Wednesday, September 30, 2009

മനുഷ്യച്ചങ്ങല

സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല

വര്‍ത്തമാനലോകത്തെ സമരത്താളില്‍ മഹാസംഭവമാകും കേരളം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല. ഉപ്പുകുറുക്കി ഒരു മഹാസാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ദേശസ്നേഹത്തിനുള്ള അദമ്യമായ അഭിവാഞ്ഛയും സാമ്രാജ്യത്വദാസ്യത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷവും പ്രകടമാക്കാന്‍ ആബാലവൃദ്ധം ജനത കൈകോര്‍ക്കും. ആസിയന്‍ കരാറിലൂടെ ഒരു നാടിനെ പട്ടിണിയിലേക്കും വറുതിയിലേക്കും ആത്മഹത്യയിലേക്കും വലിച്ചെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ചുവടുവയ്പിന് തടയിടാനാണ് ബലിഷ്ഠമായ മനുഷ്യച്ചങ്ങല.

രാജ്യാന്തരകുത്തകകളെ വളര്‍ത്തുകയും അവരുടെ കീശ വീര്‍പ്പിക്കാന്‍ അവികസിതരാജ്യങ്ങളുടെ കമ്പോളം തുറന്നുകൊടുക്കുകയുംചെയ്യുക എന്നതാണ് യുഎസ് സാമ്രാജ്യത്വനയം. അതിന് അനുസൃതമാണ്, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ കമ്യൂണിക്കേ പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിലെ പൊതുയോഗത്തില്‍ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന ആഹ്വാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഴക്കി. ആസിയന്‍ കരാറിനെ അറബിക്കടലില്‍ താഴ്ത്താനുള്ള ഏറ്റവും ദൃഢമായ സമരനിരയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങല. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ കേരളത്തെ ബന്ധിപ്പിക്കുന്ന, 820 കിലോമീറ്ററില്‍ ഉയരുന്ന അണമുറിയാത്ത മനുഷ്യക്കോട്ട ലോകചരിത്രമാകും. ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയ സമരത്തിന്റെ മുന്നണിയില്‍ വരുകയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല.

ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം സഖാവ് ഇ എം എസ് ഉയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ളവവും സഹകരിപ്പിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. ആ പാതയിലേക്കുള്ള പുതിയ ചുവടുവയ്പാണ് മനുഷ്യച്ചങ്ങല. കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്.

കേരളം ഈ സമരവുമായി പരിചയപ്പെട്ടത് ഡിവൈഎഫ്ഐ 1987 ആഗസ്ത് 15ന് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. തുടര്‍ന്ന് 1989ലെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് മനുഷ്യക്കോട്ട തീര്‍ത്തു. 1999 മെയ് ഒമ്പതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 698 കിലോമീറ്റര്‍ തീവണ്ടിപ്പാളത്തില്‍ മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയ വിപത്ത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ചങ്ങലയും മനുഷ്യമതിലും ഉയര്‍ന്നത്. കേരളത്തിലെ മനുഷ്യച്ചങ്ങല ഗിന്നസ് റെക്കോഡുകളെ ഭേദിക്കുന്ന സമരരൂപമായിരുന്നു. അക്കാര്യത്തില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഒക്ടോബര്‍ രണ്ടിലെ സമരപ്രതിരോധച്ചങ്ങല സര്‍വകാല റെക്കോഡാകും. കുറഞ്ഞത് 30 ലക്ഷം പേരെങ്കിലും ചങ്ങലക്കണ്ണികളാകും.

സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്‌വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല.

