Saturday, August 29, 2020

‘YONO, അഥവാ യൂ ഒൺലി നീഡ് വൺ !’ ‌രാജപ്രീതി തന്നെ ആപിന്റെ ലക്ഷ്യം

 കൊച്ചി> തെറ്റിദ്ധരിക്കണ്ട. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിൻ്റെ അധികം പഴക്കമല്ലാത്ത ഒരു ആപ്പിൻ്റെ ചുരുക്കപ്പേരാണ്, യോനോ. ''You only need one" അതാണ് പൂർണ രൂപം. ഇന്ന് രാജ്യത്താകെ ഒരു പൊതുവികാരം ഉയർത്തിക്കൊണ്ടുവരാൻ ചില ''ദേശസ്നേഹികളും '' ഇതേ രീതിയിലുള്ള മുദ്രാവാക്യം ഉയർത്തി വരുന്ന കാലമാണ്. ഒരിന്ത്യ ഒരു നികുതി, ഒരിന്ത്യ ഒരു നിയമം, ഒരിന്ത്യ ഒരു പാർട്ടി അങ്ങനെ അങ്ങനെ പലതും. ഇവിടെ അതിൻ്റെ ഒരു ചെറു മറുപതിപ്പ്. ഒരു ആപ്പിലൂടെ എല്ലാ സൗകര്യവും. എല്ലാം നല്ലതിനു തന്നെ. ഇടപാടുകാരെല്ലാം ആപ്പ് ഡൗൺലോഡുചെയ്തു. തുടക്കം അവരവരുടെതായ പിൻ അടിച്ചു കൊടുത്താണ് ആപ്പിലേക്കുള്ള പ്രവേശനം.

പൊതുമേഖലാ ബാങ്കിൻ്റെ ആപ്പാണ്. അത് കൊണ്ട് തന്നെ പൊതുവായ ജനകീയമായ സന്ദേശങ്ങൾ ആപ്പിലൂടെ കൈമാറുന്നത് സ്വാഭാവികം. തുടക്കത്തിൽ നല്ല സന്ദേശങ്ങളാണ് കൈമാറിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ /മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധികളിലേക്കുള്ള സംഭാവന, ദുരന്ത സമയങ്ങളിലെ പ്രധാന കർത്തവ്യങ്ങൾ അങ്ങനെ പലതും. എന്നാൽ ഇപ്പോഴോ, വ്യത്യസ്ഥമായ ഒരു സന്ദേശമാണ് ആപ്പിലേറിയാൽ കാണാനാകുന്നത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര സമിതിയുടെ അക്കൗണ്ടിലേക്ക് ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ ഉദാരമായി സംഭാവന ചെയ്യാനാണ് പൊതുമേഖലാ ബാങ്കിൻ്റെ ആപ്പിലൂടെ പുറത്ത് വരുന്ന ആപ്തവാക്യം! "തർക്കഭൂമിയെ" സംബന്ധിച്ച് സുപ്രീം കോടതിയിൽ നടന്ന കേസിൽ കോടതിയുടെ അത്യസാധാരണമായ ഒരു ഇടപെടലിലൂടെ രൂപീകൃതമായ ഒരു ട്രസ്റ്റിന് സംഭാവന നൽകാൻ ഒരു സർക്കാർ ബാങ്ക് അവരുടെ ആപ്പിലൂടെ നിർദ്ദേശം നൽകുന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതല്ലെ? ഇനി അതേ സുപ്രീംകോടതി അതേ വിധിയിൽ പറഞ്ഞ മസ്ജിദ് നിർമ്മാണ വേളയിലും ഈ പൊതുമേഖലാ ബാങ്ക് ഇതേ തരത്തിലുള്ള സംഭാവന ചോദിച്ച് സന്ദേശം പുറപ്പെടുവിക്കുമോ? അതോ ഈ കൊറോണക്കാലത്ത് നമ്മളാരുമറിയാതെ നമ്മുടെ ഭരണഘടനയിലൊക്കെ വേണ്ട മാറ്റങ്ങൾ വരുത്തിയോ? എന്തിനാണ് അതിലേക്കൊക്കെപ്പോകുന്നത് അല്ലെ? ഇതേ ട്രസ്റ്റിൻ്റെ ഇതേ അമ്പല നിർമ്മാണ ചടങ്ങിൽ സംബന്ധിച്ച് കല്ലിടൽ നിർവ്വഹിച്ചത് അതേ ഭരണഘടനയെ ചുംബിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി ജി തന്നെയായിരുന്നില്ലേ? അല്ല, കല്ലിടൽ കർമ്മത്തെ സ്വാതന്ത്ര്യ സമര ഏടുകളോട് ചേർത്ത് കെട്ടുകയായിരുന്നല്ലൊ അദ്ദേഹം. നമ്മുടെ സംസ്കാരത്തിൻ്റെ ആധുനിക മുഖമെന്ന വിശേഷണം കൂടി ഈ 'സത്കർമ്മത്തിന്' വാഴ്ത്തി നല്കിയ പ്രധാനമന്ത്രിയുടെ നാട്ടിലല്ലെ? അപ്പോൾ ആപ്പിൻ്റെ ലക്ഷ്യവും രാജ പ്രീതി തന്നെ.

മേൽതട്ടിലെ രാജഭക്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോഴും സർക്കാർ ബാങ്ക് തന്നെ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്. ബാങ്ക് ദേശസാൽക്കരണത്തിനും വളരെ മുൻപ് സർക്കാർ അധീനതയിൽ വന്ന വമ്പൻ ബാങ്ക്. നിരവധി മഹത് വ്യക്തിത്വങ്ങൾ നേതൃത്വം കൊടുത്ത് വളർത്തി വലുതാക്കിയതാണ് ഈ വലിയ ബാങ്കിനെ. 2013 ഒക്ടോബർ 7 ന് SBl യുടെ ചെയർ പേഴ്സണായി ചുമതലയേറ്റ അരുന്ധതി ഭട്ടാചാര്യയെ ഓർക്കുന്നില്ലെ? മൂന്നു വർഷമാണ് പ്രസ്തുത തസ്തികയുടെ കാലാവധി. കാലാവധി തീരാറായ വേളയിലാണ് SBl യെ വീണ്ടും വലുതാക്കാൻ ഭരണാധികാരികൾ ചില പുതിയ ലയന പദ്ധതി പ്രഖ്യാപിച്ചത്. സംഘടനകളെല്ലാം എതിർത്ത് സമരം പ്രഖ്യാപിച്ചു. പതിവുപോലെ മുഖ്യ സംഘടനാ തലവൻ ധനമന്ത്രിയെക്കണ്ട് SBl യെ വിട്ട് മറ്റ് സബ്സിഡറികളെ ലയിപ്പിച്ച് തൻ്റെ സംഘടനയെ കാപ്പാക്കണമെന്ന് അപേക്ഷിച്ചു. ധനമന്ത്രി ഒന്നിരുത്തി ഓ.കെ. മൂളിയതും, സബ്സിഡറി ലയനത്തിന് യൂണിയൻ ചീഫ് ഡബിൾ ഓ കെ പറഞ്ഞ് കത്ത് നൽകി. യൂണിയമുഖ്യൻ്റെ ലയനാംഗീകാര കത്ത് കിട്ടിയ ധനമന്ത്രി ഊറിച്ചിരിച്ചതും യഥാർത്ഥ ലയനം വേഗതയിലാക്കിയതും ഒക്കെ ചരിത്രം.

