Saturday, April 24, 2010

ഫോണ്‍ ചോര്‍ത്തും യു.പി.എ സര്‍ക്കാര്‍

കാരാട്ടിന്റെയും പവാറിന്റെയും ഫോണ്‍ ചോര്‍ത്തി

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും കൃഷിമന്ത്രിയും എന്‍സിപി നേതാവുമായ ശരത് പവാറിന്റെയും ഫോണുകള്‍ യുപിഎ സര്‍ക്കാര്‍ ചോര്‍ത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ എന്നിവരുടെ ടെലിഫോണും പല സമയത്തായി ചോര്‍ത്തിയെന്ന് ഔട്ട്ലുക്ക് വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടി തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചോദ്യംചെയ്യുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

അമേരിക്കയുമായുള്ള ആണവകരാര്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പാണ് കാരാട്ടിന്റെ ഫോണ്‍ ചോര്‍ത്തിയത്. യുപിഎ സര്‍ക്കാരുമായി ഇടതുപക്ഷം വഴിപിരിയലിന്റെ വക്കത്തെത്തിയ 2008 ജൂണിലായിരുന്നു ഇത്. 2008 ജൂലൈ എട്ടിനാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഐപിഎല്‍ വിവാദം തുടങ്ങിയ വേളയിലാണ് പവാറിന്റെ ഫോണ്‍ ചോര്‍ത്തിയത്. ഐപിഎല്‍ കമീഷണര്‍ ലളിത് മോഡിയുമായി പവാര്‍ നടത്തിയ സംഭാഷണങ്ങളാണ് ചോര്‍ത്തിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിന്റെ ഫോണ്‍ 2007 ഫെബ്രുവരിയിലാണ് ചോര്‍ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള സംസാരമാണ് ചോര്‍ത്തിയത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് എങ്ങനെ കൂടുതല്‍ ഫണ്ട് നേടാന്‍ കഴിയുമെന്ന് സഹപ്രവര്‍ത്തകനോടു നിതീഷ് കുമാര്‍ സംസാരിക്കുന്ന ഭാഗമാണ് ചോര്‍ത്തിയത്.

രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയത് നിയമവിരുദ്ധവും പൊറുക്കാനാകാത്തതുമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം യുപിഎ സര്‍ക്കാര്‍ ഏറ്റെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സുരക്ഷാ ഏജന്‍സിയെ ദുരുപയോഗിക്കുന്നതില്‍നിന്നു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- കാരാട്ട് ദേശാഭിമാനിയോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് എസ് എസ് അഹ്ലുവാലിയ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ രാജ്യത്ത് നിയമമില്ലെന്നും അതിനാല്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

ദേശാഭിമാനി 24042010

1 comment:

  1. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും കൃഷിമന്ത്രിയും എന്‍സിപി നേതാവുമായ ശരത് പവാറിന്റെയും ഫോണുകള്‍ യുപിഎ സര്‍ക്കാര്‍ ചോര്‍ത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ എന്നിവരുടെ ടെലിഫോണും പല സമയത്തായി ചോര്‍ത്തിയെന്ന് ഔട്ട്ലുക്ക് വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്.

    ReplyDelete