
ഭാഷാസംഗമഭൂമിയായ കാസര്‍കോട്ട് ആദ്യകണ്ണിയായി കര്‍ഷകപ്രസ്ഥാനത്തിന്റെ സാരഥിയും പാര്‍ടി പിബി അംഗവുമായ എസ് രാമചന്ദ്രന്‍പിള്ള. രാജ്‌ഭവനുമുമ്പില്‍ പ്രതിരോധദുര്‍ഗത്തില്‍ അവസാനകണ്ണിയായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പ്രകാശ് കാരാട്ട്. തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. കാസര്‍കോട് മുതല്‍ തലസ്ഥാനനഗരത്തില്‍ ഗവര്‍ണറുടെ വസതി വരെ അറുനൂറ്റി അറുപതോളം കിലോമീറ്ററില്‍ ഏകമനസ്സും ഹൃദയവികാരവുമായി ജനലക്ഷങ്ങള്‍. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇതേനിമിഷം അനുബന്ധച്ചങ്ങലയില്‍ ബഹുജനപ്രവാഹം. 777 കിലോമീറ്റര്‍ തിങ്ങിനിറഞ്ഞൊഴുകിയ ജനത ആസിയന്‍ കരാര്‍ അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ 26 കിലോമീറ്റര്‍ നീളത്തില്‍ ചങ്ങല തീര്‍ത്തു. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച അനുബന്ധച്ചങ്ങല 91 കിലോമീറ്റര്‍ പിന്നിട്ട് ചേര്‍ത്തലയില്‍ ദേശീയപാതയിലെ ചങ്ങലയില്‍ ലയിച്ചു. വൈകിട്ട് നാലരയ്ക്ക് ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. കൃത്യം അഞ്ചിന് മഹാശൃംഖല രൂപപ്പെട്ടു. തേക്കടിയില്‍ ബോട്ട് ദുരന്തത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രണ്ടു മിനിറ്റ് മൌനമാചരിച്ചു. അത് ദുരന്തത്തിന് ഇരയായവര്‍ക്ക് കേരളത്തിന്റെ സ്‌മരണാഞ്ജലിയായി. തുടര്‍ന്ന് ജനലക്ഷങ്ങള്‍ കൈകോര്‍ത്തു. രാജ്യത്തെ തകര്‍ക്കുന്ന അന്താരാഷ്‌ട്ര കരാറുകള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന പ്രതിജ്ഞ മുഴങ്ങി. പ്രധാനകേന്ദ്രങ്ങളില്‍ സമ്മേളനം ചേര്‍ന്നു. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ അനുബന്ധ ചങ്ങല ഒഴിവാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഏറ്റവും ദൈര്‍ഘ്യമുള്ള ചങ്ങല. നൂറുകിലോമീറ്ററിലധികം. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ വ്യവസായ-പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, മതപുരോഹിതര്‍, സാമൂഹ്യ-സാംസ്കാരികപ്രവര്‍ത്തകര്‍ തുടങ്ങി സമ്സത വിഭാഗവും ചങ്ങലയില്‍ കണ്ണികളായി. കാര്‍ഷികോല്‍പ്പന്നങ്ങളും തൊഴിലുപകരണങ്ങളുമായി എത്തിയ പതിനായിരങ്ങള്‍ ആസിയന്‍ കരാറിന്റെ ആപത്ത് ഓര്‍മിപ്പിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എറണാകുളം വൈറ്റിലയില്‍ ചങ്ങലയില്‍ കൈകോര്‍ത്തു. പാര്‍ടി പിബി അംഗം കോടിയേരി ബാലകൃഷ്ണനും വൈറ്റിലയില്‍ കണ്ണിയായി. കക്ഷിരാഷ്‌ട്രീയം മറന്ന് വിവിധ മേഖലയിലുള്ളവര്‍ ചങ്ങലയില്‍ പങ്കാളികളായി. കോഗ്രസ് എസ്, കേരള കോഗ്രസ് ജെ പ്രവര്‍ത്തകരും അണിചേര്‍ന്നു.