ഇതിനിടെ ചെയർപേഴ്സൺ അരുന്ധതി ഒരു പണി ചെയ്തു. പത്രക്കാരെ കണ്ട് ഒരു പ്രസ്താവന കാച്ചി. സബ്സിഡറി ബാങ്കുകളുടെ എസ്.ബി.ഐ. ലയനംകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ലെന്നായിരുന്നു കാച്ച്. സംഗതി കാറ്റ് പിടിച്ചു. ചെയർപേഴ്സണെ ധനമന്ത്രി പരിവാര സമേതമെത്തി യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയത്രെ. കൃത്യം രണ്ടാഴ്ച ചെയർപേഴ്സൺ മലക്കം മറിഞ്ഞു. ലയനം നടന്നു, എസ്.ബി.ഐ.വലിയ ബാങ്കായി.ദോഷം പറയരുതല്ലൊ? ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ, അത് കിട്ടി. 2016 ഒക്ടോബർ 6ന് കാലാവധിയാകേണ്ട ചെയർപേഴ്സൺ സ്ഥാനം 2017 ഒക്ടോബർ 6 വരെ നീട്ടി. അവിടെയും നിന്നില്ല. അത് കഴിഞ്ഞുള്ള കാര്യവും ഭദ്രമാക്കണ്ടെ. പിന്നെ പലതും വേഗതയിൽ നടന്നു. മണ്ണും വിണ്ണും സമുദ്രവും എല്ലാമെല്ലാം വീതം വച്ച് കൈക്കലാക്കുന്ന രാജ്യത്തെ മുതലാളിമാരിൽ വമ്പൻ, അംബാനി മുതലാളിയുടെ ജിയോ പേയ്മെൻ്റ് ബാങ്കിൽ 30% ഓഹരി കൂടി എടുക്കണമെന്ന കേന്ദ്ര ഭരണാധികാരികളുടെ നിർദ്ദേശവും ശിരസാവഹിക്കപ്പെട്ടു. പണ്ടത്തെ ഒരു കവി വാചകമുണ്ടല്ലൊ "വാർദ്ധക്യമെന്നൊരുവൻ കടലുണ്ട് മുന്നിലെന്ന്.'' അതായിരുന്നു മനസ്സിൽ. അത് ശരിയായി. ഏറ്റവും വലിയ പൊതു മേഖലാ ബാങ്കിൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തു നിന്ന് താഴെ ഇറങ്ങിയതും കിട്ടി പുതിയ സ്ഥാനം. ലോകത്തെ തന്നെ ഏറ്റവും വലിയ മുതലാളിയുടെ, റിലയൻസ് ഇൻസസ്ട്രീസിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ശ്രീമതി ഭട്ടാചാര്യ നിയോഗിക്കപ്പെട്ടു.

രാജ പാതയിൽ രജനീഷ് കുമാറും

SBl യിലെ ഇപ്പോഴത്തെ മേധാവി, ശ്രീ.രജനീഷ് കുമാർ. 2017 ഒക്ടോബർ 7 നാണ് ചുമതലയേറ്റത്. പ്രായം അറുപതിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുതിയ പതവിയിലേക്കുള്ള സ്ഥാനാരോഹണം. ഇനി കഷ്ടി രണ്ട് മാസക്കാലാവധി കൂടിയേ ബാക്കിയുള്ളു. അത് കൊണ്ട് തന്നെ ഉടനെ ഉടയവരുടെ ഇഷ്ട പുസ്തകത്തിലിടം നേടണം. അതിനെന്തു വഴി? അതായിരുന്നു ചിന്ത. അതുകൊണ്ട് ആദ്യം ഒരു പ്രസ്താവന ഇറക്കി.മറ്റൊന്നുമല്ല, ബാങ്കിടപാടുകളിൽ 9% മാത്രമാണ് ഇപ്പോൾ ശാഖകളിലൂടെ നേരിട്ട് നടക്കുന്നുള്ളൂ, ബാക്കി 91% വും ഡിജിറ്റൽ ഇടപാടുകളെന്ന്. ഡിജിറ്റലിനായി ജനങ്ങളുടെ കൈയിലിരുന്ന കറൻസി പോലും ഒറ്റയടിക്ക് പീറ പേപ്പറാക്കി മാറ്റിയവരാണല്ലൊ ഭരണക്കാർ. അവർക്ക് ഒരാവേശമുണ്ടാക്കാനായിരുന്നു തട്ട്.

മറ്റൊന്ന് നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളെയും തൻ്റെ മുൻഗാമിയുടെ ഇപ്പോഴത്തെ മേലാളൻമാരെയും അവരുടെയൊക്കെ ചെറു ബാങ്കുകളെയും പ്രോൽസാഹിപ്പിക്കുക, അതൊക്കെയായിരുന്നു ലക്ഷ്യം. സംഗതി എത്തേണ്ടിടത്തൊക്കെ വേണ്ട രീതിയിലെത്തി. എന്നിട്ടും എന്തോ ഒരു കുറവ്. ഉടനെ കൊടുത്തു അടുത്ത തട്ട് .പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിച്ചാലും സമ്പദ് മേഖലക്ക് ഒരു കുഴപ്പവും വരില്ല പോലും. മാത്രമല്ല സമ്പദ് മേഖലക്ക് അത് ഒരു പുത്തനുർവേകുകയേയുള്ളൂ പോലും. 1980 ൽ SBl എന്ന പൊതുമേഖലാ ബാങ്കിൽ ഔദ്യോഗിക ജീവിതം തുടങ്ങി,പൊതു മേഖലയുടെ തണലിൽ വളർന്നു വലുതായി, ഇപ്പോഴും പൊതുമേഖലയുടെ എല്ലാ സൗകര്യവും പറ്റി പിരിഞ്ഞു പോകാറായപ്പോൾ, പൊതുമേഖലയല്ല പോലും നല്ലത്. യജമാനൻമാരുടെ കാലു നക്കിയാൽ മുഖ്യമന്ത്രി പദം പോലും കിട്ടുമെന്ന കാലമാണ്. നോട്ടമതാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഉടനെതന്നെ ദേശ സ്നേഹം ഒന്നുകൂടി വ്യക്തമാക്കി ഇരിക്കുന്ന കസേര വിട്ടൊഴിയുന്നതല്ലെ ചെയർമാനേ നല്ലത്. അതല്ല രണ്ട് മാസത്തിനിടക്ക് ജിയോ മുതലാളിക്ക് ബാങ്കിനെ തന്നെ കൈമാറാനാണോ അണിയറയിലെ ശ്രമമെന്നതും പറയുക വയ്യ.

രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് ഇപ്പം കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളിയാണെന്നാണ് സംസാരം. തെളിമയാർന്ന വാർത്തകൾ മാത്രം കൈകാര്യം ചെയ്യുന്ന നമ്മുടെ മാധ്യമ മുതലാളിമാരാരും സാധാരണക്കാരൻ്റെ ജീവിത സമ്പാദ്യം കുത്തിച്ചോർത്തിക്കൊണ്ടു പോകുന്നതിന് തയ്യാറെടുത്ത് നിൽക്കുന്ന സംഭവങ്ങളോ അതിന് ചൂട്ടു പിടിക്കുന്ന രജനീഷുമാരുടെ ചെയ്തികളോ ഭരണഘടനക്കു പോലും ആപ്പുവക്കുന്ന യോനോ ആപ്പുകളെയോ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

*

എസ് എസ് അനിൽ

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


തൊഴിലാണ്‌ വേണ്ടത്‌; റിക്രൂട്ടിങ്‌ ഏജൻസിയല്ല

 റെയിൽവേയും ബാങ്കുകളും ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും നോൺ ഗസറ്റഡ് പോസ്റ്റുകളിലേക്ക് നിയമനങ്ങൾ നടത്താനായി ഒരു പുതിയ ദേശീയ റിക്രൂട്ടിങ്‌ ഏജൻസി (എൻആർഎ ) സ്ഥാപിച്ചുകൊണ്ട് ആഗസ്ത്‌ 19ന് ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം തീരുമാനമെടുത്തിരിക്കുകയാണ്. ഈ ഏജൻസിയുടെ  സ്ഥാപനത്തിനും  നടത്തിപ്പിനുമായി പ്രാഥമിക മൂലധനമായി ആയിരത്തി അഞ്ഞൂറ്റി പതിനേഴ് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന്‌  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇത്തരത്തിൽ ഒരു ഏജൻസിയുടെ ആവശ്യകതയെപ്പറ്റി കേന്ദ്രസർക്കാർ ആദ്യമായി പരാമർശിക്കുന്നത്. നിലവിലുള്ള തൊഴിൽനിയമന രീതിയിലെ പരിമിതികളോ പോരായ്മകളോ ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലും പഠന റിപ്പോർട്ടുകൾ സർക്കാർ പാർലമെന്റിൽ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്ര നിയമന രീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഈ തീരുമാനത്തിന് മുന്നോടിയായി ആവശ്യമായ നടപടിക്രമങ്ങളോ ചർച്ചകളോ നടന്നിട്ടില്ല എന്നുതന്നെ അനുമാനിക്കാം. പ്രത്യേകിച്ച്, കോവിഡ് മഹാമാരി കാരണം പാർലമെന്റ്‌ പ്രവർത്തിക്കാതിരിക്കുന്ന അവസരംകൂടിയാണ് ഇതെന്നും ഓർക്കേണ്ടതുണ്ട്.

എൻആർഎയുടെ പ്രാഥമികമായ ഉദ്ദേശ്യം നിലവിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനങ്ങൾ നടത്തുന്ന സ്റ്റാഫ് സെലക്‌ഷൻ കമീഷൻ, ബാങ്കുകളിലേക്ക് നിയമനങ്ങൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്‌ പേഴ്സണൽ സെലക്‌ഷൻ, റെയിൽവേ ഗ്രൂപ്പ് ബി, സി പോസ്റ്റുകളിലേക്ക് നിയമനങ്ങൾ നടത്തുന്ന റെയിൽവേ ബോർഡ് തുടങ്ങിയ സർക്കാർ ഏജൻസികൾ നടത്തുന്ന പ്രവേശന പരീക്ഷകൾ ഒഴിവാക്കി, പകരം ഒരു ഏകീകൃത യോഗ്യത ടെസ്റ്റ്  നടത്തുകയാണ്. പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഡിഗ്രി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത യോഗ്യതാ വിഭാഗങ്ങളിലായി പ്രവേശന പരീക്ഷകൾ നടത്തുമെന്നാണ് തീരുമാനം. ഈ പരീക്ഷയിൽ വിജയം നേടുന്ന ഉദ്യോഗാർഥികൾക്ക് ഐബിപിഎസിന്റെയും റെയിൽവേ ബോർഡിന്റെയും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന് മൂന്നുവർഷത്തെ കാലാവധി ഉണ്ടാകും. ഉദ്യോഗാർഥികൾ വ്യത്യസ്തങ്ങളായ പ്രവേശന യോഗ്യതാ പരീക്ഷ എഴുതേണ്ടതില്ല എന്നും ഇത് നിയമനപ്രക്രിയയെ എളുപ്പമാക്കുമെന്നും, ഉദ്യോഗാർഥികളുടെ സമയവും പണവും ലാഭിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.

പ്രത്യക്ഷത്തിൽ ഗുണപരമായ ഒരു ഭരണപരിഷ്കാരമാണെന്ന് തോന്നുമെങ്കിലും എൻആർഎയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പലതാണ്. ഒന്ന്, എൻആർഎ നടത്തുന്ന യോഗ്യതാപരീക്ഷ കേന്ദ്ര സ്ഥാപനങ്ങളിലേക്ക് മാത്രമല്ല, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രൂപ്പ് ബി, സി ജോലികൾക്കുള്ള നിയമനത്തിനുവേണ്ടിയും ഉൾപ്പെടുത്താം എന്നതാണ് ഇതിന് മേൽനോട്ടം വഹിക്കുന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലക്കാരനായ മന്ത്രി ജിതേന്ദ്ര സിങ്‌ പറഞ്ഞിരിക്കുന്നത്. സമീപ ഭാവിയിൽ അത്തരമൊരു തീരുമാനമുണ്ടായാൽ, അത് സംസ്ഥാനങ്ങളുടെ നിയമനാധികാരങ്ങളെ ഗുരുതരമായി ബാധിക്കും. ഓരോ സംസ്ഥാനത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ബി, സി ഗ്രൂപ്പ് തസ്തികകൾക്കായി അപേക്ഷിക്കണമെങ്കിൽ അതത് സംസ്ഥാനങ്ങളിൽ ഉദ്യോഗാർഥികൾ ദേശീയതലത്തിലുള്ള യോഗ്യതാപരീക്ഷ പാസാകണം എന്ന സ്ഥിതിവിശേഷമുണ്ടായേക്കും. അങ്ങനെ സംഭവിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽനിന്ന്‌ വരുന്ന  ഉദ്യോഗാർഥികളെ ആകും. സർക്കാർ തൊഴിൽമേഖലയിൽ ഒരു പുതിയ വരേണ്യവർഗ കേന്ദ്രീകരണത്തിനും ഇത് വഴിയൊരുക്കും. എൻആർഎ നടത്തുന്ന പൊതുപരീക്ഷ സംസ്ഥാനങ്ങൾക്കു ബാധകമായാൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സർക്കാർ നിയമന ഏജൻസികളുടെ പ്രാധാന്യം നഷ്ടപ്പെടുകയും അധികാരപരിധി ചുരുങ്ങുകയും ചെയ്യും. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് അതൊട്ടും ഗുണകരമാകുകയില്ല.

