Sunday, January 3, 2021

ഇതു ജനങ്ങളുടെ പ്രസ്ഥാനം; ജനങ്ങളുടെ സര്‍ക്കാര്‍...പിണറായി വിജയന്‍ സംസാരിക്കുന്നു

 മുഖ്യമന്ത്രി പിണറായി വിജയനോടാകുമ്പോൾ അഭിമുഖം വെല്ലുവിളിയാണ്. കേരളത്തിൽ ഒരു കല്പിതകഥയാണല്ലോ ചോദ്യങ്ങൾക്കുമുന്നിലെ പിണറായി. ഏകാകിയായി ആ മിത്ത് മറികടന്നുവേണമല്ലോ അഭിമുഖം.അത്‌ ഇങ്ങനെ സംഭവിച്ചു.കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ അതിന്റെ ചരിത്രത്തിലെ ഏറ്റ‍വും വലിയ ആക്രമണങ്ങൾ നേരിടുമ്പോൾ ഉയരുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു...

ദേശാഭിമാനി വാരികയ്ക്ക് വേണ്ടി കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ പി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖം


? എൽ ഡി എഫ് സർക്കാർ കാലാവധി തികയ്‌ക്കാൻ ഇനി മാസങ്ങൾ മാത്രം‐  കഴിഞ്ഞ നാലര വർഷത്തെക്കുറിച്ച്...

= കഴിഞ്ഞ നാലര വർഷത്തെക്കുറിച്ച് തികഞ്ഞ സംതൃപ്തിയാണുള്ളത്. വാഗ്ദാനം ചെയ്തതെല്ലാം നിറവേറ്റാനായി. അപ്രതീക്ഷിത വെല്ലുവിളികളെ തരണം ചെയ്യാനായി. ക്ഷേമ‐ വികസനപ്രവർത്തനങ്ങളുടെ കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയായി കേരളം മാറി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റേതുമായ അന്തരീക്ഷം നാട്ടിലുണ്ടായി. കേരളീയർ ഒറ്റക്കെട്ടായി നാടിനുവേണ്ടി നിലകൊള്ളുന്ന സാഹചര്യം സംജാതമായി. അഴിമതിരഹിത‐ മതനിരപേക്ഷ‐ വികസിത കേരളം എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കി. ഇതുകൊണ്ടൊക്കെയാണ് തികഞ്ഞ സംതൃപ്തിയുള്ളത്.

ലോകത്തിനാകെ സ്വീകാര്യമായ മാനവ വിഭവശേഷി നമുക്കുണ്ട്. അത് നമ്മുടെ നാടിനുതന്നെ പ്രയോജനപ്രദമാകണമെന്നുണ്ടെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നാം വലിയ കുതിച്ചുചാട്ടം നടത്തേണ്ടിയിരുന്നു. അങ്ങനെ നമ്മുടെ ആളുകളുടെ ശേഷികളെ ഇവിടെത്തന്നെ വിന്യസിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 അത്തരമൊരു സമീപനത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ, ദേശീയപാത, റെയിൽവെ, ദേശീയ ജലപാത, സംസ്ഥാന‐ജില്ലാ റോഡുകൾ, ഹൈടെക്‌ ഇൻഡ്സ്ട്രിയൽ കോറിഡോർ, കൂടംകുളം പവർഹൈവേ, എൽഎൻജി ടെർമിനൽ, പെട്രോകെമിക്കൽ പാർക്ക്, ലൈഫ് സയൻസസ് പാർക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ നിരവധി ഇടപെടലുകളാണ് അധികാരത്തിൽ വന്നതിനുശേഷം നാടിന്റെ അടിസ്ഥാനസൗകര്യവികസനം മുൻനിർത്തി നടത്തിയിട്ടുള്ളത്.

ഇതോടൊപ്പം നിലവിലുള്ള നമ്മുടെ സാധ്യതകളെ കുറേക്കൂടി ശക്തിപ്പെടുത്താൻ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളും എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷനും നടപ്പിലാക്കി. സർക്കാർ സർവീസുകളെ കാര്യക്ഷമമാക്കാനും നിരവധി ചെറുപ്പക്കാരെ സർവീസ് മേഖലയുടെ ഭാഗമാക്കാനും കഴിഞ്ഞു. പൊതുമേഖലയെ സംരക്ഷിക്കാനും ലാഭത്തിലാക്കാനും, പരമ്പരാഗത മേഖലകൾക്ക് ഉത്തേജനമേകാനും സാധിച്ചു.

ക്ഷേമ പെൻഷനുകളുടെ കാര്യത്തിലും വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് വേതനം നൽകുന്ന കാര്യത്തിലും രാജ്യത്തിനുതന്നെ ഈ ഘട്ടത്തിൽ കേരളം മാതൃകയായി. സാങ്കേതികവിദ്യാമേഖലയിൽ ലോകശ്രദ്ധ നേടിയെടുക്കാനും, വലിയ നിക്ഷേപങ്ങൾ സംസ്ഥാനത്തു കൊണ്ടുവരാനും അങ്ങനെ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുമൊക്കെ ഇക്കഴിഞ്ഞ നാലുവർഷം കൊണ്ട് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്.

? പ്രകൃതിദുരന്തങ്ങളും രോഗബാധകളും മുമ്പില്ലാത്തവിധം കേരളത്തെ ബാധിച്ച കാലമാണ് കഴിഞ്ഞ നാലര വർഷം. ആ അനുഭവത്തെപ്പറ്റി...

= അതെ. ആദ്യത്തെ ചോദ്യത്തിനു മറുപടി നൽകുമ്പോൾ പറഞ്ഞിരുന്നു, അപ്രതീക്ഷിത വെല്ലുവിളികളെക്കുറിച്ച്. പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും അടിക്കടി ഉണ്ടായപ്പോൾ ഒരു സമൂഹമെന്ന നിലയ്‌ക്ക്‌ കേരളം ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിച്ചു. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ആ ഘട്ടങ്ങളിലെല്ലാം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ആശ്വാസ നടപടികൾക്കും ചുക്കാൻ പിടിക്കാൻ കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്. അതിജീവനത്തിന്റെ മാതൃക കേരള ജനത ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചു എന്നതിലാണ് അഭിമാനമുള്ളത്.

സമ്പദ്ഘടനതന്നെ തകർന്നുപോകുന്ന വിധത്തിലുള്ള പ്രശ്നങ്ങളെയാണ് നമുക്ക് നേരിടേണ്ടിവന്നത്. എന്നിട്ടും കേരളത്തിൽ സാമ്പത്തികവളർച്ചയുണ്ടായി. അതിസങ്കീർണ പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ വികസന‐ ക്ഷേമ പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും വന്നിട്ടില്ല. ഇതൊക്കെ സാധ്യമായത് കേരളം ബദൽ മാർഗങ്ങൾ അവലംബിക്കുന്നതുകൊണ്ടാണ്; ഇവിടത്തെ എൽഡിഎഫ് സർക്കാർ വ്യത്യസ്തമായി ജനപക്ഷത്തുനിന്നു ചിന്തിക്കുന്നതുകൊണ്ടാണ്. നേരിട്ട വെല്ലുവിളികളോരോന്നും പ്രതിസന്ധികളെ അതിജീവിക്കാനുള്ള നമ്മുടെ ശേഷിയെ മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

അതിനുള്ള ഉദാഹരണമാണ് ഈ കോവിഡ് കാലത്ത് വിശന്നുവലയുന്നവരുടെ വിശപ്പകറ്റാൻ കമ്യൂണിറ്റി കിച്ചണുകളിലൂടെ ഒരു കോടിയിലധികം സൗജന്യ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു എന്ന വസ്തുത.

  ? ലൈഫ് പദ്ധതി  കേരളത്തിൽ വീടില്ലാത്ത ആരുമുണ്ടാകില്ല എന്ന നിശ്ചയത്തോടെ പ്രഖ്യാപിച്ച പദ്ധതി. കുടിയിറക്കു നിരോധിച്ച, ഭൂപരിഷ്‌കാരം കൊണ്ടുവന്ന കമ്യൂണിസ്റ്റ് പാരമ്പര്യത്തിന് താങ്കളുടെ മന്ത്രിസഭ നൽകിയ സംഭാവന. ഏറ്റവും സംതൃപ്തി നൽകിയ പദ്ധതി അതാണ് എന്നു പറയാമോ...

 = ഭവനരഹിതരായ ആരും കേരളത്തിലുണ്ടാകരുത് എന്നതായിരുന്നു ലൈഫ് മിഷൻ ആരംഭിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം. ആ ലക്ഷ്യത്തിലേക്കു  നാമടുക്കുന്നു എന്നതിൽ സന്തോഷമുണ്ട്. മൂന്നു ഘട്ടങ്ങളിൽ ആദ്യത്തേതിൽ മുമ്പ് ഭവനനിർമാണം ആരംഭിച്ച് പൂർത്തീകരിക്കാൻ കഴിയാതെ പോയവരുടെ പ്രശ്നമാണ് നാം പരിഹരിച്ചത്. രണ്ടാമത്തേതിൽ ഭൂമിയുണ്ടെങ്കിലും വീടില്ലാതെ പോയവരെയാണ് നാം സഹായിച്ചത്. ഇപ്പോൾ മൂന്നാമത്തെ ഘട്ടത്തിലാകട്ടെ ഭൂമിയും വീടുമില്ലാത്തവർക്കുവേണ്ട ഭവനസമുച്ചയങ്ങളാണ് പണിയുന്നത്.