സമരഭൂമികള്‍ കണ്ണി, തൊഴിലിടങ്ങള്‍ സാക്ഷി

ഹൃദയമതില്‍, ഒരേ വികാരം
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 664 കിലോമീറ്റര്‍. പോരാട്ടത്തിന്റെ കനലുറങ്ങുന്ന വഴികളില്‍, സ്വാതന്ത്ര്യത്തിനായി പൊടിഞ്ഞ രക്തത്തിന്റെ ചൂടുണങ്ങാത്ത ഓര്‍മകളുണര്‍ത്തി വടക്കുനിന്ന് തെക്കോട്ട് ഹൃദയങ്ങള്‍ ചേര്‍ത്തൊരു മഹാപ്രവാഹം. അതില്‍, ഒരേ ഹൃദയതാളത്തോടെ, ഒരേ മുദ്രാവാക്യത്തോടെ, ഒരേ വികാരത്തോടെ കൈകള്‍ കൊരുത്തുവച്ച് കേരളം കരുത്തുകാട്ടി. ആസന്നമായ ആസിയന്‍ വിപത്തിനെതിരെ കേരളത്തിന്റെ ഹൃദയവികാരമായിരുന്നു വെള്ളിയാഴ്ച ഉച്ചമുതല്‍ ദേശീയപാതയിലേക്ക് ഒഴുകിയെത്തിയ ജനസാഗരം. അതിലേക്കു ചേരുന്ന മഹാനദികളായി അനുബന്ധച്ചങ്ങലകള്‍. മറ്റൊരു പ്രസ്ഥാനത്തിനും സ്വപ്നംപോലും കാണാനാകാത്ത പ്രതിഷേധരൂപമാണ് സിപിഐ എം പോരാട്ടങ്ങളുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത്.
തലസ്ഥാന ജില്ല 51 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. കാസര്‍കോട് നിന്ന് ഒഴുകിയെത്തിയ പ്രതിരോധത്തിന്റെ മഹാപ്രവാഹത്തെ ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് തലസ്ഥാനം ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ആദ്യ കണ്ണിയായി. അവസാന കണ്ണിയായത് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്‌ഭവന് മുന്നില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ പി കെ ശ്രീമതി, എം വിജയകുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ചങ്ങലയില്‍ കണ്ണിയായി.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയായിരുന്നു മനുഷ്യച്ചങ്ങലയിലെ ആദ്യകണ്ണി. ജില്ലയില്‍ കാലിക്കടവ് വരെ 48 കിലോമീറ്റര്‍ മനുഷ്യമതിലായി. മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ അണിനിരന്ന ചങ്ങല മിക്കയിടത്തും രണ്ടു വരിയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി കാസര്‍കോട്ട് കണ്ണിയായി.
കണ്ണൂര്‍ ജില്ലയില്‍ മനുഷ്യച്ചങ്ങല പ്രതിഷേധക്കോട്ടയായി. കാലിക്കടവ് മുതല്‍ പൂഴിത്തലവരെ 90 കിലോമീറ്റര്‍ ദൂരം രണ്ടര ലക്ഷത്തിലധികം പേര്‍ കണ്ണിചേര്‍ന്നു. പലയിടത്തും നാലും അഞ്ചും ചങ്ങലകള്‍ രൂപപ്പെട്ടു. മുമ്പെങ്ങും ദര്‍ശിക്കാത്ത ജനപ്രവാഹത്തില്‍ ദേശീയപാത വീര്‍പ്പുമുട്ടി. നൂറോളം കേന്ദ്രത്തില്‍ പൊതുയോഗം ചേര്‍ന്നു. കണ്ണൂര്‍ നഗരത്തിലെ എ കെ ജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി ശശി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോഴിക്കോട് നഗരത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി, മന്ത്രി എളമരം കരീം എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലയില്‍ ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ പാലം വരെ 70 കിലോമീറ്ററാണ് ചങ്ങല കോര്‍ത്തത്. കനത്തമഴയെ കൂസാതെ കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും കുട്ടികളുമടക്കം ഒന്നര ലക്ഷത്തിലേറെ പേരാണ് ആവേശപൂര്‍വം അണിചേര്‍ന്നത്. നൂറുകണക്കിന് മുസ്ളിം സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ടി കെ ഹംസ ജില്ലയിലെ ആദ്യകണ്ണിയയും പി ശ്രീരാമകൃഷ്ണന്‍ അവസാന കണ്ണിയുമായി. മലപ്പുറത്ത് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍ എംപി, കെ ഉമ്മര്‍, മഞ്ഞളാംകുഴി അലി എംഎല്‍എ എന്നിവര്‍ കണ്ണിയായി.
പാലക്കാട് ജില്ലയില്‍ ആദിവാസികളുള്‍പ്പെടെ സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍ പങ്കാളിത്തം ശ്രദ്ധേയമായി. കുളപ്പുള്ളി, പട്ടാമ്പി, കൊപ്പം എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടന്നു. ജില്ലയിലെ ആദ്യകണ്ണിയായി പുലാമന്തോള്‍ പാലത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി ശിവദാസമേനോനും അവസാനകണ്ണിയായി ചെറുതുരുത്തിയിലെ കൊച്ചി പാലത്തില്‍ മന്ത്രി എ കെ ബാലന്‍ അണിചേര്‍ന്നു.