രണ്ടാമത്തെ പ്രശ്നം എൻആർഎയുടെ പ്രാഥമിക ഊന്നൽ സെലക്‌ഷൻ (തെരഞ്ഞെടുക്കൽ) അല്ല മറിച്ച് എലിമിനേഷൻ (പുറത്താക്കൽ) ആണ്. ഓരോ വർഷവും ഏകദേശം ഒന്നേകാൽ ലക്ഷം തസ്തികകളിലേക്കാണ് വിവിധ സർക്കാർ ഏജൻസികൾ നിയമനപരീക്ഷകൾ നടത്തുന്നത്. പ്രതിവർഷം മൂന്നുകോടിയോളം ഉദ്യോഗാർഥികൾ ഈ പരീക്ഷകളിൽ പങ്കെടുക്കുന്നു എന്നാണ് സർക്കാർ കണക്കുകൾ. ഒഴിവുള്ള തസ്തികകൾ അനുസരിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നാണ് നിലവിൽ നിയമനം നടക്കുന്നത്. പുതിയ സാഹചര്യത്തിൽ എൻആർഎയുടെ പ്രവേശനപരീക്ഷ പ്രഥമ മാനദണ്ഡമായി വരുമ്പോൾ യോഗ്യത നേടുന്ന ഉദ്യോഗാർഥികളും ഒഴിവുള്ള തസ്തികകളും തമ്മിൽ വലിയ അന്തരത്തിനു സാധ്യതയുണ്ട്. ഇത് പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കുറച്ചുകൊണ്ടുവരുന്ന കേന്ദ്രസർക്കാർ സമീപനത്തിന് അനുഗുണമായ ഒരു സ്ഥിതിവിശേഷമുണ്ടാക്കും. ഒഴിവു വരുന്ന തസ്തികകൾ അതത് സമയത്ത് റിപ്പോർട്ട് ചെയ്യുന്ന രീതിയും ക്രമേണ ഇല്ലാതാകാൻ സാഹചര്യമൊരുങ്ങും. എൻആർഎ പരീക്ഷയിൽ പങ്കെടുക്കുന്ന 95 ശതമാനം പേരും യോഗ്യത നേടാതെ പുറത്താകുമെന്ന വിലയിരുത്തലാണ് സർക്കാർ വൃത്തങ്ങൾക്കുതന്നെയുള്ളത്. അത്‌ തുറന്നുപറയുന്നതിൽ അവർ മടി കാണിക്കുകയും ചെയ്തിട്ടില്ല.

ഇനി കാതലായ പ്രശ്നത്തിലേക്ക് വന്നാൽ, നിയമന ഏജൻസിയുടെ പരാജയമല്ല രാജ്യം ഇന്ന് നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് കാരണം എന്നത് പകൽപോലെ വ്യക്തമാണ്. രാജ്യം ഭരിക്കുന്ന സർക്കാരിന്റെ നയസമീപനത്തിന്റെ ഫലമായിട്ടാണ് തൊഴിൽ ഇല്ലാപ്പട പെരുകുന്നത്. സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ തൊഴിലില്ലായ്മ നിരക്കാണ് കഴിഞ്ഞ ആറുവർഷത്തെ മോഡി ഭരണം രാജ്യത്തിനു സമ്മാനിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നിരീക്ഷണം നടത്തുന്ന സെന്റർ ഫോർ മോണിറ്ററിങ്‌ ഓഫ് ഇന്ത്യൻ ഇക്കോണമി ആഗസ്ത്‌ രണ്ടാം വാരത്തിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 8.67 ശതമാനമാണ്. ഗ്രാമീണമേഖലയിൽ 9.61 ശതമാനവും നഗരമേഖലയിൽ 8.67 ശതമാനവും. കോവിഡ്  മഹാമാരിയെ തുടർന്നുള്ള ദേശവ്യാപകമായ ലോക്‌ഡൗൺ പ്രഖ്യാപനത്തിനും  മാസങ്ങൾക്കുമുമ്പുതന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം ഏഴര ശതമാനം കടന്നിരുന്നു.

ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ അത് 23 ശതമാനംവരെയായി കുതിച്ചുയർന്നു. അസംഘടിതമേഖലയും സംഘടിതമേഖലയും ഒരുപോലെ തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ബജറ്റ് വിഹിതം വെട്ടിക്കുറച്ച മോഡി സർക്കാർ, മഹാമാരിയുടെ കാലത്ത് ഗ്രാമീണ ഇന്ത്യയിൽ ലഭ്യമായിരുന്ന ഏക ആശ്വാസത്തെയും തട്ടിയകറ്റുകയാണ് ചെയ്തത്. കാർഷികമേഖലയുടെ തകർച്ചയും  കോവിഡ് ബാധയെത്തുടർനുള്ള അനിശ്ചിതാവസ്ഥയുമാണ്  ഗ്രാമീണ തൊഴിലില്ലായ്മ നിരക്കിനെ 10 ശതമാനത്തോളം ഉയർത്തിയതും.

