പ്രതിപക്ഷനേതാക്കളുടെയും ഘടകകക്ഷികളുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവം പുറത്തായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വീണ്ടും കുരുക്കിലാക്കി. ഐപിഎല്‍ വിവാദത്തില്‍നിന്ന് തലയൂരാനാവാതെ യുപിഎ സര്‍ക്കാര്‍ കുഴങ്ങുന്നതിനിടയിലാണ് രാജ്യത്തിന്റെ നിയമസംവിധാനത്തെതന്നെ വെല്ലുവിളിക്കുന്ന 'ചാരപ്രവര്‍ത്തനം' വെളിച്ചത്തായത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരഗാന്ധിയുടെ ജനാധിപത്യവിരുദ്ധശൈലി മന്‍മോഹന്‍സിങ് സര്‍ക്കാരും മാതൃകയാക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം തെളിയിക്കുന്നു. സംഭവം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചെങ്കിലും മറ്റൊരു വിശദീകരണവും നല്‍കിയില്ല.
സംഭവം അടുത്ത ദിവസങ്ങളില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്നാണ് വിവിധ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. പാര്‍ലമെന്റില്‍ തിങ്കളാഴ്ച പ്രശ്നമുന്നയിച്ച് സിപിഐ എം അടക്കമുള്ള പ്രതിപക്ഷം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തും.
ഐപിഎല്‍ അഴിമതി യുപിഎയെ വേട്ടയാടുന്നതിനിടയിലാണ് പ്രകാശ് കാരാട്ട്, കൃഷിമന്ത്രി ശരത് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് എന്നിവരടക്കമുള്ളവരുടെ സംഭാഷണം ചോര്‍ത്തിയ കാര്യം 'ഔട്ട്ലുക്ക്' വാരിക പുറത്തുകൊണ്ടുവന്നത്. ഖണ്ഡനോപക്ഷേപം കൊണ്ടുവരാനുള്ള ഇടതുപക്ഷ തീരുമാനത്തോടെ പാര്‍ലമെന്റില്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അന്വേഷിക്കാമെന്നു മാത്രമാണ് അറിയിച്ചത്.
നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ തെറ്റാണെന്നും എന്നാല്‍, അത് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഫോണ്‍ ചോര്‍ത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഈ നടപടി വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു. വിഷയം തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ബിജെപി നേതാവ് എസ് എസ് അലുവാലിയ അറിയിച്ചു. തന്റെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ മാപ്പുപറയണമെന്ന് എന്‍സിപി യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്ന ഏജന്‍സിയാണ് ഫോണുകള്‍ ചോര്‍ത്തിയത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം രൂപീകരിച്ച ഏജന്‍സിയാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സി ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ഗവമെന്റിന്റെ കൃത്യമായ നിര്‍ദേശമുണ്ടെന്ന് ഉറപ്പാണ്. തീവ്രവാദികളുടെയും ഭീകരരുടെയും അക്രമം തടഞ്ഞ് ദേശീയസുരക്ഷ ശക്തമാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്തത്. ഗുരുതരമായ ക്രിമിനല്‍ കുറ്റം സംബന്ധിച്ച അന്വേഷണം, തീവ്രവാദമടക്കമുള്ള രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിങ്ങനെ അതീവ ഗൌരവമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ ഫോണ്‍ ചോര്‍ത്താമെന്ന് വ്യവസ്ഥയുണ്ട്. ഇതല്ലാത്ത ഫോണ്‍ ചോര്‍ത്തല്‍ പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൌലികാവകാശങ്ങളുടെ ലംഘനവുമാണ്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫിക് നിയമത്തിന്റെ സെക്ഷന്‍ അഞ്ചിലെ 419, 419എ വകുപ്പുകള്‍ പ്രകാരം ഗവമെന്റിന്റെ അനുമതിയുണ്ടെങ്കിലേ ഫോണ്‍ ചോര്‍ത്താന്‍ പാടുള്ളൂ.
