ജനതയുടെ നിലപാടുകളെയും ചലനങ്ങളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് തങ്ങളാണെന്ന ചില മാധ്യമങ്ങളുടെ ചിന്താഗതിയാണ് ശരിയെങ്കില്‍ പൊളിഞ്ഞുപോകേണ്ട ഒന്നായിരുന്നു സിപിഐ എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല. മാധ്യമം സമൂഹത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന ധാരണ തെറ്റാണ്. എന്നാല്‍, അനുഭവങ്ങളുടെ വെളിച്ചത്തില്‍, മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന പങ്ക് തിരിച്ചറിയാനും അവര്‍ മറച്ചുവച്ചാലും തങ്ങളുടെ കണ്ണുകളെ അന്ധമാക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിക്കാനും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും കഴിയുമെന്ന യാഥാര്‍ഥ്യമാണ് മനുഷ്യച്ചങ്ങലയില്‍ പ്രകടമായത്.
ആസിയന്‍ കരാറിന്റെ ആഘാതത്തെ സംബന്ധിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിലും അതിനെതിരായ പ്രക്ഷോഭ വാര്‍ത്തകള്‍ നല്‍കുന്നതിലും കടുത്ത തമസ്കരണമാണ് അച്ചടി/ദൃശ്യമാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും നടത്തിയത്. മനുഷ്യച്ചങ്ങല നടന്നതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ദീപിക പത്രം ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്നാണ്. 40 ലക്ഷം പേര്‍ പങ്കെടുത്തെന്ന് കടുത്ത ഇടതുപക്ഷവിരുദ്ധ നിലപാടുള്ള ചാനലുകള്‍വരെ റിപ്പോര്‍ട്ട് ചെയ്ത മനുഷ്യച്ചങ്ങലയുടെ ഒരു വാര്‍ത്തയും ഒന്നാംപേജില്‍ നല്‍കിയില്ല. അകംപേജില്‍ പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിന്റെ ചുരുക്കത്തോടെ ചെറിയ വാര്‍ത്ത. കൊച്ചി എഡിഷന്റെ മൂന്നാംപേജില്‍ ജില്ലാ വാര്‍ത്തയില്‍ മനുഷ്യച്ചങ്ങലയില്‍ സിപിഐ എം അണികള്‍ കൈകോര്‍ത്തെന്ന തലക്കെട്ടില്‍ മൂന്നുകോളത്തില്‍ ഒരു ചിത്രം നല്‍കാനുള്ള വിശാലമനസ്കത ആ പത്രം കാണിച്ചു. ചങ്ങല പലയിടത്തും മുറിഞ്ഞെന്ന കല്ലുവച്ച നുണ എഴുതിവിടാനുള്ള ധൈര്യവും സഭ നയിക്കുന്ന പത്രത്തിനുണ്ടായി. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയില്‍നിന്നാണ് ഇത്രയും തരംതാണ രീതിയില്‍ റിപ്പോര്‍ട്ടിങ് നടത്താനുള്ള ഊര്‍ജം സംഭരിച്ചത്. കര്‍ഷകരാണ് വിശ്വാസികളിലും വരിക്കാരിലും മഹാഭൂരിപക്ഷമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍പോലും അവര്‍ തയ്യാറാകുന്നില്ല. നാളികേരവും റബറും കുരുമുളകും വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് അവര്‍ പണം കൊടുത്ത് പത്രം വാങ്ങുന്നത്. ആ കര്‍ഷകനെയും ഒരു നാടിന്റെ സമ്പദ്ഘടനയെയും സംരക്ഷിക്കുന്നതിനു നടത്തിയ സമരത്തെ അവഗണിക്കാന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ പിന്‍ബലംമാത്രം മതി ഇക്കൂട്ടര്‍ക്ക്.