സംഘടിതമേഖലയിലെ ശമ്പളക്കാരായ തൊഴിലാളികളും ദുരിതത്തിലാണ്. സിഎംഐഇയുടെ റിപ്പോർട്ട് പറയുന്നത് 2020 ഏപ്രിൽ,-ജൂൺ പാദത്തിൽമാത്രം ശമ്പളക്കാരായ 17 ദശലക്ഷം തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ്. 2019--20 സാമ്പത്തിക വർഷത്തിൽ ഇത്തരം തൊഴിലാളികളുടെ എണ്ണത്തിൽ രാജ്യത്ത് 1.8 ശതമാനം കുറവുണ്ടായി. 18 വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിൽനഷ്ട കണക്കാണ് കഴിഞ്ഞ വർഷത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും രൂക്ഷമായ പ്രതിസന്ധി ടെക്സ്റ്റൈൽ മേഖലയിലായിരുന്നു.  29 ശതമാനമാണ് ആ മേഖലയിൽ തൊഴിലുകൾ ഇല്ലാതായത്. കൈത്തറി- ഖാദി ബോർഡിനെ ഇല്ലാതാക്കിയ സമീപകാലത്തെ കേന്ദ്രസർക്കാർ തീരുമാനം ടെക്സ്റ്റൈൽസ് മേഖലയെ കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. തുകൽ വ്യാപാരമേഖലയിൽ 22.5 ശതമാനവും ഓട്ടോമൊബൈൽ രംഗത്ത് 21 ശതമാനവും തൊഴിൽ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധികൾ ലോകമാകെ തന്നെ പെട്ടുഴലുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്നത് ഇവിടത്തെ പൊതുമേഖലയായിരുന്നു. 2007-–-08 കാലത്തെ ആഗോള പ്രതിസന്ധിയെ നമ്മുടെ രാജ്യം വലിയ പരിക്കില്ലാതെ അതിജീവിച്ചത്‌ പൊതുമേഖലയുടെ പിൻബലത്തിൽ മാത്രമാണ് . എന്നാൽ, ആ പൊതുമേഖലയെ സമ്പൂർണമായും വിറ്റുതുലയ്ക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ഓഹരി വിറ്റഴിക്കലും നിയമന നിരോധനവും ഇന്ത്യയിൽ പൊതുമേഖലയുടെ നട്ടെല്ലൊടിക്കുകയാണ്. ജീവിക്കാനൊരു തൊഴിലില്ലാതെ അലയുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവജനങ്ങൾക്ക് ഉപരിപ്ലവമായ പരിഷ്കരണങ്ങൾ അല്ല, തൊഴിലാണ് വേണ്ടത്.

*

പി എ മുഹമ്മദ്‌ റിയാസ്‌ 

(ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)

Friday, August 28, 2020

ഫയലുകള്‍ കത്തിച്ചെന്ന തെറ്റായ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണം; മാധ്യമങ്ങളുടെ വ്യാജവാർത്തക്കെതിരെ നടപടി: എ കെ ബാലൻ

 തിരുവനന്തപുരം > സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി സർക്കാർ. ഫയൽ കത്തിച്ചെന്ന തെറ്റായ ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി.


ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്താൻ തയ്യാറാകണം. അതല്ലെങ്കില്‍ നിയമ നടപടികയുണ്ടാകും. സെക്രട്ടറിയേറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി മുരളീധരനും കെ സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എ കെ ബാലൻ പ്രതികരിച്ചു.

മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തെ പ്രതിഷേധങ്ങൾ കോടതി അലക്ഷ്യമാണ്. അവിശ്വാസ പ്രമേയത്തിൽ മുൻപ് ഉയർത്തിയ ആരോപണങ്ങൾ പോലും കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. ഭരണകക്ഷിയുടെ ചെലവിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന് ഭരണപക്ഷം കൂട്ടുനിന്നില്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.

തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ പരിശോധന തുടരുകയാണ്. സ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് സംഘത്തിന്‍റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുളളില്‍ പൊലീസിന് കിട്ടും. ഇതു കൂടി ലഭിച്ച ശേഷമാകും അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.

സർക്കാരിന്  എതിരായ അവിശ്വാസ പ്രമേയം യുഡിഎഫിന് ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം മറച്ചു വെയ്ക്കുന്നതിനും ബിജെപിയുടെ ചാനല്‍ മേധാവിയെ സ്വര്‍ണ്ണ കളളകടത്തു് കേസ്സില്‍ ചോദ്യം ചെയ്ത‌തിന്റെയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയായതിന്റെയും ജാള്യത മറക്കാനും ഇവ ചര്‍ച്ചയാകാതിരിക്കാനും വേണ്ടിയാണ് യുഡിഎഫും  ബിജെപിയും സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീ പിടുത്തത്തിന്റെ പേരില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്.  സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമങ്ങളും ഈ രാഷ്ട്രീയ അജണ്ടക്ക് കുട പിടിക്കുകയാണ്.

24ലെ അവിശ്വാസ പ്രമേയം ചര്‍ച്ച 5 മണിക്കൂര്‍ ആണ് നിശ്ചയിച്ചിരുന്നത്‌.  എന്നാല്‍ അതു് 11 മണിക്കൂര്‍ ആയി നീണ്ടു. അതിന് പ്രതിപക്ഷവും ഭരണ പക്ഷവും  അവരുടെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന് എതിരായ അവിശ്വാസ പ്രമേയമാണ് പ്രതിപക്ഷം അവതരിപ്പിച്ചത്.  അപ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും കഴിഞ്ഞ 4 വര്‍ഷം ഈ ഗവണ്‍മെന്റ് ചെയ്‌ത കാര്യങ്ങളും ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പൂര്‍ണ്ണമാകൂ.  അതാണ് മുഖ്യമന്ത്രി ചെയ്‌തത്.  2005ലെ യുഡിഎഫിന് എതിരായ അവിശ്വാസ പ്രമേയത്തിന് അഞ്ചേകാല്‍ മണിക്കൂറാണ് ഭരണ പക്ഷം മറുപടി  നല്‍കിയത് (10 മന്ത്രിമാരും മുഖ്യമന്ത്രിയും). അത്രയും സമയം ഇപ്പോള്‍ എടുത്തില്ല.  മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ മറുപടി നല്‍കിയത്.  മുഖ്യമന്ത്രി മൂന്നേ മുക്കാല്‍ മണിക്കൂറും മറ്റ് മന്ത്രിമാര്‍ ഒരു മണിക്കൂറും എടുത്തു.   ആകെ നാലേ മുക്കാല്‍ മണിക്കൂര്‍. ഇത് മറിച്ചു വെച്ചാണ്   ഉമ്മന്‍ ചാണ്ടി ഒന്നേ മുക്കാല്‍ മണിക്കൂറാണ് മറുപടി പറഞ്ഞതെന്ന്  പ്രചരിപ്പിക്കുന്നത്.  മന്ത്രിമാരുടെ  വകുപ്പിനെതിരായ  ആരോപണം ഉണ്ടായതുകൊണ്ടാണ് മന്ത്രിമാരായ ശൈലജ ടീച്ചറും, ജി സുധാകരനും, ഇ ചന്ദ്രശേഖരനും മറുപടി നല്‍കിയത്.  സഭയിലില്ലാത്ത മന്ത്രി കെ ടി ജലീലിനും ലൈഫ് പദ്ധതിക്കും എതിരായ ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‌കി.

