കൊടുംക്രിമിനലുകളുടെ ടെലിഫോണ്‍ സംഭാഷണംപോലും അംഗീകൃത നിയമ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍ക്കും ചോര്‍ത്താന്‍ അധികാരമില്ല. രാജ്യസുരക്ഷ അപകടപ്പെടുന്നതുള്‍പ്പെടെയുള്ള അതീവഗുരുതരമായ സാഹചര്യങ്ങളില്‍, അത് ബോധ്യപ്പെടുന്ന ഉന്നതതല കമ്മിറ്റിയുടെ അനുവാദത്തോടെയും അതിന്റെ പരിശോധനയ്ക്ക് വിധേയമായും മാത്രമാണ് ഏതെങ്കിലും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കുന്നത്. അതല്ലാത്ത ഏതു ഫോണ്‍ ചോര്‍ത്തലും നിയമവിരുദ്ധമാണ്; ക്രിമിനല്‍ കുറ്റമാണ്. ഇങ്ങനെ കര്‍ക്കശമായ നിയമ വ്യവസ്ഥകളുള്ള നാട്ടില്‍ ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവരുടെയും പ്രതിപക്ഷനേതാക്കളുടെയും സ്വന്തം ഘടകകക്ഷിനേതാക്കളുടെയും ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറായിരിക്കുന്നു. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, കൃഷിമന്ത്രി ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് എന്നിവരടക്കമുള്ളവരുടെ സംഭാഷണം ചോര്‍ത്തിയ തായാണ് 'ഔട്ട്ലുക്ക്' വാരികയിലൂടെ പുറത്തുവന്നത്.
രാജീവ് ഗാന്ധിയുടെ വീടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു ഗവണ്‍മെന്റിനെത്തന്നെ മറിച്ചിട്ട പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ രാമകൃഷ്ണ ഹെഗ്ഡെയ്ക്ക് മുഖമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. സഹമന്ത്രിയുടെയും ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി എന്ന വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാജി അവിടത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ഈയിടെയാണ്. കേരളത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി എന്ന വാര്‍ത്ത വന്നപ്പോള്‍ തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ചെയ്യാന്‍ അധികാരമില്ലെന്നും സിബിഐക്ക് പറയേണ്ടിവന്നിരുന്നു.
ഇപ്പോള്‍ ദേശീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്ന ഏജന്‍സി ചോര്‍ത്തിയ സംഭവത്തിന് മേല്‍പറഞ്ഞ സംഭവങ്ങളേക്കാള്‍ ഗൌരവവും പ്രാധാന്യവുമുണ്ട്. ശിക്ഷാര്‍ഹമായ കുറ്റകൃത്യം എന്നതിനൊപ്പവും അതിലുപരിയുമായി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ വയ്ക്കുന്ന കത്തി കൂടിയാണത്. സിപിഐ എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയപോലെ, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യുപിഎ സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനം ദുരുപയോഗംചെയ്യുന്നതിന് ഒന്നാംതരം ഉദാഹരണമാണ് ഫോണ്‍ ചോര്‍ത്തല്‍.
ജനാധിപത്യത്തെ അട്ടിമറിച്ചും അതിന്റെ അന്തസ്സത്തയെ ചവിട്ടിയരച്ചും അധികാരം നിലനിര്‍ത്താനുള്ള അതിമോഹമാണ് നിയമവിരുദ്ധമായ വഴികളിലേക്ക് യുപിഎ നേതൃത്വത്തെ നയിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ പണം വാരിയെറിഞ്ഞും വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞും എംപിമാരെ വിലയ്ക്കുവാങ്ങി ഭൂരിപക്ഷം തികയ്ക്കാന്‍ കിതച്ചോടുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയാണ് രാജ്യം കണ്ടത്. കുതിരക്കച്ചവടത്തിലൂടെ അന്ന് ജനവിധിയെ മറികടക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. സിബിഐയെ ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുരുക്കിയതും വരുതിയില്‍ നിര്‍ത്തണമെന്ന് തോന്നുന്നവരെ പ്രീണിപ്പിച്ചതും ജനാധിപത്യത്തിന്റെ സത്ത നശിപ്പിക്കുന്ന നടപടിതന്നെയാണ്. ഇപ്പോള്‍, പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപം വരുമ്പോള്‍, മായാവതിയുടെ പിന്തുണ നേടി രക്ഷപ്പെടാനും സിബിഐയെ രംഗത്തിറക്കുന്നതായാണ് വാര്‍ത്ത. മായാവതിക്കെതിരായ കേസ് സിബിഐ അവസാനിപ്പിക്കാം എന്ന വ്യവസ്ഥയില്‍, പാര്‍ലമെന്റില്‍ അവരുടെ സഹായം യുപിഎ സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നു.
തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ പത്രങ്ങളില്‍ പണംകൊടുത്ത് വാര്‍ത്തയെഴുതിക്കുക എന്ന രീതി നാട്ടില്‍ കൊണ്ടുവന്നതും അതിന്റെ പരമാവധി പ്രയോജനം അനുഭവിച്ചതും കോണ്‍ഗ്രസാണ്-മഹാരാഷ്ട്ര മുഖ്യമന്ത്രിതന്നെ അതിന് തെളിവ്. ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ ഇതുവരെ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അന്വേഷിക്കാമെന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേവലമായ ഒരു അന്വേഷണച്ചടങ്ങില്‍ തീരുന്നതല്ല പ്രശ്നം. പ്രതിപക്ഷനേതാക്കളുടേത് മാത്രമല്ല, സ്വന്തം മന്ത്രിസഭയിലെ സീനിയര്‍ അംഗത്തിന്റെയും സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവിന്റെയുംകൂടി ഫോണ്‍ സംഭാഷണം സര്‍ക്കാര്‍ ഏജന്‍സി ചോര്‍ത്തി എന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എളുപ്പത്തില്‍ ന്യായീകരിക്കാവുന്ന സംഗതിയല്ല. തന്റെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെയും ഭീകരരുടെയും അക്രമം തടഞ്ഞ് ദേശീയസുരക്ഷ ശക്തമാക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്താണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഫോണ്‍ ചോര്‍ത്തിയത് എന്നത് സ്ഥിതി കുറെക്കൂടി ഗുരുതരമാക്കുന്നു. സാങ്കേതിക വിദ്യയുടെ നഗ്നവും ഗുരുതരവുമായ ദുരുപയോഗത്തിന്റെ പ്രശ്നവും ഇതിലുണ്ട്. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും നിഷേധം കേന്ദ്രസര്‍ക്കാരില്‍നിന്നുതന്നെയാണ് ഉണ്ടായിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുകമാത്രമല്ല ഇതിന് നിര്‍ദേശം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണം.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെയും ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗംചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുകയും ഗവമെന്റിന്റെ ഉന്നതതലങ്ങളില്‍തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്യുന്ന ഈ പ്രവണതയ്ക്ക് പൂര്‍ണവിരാമമിടാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ സ്വയം തയ്യാറായില്ലെങ്കില്‍ ജനങ്ങളുടെ സംഘടിതശക്തിയാണ് ആ ധിക്കാരത്തിനു മറുപടി പറയേണ്ടത്.