ലൈഫിന്റെ ഭാഗമായി ആദ്യ രണ്ടു ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി നാൽപ്പതിനായിരം വീടുകൾ പൂർത്തീകരിച്ചു. ഡിസംബറിൽ അത് രണ്ടുലക്ഷത്തി അമ്പതിനായിരം ആകും. മൂന്നാമത്തെ ഘട്ടത്തിൽ വിവിധ സ്രോതസ്സുകളിലൂടെ ഭവന നിർമ്മാണത്തിനായി 8491.50 കോടി  രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായി പാർപ്പിടമില്ലായ്മ എന്ന പ്രശ്നം കേരളത്തിൽ ഇല്ലാതാക്കാനാണ് നാം ഉദ്ദേശിച്ചത്. എന്നാൽ, അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും ലക്ഷ്യം പൂർത്തീകരിക്കാതെ സർക്കാർ പിന്നോട്ടില്ല. അതുകൊണ്ടാണ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ മുഴുവൻ ആളുകൾക്കും വീടു നൽകാനുള്ള  നടപടികൾ കൈക്കൊണ്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്ന്‌ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പുതിയ അപേക്ഷകൾ സ്വീകരിച്ചത്.

വീടുകൾ പണിയുന്നതിനു പുറമെ പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താനും പൊതുജനാരോഗ്യ സംവിധാനത്തെ നവീകരിക്കാനും ജലാശയങ്ങൾ വൃത്തിയാക്കാനും തരിശുനിലങ്ങൾ വീണ്ടെടുക്കാനുമൊക്കെ കഴിഞ്ഞിട്ടുണ്ട്. അതിലൊക്കെ സന്തോഷമുണ്ട്.

എന്നാൽ ഏറ്റവും സംതൃപ്തി നൽകിയത് അവയൊന്നുമല്ല. ഇരട്ടിയിലധികമായി വർധിപ്പിച്ച ക്ഷേമ പെൻഷനുകൾ ഇരുകൈയും നീട്ടി വാങ്ങി പല്ലില്ലാത്ത അപ്പൂപ്പൻമാരും അമ്മുമ്മമാരും നിറഞ്ഞ മനസ്സോടെ വാതുറന്നു ചിരിക്കുന്ന കാഴ്ചയാണ് ഏറ്റവുമധികം സംതൃപ്തി നൽകിയത്.

? പ്രകടനപത്രികയിൽ എത്ര വാഗ്ദാനങ്ങൾ പൂർത്തിയാക്കി എന്ന് ഇടയ്‌ക്കിടെ ജനങ്ങളോടു പറയുന്ന മുഖ്യമന്ത്രിയാണ് താങ്കൾ. അവശിഷ്ടവാഗ്ദാനങ്ങളെപ്പറ്റി...

= 35 ഇനപരിപാടി ആദ്യ വർഷം തന്നെ നടപ്പാക്കിയിരുന്നു. നാലു വർഷം കൊണ്ട് 600  വാഗ്ദാനങ്ങളിൽ 570 ഉം നിറവേറ്റനായി. ബാക്കിയുള്ളതും പൂർത്തീകരിക്കും. ഒരു സംശയവുമില്ല. പ്രകടന പത്രികയിൽ ഉൾപ്പെടാതിരുന്ന പലതും ഏറ്റെടുക്കേണ്ടി വരികയും പലതിനെയും അഭിമുഖീകരിക്കേണ്ടിവരികയും അതിനെയൊക്കെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.

ഓഖി മുതൽ പ്രളയം വരെയും നിപ മുതൽ കോവിഡ് വരെയും അതിജീവിച്ചാണ് ഈ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റിയത്. അതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ട്. വാഗ്ദാനങ്ങൾ നിറവേറ്റുക മാത്രമല്ല ചെയ്തത്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രകടന പത്രികയിലൂടെ നൽകിയ വാഗ്ദാനം അധികാരത്തിൽ വന്നതിനുശേഷം ഈ സർക്കാർ നിറവേറ്റിയവയും തമ്മിൽ പൊതുജനങ്ങൾക്ക് താരതമ്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുകകൂടി ചെയ്തിട്ടുണ്ട്.

? കേരളത്തിൽ എൽഡിഎഫിന്‌ ഭരണത്തുടർച്ചയുണ്ടാകുമെന്ന് നാലു മാസം മുമ്പ് ഏഷ്യാനെറ്റ് നടത്തിയ ഒരു സർവെ കണ്ടെത്തി. ആ പ്രവചനത്തെക്കുറിച്ച്...

= ജനങ്ങൾ ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംതൃപ്തി ഉള്ളവരാണ്. ഈ സർക്കാർ തുടർന്നാൽ അത് നാടിനാകെ ഗുണകരമാവും എന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ അത്തരമൊരു സർവെ പുറത്തിറക്കിയത്  കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സർക്കാരിനെതിരെ ഒന്നും പറയാനില്ലാതെ ഇരുന്ന പ്രതിപക്ഷത്തെയും ബിജെപിയെയും ഉണർത്തിയെടുക്കാനുദ്ദേശിച്ച ഒന്നായിരുന്നു ആ സർവെ. പിന്നീടിങ്ങോട്ടുള്ള നാളുകളിൽ നടന്ന നാടകങ്ങളും വാർത്താ കോലാഹലങ്ങളുമൊക്കെ നിരീക്ഷിച്ചാൽ ആർക്കുമത് ബോധ്യമാകും. ആ സർവെയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് ആ സർവെയെത്തുടർന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങളിൽ നിന്ന് വ്യക്തമാകും.

?  ആ പ്രവചനം കേരളരാഷ്ട്രീയത്തെ പൊടുന്നനെ വഴിതിരിച്ചുവിട്ടു എന്ന നിഗമനമുണ്ട്‐ അതിനുശേഷം പ്രതിപക്ഷം മറ്റൊരു മുഖം കാട്ടി, സർക്കാരിനെതിരെ ആരോപണപരമ്പരകളുണ്ടായി, സർക്കാരിനോടുള്ള മാധ്യമസമീപനം മാറി. എങ്ങനെ പ്രതികരിക്കുന്നു.

= ആ സർവെയ്ക്കൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. കൃത്യമായി അവർ ആ ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ അതിനു ശേഷം സംഘടിപ്പിച്ചിട്ടുണ്ട്.

?  ഇപ്പോൾ, സ്വർണക്കടത്ത് വിവാദത്തിന്റെയും തുടർവിവാദങ്ങളുടെയും നടുവിലാണ് സർക്കാർ. ഇത് എവിടെയെത്തുമെന്നാണ് താങ്കൾ കരുതുന്നത്...

= സ്വർണക്കടത്ത് സർക്കാരിനെ ബാധിക്കുന്ന ഒരു വിഷയമല്ല. ഏതായാലും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. അത് നടക്കട്ടെ, കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരട്ടെ.എന്നാൽ, അന്വേഷണത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ നയപരിപാടികളിൽ കൈകടത്തുന്നത് ശരിയായ സമീപനമല്ല; ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്.

നേരത്തെ നമ്മൾ പരാമർശിച്ച ലൈഫ് പദ്ധതിക്കെതിരെ ഒരന്വേഷണം നടത്താൻ ശ്രമിച്ചത് ആ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്, അവയുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പുകൾ ചേർത്താണ്. കോടതിതന്നെ ആ ശ്രമത്തെ തടഞ്ഞു.

പിന്നെയൊരു പ്രധാനപ്പെട്ട പദ്ധതി കെ‐ ഫോണാണ്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവർക്കും മികച്ച ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ അതുകൊണ്ടുതന്നെ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കലാണ് കെ‐ഫോൺ പദ്ധതി. അതിലൂടെ എല്ലാ വീടുകളെയും ഓഫീസുകളെയും മറ്റും ഹൈസ്പീഡ് ഓപ്ടിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് നമ്മുടെ അനേകായിരം ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതും അങ്ങനെ നാടിനാകെ ഗുണം വരുത്തുന്നതുമായ പദ്ധതിയാണ്. ഈ മേഖലയിലെ കുത്തകകളുടെ താൽപ്പര്യം ഈ പദ്ധതി പ്രായോഗികമായിക്കാണണമെന്നാവില്ലല്ലോ.

പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ നിയമസഭയിൽ ഈ വിഷയം പരാമർശിച്ചപ്പോൾ ഇത്തരം വശങ്ങൾ കൂടി പരിഗണിക്കേണ്ടതായിരുന്നു. വിദ്യാഭ്യാസം നൽകാനും ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവിടെ കച്ചവട താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായങ്ങളുണ്ടല്ലോ, അതുകൊണ്ട് സർക്കാർ എന്തിന് ഈ മേഖലകളിൽ പ്രവർത്തിക്കണം എന്ന മട്ടിൽ ചോദിക്കുന്നതുപോലെയുള്ള തീർത്തും ജനദ്രോഹപരമായ വാദങ്ങൾ ഉണ്ടായിക്കൂടാത്തതാണ്.

അതേ താൽപ്പര്യം മുൻനിർത്തിയാണ് കേന്ദ്രത്തിന്‌ ചങ്ങാത്തമുള്ള മുതലാളിമാരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനെന്നോണം കേന്ദ്ര ഏജൻസികൾ ഈ ഘട്ടത്തിൽ കേരള സർക്കാരിന്റെതന്നെ പ്രവർത്തനങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്നത്. അത് നമ്മുടെ നാടിന്റെ വികസനത്തെ അട്ടിമറിക്കാനും നമ്മുടെ ചെറുപ്പക്കാരുടെ ഭാവിയെ അപകടത്തിലാക്കാനുമുള്ള ശ്രമമാണ്. അതൊന്നും ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല.

? കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈയിലുള്ള കേസുകളിൽ ഒന്ന് താങ്കളെ നേരിട്ടു ബാധിക്കുന്നതാണ്.  നായനാർ മന്ത്രിസഭയുടെ കാലത്ത് വൈദ്യുതി വകുപ്പു കൈയാളിയപ്പോൾ ഉയർന്ന ലാവലിൻ കേസ്. ബിജെപി സർക്കാരിന്റെ കൈയിൽ സിപിഐ എമ്മിനെതിരായ അന്തിമായുധമാണ് ആ കേസ് എന്ന് കരുതുന്നവരുണ്ട്. എന്തു പറയുന്നു...

= ആ കേസ് അന്വേഷണ ഏജൻസിയുടെ കൈയിലല്ല. കോടതി മുമ്പാകെ എത്തിയതും കോടതി വിധി പറഞ്ഞതുമാണ്. ഒന്നല്ല, രണ്ടു കോടതികൾ. ആ കേസിൽ ഞാൻ പ്രതിപോലുമാകേണ്ടതില്ല എന്നു വ്യക്തമാക്കിയതാണ്. രണ്ട് കോടതികൾ എന്നെ കുറ്റവിമുക്തനാക്കിയ കേസാണ്; വിചാരണ കോടതിയും ഹൈക്കോടതിയും.

ഏജൻസികൾക്ക് അന്വേഷണത്തിൽ ഇനി ഒന്നും ചെയ്യാനില്ല. ഇക്കാര്യത്തിൽ മുൻവിധിയോടെയുള്ള ഒരു പ്രതികരണത്തിനു ഞാനില്ല. നിയമപരമായ കാര്യങ്ങൾ അതിന്റെ മുറയ്ക്കു നടക്കട്ടെ.

? കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രിസഭയെ വട്ടമിട്ടു നിൽക്കുന്നു. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ ബിജെപി സർക്കാർ ഉപരോധിക്കുകയാണ് എന്നു നിരീക്ഷിക്കുന്നവരുണ്ട്. വിമോചനസമരം അന്വേഷണ ഏജൻസികളിലൂടെ നടപ്പാക്കുകയാണ് എന്നു വിലയിരുത്തുന്നവരുണ്ട്. ഇത് സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നിടത്തേയ്‌ക്ക്‌ എത്തുമോ? ത്രിപുര ആവർത്തിക്കുകയെന്ന ബിജെപി ലക്ഷ്യം നടപ്പാകുമോ.

= കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യയിലേറ്റവുമധികം ന്യൂസ്/ഇന്റർനെറ്റ് പെനിട്രേഷനുള്ള സംസ്ഥാനമാണ് കേരളം. പ്രബുദ്ധരായ കേരളീയർക്ക് വസ്തുതകൾ എന്താണെന്ന് സുവ്യക്തമാണല്ലോ. അതുകൊണ്ട് ഇവിടെ അത്രയെളുപ്പം തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും എന്ന് ആരും വ്യാമോഹിക്കണ്ട.

?  ശബരിമല പ്രശ്നത്തെ വർഗീയവത്കരിച്ച് ബിജെപി ഉണ്ടാക്കിയ വിവാദത്തിന്റെ നേട്ടം കൂടിയാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൊയ്‌തത് എന്നു കരുതുന്നവരുണ്ട്. സർക്കാരിനെ ബിജെപി വേട്ടയാടട്ടെ, അതിന്റെ ഗുണം കൊയ്യാം എന്ന നിലപാട് യുഡിഎഫിനെ നയിക്കുന്നുണ്ടോ...

= കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ അത് കോൺഗ്രസ്സിനെയും ബിജെപിയെയും തമ്മിൽ വേർതിരിച്ച് കാണാൻ കഴിയില്ല എന്നതാണ്. ഒട്ടുമിക്ക വിഷയങ്ങളിലെയും അവരുടെ നിലപാടുകളും സമീപനങ്ങളും പരിശോധിച്ചാൽ കോൺഗ്രസ്സല്ലേ  ബിജെപി, ബിജെപിയല്ലേ കോൺഗ്രസ്‌ എന്ന് തോന്നിപ്പോകും. ബിജെപിയെ ചാരിനിന്ന് നേട്ടം കൊയ്യാമെന്ന് ആരെങ്കിലും കരുതിയാൽ അതിന്റെ അനന്തരഫലം എന്താകുമെന്ന് ജനങ്ങൾക്കാകെ അറിയാം. ഒരുപക്ഷേ, ബിജെപിയെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ലാഭമുണ്ടാക്കാം എന്നു കരുതി ഇറങ്ങി പുറപ്പെട്ടിട്ട് നിരന്തരം നഷ്ടം മാത്രമുണ്ടായിക്കൊണ്ടിരിക്കുന്ന കൂട്ടർക്കുമാത്രം അത് അറിയില്ലായിരിക്കാം.

?  പ്രതിപക്ഷം ഭരണപക്ഷത്തിന്റെ മറുപുറമാണ്. കേരളത്തിലെ പ്രതിപക്ഷത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം...

= വസ്തുതകളില്ലാത്ത ആരോപണങ്ങളുടെ ഉപജ്ഞാതാക്കളും പിന്നീടവ പിൻവലിക്കുന്നതിൽ അഗ്രഗണ്യരുമാണ് കേരളത്തിലെ പ്രതിപക്ഷം. എന്നാലവരുടെ ഏറ്റവും വലിയ സംഭാവന കേരളത്തിൽ നടക്കുന്ന ചരിത്രപരമായ വികസന‐ ക്ഷേമ പ്രവർത്തനങ്ങളെ തകർക്കാൻ മാത്രം വഴിവെക്കുന്നവയായിരുന്നു. അങ്ങനെ നാടിന്റെയാകെ താൽപ്പര്യങ്ങളെ ബലികഴിക്കാനാണ് അവർ നിരന്തരം ശ്രമിച്ചിട്ടുള്ളത്.

? നാലരക്കൊല്ലം എതിർപക്ഷത്തിന്റെ നേതാവായിരുന്ന പ്രതിപക്ഷനേതാവിനെക്കുറിച്ച്...

= അദ്ദേഹത്തെ ജനങ്ങൾ വിലയിരുത്തുന്നതാവും ഉചിതം. ആ സ്ഥാനത്തോട് നീതി പുലർത്തിയിട്ടുണ്ടോ എന്നദ്ദേഹവും സ്വയം വിലയിരുത്തട്ടെ.

? മുഖ്യപ്രതിപക്ഷമല്ലെങ്കിലും ബിജെപിയും പ്രതിപക്ഷത്തുണ്ട്. അവരെക്കുറിച്ച്...

= ഹൈവെ വികസനം നിർത്തിവെക്കണം എന്ന് കേന്ദ്രത്തോട് പറഞ്ഞവരാണ്. കേരളത്തെ സോമാലിയയോട് ഉപമിച്ചവരാണ്. വർഗീയ ചേരിതിരിവ് നടത്താൻ മാത്രം ശ്രമിക്കുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം ചേർന്നുനിന്ന് നാടിനെ പിന്നോട്ടടിക്കാനും  നാട്ടിലെ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ നടപടികൾക്കും തുരങ്കം വെക്കാനും ഒരു മടിയുമില്ലാത്തവരാണ്.

?  ബിജെപിയുടെ രാജ്യഭാരത്തെക്കുറിച്ച്... കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെക്കുറിച്ച്...

= കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നടത്തുന്ന പദ്ധതികൾ നടപ്പാക്കാൻ മികച്ച രീതിയിൽ ഇരു സർക്കാരുകളും സഹകരിച്ചിട്ടുണ്ട്. എന്നാൽ ജിഎസ്ടി,  സംസ്ഥാനങ്ങളുടെ വായ്പാപരിധി, സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നടത്തുന്ന വികസന‐ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെയൊക്കെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പൗരത്വം, മതനിരപേക്ഷത തുടങ്ങിയ കാര്യങ്ങളിലൊക്കെയും സംസ്ഥാനത്തിനു കേന്ദ്ര സമീപനത്തോടുള്ള വിയോജിപ്പ് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ടല്ലോ.

നോട്ടുനിരോധനം, സഹകരണ സ്ഥാപനങ്ങൾക്കെതിരായ സമീപനം, മാധ്യമങ്ങളുടെ വായടപ്പിക്കൽ, ഭരണഘടനാ സ്ഥാപനങ്ങളോടുള്ള കൈയേറ്റം, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള കൈകടത്തൽ, കാർഷിക ബില്ലുകൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം കേന്ദ്രത്തെ അതിശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം. ചില ഘട്ടങ്ങളിൽ കേരള നിയമസഭ കേന്ദ്ര തീരുമാനങ്ങൾക്കെതിരെ പ്രമേയം പാസാക്കുകയും ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കേന്ദ്ര നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ട്‌ സഹകരിക്കേണ്ടവയിൽ സഹകരിക്കാനും എതിർക്കേണ്ടവയെ എതിർക്കാനും കേരളം കഴിഞ്ഞ നാലുവർഷമായി ഒട്ടും മടിച്ചിട്ടില്ല.

ഈ മഹാമാരിയുടെ ഘട്ടത്തിൽ വർഗീയ ധ്രുവീകരണത്തിനല്ല ശ്രമിക്കേണ്ടത് എന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത് എന്നുമുള്ള നിലപാടാണ് സംസ്ഥാനത്തിനുള്ളത്. അതിനായി കേന്ദ്രം സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉപാധിരഹിതമായി വർധിപ്പിക്കണമെന്നും  തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന സംസ്ഥാന വിഹിതം അടിയന്തരമായി ലഭ്യമാക്കണമെന്നുമുള്ള നിലപാടാണ് കേരളത്തിനുള്ളത്.

?  കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. കേന്ദ്രമന്ത്രി എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച്...

= അദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി എന്ന നിലയിൽ അദ്ദേഹം കേരളത്തിന്റെ പ്രതിനിധി അല്ല. എന്നാലദ്ദേഹം മലയാളിയാണ്. ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിലെ വികസന‐ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ കേന്ദ്ര മന്ത്രി സ്ഥാനം എപ്രകാരം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന് ജനങ്ങൾ വിലയിരുത്തുമെന്നാണ് ഞാൻ കരുതുന്നത്.

? കേരള കോൺഗ്രസ് എൽഡിഎഫിലെത്തി. ആ മാറ്റത്തിന് എത്രമാത്രം പ്രാധാന്യമുണ്ട്...

= കേരള രാഷ്ട്രീയത്തിന്റെ  ഗതിയെത്തന്നെ മാറ്റിമറിക്കാൻ പോന്ന ഒരു ചുവടുവയ്പ്പാണ് കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിൽ നിന്നുണ്ടായിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുമ്പ് ഇടതുപക്ഷത്തിന്‌ സ്വാധീനമില്ലാതിരുന്ന ജനവിഭാഗങ്ങളിലേക്കും മേഖലകളിലേക്കും എത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേരളത്തിന്റെ പുരോഗമന മനസ്സിനെ കുറേകൂടി ശക്തിപ്പെടുത്തും ഈ ചുവടു മാറ്റം. അത് നാടിനാകെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മതനിരപേക്ഷത വളരെ പ്രധാനമാണ്. അതു സംരക്ഷിക്കാൻ എൽഡിഎഫിനൊപ്പം നിൽക്കേണ്ടതുണ്ട് എന്നു ജോസ് കെ മാണി പറഞ്ഞതു ശ്രദ്ധിക്കുക. മതനിരപേക്ഷതയ്ക്കെതിരെ ഉയരുന്ന ഭീഷണികളും അവയെ ചെറുക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ കഴിയൂ എന്നതും കൂടുതൽ കൂടുതൽ പാർടികൾ തിരിച്ചറിയുകയാണ്.

? സമാന്തരമായി ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവർഗീയ സംഘടനകളുമായി പ്രതിപക്ഷം കൈകോർത്തു. അതിനെക്കുറിച്ച്...

= മതനിരപേക്ഷ സ്വഭാവമുള്ള, ജനാധിപത്യത്തെ മുറുകെ പിടിക്കുന്ന, രാഷ്ട്രീയ കക്ഷികളുമായി സഖ്യം ഉണ്ടാക്കുന്നതുപോലെയല്ല വർഗീയ സ്വഭാവമുള്ള, മതരാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നത്. അതിന്റെ അപകടം കോൺഗ്രസ്‌ തിരിച്ചറിയുന്നുണ്ടോ എന്ന് അറിയില്ല. ഏതായാലും, എൽഡിഎഫ് സഖ്യമുണ്ടാക്കുന്നത് പരസ്യമായിട്ടാണ്. രഹസ്യസ്വഭാവമുള്ള ഒരു രാഷ്ട്രീയ നീക്കുപോക്കും ഇടതുപക്ഷത്തിനില്ല. അതുകൊണ്ടുതന്നെ രണ്ടിനെയും താരതമ്യം ചെയ്യാൻ കഴിയില്ല. ഒരു കാര്യം ഞങ്ങളാവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വോട്ടോ സീറ്റോ കൂടുമെന്ന് കരുതിയല്ല ഇടതുപക്ഷം രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുന്നത്. ഞങ്ങളുടെ നിലപാടുകൾ നാടിനെ പുരോഗമനപരമായി നിലനിർത്താനും നാട്ടിൽ വികസന‐ ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകാനും വേണ്ടിയുള്ളതാണ്.

?  ഭരണത്തുടർച്ചയുണ്ടാകുമെന്ന ഏഷ്യാനെറ്റ് സർവെ ഫലം വന്നത് 2020 ജൂലൈയിലാണ്. ഭരണത്തുടർച്ചയുണ്ടാകുമോ എന്ന ചോദ്യം 2020 ഡിസംബറിൽ ചോദിച്ചാൽ ഉത്തരമെന്തായിരിക്കും.

= അന്ന് കിട്ടിയ അതേ ഉത്തരം തന്നെയായിരിക്കും ഇന്നും കിട്ടുക.

  ? ഇപ്പോൾ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി. പാർടി പൊളിറ്റ് ബ്യൂറോ അംഗം. ദേശീയരാഷ്ട്രീയത്തിലെ പാർടിയുടെ ഭാവി എങ്ങനെ കാണുന്നു.

= ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണാനും വർഗീയതയോട് സന്ധിയില്ലാതെ പൊരുതാനും രാജ്യത്തെ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തങ്ങോളമിങ്ങോളം മനുഷ്യന്റെ അന്നത്തിനും തൊഴിലിനും അവകാശങ്ങൾക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും അത് വ്യക്തമാവുകയാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹിമാചലിലും കഴിഞ്ഞ നാളുകളിൽ നാമത് കണ്ടു. ഇപ്പോൾ ബീഹാറിലും നാമത് കാണുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാടുന്നതിന്റെ മുൻപന്തിയിൽ പാർടി ഉണ്ടെങ്കിൽ ഇന്ത്യയിലെ ജനങ്ങൾ പാർടിയെ നെഞ്ചിലേറ്റുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ പാർടിയുടെ ഭാവി ശോഭനമാണ്.

വീറോടേ ചില വീട്ടുകാര്യങ്ങൾ

 ? അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു എന്ന പരിഹാസം ഈ അടുത്ത കാലത്തുപോലും കേൾക്കേണ്ടിവന്ന മകനാണ് താങ്കൾ. ആ പൈതൃകത്തെപ്പറ്റി... അച്ഛനെയും അമ്മയെയും ജനിച്ചുവളർന്ന വീടിനെയും പറ്റി...

= തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛൻ. അച്ഛനൊപ്പംതന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും.

ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്കാരമാക്കിയവരുമുണ്ട് സമൂഹത്തിൽ. ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയശക്തിയാണ്‌ തൊഴിലാളിവർഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവർ ഉണരുമ്പോൾ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും.

നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം.'ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ' എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളർത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.

?  രണ്ട് ഏട്ടന്മാരാണ്. അവരെപ്പറ്റി. അവരിലൊരാൾ കുമാരേട്ടൻ തലശ്ശേരി കലാപകാലത്ത് ഖുർ ആൻ കത്തിച്ചു എന്ന് രാഷ്ട്രീയ എതിരാളികൾ അടുത്ത കാലത്ത് വ്യാജ ആരോപണം ഉയർത്തി. ഏട്ടന്റെ മരണാനന്തരം ഉയർന്ന ആ ആരോപണത്തെക്കുറിച്ച്... അതു നിഷേധിക്കാൻ തലശ്ശേരിയിലെ പള്ളി കമ്മിറ്റിക്കാരും ഇസ്ലാം മത വിശ്വാസികളും സ്വയം മുന്നോട്ടുവന്ന അനുഭവത്തെപ്പറ്റി...