സഭ ചേരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷത്തിന് അപമാനം കൊണ്ട് ഒളിച്ചോടേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.  അത് ശരിയാണെന്ന് തെളിഞ്ഞു.  അവിശ്വാസ പ്രമേയ അവതാരകന്റെ സഭയിലെ പ്രകടനം തന്നെ മോശമായിരുന്നു,.  മാത്രമല്ല അദ്ദേഹം വടി കൊടുത്ത് അടി വാങ്ങുന്ന സാഹചര്യവും ഉണ്ടായി.  വി ടി സതീശന്‍ തന്റെ മണ്ഡലത്തില്‍ വിദേശ സഹായത്തോടെ പണിത വീടന്റെ വിശദാംശങ്ങള്‍ ഭരണപക്ഷം ചോദിച്ചതോടെ അദ്ദേഹം വിഷണ്ണനായി.  പുറത്തു പറഞ്ഞു നടന്ന ആരോപണങ്ങളും സഭയില്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.  മുഖ്യമന്ത്രിയെ ആക്രമിക്കുക, അഴിമതി എന്ന പുക പടലം സൃഷ്ടിക്കുക എന്നിവയല്ലാതെ വസ്‌തുതകള്‍ നിരത്തിയോ തെളിവുകള്‍ ഹാജരാക്കിയോ ഒരു ആരോപണവും ഉന്നയിക്കാനും കഴിഞ്ഞില്ല.

സഭ ചേരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവിനോട് ഒരു കാര്യം ഞാന്‍ ചോദിച്ചിരുന്നു.  ശിവശങ്കരന്‍ ഐ. എ. എസ്. UDF കാലത്ത് വൈദ്യുത ബോര്‍ഡ് ചെയര്‍മാനും പവര്‍ സെക്രട്ടറിയുമായിരിക്കെ 6600കോടി രൂപയുടെ ഒരു വൈദ്യുതി വാങ്ങല്‍ കരാറില്‍ 25 വര്‍ഷത്തേക്ക് ഒപ്പിട്ടിരുന്നു.  850 മെഗാ വാട്ടിന്റെതാണ് കരാര്‍.  റെഗുലേറ്ററി അതോറിറ്റി 300 മെഗാവാട്ടിനു മാത്രമാണ് അനുമതി നല്‍കിയത്.  ഈ വഴിവിട്ട കരാര്‍ വഴി പ്രതിപക്ഷം 475 കോടി രൂപ കെ.എസ്.ഇ.ബി ക്ക് നഷ്ടമുണ്ടായെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.  ഇത് ശരിയോ തെറ്റോ എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഒരു തുടര്‍ച്ച ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും കാണുന്നില്ല.

എല്ലാ ആരോപണങ്ങള്‍ക്കും ഉരുളക്കു ഉപ്പേരി പോലെ മുഖ്യമന്ത്രി മറുപടി നല്‍കി.  ചേര തോലുഉരിക്കുന്നതുപോലെയാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രിയുടെ മറുപടി സമയത്ത് കണ്ടെത്.  രണ്ട് ഉദ്ദേശമാണ് പ്രതിപക്ഷത്തിന് ഉണ്ടായത്.  ഒന്ന്, ഭരണ കക്ഷിയെ പ്രകോപിപ്പിച്ച സഭ അലംകോലമാക്കി തല്ലി പിരിയുക ഇതിന്റെ ഭാഗമാണ് സഭക്കുളളില്‍ പ്രതിപക്ഷ ങഘഅ മാര്‍  മുഖ്യമന്ത്രിയെ പേരെടെത്തു വിളിച്ച് ആക്ഷേപിച്ചത്.  ഇതില്‍ ഭരണ പക്ഷം വീണില്ല.  മുഖ്യമന്ത്രിയും വീണില്ല.  രണ്ട്, ഉമ്മന്‍ ചാണ്ടിക്കെതിരായി സരിത അന്വേഷണ കമ്മീഷനു മുന്നില്‍ നല്‍കിയ മോശം പ്രതികരണങ്ങള്‍ ഭരണ കക്ഷി  ങഘഅ മാരില്‍നിന്നും ക്ഷണിച്ചു വരുത്തുക, അതിലൂടെ ഭരണ കക്ഷിയുടെ ചിലവില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുക, അപഹാസ്യനാക്കുക ഇതിലും പ്രതിപക്ഷം വീണില്ല.  ഒന്നിനും കൊളളാത്തവനാണ് ഉമ്മന്‍ചാണ്ടി, കേമന്‍ രമേശ് ചെന്നിത്തല എന്ന പ്രതീതി ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്.  പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി പാനലില്‍ ഉമ്മന്‍ ചാണ്ടിയെ കൊണ്ടു വരാതിരിക്കാനുളള കുതന്ത്രത്തിനും അവിശ്വാസ പ്രമേയത്തെ കരുവാക്കുകയായിരുന്നു.(ഇടക്ക് ഉമ്മന്‍ ചാണ്ടി പത്രക്കാരോട് പറ‍ഞ്ഞത് മുഖ്യമന്ത്രിയെ ഹൈകമാന്റ്‍ നിശ്ചയിക്കും എന്നതാണ്)

പൊതു സമൂഹത്തില്‍ ഭരണ കക്ഷി ഈ അവിശ്വാസ പ്രമേയത്തെ നേരിട്ട രീതിയില്‍ മതിപ്പുളവാക്കി.  ഇ സാഹചര്യത്തില്‍ വേണം 25ാം തിയതിയിലെ സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തേയും അതിനെ തുടര്‍ന്നുളള  UDF,  BJP കോലാഹലത്തെയും കാണാന്‍.

ഒരു ചെറിയ ബക്കറ്റിലെ വെളളം കൊണ്ട്  അണക്കാവുന്ന തീയാണ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ ടൂറിസം സെക്ഷനുകളില്‍ ഉണ്ടായത്.  തീ കത്തുന്നതിന്റെ ഇടയില്‍ സ്വിച്ചിട്ട് ബള്‍ബ് കത്തുന്നതുപോല  UDF,  BJP,SDPI പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ തളളിക്കയറാന്‍ എത്തി. BJP നേതാവ് സുരേന്ദ്രന്‍ സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാമന്ദിരത്തിന് മുന്നില്‍ നിന്ന് പത്ര സമ്മേളനവും നടത്തി.  ചീഫ് സെക്രട്ടറി തക്ക സമയത്ത് ഇടപെട്ടാണ് അതിക്രമിച്ച് കടന്നവരെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.  MLA മാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ കയറുന്നതിന് അനുവാദവും നല്‍കി.  പിന്നെ എന്തൊക്കെയായിരുന്നു പ്രചരണം.  ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന നുണകളാണ് പ്രചരിപ്പിക്കപ്പെട്ടത്.