തൃശൂരില്‍ വടക്ക് ചെറുതുരുത്തിപാലം മുതല്‍ തെക്ക് കൊരട്ടി പൊങ്ങം വരെ 71 കിലോമീറ്റര്‍ നീണ്ട മനുഷ്യമതിലില്‍ രണ്ടുലക്ഷത്തോളംപേര്‍ അണിനിരന്നു. പി ആര്‍ രാജന്‍ എംപി ജില്ലയിലെ ആദ്യ കണ്ണിയും സി ഒ പൌലോസ് അവസാനകണ്ണിയുമായി.
എറണാകുളത്ത് പലയിടത്തും മൂന്നുംനാലും ചങ്ങല തിങ്ങിനിന്നു. കറുകുറ്റിമുതല്‍ അരൂര്‍ ടോള്‍വരെ 49 കിലോമീറ്റര്‍ നീളത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ കണ്ണികളായി. വൈറ്റിലയില്‍ കോടിയേരി ബാലകൃഷ്ണന്‍, ജ. വി ആര്‍ കൃഷ്ണയ്യര്‍, മന്ത്രി എസ് ശര്‍മ എന്നിവര്‍ കണ്ണിയായി. ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈനായിരുന്നു ആദ്യകണ്ണി. അരൂരില്‍ സി എം ദിനേശ്‌മണി എംഎല്‍എ അവസാനകണ്ണിയായി. 13 കേന്ദ്രങ്ങളില്‍ പൊതുയോഗം നടന്നു.
ആലപ്പുഴ ജില്ലയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്തത്. നൂറിലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നാലുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്‌ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. മാരാരിക്കുളം ഏരിയയിലെ കഞ്ഞിക്കുഴിയില്‍ ബാലസംഘം കൂട്ടുകാരുടെ കുട്ടിച്ചങ്ങലയും ശ്രദ്ധേയമായി. മന്ത്രിമാരായ തോമസ് ഐസക് ആലപ്പുഴ മെഡിക്കല്‍ കോളേജ് ജങ്ഷനിലും ജി സുധാകരന്‍ കളര്‍കോട് തൂക്കുകുളത്തും കണ്ണിയായി.
പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലത്ത് തീരദേശത്തുനിന്നും കിഴക്കന്‍ മലയോരമേഖലയില്‍നിന്നും വന്‍ ജനപ്രവാഹമാണ് ഉണ്ടായത്. ഓച്ചിറ പ്രീമിയര്‍ ജങ്ഷന്‍ മുതല്‍ കടമ്പാട്ടുകോണംവരെ 60 കിലോമീറ്ററില്‍ രണ്ടുലക്ഷം പേര്‍ കണ്ണിയായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കിടയറ്റ സംഘാടകന്‍ എന്‍ ശ്രീധരന്റെ ഭാര്യ പത്മാവതി ആദ്യകണ്ണിയും ആദ്യകാല നേതാവ് എന്‍ വി ദേവ് അവസാനകണ്ണിയുമായി. പി കെ ഗുരുദാസനും എം എ ബേബിയും ചിന്നക്കടയില്‍ കൈകോര്‍ത്തു. 15 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം ചേര്‍ന്നു.
കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അടങ്ങാത്ത അലയടിയാകും

തികച്ചും പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചാണ് ലക്ഷങ്ങള്‍ ചങ്ങലക്കണ്ണികളായത് എന്നത് സമരത്തിന്റെ ആവേശവും അര്‍ഥവും അടിവരയിടുന്നു. സിപിഐ എമ്മിനല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും ഇത്ര വലിയ സമര മഹാപ്രവാഹം സൃഷ്ടിക്കാനാവില്ല. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ കരാറിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനെ തുരങ്കംവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കരാറിന് സ്‌തുതിവചനങ്ങള്‍ ചൊരിഞ്ഞു. ഇതിനു കുടപിടിച്ച് ഒരുവിഭാഗം മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ വ്യാജപ്രചാരണവും നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് മനുഷ്യച്ചങ്ങലയെ സമരചരിത്രത്തിലെ ഇതിഹാസമാക്കി മാറ്റിയത്. മനുഷ്യച്ചങ്ങലക്കെതിരെ സത്യം മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പരസ്യം 'ദേശാഭിമാനി' നിരാകരിക്കുകയായിരുന്നു. മനുഷ്യച്ചങ്ങലയിലൂടെ കേരളം പുതിയൊരു രാഷ്‌ട്രീയതലത്തിലേക്ക് തിരിയും. ആസിയന്‍ കരാറിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ് ഉണ്ടാകുക. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഏകസ്വരത്തിലാണ്. എന്നാല്‍, യുഡിഎഫ് പല തട്ടിലാണ്. സിപിഐ എം ആഹ്വാനംചെയ്ത സമരത്തില്‍ കക്ഷിരാഷ്‌ട്രീയഭേദമെന്യേ ജനലക്ഷങ്ങള്‍ പങ്കെടുക്കുത്തു. കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവരടക്കം കൈകോര്‍ത്തു. ഇതിലൂടെ വിള്ളല്‍വീണത് ആസിയന്‍ കരാറിനെ ന്യായീകരിക്കുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കോട്ടകളിലാണ്. ആസിയനിലൂടെ യുഡിഎഫില്‍ ഉടലെടുത്ത പടലപ്പിണക്കം മനുഷ്യച്ചങ്ങലയുടെ വിജയത്തിലൂടെ തീവ്രമാകും. (ആര്‍ എസ് ബാബു)
ഉപചങ്ങലകളും ചരിത്രത്തിലേക്ക്
ആസിയന്‍ കരാറിനെതിരെ മനുഷ്യമതിലായി പ്രധാനചങ്ങല രൂപപ്പെട്ടപ്പോള്‍ ഇതില്‍ കണ്ണിചേര്‍ത്ത അനുബന്ധചങ്ങലയും പങ്കാളിത്തത്തിലൂടെ അപൂര്‍വതയായി. കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയറിയാതെ അവരെ ആത്മഹത്യക്ക് നിര്‍ബന്ധിക്കുന്ന ആസിയന്‍ കരാറിനെതിരെ വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അനുബന്ധചങ്ങല ഒരുക്കിയത്. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ അനുബന്ധചങ്ങല ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെമുതല്‍ ഇടതടവില്ലാതെപെയ്ത പേമാരിയെപ്പോലും അവഗണിച്ചാണ് ഉപചങ്ങലയില്‍ പതിനായിരങ്ങള്‍ കണ്ണിയായത്. കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെയായിരുന്നു പങ്കാളിത്തം. സംഘാടക മികവില്‍ ഉപചങ്ങലയും ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചു.

പത്തനംതിട്ടയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണിക്കൃഷ്ണപിള്ള പ്രതിജ്ഞാവാചകം ചൊല്ലി. മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍ അണിനിരന്നതായാണ് പ്രാഥമിക കണക്ക്. നാണ്യവിളകള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലെ ഉപചങ്ങല കര്‍ഷകപ്രതിഷേധത്തിന്റെ മഹാവിളംബരമായി. നാണ്യവിളകള്‍ക്കുണ്ടാവുന്ന വിലത്തകര്‍ച്ചയ്ക്ക് ഉത്തരവാദിയാകുന്ന കരാറിനെ ജനങ്ങള്‍ ഒന്നടങ്കം തള്ളിപ്പറയുന്നതായിരുന്നു ഉപചങ്ങല. വയനാട്ടിലെ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ് ആദ്യകണ്ണിയായി. ബത്തേരി ചുങ്കത്ത് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനാണ് അവസാന കണ്ണിയായത്. കെ സുഗതന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഇരുപത്താറര കിലോമീറ്റര്‍ ദൂരത്തിലാണ് ചങ്ങല തീര്‍ത്തത്. ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് പ്രതിഷേധ കോട്ടയില്‍ അണിനിരന്നത്. ചങ്ങല നീണ്ട റോഡിലും പ്രധാന കവലകളിലും നൂറുകണക്കിനാളുകള്‍ കാഴ്ചക്കാരായെത്തി. സിപിഐ എമ്മിന്റെ സംഘടനാ മികവിന്റെ മാസ്‌മരികതയില്‍ ആയിരങ്ങള്‍ പാതയോരങ്ങളില്‍കാഴ്ചക്കാരായും എത്തിയിരുന്നു.
കരാറിന്റെ വിപത്തുപോലെ കറുത്തിരുണ്ട മാനത്തിനു കീഴെ 30 ലക്ഷത്തിലേറെ ജനങ്ങള്‍ എണ്ണൂറോളം കിലോമീറ്റര്‍ ഇടമുറിയാതെ ഒത്തുചേര്‍ന്ന് കേരളത്തിന് പ്രതിരോധക്കോട്ട തീര്‍ത്തു. മറ്റൊരു രാഷ്‌ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്തവിധം വിമര്‍ശകരുടെ നാവടച്ച് മനുഷ്യച്ചങ്ങല അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തോടെ യഥാര്‍ഥ്യമായി. നാടിന്റെ നിലനില്‍പ്പുപോലും അപകടത്തിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ ജനക്കൂട്ടം ഇടിമുഴക്കംപോലെ ഒരേനിമിഷം പ്രതിജ്ഞ ചൊല്ലിയപ്പോള്‍ അതിന്റെ പ്രതിധ്വനി ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി.
ReplyDelete