= തലശ്ശേരി കലാപത്തിന്റെ തീ കെടുത്താൻ ജീവൻപോലും തൃണവൽഗണിച്ചു മുന്നിട്ടിറങ്ങിയതു കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാരുടെ ആ പങ്കിനെ വിതയത്തിൽ കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. വർഗീയകലാപങ്ങളുണ്ടാക്കാനും അത് ജ്വലിപ്പിച്ചുനിർത്താനും മതവികാരങ്ങൾ ആളിപ്പടർത്തുക എന്നത് വർഗീയശക്തികൾ അനുവർത്തിക്കുന്ന തന്ത്രമാണ്. വ്യാജ ആരോപണങ്ങളും അങ്ങനെ തന്നെ. അതിൽ കുടുങ്ങാതെ ശാന്തിക്കുവേണ്ടി കലാപഭൂമിയിൽ നിലകൊള്ളാൻ എത്തിയവരിൽ എന്റെ ജ്യേഷ്ഠനുമുണ്ടായി എന്നത് അഭിമാനകരമാണ്. ആ ജ്യേഷ്ഠനെപ്പറ്റിയാണ് പിന്നീട് വ്യാജ ആരോപണങ്ങൾ ചിലർ ഉന്നയിച്ചത്. സത്യമറിയാവുന്ന ഇസ്ലാം മതമേധാവികൾ തന്നെ ആരോപണം നിഷേധിക്കാൻ മുന്നിട്ടിറങ്ങിയല്ലോ. യാതൊരു സത്യവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് അപകർത്തിപ്പെടുത്തുന്നതിൽനിന്നു മരിച്ചവരെപ്പോലും വെറുതെവിടില്ല എന്നത് എത്ര മനുഷ്യത്വരഹിതമായ തലത്തിലേക്ക് ചിലർ അധഃപതിച്ചിരിക്കുന്നു എന്നാണു തെളിയിക്കുന്നത്.

? കമല ഇന്റർനാഷനൽ എന്ന പേരിൽ താങ്കൾക്ക് വിദേശത്ത് കമ്പനിയുണ്ടെന്ന് ലാവലിൻ വിവാദകാലത്ത് എതിരാളികൾ പറഞ്ഞുനടന്നിരുന്നു. ആ കള്ളക്കഥ ഭാര്യ കമല ടീച്ചർ എങ്ങനെയാണ് നേരിട്ടത്...

= അവർ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവർക്കറിയാം, അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേൾക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാൻ മുഴുവൻസമയ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാർടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവർക്ക് അന്നേ അറിയാം. അസത്യങ്ങൾ തുടരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവർക്കു ബോധ്യമുണ്ട്. അത് കാലം തെളിയുക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജൻസികൾ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റർനാഷണൽ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താൻ കഴിഞ്ഞോ? ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയക്കേണ്ട.

? രണ്ടു മക്കളാണ്. അവരും വിവാദങ്ങൾക്ക് ഇരകകളായിട്ടുണ്ട്. അതിനെപ്പറ്റി... മകളുടെ വിവാഹംപോലും ആയുധമാക്കിയെടുത്തുള്ള ആക്രമണത്തിനു വിധേയനായ അച്ഛനാണ് താങ്കൾ. ആ അനുഭവത്തെപ്പറ്റി...

= രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികൾ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാൻ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല.

ഇങ്ങനെ, എന്റെ കമ്യൂണിസ്റ്റ് ജീവിതം

? എങ്ങനെ കമ്യൂണിസ്റ്റായി.

= കമ്യൂണിസ്റ്റ് കുടുംബമായതിന്റെ പേരിൽ എന്റെ കുടുംബത്തിൽ തന്നെയുണ്ടായ വേട്ടയാടലുകളെക്കുറിച്ച് അമ്മ പറഞ്ഞതുകേട്ടാണ് വളർന്നത്. 1948ൽ ക്രൂരമായ പൊലീസ് മർദനത്തിനു ജ്യേഷ്ഠൻ ഇരയായതും വീട്ടിൽ കയറി ഗുണ്ടകൾ സാധനങ്ങൾ എടുത്തുകൊണ്ടുപോയതും അവർ നാട്ടിലാകെ ഭീകരത സൃഷ്ടിച്ചതും ഒക്കെ അമ്മയിൽ നിന്നുതന്നെ അറിഞ്ഞു. ആ അറിവുകളിലൂടെ അനുഭവങ്ങളിലൂടെയാണ് കമ്യൂണിസ്റ്റായത്.

ഇഎം എസിനും കേളുവേട്ടനും ഒപ്പം

പിന്നീട് സിദ്ധാന്തങ്ങളെ പരിചയപ്പെട്ടപ്പോൾ ചൂഷണാധിഷ്ഠിതമായ ക്രൂര വ്യവസ്ഥിതിക്ക് അറുതിവരുത്താൻ ഒരേ ഒരു വഴിയേ ഉള്ളൂ എന്നും അത് മാർക്സിസം‐ ലെനിനിസത്തിന്റേതാണ് എന്നും മനസ്സിലായി. അങ്ങനെ പ്രായോഗിക ജീവിതപരിചയവും സിദ്ധാന്ത പരിചയവും പരസ്പരപൂരകമാവുന്നതായിത്തോന്നി. പ്രായോഗികതയില്ലാത്ത സൈദ്ധാന്തികതയും സൈദ്ധാന്തികതയില്ലാത്ത പ്രായോഗികതയും അപൂർണമാണ്. അടിച്ചമർത്തലിന്റെ, ചൂഷണത്തിന്റെ, മനുഷ്യത്വരാഹിത്യത്തിന്റെ സാമൂഹ്യസാഹചര്യങ്ങളാണ്, അവയോടുള്ള അടങ്ങാത്ത അമർഷമാണ്, ആ സാമൂഹ്യക്രമം പൊളിച്ചെഴുതണമെന്ന ഒടുങ്ങാത്ത വാഞ്ഛയാണ് എന്നെ കമ്യൂണിസ്റ്റാക്കിയത്. പട്ടിണികണ്ടു വളർന്ന ബാല്യങ്ങളല്ലേ അന്ന് നാട്ടിൻപുറങ്ങളിലുണ്ടായിരുന്നത്. ആ തലമുറ വിദ്യാർഥി സംഘടനയിലേക്കും അതുവഴി രാഷ്ട്രീയത്തിലേക്കും വന്നു.

? 1967ൽ നക്‌സലൈറ്റ് പാതക്കാരെ പുറന്തള്ളി എസ്എഫ്ഐയുടെ പൂർവരൂപമായ കെഎസ്എഫിനെ നയിച്ച സംസ്ഥാനസെക്രട്ടറി താങ്കളാണ്. ആ ആശയസമരത്തിന്റെ ഓർമ്മകൾ...

= വിപ്ലവം പോരാ എന്നത് ചെറുപ്പക്കാരെ എളുപ്പത്തിൽ ആകർഷിക്കാനിടയുള്ള മുദ്രാവാക്യമാണ്. അതുകൊണ്ടുതന്നെ അന്ന് നക്സൽ ചിന്തയിലേക്ക് ചെറുപ്പക്കാർ കൂടുതലായി ആകർഷിക്കപ്പെട്ടു. ആ മുദ്രാവാക്യത്തിന്റെയും അതുയർത്തിയ സംഘടനയുടെയും അപ്രയോഗികതയെക്കുറിച്ച് അവർ വേണ്ടപോലെ ചിന്തിച്ചില്ല. ഒരു ഭൂപ്രഭുവിനെ കൊന്ന് ഭൂപ്രഭുത്വം അവസാനിപ്പിക്കാൻ പറ്റില്ല. വേണ്ടത് രാഷ്ട്രീയമാണ്. ഒറ്റപ്പെട്ട അത്യാചാരങ്ങൾ യഥാർത്ഥ വിപ്ലവപ്രസ്ഥാനത്തെ കൂടി ജനങ്ങളിൽനിന്ന് അകറ്റാനേ വഴിവെക്കൂ. അതിതീവ്ര സാഹസിക പ്രസ്ഥാനങ്ങൾ അടുത്ത ഘട്ടത്തിൽ അതിതീവ്ര വലതുപക്ഷത്തേ ചെന്നുനിൽക്കൂ. ഇന്ത്യൻ സാഹചര്യത്തിലുള്ള മാർക്സിസം‐ ലെനിനിസത്തിന്റെ ശരിയായ പ്രയോഗം നക്സലുകളുടേതല്ല. ജനങ്ങളുടെ മനസ്സിൽ വേരുറപ്പിക്കലാണ് പ്രധാനം. അങ്ങനെയേ അവരെ പോരാട്ടത്തിലണിനിരത്തി വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി പൊരുതാനാവൂ. ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി യുവാക്കളെ തിരികെ കൊണ്ടുവരികയാണന്നു ചെയ്തത്. ഈ നിലപാടാണ് ശരി എന്ന് ഇന്ന് മാർക്സിസമറിയാവുന്ന ഏവരും പൊതുവിൽ അംഗീകരിക്കുന്നു. അന്ന് അതിതീവ്ര ഇടതുപക്ഷ വ്യതിയാനത്തിന്റെ വഴിയേ പോയവരോ? അവരിൽ ചിലർ ചിതറി എവിടെയൊക്കെയെത്തി എന്നതു ഞാൻ പറയേണ്ടതില്ല. ഒരു ഘട്ടത്തിൽ റിവിഷനിസത്തിനും  മറ്റൊരു ഘട്ടത്തിൽ ഇടതുപക്ഷ തീവ്ര സാഹസികതാവാദത്തിനും എതിരെ പൊരുതിയാണ് സിപിഐ എമ്മിനെ വളർത്തിയെടുത്തത്.