(വി ജയിന്‍)
ഫോണ്‍ ചോര്‍ത്തല്‍ സേവനദാതാവും അറിയാതെ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിരല്‍ചൂണ്ടുന്നത് സാങ്കേതികവിദ്യയുടെ ഗുരുതരമായ നിയമവിരുദ്ധപ്രയോഗങ്ങളിലേക്ക്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനദാതാവുപോലും അറിയാതെയാണ് ഫോണ്‍ ചോര്‍ത്തല്‍. ഓഫ് ദ എയര്‍ മോണിട്ടറിങ് എന്ന ഫോണ്‍ ചോര്‍ത്തല്‍ സംവിധാനം ഇന്ത്യയില്‍ ആദ്യമായി ഉയോഗിച്ചത് 2005-06ലാണ്. ഇതിന് ഫോണ്‍ കമ്പനികളുടെ സഹായം പോലും ആവശ്യമില്ല. ഫോണുമായി നേരിട്ട് ബന്ധവും വേണ്ട. ഒരിടത്ത് ഉപകരണം ഘടിപ്പിച്ചാല്‍ രണ്ടു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ കോളും ചോര്‍ത്തപ്പെടും. സെല്‍ഫോണില്‍നിന്ന് മൊബൈല്‍ ടവറിലേക്കുള്ള തരംഗങ്ങളാണ് പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന സംഭാഷണങ്ങള്‍ പിന്നീട് തരംതിരിച്ചെടുക്കാം. ഒരേസമയം ആയിരം സംഭാഷണംവരെ ചോര്‍ത്താം. കോളുകള്‍ തടസ്സപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള തരംഗങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാത്തതിനാല്‍ ചോര്‍ത്തല്‍ കണ്ടുപിടിക്കപ്പെടുകയുമില്ല. ആര്‍ക്കും ആരുടെയും ഫോണ്‍ ചോര്‍ത്താമെന്ന സ്ഥിതിയാണ്. നിശ്ചിതപരിധിയിലുള്ള ഏത് ഫോണ്‍ കോളും റെക്കോഡ് ചെയ്യാനുമാകും. ജിഎസ്എം, സിഡിഎംഎ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫോണുകള്‍ക്ക് വ്യത്യസ്തമായ ചോര്‍ത്തല്‍ സംവിധാനമാണുള്ളത്. അധോലോകസംഘങ്ങളും ഭീകരരും വന്‍കിടബിസിനസുകാരുമെല്ലാം ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. രണ്ടുകോടിയോളം രൂപയാണ് ഉപകരണത്തിന്റെ വില. ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിതരണംചെയ്യാന്‍ ഏജന്റുമാരുണ്ട്.
ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൌരവമുള്ളത്: ദേവഗൌഡ
ബംഗളൂരു: സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യമൂല്യങ്ങള്‍ക്കെതിരും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൌഡ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ഔന്നത്യമുള്ള കാരാട്ടിനെപ്പോലൊരു വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യത്തിന് നാണക്കേടാണ്. സംഭവത്തെ ഏറെ ഗൌരവത്തോടെ കണ്ട് സമഗ്ര അന്വേഷണം നടത്തണം. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നും ഗൌഡ പറഞ്ഞു.
ദേശാഭിമാനി 25042010
പ്രതിപക്ഷനേതാക്കളുടെയും ഘടകകക്ഷികളുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവം പുറത്തായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വീണ്ടും കുരുക്കിലാക്കി. ഐപിഎല്‍ വിവാദത്തില്‍നിന്ന് തലയൂരാനാവാതെ യുപിഎ സര്‍ക്കാര്‍ കുഴങ്ങുന്നതിനിടയിലാണ് രാജ്യത്തിന്റെ നിയമസംവിധാനത്തെതന്നെ വെല്ലുവിളിക്കുന്ന 'ചാരപ്രവര്‍ത്തനം' വെളിച്ചത്തായത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരഗാന്ധിയുടെ ജനാധിപത്യവിരുദ്ധശൈലി മന്‍മോഹന്‍സിങ് സര്‍ക്കാരും മാതൃകയാക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം തെളിയിക്കുന്നു. സംഭവം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചെങ്കിലും മറ്റൊരു വിശദീകരണവും നല്‍കിയില്ല.
ReplyDelete