്ലെങ്കിലും 1990കൾക്കു ശേഷമുള്ള കാലയളവിൽ ഇവരുടെ സ്വാധീനം വളരെ കൂടിയിട്ടുണ്ട്.
ഗ്രാമീണ തൊഴിൽ മേഖലകളിൽ അധികപ്പറ്റായി മാറുന്ന ജനവിഭാഗങ്ങളെ ഉൾക്കൊള്ളാനാകുന്നവിധത്തിൽ മുതലാളിത്ത വികസനം നമ്മുടെ പട്ടണ പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് നമുക്കറിയാം. ഗ്രാമീണമേഖലകളിലെ വരേണ്യ വിഭാഗത്തിൽപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസങ്ങൾ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. നഗരപ്രദേശങ്ങളിലെ ജോലിയും നഗരജീവിതത്തിലെ മറ്റു സുഖസൗകര്യങ്ങളും അവർ കാംക്ഷിക്കുന്നുണ്ട്. കോർപറേറ്റ് മൂലധനം പ്രദാനം ചെയുന്ന പരിമിതമായ തൊഴിലുകൾ നഗരങ്ങളിലെ വരേണ്യവിഭാഗത്തിൽപ്പെട്ടവർ സ്വാഭാവികമായും കരസ്ഥമാക്കുന്നു. ഇത് ലഭിക്കാൻ ആവശ്യമായ സാമൂഹ്യവും സാംസ്‌കാരികവുമായ മൂലധനം ഇവർക്കാണുള്ളത്. കൂടുതൽ മുന്നോട്ടുകുതിക്കാൻ ആഗ്രഹിക്കുന്നതായ ഗ്രാമങ്ങളിലെ പ്രാമാണിക വിഭാഗങ്ങൾ തന്നെ ഇതിൽ അസംതൃപ്തരും രോഷാകുലരുമാകുന്നു. പിന്നോക്ക വിഭാഗ സംവരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി സർക്കാർ സ്ഥാപനങ്ങളിൽ ജോലി കരസ്ഥമാക്കാനാണ് പിന്നെ അവർ ശ്രമിക്കുന്നത്. എന്നാൽ, സർക്കാർജോലികൾ തന്നെ ഇന്ന് കുറഞ്ഞുവരികയാണ്. അതീവ ഗുരുതരമായ സാമൂഹിക അന്തരീക്ഷത്തിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.
രഞ്ജിത്ത്: കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ഒരുവാദം കാർഷിക മേഖലയിലെ ഇടനിലക്കാരും ധനിക കർഷകരുമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നാണ്. പക്ഷേ, ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സജീവമായ പങ്കാളിത്തം നമുക്ക് ഈ സമരത്തിൽ കാണാനാകും. താങ്കൾ എങ്ങനെയാണ് ഇതിനെ കാണുന്നത്.
എസ് എസ് ജെ: ഗ്രാമീണ കർഷക ജനവിഭാഗങ്ങൾക്കിടയിൽ നേർത്തുവരുന്ന വർഗവൈരുധ്യങ്ങളിലേക്കാണ് ഇത് ഒരുപക്ഷെ വിരൽചൂണ്ടുന്നത്. കൈവശം വയ്ക്കുന്ന ഭൂമിയുടെ അളവ് പൊതുവെ കുറഞ്ഞുവരികയാണ്. കൃഷിക്കാരുടെയും സാമ്പത്തിക സാഹചര്യങ്ങൾ കർഷകത്തൊഴിലാളികളുടേതിൽനിന്ന് ഏറെ വ്യത്യസ്തമല്ല ഇന്ന്. കർഷകരിൽത്തന്നെയുള്ള ധനിക വിഭാഗങ്ങളുടെ സ്ഥിതിയും മോശമാകുകയാണ്. കർഷക സമൂഹത്തിന്റെ സ്ഥിതി മോശമാകുന്നത് ഗ്രാമീണമേഖലയിലെ മുഴുവൻ ജനങ്ങളെയും പ്രാദേശിക കച്ചവടക്കാരെയടക്കം ബാധിക്കുന്നതാണ്.
രഞ്ജിത്ത്: ഇന്ത്യയിലെ ഗ്രാമീണ സമൂഹങ്ങളെപ്പറ്റി ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ള ഒരു അക്കാദമിക് എന്നനിലയിൽ ദരിദ്രരായ ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ പങ്കെന്താണ്?