? വിദ്യാർഥിമുന്നണി വിട്ട് നാട്ടിൽ പാർടിയെ നയിക്കാനെത്തി ‐ 25 വയസ്സുമാത്രമുള്ളപ്പോൾ. ആർഎസ്എസ് അക്രമകാലത്ത്. ദിനേശ് ബീഡിയുടെ രൂപംകൊള്ളുന്നതിലേയ്‌ക്ക്‌ എത്തിച്ച ബീഡിത്തൊഴിലാളി സമരകാലത്ത്. തലശ്ശേരിയിൽ പാർടിയെ നയിച്ച ആ സെക്രട്ടറിക്കാലത്തെപ്പറ്റി...

= പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പെരുതിക്കൊണ്ടേ അന്ന് പാർടി പ്രവർത്തനം നടത്താൻ കഴിയുമായിരുന്നുള്ളൂ. ഒരുവശത്ത് തൊഴിലാളികളുടെ ആത്മവീര്യം തകരാതെ നോക്കണം. ഇതിനെല്ലാമിടയിൽ സംഘടന കെട്ടിപ്പടുത്ത് സമരസജ്ജമാക്കണം. ഇന്നത്തേതുപോലയേ ആയിരുന്നില്ല അന്ന് സംഘടനാപ്രവർത്തനം.

മാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഗണേഷ് ബീഡി കമ്പനിയുടെ തൊഴിൽശാലയുണ്ടായിരുന്നു അന്ന് നമ്മുടെ നാട്ടിൽ. അവർ ക്രൂരമായി തൊഴിലാളികളെ ചൂഷണം ചെയ്തു. ന്യായമായ കൂലി നിഷേധിച്ചു. കമ്പനി തന്നെ പൂട്ടി തൊഴിലാളികളെ പട്ടിണിക്കിട്ടു. തൊഴിലാളികളെ സംഘടിപ്പിച്ച് സമരരംഗത്ത് നിരത്തുകയാണ് അക്കാലത്ത് ചെയ്തത്. എ കെ ജി ഒക്കെ സമരം നയിക്കാനെത്തി.

അന്ന് കമ്പനിയുടെ പിണിയാളരായി ആർഎസ്എസുകാർ തൊഴിലാളികളെ ആക്രമിക്കുമായിരുന്നു. തലശ്ശേരിയിലെ ആർഎസ്എസ് ആക്രമണത്തിന്റെ തുടക്കം അവിടെയാണ്. ഇങ്ങനെ പട്ടിണി മുതൽ ആക്രമണം വരെയുള്ളവയെ നേരിട്ടാണ് തൊഴിലാളികൾ സമരരംഗത്തണിനിരന്നത്. ആ പ്രക്രിയയിലാണ് തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാൻ ബദൽ എന്ന രീതിയിൽ ദിനേശ് ബീഡിക്കമ്പനിക്കു രൂപം കൊടുത്തത്. രാജ്യത്തെ തലയെടുപ്പുള്ള തൊഴിലാളി സഹകരണ പ്രസ്ഥാനമായി അത് പിന്നീട് മാറിയതു ചരിത്രം.

ഇ കെ നായനാര്‍ക്കും വി എസ് അച്യുതാനന്ദനും ഒപ്പം

? 1970ൽ 26ാം വയസ്സിൽ എംഎൽഎയായി. പൊലീസ് മർദനമേറ്റ് ചോരപുരണ്ട ഷർട്ടുയർത്തിപ്പിടിച്ച് സഭയിൽ നടത്തിയ പ്രസംഗം പ്രസിദ്ധം. ആ സംഭവം ഓർത്താൽ... അടിയന്തരാവസ്ഥാതടവുകാരനുമായിരുന്നു. ആ അനുഭവത്തെക്കുറിച്ച് പുതിയ തലമുറയോട്...

= അടിയന്തരാവസ്ഥയിലാണത്. അന്നു ഞാൻ എംഎൽഎയാണ്. വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആസൂത്രിതമായി നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. ശാരീരികമായി ആക്രമിച്ചു തകർക്കുക എന്നതായിരുന്നു ഉദ്ദേശം. അതിഭീകരമായ ഭേദ്യം ചെയ്യലായിരുന്നു കൂത്തുപറമ്പ് ലോക്കപ്പിൽ. പിന്നീട് ചികിത്സപോലും നൽകാതെ മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. കെ കരുണാകരനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. നിയമസഭയിൽ അതിനെക്കുറിച്ച് നടത്തിയ പ്രസംഗം വൈകാരികമായതു സ്വാഭാവികം. ആ കാലത്തെ മർദനത്തിന്റെ ഫലമുണ്ടായ ശാരീരിക പ്രശ്നങ്ങൾക്ക് ഇന്നും ചികിത്സ തുടരേണ്ടിവരുന്നുണ്ട് എന്നുമാത്രം പറയട്ടെ. അമിതാധികാര സ്വേഛാധിപത്യവാഴ്ച ഏറ്റവും നിഷ്ഠൂരമായി മാറിയ കാലമായിരുന്നല്ലോ അത്.

?  1998‐ 2015 കാലത്ത് സംസ്ഥാന സെക്രട്ടി. ഏറ്റവും കൂടുതൽ കാലം ആ ചുമതല കൈയാളിയ നേതാവ്. കപട ഇടതുപക്ഷവുമായി ഏറ്റുമുട്ടേണ്ടിവന്ന കാലമാണ് അതെന്ന് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും. സഖാവ് പ്രശ്നകാലങ്ങളിലൂടെ കടന്നുവന്നു എന്നു നിരീക്ഷിച്ചാൽ, ഇടതുപക്ഷ തീവ്രവാദികളോട്, ആർഎസ്എസ്സുകാരോട് കപട ഇടതുപക്ഷക്കാരോട്, അവരുടെ മഴവിൽ മുന്നണിയോട്, മാധ്യമദുരാധിപത്യത്തോട് ഒക്കെ പാർടി നടത്തിയ സമരത്തിന്റെ നേതൃത്വമായിരുന്നു താങ്കൾ വിവിധ കാലത്തു വഹിച്ച സംഘടനാ‐  പാർടി ചുമതലകളുടെ ദൗത്യം എന്നു നിരീക്ഷിച്ചാൽ, തെറ്റുണ്ടോ.

 = ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതിയുടെ ചുമതലയുള്ള മന്ത്രിയായിരുന്നല്ലൊ ഞാൻ. അന്നത്തെ പ്രവർത്തനത്തെ പൊതുവിൽ മാധ്യമങ്ങൾ ശ്ലാഘിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് മന്ത്രിസ്ഥാനമുപേക്ഷിച്ച് പാർടി ചുമതലയിലേക്കു മാറിയത്. പാർടി സെക്രട്ടറിയായി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ എല്ലാ വിരുദ്ധ ശക്തികളും ചേർന്ന് പാർടിയെ വളഞ്ഞുവെച്ച് ആക്രമിക്കുന്ന നിലയുണ്ടായി. അതിൽ കോൺഗ്രസുകാരുണ്ട്, പാർടിയിൽനിന്ന് പുറത്തായവരുണ്ട്, പാർടി വിരുദ്ധരായവരുണ്ട്, ഇടതുപക്ഷമെന്നു നടിച്ചുകൊണ്ടുതന്നെ ആക്രമിച്ചവരുണ്ട്... എല്ലാമുണ്ട്. അത്തരമൊരു മിശ്രമുന്നണി മുമ്പുണ്ടായിട്ടില്ല. പാർടിക്കെതിരായ ആക്രമണം പാർടി സെക്രട്ടറിക്കെതിരായ ആക്രമണമായി മാറി. ഒരുതരം വളഞ്ഞിട്ടുള്ള ആക്രമണം. വിഭാഗീയത അതിനു കാര്യമായി വളംവെക്കുന്ന നിലയുണ്ടായിരുന്നു അന്ന്.