ചങ്ങലകൊണ്ട് പ്രയോജനം എന്തെന്ന് ചോദിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റുപ്രസ്ഥാനവും ഇടതുപക്ഷവും നടത്തിയ പ്രക്ഷോഭ സമരങ്ങള്‍ക്ക് സദ്ഫലമുണ്ടായിട്ടുണ്ട്. ജാതി-മത നവീകരണ പ്രസ്ഥാനങ്ങളും ജാതി മേധാവിത്വത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവങ്ങള്‍ക്കും എതിരായ പ്രക്ഷോഭങ്ങളും സവര്‍ണ-അവര്‍ണ പോരാട്ടങ്ങളും നിറഞ്ഞതാണ് കേരളത്തിന്റെ ആദ്യഘട്ടം. ഈ ഘട്ടത്തിന്റെ പ്രതിനിധിയായ ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ ആദ്യത്തെ അനൌപചാരിക കാള്‍ മാര്‍ക്സ് എന്ന് വിളിക്കാം. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വാക്ഭടാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണ-നവോത്ഥാനയജ്ഞത്തിന് ഒരു പരിധിവരെ ഫലമുണ്ടായി. നവകേരള സൃഷ്ടിക്കായി കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷട്രേഡ്യൂണിയന്‍-ബഹുജന സംഘടനകളുടെയും മുന്‍കൈയില്‍ നടന്ന പ്രക്ഷോഭ സമരങ്ങളുടെ ഫലം നല്ല തോതില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങള്‍ വര്‍ഗസംഘടനകളുടെ പ്രവര്‍ത്തനത്തിന്റെകൂടി ഫലമായി സംഭവിച്ചതാണ്. നാടുവാഴിത്തം, ജന്മിത്വം, മുതലാളിത്തം എന്നിവയ്ക്കെതിരെ തൊഴിലാളികളെയും കര്‍ഷക- കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തിയ പ്രക്ഷോഭത്തിലൂടെ കാര്‍ഷിക പരിഷ്കാരങ്ങള്‍ യാഥാര്‍ഥ്യമാക്കി. സമരങ്ങള്‍ക്ക് ചെവികൊടുക്കുന്ന ജനകീയഭരണം സംസ്ഥാനത്ത് കൊണ്ടുവരാനും കഴിഞ്ഞു. അമരാവതിസമരം, കൊട്ടിയൂര്‍ ദേവസ്വംസമരം, മുടവന്‍മുകള്‍ കൊട്ടാര സമരം, മിച്ചഭൂമി സമരം തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ക്കും ദളിതര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭുമിയും വീടും കിട്ടി. ആത്മാഭിമാനവും സാമൂഹ്യ അംഗീകാരവും രാഷ്ട്രീയ നേതൃത്വവും നിസ്വവര്‍ഗങ്ങള്‍ക്കു നേടിക്കൊടുത്തുവെന്നതാണ് കമ്യൂണിസ്റ്റ് സമരമുന്നേറ്റത്തിന്റെ മുഖ്യഗുണഫലം. ഭരണവര്‍ഗങ്ങളുടെ പൊലീസ്-ഗുണ്ടാരാജിനെ തകര്‍ത്തും രക്തം ചൊരിഞ്ഞും ജീവന്‍ കൊടുത്തും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ പോരാടിയാണ് നിസ്വവര്‍ഗം വിജയം നേടിയത്.

പട്ടിണിയില്ലാ ജീവിതം, അന്തിയുറങ്ങാന്‍ വീട്, തൊഴിലിന് മാന്യമായ കൂലി, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസ ജനകീയവല്‍ക്കരണം, പൊലീസിനും സ്വത്തുടമയ്ക്കും ചവട്ടിത്തേക്കാന്‍ കഴിയാത്ത ആത്മാഭിമാനമുള്ള കേരളീയന്‍- ഇതെല്ലാം നേടിക്കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ വര്‍ത്തമാനകാലത്തെ ഏറ്റവും മഹത്തായ പ്രക്ഷോഭമായി മനുഷ്യച്ചങ്ങല മാറും.

ആര്‍ എസ് ബാബു ദേശാഭിമാനി 30 സെപ്തംബര്‍ 2009

3 comments:

  1. സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്‌വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല.

    ReplyDelete
  2. ആര്‍.എസ്. ബാബു ബൈബിളിലെ മനുഷ്യച്ചങ്ങലയെക്കുറിച്ച് പറയുന്നതു കൊള്ളാം. കമ്യൂണിസ്റ്റുകാരും ബൈബിള്‍ വായിക്കാ‍റുണ്ടോ എന്നു സംശയിച്ചു :) എന്തായാലും, വായിച്ചിട്ട് എഴുതിയതല്ല എന്നുറപ്പായി- മോശെ ഒരു മനുഷ്യച്ചങ്ങലയും ഉണ്ടാക്കിയില്ല.

    ഈ ലിങ്ക് നോക്കൂ.

    ReplyDelete
  3. നന്ദി സിമി

    ആര്‍.എസ്. ബാബു ഒരു പക്ഷെ, മനുഷ്യര്‍ കൈകോര്‍ത്ത് പിടിച്ച് കടല്‍ കടന്നു എന്നതിനെ ഇത്തിരി പൊലിപ്പിച്ച് ചങ്ങല ആക്കിയതായിരിക്കും സിമി.

    എന്തായാലും സാന്ദര്‍ഭികമായ ഒരു പരാമര്‍ശം എന്നതിനപ്പുറം അതിനു പ്രാധാന്യമില്ല. ചങ്ങലക്കു പിന്നിലെ ആശയം അതിന്റെ പ്രചരണം അതാണല്ലോ പ്രധാനം.

    ReplyDelete