എസ് എസ് ജെ: ഗ്രാമീണമേഖലയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാർഷിക മേഖലയെങ്കിലും അത് ഇവിടങ്ങളിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ടല്ല എല്ലാ കാര്യവും നടക്കുന്നതും. ഇന്ത്യൻ സാഹചര്യങ്ങളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയാണ് അതിനൊരു കാരണം. കൃഷിഭൂമി സ്വന്തമാക്കാനോ അതിൽ പണിയെടുക്കാനോ ദളിത് വിഭാഗങ്ങൾക്ക് ആദ്യകാലത്ത് അനുമതിയുണ്ടായിരുന്നില്ല. കർഷക സമൂഹങ്ങളിൽ പങ്കാളികളായി അവരെ കരുതിയിരുന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ ജാതീയമായും വർഗപരമായും ഗ്രാമീണ ഇന്ത്യ സവിശേഷമായ രീതിയിൽ വിഭജിക്കപ്പെട്ടു കിടക്കുകയാണ്. സമകാലീന സാഹചര്യങ്ങളിലും ഈ അവസ്ഥ തുടരുകയാണ്. ഭൂരഹിതരാണ് എന്നതുമാത്രമല്ല, ദാരിദ്ര്യത്തിന്റെ അടിസ്ഥാനം. അവരുടെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന മറ്റു ഘടകങ്ങളും ഇതിലേക്ക് വഴിതെളിക്കുന്നു. ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നയങ്ങളും രാഷ്ട്രീയ സമീപനങ്ങളും രൂപീകരിക്കുമ്പോൾ സാമ്പത്തികേതരമായ ഇത്തരം വശങ്ങളും പരിഗണിക്കേണ്ടതുണ്ട്.
ഗ്രാമീണ മേഖലയിലുള്ളവർക്ക് ജീവിക്കാനാവശ്യമായ വരുമാനം ലഭിക്കുന്നത് ഉറപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. കമ്പോളശക്തികളുടെ ദയാവായ്പിനായി കാർഷികമേഖലയെ വിട്ടുകൊടുക്കുന്നത് കർഷക സമൂഹത്തെ കൂടുതൽ പാപ്പരീകരിക്കുകയേ ഉള്ളൂ.
രഞ്ജിത്ത്: ഉദാരവൽക്കൃതാനന്തര ഇന്ത്യയിൽ ഒരു നവസമ്പന്ന മധ്യവർഗം രൂപപ്പെടുന്നത് നമുക്ക് കാണാനാകും. ഇവരുടെ ഉപഭോഗസ്വഭാവങ്ങളും ആവശ്യങ്ങളും വളരെ വിഭിന്നങ്ങളാണ്. നല്ല ഉപഭോഗശേഷിയുള്ള ഇന്ത്യൻ ജനതയിലെ ഈ വിഭാഗത്തെയാണ് ദേശീയ അന്തർദേശീയ അഗ്രിബിസിനസ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതിനു സഹായിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷിതത്വത്തെപ്പോലും അപകടപ്പെടുത്തുന്നതാണ്. ഏതു യുക്തിയാലാണ് ഈ പ്രതിഭാസത്തെ വിശദീകരിക്കാനാകുക.
എസ് എസ് ജെ: ഒരുപക്ഷേ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഇന്ത്യൻ ഭരണകൂടം ഒരു പ്രശ്‌നമായി ഇന്ന് കരുതുന്നതേയില്ല. ഇന്ത്യയിലെ ഭക്ഷ്യോൽപ്പാദനം ഇടിഞ്ഞുപോയാലും അന്താരാഷ്ട്ര കമ്പോളത്തിൽനിന്നും അനായാസം കുറവ് വരുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാമെന്നാണ് അവർ വിചാരിക്കുന്നത്. കാർഷികമേഖലയിലെ സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കുന്നതിലാണ് അവർക്ക് ഇന്ന് ഏറെ താൽപ്പര്യം. കാർഷികമേഖലയിലെ ഉൽപ്പാദനക്ഷമതയും വിതരണവുമെല്ലാം കോർപറേറ്റ് മൂലധനം കൈകാര്യം ചെയ്യുമെന്നാണ് അവർ വിശ്വസിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ ഇല്ലാതാക്കുന്നതും എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നുമുള്ള നിയോ ലിബറൽ ചിന്തയുടെ ഭാഗമാണ് ഇത്. നിലനിൽപ്പിനായി ദീർഘനാളായി പാടുപെടുന്ന കാർഷികമേഖലയ്ക്ക് ഇത് ഒട്ടും അഭികാമ്യമല്ല. കാർഷികമേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങൾ പരിമിതമായ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് ഗുരുതരമായ രാഷ്ട്രീയ അസ്വസ്ഥതകൾ സൃഷ്ടിക്കും .
സുരീന്ദർ സിങ് ജോധ്‌ക / കെ എസ് രഞ്ജിത്
No comments:
Post a Comment