?  പ്രശ്നകാലഘട്ടങ്ങളിലൂടെ കടന്നുവന്ന കമ്യൂണിസ്റ്റുകാരൻ എന്ന നിലയ്‌ക്ക്‌ സിപിഐ എമ്മിന്റെ മുന്നിൽ ഇപ്പോഴുള്ള പ്രശ്നകാലത്തെ എങ്ങനെ വിലയിരുത്തും. പാർടി എങ്ങനെ ഈ കാലത്തെ അതിജീവിക്കും എന്നാണ് സഖാവ് കരുതുന്നത്്‌...

= തീയിൽ കുരുത്ത പാർടിയാണിത്. ഇത് വെയിലത്തു വാടുകയില്ല. ചരിത്രം എത്രയോ വട്ടം ഇക്കാര്യം തെളിയിച്ചിരിക്കുന്നു. ഇതിന്റെ പാഠം പഠിക്കാതെ ആക്രമിച്ച് നിശ്ശേഷം തകർത്തുകളയാം എന്നു കരുതുന്നവരോട് സഹതാപമേയുള്ളൂ. ഇത് ജനങ്ങളുടെ പ്രസ്ഥാനമാണ്. തൊഴിലാളിയുടെ പ്രസ്ഥാനമാണ്. അവർക്ക് ഇതല്ലാതെ മറ്റൊരു പ്രസ്ഥാനവുമില്ല. അവർ തന്നെ ഏതു പ്രതിസന്ധിയിൽനിന്നും ഇതിനെ രക്ഷിക്കും. ഒരുവിധ വ്യാജ പ്രചാരണങ്ങൾക്കും തങ്ങളുടെ ജീവിതത്തെ ഗുണപരമായി മാറ്റിയെടുത്ത പ്രസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കഴിയില്ല. സാമ്രാജ്യത്വത്തിന്റെ, അതിന്റെ ചൊൽപ്പടിക്കുള്ള സാമ്പത്തികനയങ്ങളുടെ, വർഗീയതയുടെ, ഛിദ്രീകരണ പ്രവണതകളുടെയൊക്കെ എതിർസ്ഥാനത്ത് ശക്തമായി, വിട്ടുവീഴ്ച ചെയ്യാതെ നിലകൊള്ളുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അത് ജനങ്ങൾക്കറിയാം.

ദേശാഭിമാനിയും കൈരളിയും എന്റെ കണ്ണിൽ

? പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരന്റെ വളർച്ചയിൽ ദേശാഭിമാനിക്ക് എന്തു പങ്കാണ് ഉള്ളത്...

= ദേശാഭിമാനി വ്യക്തികളെ വളർത്താനുള്ളതല്ല. പ്രസ്ഥാനത്തെ വളർത്താനുള്ളതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനസ്വാധീനം വർധിപ്പിക്കാൻ പത്രം ചെയ്യുന്ന നല്ല കാര്യങ്ങളുടെ വെളിച്ചം പാർടി നേതാക്കളായി വരുന്നവരിലും പ്രവർത്തകരിലും ഒക്കെ വന്നുവീണെന്നു വരാം. അത്രയേ ഉള്ളൂ. അത് വ്യക്തിയെ വളർത്തലല്ല.

?  വിമോചനസമരകാലത്ത് കേരളത്തിലെ പത്രങ്ങൾ ഒത്തൊരുമിച്ച് കമ്യൂണിസ്റ്റ് പാർടിക്കെതിരെ അണിനിരന്നു. വീണ്ടും അതുപോലൊരു കാലം വന്നിരിക്കുന്നു. ഇക്കാലത്ത് ദേശാഭിമാനിയുടെ പങ്ക്...

= കമ്യൂണിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ, പുരോഗമന വിരുദ്ധ കലാപസ്വരങ്ങൾ കൊണ്ട് കലുഷിതമായ ഒരു മാധ്യമകാലമാണിത്. ഇത്തരമൊരു കാലത്ത് പുരോഗമന പക്ഷത്തിന്റെ ഏകാന്ത ശബ്ദമാണ് ദേശാഭിമാനി ഉയർത്തുന്നത്. ദേശാഭിമാനി ഇല്ലായിരുന്നെങ്കിൽ പല കാര്യങ്ങളുടെയും മറുവശം ജനങ്ങൾ കാണാതെ പോവുമായിരുന്നു.

ഇതര മാധ്യമങ്ങൾ ഒരുമിച്ച് ആക്രമിക്കുന്ന വേളയിൽ ദേശാഭിമാനി എന്തു പറയുന്നു എന്ന് ആളുകൾ അന്വേഷിക്കുന്നു. അതാണ് അതിന്റെ പ്രസക്തിയും സാംഗത്യവും. വിമോചനസമരകാലത്തെ പത്രങ്ങളുടെ രാഷ്ട്രീയ പങ്ക് വിമോചനസമരം കഴിഞ്ഞ ഘട്ടത്തിൽ മാത്രമല്ല തെളിയിക്കപ്പെട്ടത്. മൊയ്നിഹാന്റെ ഇടപെടലിലൂടെയും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സീക്ലാസിഫൈ ചെയ്തു പുറുത്തുവിട്ട രേഖകളിലൂടെയും ഒക്കെ അത് പുറത്തുവന്നു. ആർക്കൊക്കെ എത്ര പണം കിട്ടി എന്നതുവരെ തെളിഞ്ഞു. അതേപോലെ ഇന്നത്തേതിനും നാളെ തെളിവുണ്ടാവാം.

? നേരത്തെ പറഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടില്ലാത്ത ദൃശ്യമാധ്യമമാണ് കൈരളി ടിവി. ആ സ്ഥാപനത്തിന്റെ പ്രമോട്ടർമാരിൽ പ്രമുഖനാണ് താങ്കൾ. കൈരളി ടിവി കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയത് എന്തുകൊണ്ട്...

= ജനങ്ങളുടെ ആവിഷ്കാര മാധ്യമം ഉണ്ടാവണമെന്ന ചിന്തയുടെ ഫലമായാണ് കൈരളി ഉണ്ടായത്. വലതുപക്ഷ മാധ്യമങ്ങളുടെ വൻ സമൃദ്ധിയുള്ള കാലത്ത് അതിൽനിന്ന് വേർതിരിഞ്ഞുനിൽക്കുന്ന ഏതു മാധ്യമത്തിനും അതുകൊണ്ടുതന്നെ വൻ സ്വീകാര്യതയുണ്ടുതാനും.

ദേശാഭിമാനി വാരിക എനിക്ക്

? താങ്കൾക്ക് 25 വയസ്സുള്ളപ്പോഴാണ് ദേശാഭിമാനി വാരിക പിറക്കുന്നത്. വാരിക വായിച്ചതിന്റെ ഓർമ്മകൾ...

 = അന്ന് ഇടതുപക്ഷ സാംസ്കാരിത പുതിയ തലമുറയിൽ പടർത്തുന്നതിൽ വലിയ പങ്കുവഹിച്ചു ദേശാഭിമാനി. വലതുപക്ഷത്തിന്റേതിനു വിരുദ്ധമായ സാംസ്കാരിക ബദലിന്റെ സന്ദേശം അതിലുണ്ടായി. ഇ എം എസിനെപ്പോലുള്ളവരുടെ ലേഖനങ്ങൾ, വിവർത്തനങ്ങൾ, സാർവദേശീയ രാഷ്ട്രീയ വിശേഷങ്ങൾ, പുരോഗമന സ്വഭാവമുള്ള കഥകൾ, കവിതകൾ, രാഷ്ട്രീയ ചിന്തകൾ എന്നിവയൊക്കെക്കൊണ്ടു ശ്രദ്ധേയമായി അന്നു വാരിക.

പുതിയ തലമുറയെ തൊഴിലാളിവർഗ സാർവദേശീയതാബോധത്തിലേക്കുണർത്തുന്നതിലും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ക്ലാസിക്കുകൾ പരിചയപ്പെടുത്തുന്നതിലും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്ര ബോധത്തിന്റെ തെളിച്ചത്തിലേക്കുണർത്തുന്നതിലും ഒക്കെ വലിയ പങ്കുവഹിച്ചു. സാഹിത്യത്തിന് സാമൂഹ്യബന്ധമുണ്ടാവണം എന്ന കാര്യത്തിൽ വലിയ നിഷ്കർഷ തന്നെയുണ്ടായി വാരികയ്ക്ക്. അന്നു വാരികയിൽ എഴുതിത്തുടങ്ങിയ നിരവധി പേർ പിൽക്കാലത്ത് മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരൻമാരായി അംഗീകരിക്കപ്പെട്ടു.

? കേരളം പിടിക്കാൻ സംഘപരിവാർ നടത്തുന്ന ഓപ്പറേഷന്റെ വലിയൊരു ഭാഗം അരങ്ങേറുന്നത് സാംസ്‌കാരികരംഗത്താണ്. മാവേലിസ്മരണയെപ്പോലും ആക്രമിക്കാനുള്ള ‘ശേഷി’ നേടിയിരിക്കുന്നു അവർ. ഈ സാഹചര്യത്തിൽ ദേശാഭിമാനി വാരികയ്‌ക്ക്‌  കേരളത്തിൽ വഹിക്കാനുള്ള പങ്കിനെക്കുറിച്ച്...