ഒന്നാംപേജില്‍ അഞ്ചുകോളം ചിത്രം നല്‍കിയ മനോരമ ഇടതുഭാഗത്തുവരുന്ന എട്ടാംപേജില്‍ എട്ടുകോളം വാര്‍ത്ത നല്‍കി. സംഭവം നടന്നുകഴിഞ്ഞാല്‍ വാര്‍ത്തയും ചിത്രവും നല്‍കുന്നതില്‍ അവര്‍ ഒരിക്കലും കുറവു വരുത്തില്ല. അതിനുമുമ്പാണ് തമസ്കരണം നടപ്പാക്കേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. ആസിയന്‍ കരാര്‍ കേരളത്തിനു ദോഷകരമാണെന്ന് പ്രാധാന്യത്തോടെ ലീഡ് വാര്‍ത്ത ആദ്യം നല്‍കിയ പത്രങ്ങളുടെ കൂട്ടത്തില്‍ മനോരമയുമുണ്ട്. കരാര്‍ സൃഷ്ടിക്കുന്ന ആഘാതം അവര്‍ ആദ്യംതന്നെ ശരിയായി തിരിച്ചറിഞ്ഞു. എന്നാല്‍, കരാര്‍ കേരളത്തിനു ദോഷമാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വന്നതോടെ പത്രത്തിന്റെ നിലപാട് മാറി. പിന്നീട് കരാര്‍ സംബന്ധിയായ വാര്‍ത്തകള്‍ അപ്രത്യക്ഷമായി. പിണറായിയുടെ ഒരു പ്രസ്താവനയും മന്ത്രിസഭാതീരുമാനത്തിന്റെ വാര്‍ത്തയും നല്‍കിയതൊഴിച്ചാല്‍ പിന്നെ ചങ്ങലയ്ക്കെതിരായ പ്രസ്താവനകള്‍ക്കും വാര്‍ത്തകള്‍ക്കുമായിരുന്നു പ്രാധാന്യം. ഏകദേശം 200 സെന്റീമീറ്ററോളം വാര്‍ത്തയാണ് ഈ പത്രം കരാറിനെതിരായും ചങ്ങലയ്ക്ക് അനുകൂലവുമായുള്ള വാര്‍ത്തകള്‍ക്ക് ജനറല്‍ പേജില്‍ മൊത്തതില്‍ നല്‍കിയത്.
മാതൃഭൂമിയും വ്യത്യസ്തമായിരുന്നില്ല. എങ്ങനെയെങ്കിലും മനുഷ്യച്ചങ്ങല പൊട്ടിക്കുന്നതിനായി വിസ്മൃതിയിലേക്കു പോയവരെക്കൊണ്ടുവരെ ലേഖനമെഴുതിച്ച് പ്രചാരവേല നടത്തി. സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ മിശിഹയുടെ തനിനിറം അറിയുന്നവര്‍ക്ക് ഈ പുതിയ നിലപാടില്‍ അത്ഭുതമുണ്ടായില്ല. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതാണ് ആസിയന്‍കരാറെന്ന് മുഖപ്രസംഗം എഴുതിയ പത്രവും നിലപാട് മാറ്റിയത് യുഡിഎഫ് വ്യത്യസ്ത സമീപനം സ്വീകരിച്ചതിനുശേഷമാണ്. മിക്കവാറും പത്രങ്ങളും മനുഷ്യച്ചങ്ങലയ്ക്കെതിരായ വാര്‍ത്ത കെട്ടിച്ചമച്ച് നല്‍കി. മുന്നണി അനൈക്യംമുതല്‍ നിര്‍ബന്ധിത പിരിവുവരെ അക്കൂട്ടത്തില്‍പ്പെടും. കൈരളിയൊഴികെ ഒരു ചാനലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയില്ല.
സിപിഐ എമ്മിനെതിരെ ഇലയനങ്ങിയാല്‍പ്പോലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഈ സമരം ആദ്യമൊന്നും വാര്‍ത്തപോലുമായിരുന്നില്ല. ചര്‍ച്ചാ വിദഗ്ധര്‍ അരങ്ങുതകര്‍ക്കുന്ന പാനല്‍ ചര്‍ച്ചകളിലും ആസിയനും മനുഷ്യചങ്ങലയ്ക്കും അര്‍ഹമായ ഇടം കിട്ടിയില്ല. എന്നാല്‍, മാധ്യമങ്ങള്‍ അവഗണിച്ചതിനെ ജനം ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിളിച്ചുപറയുന്നത് അമിതപ്രാധാന്യത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ചെങ്കിലും അത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ജനം തയ്യാറായില്ല. സ്വന്തം കഞ്ഞിയില്‍ പാറ്റവീഴുന്നതിനെക്കുറിച്ച് മുഖ്യധാരാമാധ്യമ സഹായമില്ലാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കി. ദേശാഭിമാനി വായിക്കുന്നവരും കൈരളി കാണുന്നവരും മാത്രമല്ല ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തിയത്. പലരും ആദ്യമായാണ് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്.