ദേശാഭിമാനി മുഖപ്രസംഗം 26042010
ഇന്ദിരയുടെ വഴിയില്‍ മന്‍മോഹന്‍ സര്‍ക്കാരും
രാഷ്ട്രീയ പ്രതിയോഗികളുടെയും സ്വന്തം പാര്‍ടിയിലെ സംശയമുള്ളവരുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ അടിയന്തരാവസ്ഥയിലെ ഇന്ദിരാ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നതെന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തെളിയിച്ചു. ഫോണ്‍ ചോര്‍ത്തുന്നതിലെ സാങ്കേതികവിദ്യയില്‍ മാത്രമാണ് അന്നും ഇന്നും തമ്മില്‍ വ്യത്യാസം. അധികാരം നഷ്ടപ്പെടുമോ എന്ന ആധിയാണ് മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്നതായി സെയില്‍സിങ് രാഷ്ട്രപതിയായിരിക്കെ രാജീവ്ഗാന്ധി സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. 1988ല്‍ രാഷ്ട്രീയ എതിരാളികളുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെക്ക് രാജിവയ്ക്കേണ്ടിവന്നു. 2006ല്‍ സമാജ്വാദി പാര്‍ടി നേതാവായിരുന്ന അമര്‍സിങ്ങിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായും പരാതിയുണ്ടായിരുന്നു. എ ബി വാജ്പേയി, ചരസിങ്, ജഗജ്ജീവന്റാം, ചന്ദ്രശേഖര്‍, പത്രപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, അരു ഷൂരി, ജി എസ് ചാവ്ള തുടങ്ങി നിരവധി പേരുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോര്‍ത്തിയത് മുമ്പ് പുറത്തുവന്നിരുന്നു.
അടിയന്തരാവസ്ഥ തിരിച്ചുവരികയാണോ എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി തന്റെ ബ്ളോഗില്‍ എഴുതുന്നു. കാലഹരണപ്പെട്ട ഇന്ത്യന്‍ ടെലിഫോണ്‍ ആക്ട് എടുത്തുകളയണമെന്നും പൌരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നും അദ്വാനി ആവശ്യപ്പെടുന്നു.
വളരെ അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്നില്‍ക്കണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള അനുമതി നല്‍കാമെന്ന് 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ 1996ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം കൂടുതല്‍ വ്യക്തത നല്‍കി. നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതര കുറ്റവുമാണെന്ന് കോടതി വിലയിരുത്തി. ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള ഉത്തരവ് കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തര സെക്രട്ടറിയായിരിക്കണം നല്‍കേണ്ടതെന്നും അത് 15 ദിവസത്തേക്ക് മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചു. വീണ്ടും ഫോണ്‍ ചോര്‍ത്തണമെങ്കില്‍ പുതിയ ഉത്തരവ് വേണം. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമേ ടെലിഫോണ്‍ ചോര്‍ത്താന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
വാര്‍ത്താവിനിമയരംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്.
(വി ജയിന്‍)
deshabhimani 26042010
രാഷ്ട്രീയ പ്രതിയോഗികളുടെയും സ്വന്തം പാര്‍ടിയിലെ സംശയമുള്ളവരുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ അടിയന്തരാവസ്ഥയിലെ ഇന്ദിരാ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നതെന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തെളിയിച്ചു. ഫോണ്‍ ചോര്‍ത്തുന്നതിലെ സാങ്കേതികവിദ്യയില്‍ മാത്രമാണ് അന്നും ഇന്നും തമ്മില്‍ വ്യത്യാസം. അധികാരം നഷ്ടപ്പെടുമോ എന്ന ആധിയാണ് മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്നതായി സെയില്‍സിങ് രാഷ്ട്രപതിയായിരിക്കെ രാജീവ്ഗാന്ധി സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. 1988ല്‍ രാഷ്ട്രീയ എതിരാളികളുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെക്ക് രാജിവയ്ക്കേണ്ടിവന്നു. 2006ല്‍ സമാജ്വാദി പാര്‍ടി നേതാവായിരുന്ന അമര്‍സിങ്ങിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായും പരാതിയുണ്ടായിരുന്നു. എ ബി വാജ്പേയി, ചരസിങ്, ജഗജ്ജീവന്റാം, ചന്ദ്രശേഖര്‍, പത്രപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, അരു ഷൂരി, ജി എസ് ചാവ്ള തുടങ്ങി നിരവധി പേരുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോര്‍ത്തിയത് മുമ്പ് പുറത്തുവന്നിരുന്നു.
ReplyDelete