= സാംസ്കാരിക രംഗത്തിനു വലിയ പ്രാധാന്യമുണ്ട്. അത് നമ്മൾ തിരിച്ചറിയുന്നുമുണ്ട്. വ്യക്തി മനസ്സിനെയും സമൂഹ മനസ്സിനെയും സ്വാധീനിക്കുക എന്നത് സംസ്കാരത്തിന്റെ വഴികളിലൂടെത്തന്നെയാണ്. മുതലാളിത്ത വ്യവസ്ഥയിൽ സാംസ്കാരിക പ്രസിദ്ധീകരണത്തിനു പിന്നിലൊരു മൂലധനമുണ്ട്. ആ മൂലധനത്തിനുപിന്നിലൊരു പ്രത്യയശാസ്ത്രമുണ്ട്. ഈ പ്രത്യയശാസ്ത്രം അക്ഷരങ്ങളായി, വാചകങ്ങളായി ലേഖനങ്ങളും കഥകളുമായി വ്യക്തിമനസ്സിനെ, സമൂഹമനസ്സിനെ സ്വാധീനിക്കുന്നു. മാറ്റിമറിക്കുന്നു.

പുരോഗമന സ്വഭാവമുള്ള മനസ്സിനെപ്പോലും തുടർച്ചയായ പിന്തിരിപ്പൻ ഉള്ളടക്കത്തോടുകൂടിയ രചനകളിലൂടെ മറ്റൊരു സ്വഭാവത്തിലാക്കാം. 'മൈൻഡ് മാനേജ്മെന്റ് ' എന്നു പറയുന്നത് ഇതുകൂടിയാണ്. സാധാരണഗതിയിൽ അസ്വീകാര്യമായ ഒന്നിനെ പുരോഗമനവാദിയെക്കൊണ്ടു പോലും സ്വീകരിക്കുന്ന സമ്മതി നിർമാണം ഇതിന്റെ ഭാഗമാണ്.


തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും ആരാധരുണ്ടാകും. അവരുടെ നിലപാടുകൾ ആരാധകരെ സ്വാധീനിക്കും. അവരെക്കൊണ്ടു പ്രത്യേക നിലപാട് എടുപ്പിക്കൽവരെ രാഷ്ട്രീയ താൽപ്പര്യത്തിൽ നടക്കുന്നുണ്ട്.

ഏറ്റവും പ്രചാരമുള്ളതിൽ എഴുതാൻ എഴുത്തുകാർക്ക് പ്രത്യേക താൽപ്പര്യമുണ്ടായെന്നു വരും. പ്രസിദ്ധീകരണം കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാട് പങ്കിടുന്നവർക്കേ അതിൽ പ്രാമുഖ്യം നൽകുന്നുള്ളൂ എന്നുവരും. പ്രസിദ്ധീകരണത്തിൽ ഇടം കിട്ടാൻ അവരുടെ നിലപാടുകൾ അംഗീകരിച്ചെന്നുവരും.

ഇതിനൊക്കെ പരിഹാരമുണ്ടാവണമെങ്കിൽ ഇടതുപക്ഷ സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ ഏറ്റവും പ്രചാരണവും സ്വാധീനവുമുള്ള അവസ്ഥയിലേക്കുയരണം. സാംസ്കാരിക രംഗത്തെ ഗൗരവപൂർവം തന്നെയാണ് സിപിഐ എമ്മും എൽഡിഎഫ് ഗവൺമെന്റും കാണുന്നത്.

മാവേലി സ്മരണയെ അവർ ആക്രമിക്കുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. അത്തരം പൊതു സാംസ്കാരിക സങ്കൽപ്പങ്ങൾ അവരുടെ കുത്തകയല്ല, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പൊതുവായ സാംസ്കാരിക ഈടുവെയ്പ്പാണെന്ന് ആവർത്തിച്ചുറപ്പിക്കുകയും വിട്ടുകൊടുക്കാതിരിക്കുകയുമാണു വേണ്ടത്.

ഇല്ല, മാധ്യമങ്ങളുമായി സംഘർഷമില്ല

?  മാധ്യമങ്ങളുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന പൊതുപ്രവർത്തകനാണ് താങ്കൾ. മാധ്യമങ്ങളെ പിണറായി വിജയൻ കൈയകലത്തിൽ നിർത്തുന്നത് എന്തുകൊണ്ടാണ്...

= മാധ്യമങ്ങളുമായി ഒരു സംഘർഷവുമില്ല. ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു ഘട്ടത്തിൽ മാധ്യമ സമ്മേളനം നടത്താത്തതു മാധ്യമങ്ങളോടുള്ള അവജ്ഞകൊണ്ടാണെന്നും ചിലർ പറഞ്ഞു. എന്നാൽ, അടുത്തകാലത്ത് നിത്യേന മാധ്യമങ്ങളെ കണ്ടുതുടങ്ങി. അപ്പോൾ അതിനെതിരെയായി ചിലരുടെ വിമർശനം.

പത്രസമ്മേളനം നടത്തണോ എന്നു നിശ്ചയിക്കുന്നത് ഞാനല്ല, വിഷയങ്ങളുടെ ഗൗരവമാണ്. അതേപോലെ, ഞാൻ പത്രസമ്മേളനത്തിൽ എന്തു പറയണം എന്ന അജണ്ടയോടെ എത്തുന്നവർക്കു നിരാശയുണ്ടാവുന്നുണ്ടാവും. അതിന് ഞാനോണോ കുറ്റക്കാരൻ? പ്രത്യേക അജണ്ടയോടെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയാൽ പ്രശ്നം തീരും.

മാധ്യമങ്ങളെ അകറ്റിനിർത്തുന്നു എന്നതു സത്യമല്ല എന്നതിന്റെ ദൃഷ്ടാന്തമാണല്ലോ നിത്യേനയുള്ള പത്രസമ്മേളനങ്ങളും ചോദ്യോത്തരങ്ങളും.

? കേരളത്തിൽ ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു എന്ന താങ്കളുടെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞ് ആ പരാമർശത്തിലേയ്‌ക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ എന്തു പറയുന്നു...

= ഒരു പ്രത്യേക രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തി ഒരു പ്രത്യേക വാർത്ത ഒരു അടിസ്ഥാനവുമില്ലാതെ പല കൂട്ടർ സങ്കൽപ്പിച്ചുണ്ടാക്കി പ്രസിദ്ധീകരിക്കുന്നു. ഇതിന്റെ എത്രയോ ഉദാഹരണങ്ങൾ ഉണ്ടായപ്പോഴാണ് മാധ്യമ സിൻഡിക്കേറ്റ് എന്നു ഞാൻ പറഞ്ഞത്.

പലർ ചേർന്നു കൽപ്പിച്ചുകൂട്ടി വാർത്തയുണ്ടാക്കുന്നതും ആ വാർത്ത സർക്കാരിനെ അസ്ഥിരപ്പെടുത്തുക, ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കുക തുടങ്ങിയവയും ഇന്നുമുണ്ട്. അന്നത്തെ സഖ്യം അതുപോലെ നിൽക്കുന്നുണ്ടോ ഇല്ലയോ എന്നു പറയുക വയ്യ. ഏതായാലും ഒരു കാര്യം പറയാം. ഇപ്പോൾ മറ്റൊരു കൂട്ടർ കൂടിയുണ്ട് ഇവർക്കു സഹായമായി‐ ചില അന്വേഷണ ഏജൻസികൾ.

  ?  ‘മാധ്യമങ്ങളോട് മയത്തിൽ പെരുമാറണം, മാധ്യമപ്രവർത്തകരെ കൈയിലെടുക്കണം’  എന്നൊക്കെ ആരെങ്കിലും ഉപദേശിക്കാറുണ്ടോ? ഉണ്ടെങ്കിൽ അവരോടു പറയാറുള്ള ഉത്തരമെന്താണ്.

= മാധ്യമങ്ങളുടെ പരിലാളനകൾ കൊണ്ടു വളർന്നയാളല്ല ഞാൻ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ കടുത്ത ആക്രമണങ്ങളിൽ തളരുന്ന ആളുമല്ല ഞാൻ. മാധ്യമപ്രവർത്തകരോട് സാധാരണ സന്ദർഭങ്ങളിലൊക്കെ മയത്തിലേ പെരുമാറാറുള്ളൂ. മൈക്കുമായി വന്നു മാർഗതടസ്സമുണ്ടാക്കുമ്പോൾ വഴിതരാൻ പറഞ്ഞിട്ടുണ്ടാവും. അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല. പൊതുവെ മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട് അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട പ്രശ്നവുമില്ല  .

പിണറായി വിജയന്‍/എന്‍ പി ചന്ദ്രശേഖരന്‍ 

No comments:

Post a Comment