സിപിഐ എം ദുര്‍ബലമായെന്നും ഈ നേതൃത്വത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വിശ്വാസമില്ലെന്നും ആവര്‍ത്തിച്ച് എഴുതിയ മാധ്യമവിശാരദന്മാര്‍ ഓടിയൊളിച്ച ഇടംപോലും കാണാനില്ല. ഇതുപോലൊരു പരിപാടി സംഘടിപ്പിക്കുന്നതിന് സിപിഐ എമ്മിനല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും കേരളത്തില്‍ കഴിയില്ല.
ഇടതുപക്ഷ തീവ്രാവാദമുഖംമൂടിയണിഞ്ഞവര്‍ നടത്തിയ പ്രചാരവേലയ്ക്ക് ഒപ്പമല്ല കേരളം എന്ന് എഴുതാനും പറയാനും മാധ്യമസത്യസന്ധതയ്ക്ക് ഉത്തരവാദിത്തമില്ലേ? ലക്ഷങ്ങള്‍ അണിചേര്‍ന്നാലും പതിനായിരങ്ങള്‍ എന്നുമാത്രം എഴുതി ആത്മനിര്‍വൃതി കൊള്ളുന്നവരില്‍നിന്ന് ഇത്തരം മര്യാദകളൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. മാധ്യമസ്വാധീനത്തിനും അപ്പുറത്താണ് ജനങ്ങളുടെ നിലപാടെന്നു തെളിയിച്ച മനുഷ്യച്ചങ്ങല മാധ്യമങ്ങളെ സംബന്ധിച്ച് ശരിയായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മൌലികപ്രശ്നങ്ങള്‍ക്ക് പ്രധാന മാധ്യമങ്ങളിലൊന്നും ഇടം കിട്ടാറില്ല. കേരളത്തിലെ കുടുംബങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തിന്റെ വഴിയാണ് കാര്‍ഷികമേഖല. ഇതില്‍ വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു കരാറിനെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കേണ്ട മാധ്യമങ്ങള്‍ ആ ചുമതല നിര്‍വഹിക്കുന്നില്ലെന്നു മാത്രമല്ല ഭരിക്കുന്നവരുടെ വായ്ത്താരിയായി അധഃപതിക്കുകയും ചെയ്യുന്നു. മാധ്യമ ധാര്‍മികതയെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഉല്‍ക്കണ്ഠപ്പെടുന്ന പണ്ഡിതര്‍ക്ക് ഇതൊന്നും വിഷയമല്ല.
മലയാള മാധ്യമപക്ഷപാതിത്വം മനസ്സിലാക്കുന്നതിന്, കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന നെല്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കിയ സംഭരണവില വര്‍ധിപ്പിച്ച വാര്‍ത്ത എത്ര പത്രങ്ങളില്‍ ഒന്നാംപേജില്‍ ഇടംതേടി എന്ന പരിശോധനമാത്രംമതി. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ഷകര്‍ കൂട്ട ആത്മഹത്യചെയ്യുമ്പോള്‍ കേരളം എങ്ങനെ മാറി എന്ന ചോദ്യം വായനക്കാരനില്‍ ഉയരാതിരിക്കുന്നതിന് ഇത്തരം പാര്‍ശ്വവല്‍ക്കരണം ആവശ്യമാണെന്ന് ഇവര്‍ക്ക് അറിയാം. ആസിയന്‍ കരാറിനെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് ഐക്യമില്ലെന്നു കണ്ടെത്തിയ മാധ്യമം എന്തേ കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെന്ന അടിസ്ഥാന ചോദ്യം അവഗണിച്ചു? യുപിഎയില്‍ ഐക്യമായിരുന്നെങ്കില്‍ ഒരു ആശങ്കയുമില്ലാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിക്കാമായിരുന്നല്ലോ. യുപിഎ ഘടകകക്ഷിയായ എന്‍സിപി ഡല്‍ഹിയില്‍ നടത്തിയ സമരവും ലാലുവിന്റെയും മുലായത്തിന്റെയും പരസ്യനിലപാടും സൌകര്യപൂര്‍വം കണ്ടില്ലെന്നു നടിച്ചു.
ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ മഹാഭൂരിപക്ഷത്തിനെയും ബാധിക്കുന്ന ഒരു കരാറില്‍, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥവൃന്ദം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പിടുന്ന അധാര്‍മികതയെയും ജനാധിപത്യവിരുദ്ധതയെയും സംബന്ധിച്ച് ഒരു വരി എഴുതാന്‍ ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ക്ക് ചുമതലയില്ലേ? ഫെഡറല്‍ ഭരണക്രമവും ഭരണഘടനയുമുള്ള രാജ്യത്ത് സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്‍ഷികമേഖലയില്‍ അതീവഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കരാറിനെ സംബന്ധിച്ച് ഏകപക്ഷീയമായി കേന്ദ്രം കരാറില്‍ ഏര്‍പ്പെടുന്നതിലെ അനൌചിത്യം ഒരു നിഷ്പക്ഷപത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. തങ്ങളുടെ വരിക്കാരില്‍ നല്ലൊരു പങ്ക് കര്‍ഷകരാണെന്ന കച്ചവടക്കണ്ണുപോലും ഇക്കാര്യത്തില്‍ അവരെ അലോസോരപ്പെടുത്തുന്നില്ല. ആധുനിക മാധ്യമതന്ത്രത്തില്‍ വായനക്കാരനല്ല രാജാവെന്നും അത് പരസ്യം നല്‍കുന്നവനാണെന്നും അവര്‍ക്ക് അറിയാം. വന്‍കിട കുത്തകകളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഈ കരാര്‍ സഹായകരമാണെന്ന കാര്യവും വ്യക്തം. അതോടൊപ്പം കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയും കോണ്‍ഗ്രസ് ദാസ്യവും ഒത്തുചേര്‍ന്നാല്‍ മാധ്യമ പക്ഷപാതിത്വത്തിന് അധികം കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.
ഇവിടെയാണ് ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മാധ്യമദൌത്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരേണ്ടത്. ചെറിയ സംഭവങ്ങളെ പര്‍വതീകരിച്ചും ജനങ്ങളെ ഇക്കിളിപ്പെടുത്തിയും നടത്തുന്ന അധരവ്യായാമങ്ങള്‍ക്ക് അധികകാലം ഭൂരിപക്ഷത്തെയും പറ്റിക്കാന്‍ കഴിയില്ലെന്ന് മനുഷ്യച്ചങ്ങല തെളിയിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വൃഥാവ്യായാമതുല്യമായ ബഹളം സൃഷ്ടിക്കുന്നവര്‍ ഇത്തരം കാതലായ പ്രശ്നങ്ങളിലേക്ക് കണ്ണോടിക്കാത്തതെന്ത്?
പി രാജീവ് ദേശാഭിമാനി 06 ഒക്ടോബര്‍ 2009
ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ മഹാഭൂരിപക്ഷത്തിനെയും ബാധിക്കുന്ന ഒരു കരാറില്‍, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥവൃന്ദം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പിടുന്ന അധാര്‍മികതയെയും ജനാധിപത്യവിരുദ്ധതയെയും സംബന്ധിച്ച് ഒരു വരി എഴുതാന്‍ ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ക്ക് ചുമതലയില്ലേ? ഫെഡറല്‍ ഭരണക്രമവും ഭരണഘടനയുമുള്ള രാജ്യത്ത് സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്‍ഷികമേഖലയില്‍ അതീവഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കരാറിനെ സംബന്ധിച്ച് ഏകപക്ഷീയമായി കേന്ദ്രം കരാറില്‍ ഏര്‍പ്പെടുന്നതിലെ അനൌചിത്യം ഒരു നിഷ്പക്ഷപത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. തങ്ങളുടെ വരിക്കാരില്‍ നല്ലൊരു പങ്ക് കര്‍ഷകരാണെന്ന കച്ചവടക്കണ്ണുപോലും ഇക്കാര്യത്തില്‍ അവരെ അലോസോരപ്പെടുത്തുന്നില്ല. ആധുനിക മാധ്യമതന്ത്രത്തില്‍ വായനക്കാരനല്ല രാജാവെന്നും അത് പരസ്യം നല്‍കുന്നവനാണെന്നും അവര്‍ക്ക് അറിയാം. വന്‍കിട കുത്തകകളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഈ കരാര്‍ സഹായകരമാണെന്ന കാര്യവും വ്യക്തം. അതോടൊപ്പം കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയും കോണ്‍ഗ്രസ് ദാസ്യവും ഒത്തുചേര്‍ന്നാല്‍ മാധ്യമ പക്ഷപാതിത്വത്തിന് അധികം കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.
ReplyDelete