തീ പിടുത്തത്തില്‍ പ്രധാന ഫയലുകളൊന്നും നഷ്‍ടപ്പെട്ടില്ല. ചില ഫയലുകളുടെ ചില ഭാഗങ്ങള്‍, മറ്റു ചില റിക്കോഡുകള്‍ പേപ്പറുകള്‍ പഴയ ഗസ്റ്റുകള്‍ തുടങ്ങിയവയാണ് ഭാഗികമായി നശിച്ചത്.  പ്രാഥമിക പരിശോധനയില്‍ ഫാനിന്റെ സ്വിച്ചിലുണ്ടായ  short circuit ആണ് കാരണം. PWD Electrical വിഭാഗം പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  സമഗ്രമായ രണ്ട് അന്വഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലും ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ കൗശ്കിന്റെ നേതൃത്വത്തിലുമുളള രണ്ട് സംഘങ്ങളും അന്വേഷിക്കുന്നുണ്ട്.  ഫോറന്‍സിക് പരിശോധനയും വിരലടയാള പരിശോധനയും ഇതിനോടൊപ്പം നടക്കും.  ഇത്തരം അപകടമോ ദുരന്തമോ തീ പിടുത്തമോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുറത്തു നിന്നുളളവരെ അപ്പോള്‍ പ്രവേശിപ്പിക്കുന്നത് തെളിവുകള്‍ നഷ്ടമാകാന്‍ കാരണമാകും.  അതുകൊണ്ടാണ് സന്ദര‍ശത്തിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സ്വര്‍ണ്ണ കളളക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് പ്രചരണം.  എന്നാല്‍ എല്ലാവര്‍ക്കും അറിയാം സെക്രട്ടേറിയറ്റിലെ  ഫയലുകള്‍ ഒന്നും നഷ്ടപ്പെടിലെന്ന്.     2014 മുതല്‍  സെക്രട്ടറിയേറ്റില്‍ ഇഓഫീസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പൊതുഭരണധനകാര്യവകുപ്പുകള്‍ പൂര്‍ണമായും ഇഓഫീസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.  ക്യാബിനറ്റ്, നിയമസഭാസമിതി, കോടതി കേസുകള്‍ തൂടങ്ങി 5% ഫയലുകള്‍ മാത്രമാണ് ഇഓഫീസ് മുഖാന്തിരമല്ലാതെ പ്രോസസ്സ് ചെയ്യുന്നത്.  മാന്വലായി കൈകാര്യ ചെയ്യുന്ന ഫയലുകള്‍ പോലും കണ്ടുപിടിക്കാന്‍ പേഴ്സണല്‍ രജിസ്റ്ററുകളും ട്രാന്‍സിറ്റ് രജിസ്റ്ററുകളും മറ്റും ഉണ്ട്.  ഇങ്ങനെയുളള ഫയലുകള്‍ താമസം വിന ഡിജിറ്റൈസ് ചെയ്ത് സര്‍വ്വറില്‍ സൂക്ഷിക്കും.

പൊതുഭരണ ധനകാര്യ വകുപ്പുകളിലെ 2017-2018 കാലഘട്ടം മുതല്‍ ഉളള എല്ലാ ഫയലുകളും  ഇഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ 1991 മുതലുളള എല്ലാ പഴയ ഫയലുകളും ഡിജിറ്റൈസ് ചെയ്‌ത് ഇ ഓഫീസിലൂടെ ലഭ്യമാക്കുന്നുണ്ട്.

ഭാരത സര്‍ക്കാരിന്റെ Minstiry of Eletcronisc and Information Technologyക്ക് കീഴിലുളള NIC (National Informatic Ctere)ആണ് ഇഓഫിസ് കൈകാര്യം ചെയ്യുന്നത്.  സംസ്ഥാന സര്‍ക്കരിന്റെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിലുളള State Data Cetnre – 2 ല്‍ ആണ് ഇഓഫിസിന്റെ സര്‍വ്വര്‍ സ്ഥാപിച്ചിട്ടുളളത്.

ഇഓഫിസ് ഡാറ്റാബേസിന്റെ അഡ്മിന്‍ പോലും  NIC സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ല.  ഒരു ഫയല്‍ ഇഓഫിസിലൂടെ ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ സംസ്ഥാന സര്‍ക്കാരിലെ ആരു വിചാരിച്ചാലും ഒരു ഫയലുപോലും ഡാറ്റാ ബേസില്‍ നിന്നും ഡിലീറ്റ് ചെയ്യാനോ മോഡിഫൈ ചെയ്യാനോ സാധിക്കില്ല.

ഫിസിക്കല്‍ ഫയലോ കമ്പ്യൂട്ടറോ തന്നെ നശിച്ചു പോയാല്‍ പോലും സര്‍വ്വറില്‍ നിന്നും ഫയലുകള്‍ റിക്കവര്‍ ചെയ്യാവുന്നതാണ്.   ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളില്‍ നിന്നുളള  രേഖകള്‍  ആവശ്യമുണ്ടെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് അവ രേഖാ മൂലം ആവശ്യപ്പെട്ട്  ചകഇ യില്‍ നിന്നും വാങ്ങാവുന്നതാണ്.

ഇത് സംബന്ധിച്ചുളള പത്ര വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു.  മറ്റു ചില സംഭവ വികാസങ്ങല്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുളള തന്ത്രം കൂടിയായിരുന്നു ഇത്.  ജനം ടി വി മേധാവിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതും ദേശീയ പാതയില്‍ ഒരു പാലം തകര്‍ന്നതും എ ഐ സിസി ആസ്ഥാനത്ത് സോണായാഗാന്ധിക്കെതിരെ കലാപക്കൊടി ഉയര്‍ന്നതും ഒന്നും ചര്‍ച്ചയായില്ല.  ഇത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് തീപിടുത്തം ചില മാധ്യമങ്ങളും പ്രതിപക്ഷവും കൂടി ശ്രമിച്ചത്.

ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമ നില തെറ്റിയവരെ പോലെയാണ് പ്രസ്താവനകള്‍ നടത്തിയത്.  തീപിടുത്തം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണ് ആസൂത്രണം ചെയ്‌തതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളിയും കേന്ദ്ര മന്ത്രി വി. മുരളീധരനും പറയുകയുണ്ടായി.  മുഖ്യമന്ത്രിയെയും ചിഫ് സെക്രട്ടറിയെയും ലോകത്തിനു മുന്നില്‍ സെക്രട്ടറിയേറ്റിനു തീ വെയ്ക്കാന്‍ നേതൃത്വം  കൊടുത്തവരാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം.  ഇത് നിയമ വിരുദ്ധവും അപകീര്‍ത്തികരവും ആണ്.  രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല.  മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കത്തിച്ചു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കണം അല്ലെങ്കില്‍ പൊതു സമൂഹത്തോട് നിരുപാധികം മാപ്പു പറയണം.  അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും.

മാധ്യമങ്ങളും തിരുത്താന്‍ തെയ്യാറാകണം അല്ലെങ്കില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പ്രസ്സ് കൗണ്‍സിലിനെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും.

കോവിഡ് നിയന്ത്രിക്കുന്നതിനായി രാജ്യത്താകമാനം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍  ലംഘിച്ചുകൊണ്ട് പ്രതിക്ഷേധപ്രകടനങ്ങള്‍ നടത്താന്‍ പാടിലെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുകയാണ്. ചീഫ് സെക്രട്ടറിക്കും, പോലീസ് മേധാവിക്കും പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ കോവിഡ് നിയന്ത്രണ വിലക്കുകളും ലംഘിച്ചുകൊണ്ട് അക്രമ സമരങ്ങള്‍ നടത്തുന്നത്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരവും 2020ലെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ് ഇവര്‍ ചെയ്യുന്നത്.   അതുപോലെ തന്നെ കോടതി അലക്ഷ്യ നിയമ പ്രകാരവും ശിക്ഷാര്‍ഹരാണ്.

അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ ബിജെപിക്ക്‌ എന്തോ മറച്ചു വെയ്‌ക്കാനുണ്ടെന്ന്‌ വ്യക്തം; നേതൃത്വം നിലപാട്‌ വ്യക്തമാക്കണം: സിപിഐ എം

 തിരുവനന്തപുരം > രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതു സംബന്ധിച്ച്‌ പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

കള്ളക്കടത്ത്‌ നടന്നത്‌ നയതന്ത്ര ബാഗേജല്ലെന്ന്‌ പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌ കേന്ദ്രവിദേശ സഹമന്ത്രി വി മുരളിധരനാണ്‌. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും വ്യക്തമാക്കിയിട്ടും നിലപാട്‌ മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തതും ശ്രദ്ധേയം. പ്രതികള്‍ക്ക്‌ പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്‌ പുറത്തു വന്ന മൊഴിപകര്‍പ്പുകള്‍ ചെയ്യുന്നത്‌.

ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ്‌ നായര്‍ ബിജെപി പ്രവര്‍ത്തകനാണ്‌. ജനം ടിവി കോ- ഓര്‍ഡിനേറ്റിംഗ്‌ എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന്‌ കൈകഴുകാനാവില്ല. ജനം ടി.വിക്ക്‌ ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക്‌ എന്തോ മറച്ചു വെയ്‌ക്കാനുണ്ടെന്ന്‌ വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബിജെപി ബന്ധത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ ആ പാര്‍ടിയുടെ നേതൃത്വം തയ്യാറാകണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.

ആ രേഖകൾ അവിടെയല്ലെന്ന്‌ മനോരമയും;ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിഞ്ഞു

 തിരുവനന്തപുരം > സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എൻഐഎയും കസ്റ്റസും ആവശ്യപ്പെട്ട ഒരു രേഖയും ഇല്ലെന്ന്‌ മലയാള മനോരമയും. തീപിടിത്തമുണ്ടായ വിഭാഗത്തിൽ നിർണായക ഫയലുകൾ, പ്രോട്ടോക്കോൾ ഓഫീസ്‌ ഇനി നൽകാനുള്ളത്‌ എന്നീ എന്ന തലക്കെട്ടിലെ വാർത്തകളിലാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്‌.

മനോരമ ‌വിഷലിപ്‌തമായ തലക്കെട്ടിലെ വാർത്തയ്‌ക്കുള്ളിൽ പറയുന്ന വസ്‌തുതകൾ ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിക്കുന്നു‌. കസ്റ്റംസും എൻഐഎയും ആവശ്യപ്പെട്ട ഒരു രേഖയും തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിലില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

ചീഫ്‌ സെക്രട്ടറിക്കെതിരെ മനോരമയുടെ ഐബി ഭീഷണി

സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടിത്തമുണ്ടായ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിച്ച ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്തയ്‌ക്കെതിരെ മനോരമ. സെക്രട്ടറിയറ്റ്‌ മാന്വൽ പ്രകാരം സെക്രട്ടറിയറ്റിന്റെ സൂക്ഷിപ്പുകാരൻ ചീഫ്‌ സെക്രട്ടറിയാണ്‌. ആ ഉത്തരവാദിത്തം ഏറ്റെടുത്താണ്‌ സെക്രട്ടറിയറ്റിലേക്ക്‌  മാധ്യമസംഘമടക്കം ഇരച്ചുകയറി തെളിവ്‌ നശിക്കാനിടവരുത്തുന്ന ശ്രമത്തെ അദ്ദേഹം തടഞ്ഞത്‌. ഇതിന്റെ പേരിൽ ചീഫ്‌ സെക്രട്ടറിക്കെതിരെ കേന്ദ്ര ഇന്റലിജൻസ്‌ ബ്യൂറോ റിപ്പോർട്ട്‌ നൽകിയെന്നാണ്‌ മനോരമ തട്ടിവിടുന്നത്‌. കേന്ദ്രം അന്വേഷണം വന്നാൽ പ്രതിരോധത്തിലാകുമെന്ന ‘മുന്നറിയിപ്പു’മുണ്ട്‌.

ചൊവ്വാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലത്തേക്ക്‌ അനധികൃതമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിക്കാർ അതിക്രമിച്ച്‌ കയറി. ഒപ്പം മാധ്യമപ്പടയും. സെക്രട്ടറിയറ്റ്‌ സുരക്ഷാമേഖലയാണ്‌. കോവിഡ്‌ കാലമായതിനാൽ അതീവ സുരക്ഷയിലുമാണ്‌‌. പരിശോധിക്കാതെ ആരെയും കടത്തിവിടില്ല. ശരീരോഷ്‌മാവ്‌ അടക്കം പരിശോധിക്കും. ജീവനക്കാരല്ലാത്തവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തുന്നുമുണ്ട്‌. ഷോർട്ട്‌ സർക്യൂട്ടാണെങ്കിലും തീപിടിത്തമുണ്ടായ സ്ഥലത്ത്‌ ഫോറൻസിക്‌ പരിശോധനയടക്കം നടത്തണം.  അതിനു വിഘാതമാകുന്ന നീക്കങ്ങളെ തടയുകയായിരുന്നു‌ അദ്ദേഹം .

കത്തിയത്‌ പന്ത്രണ്ട്‌ ഫയൽ മാത്രം ; കൂടുതലും ഗസറ്റ്‌ വിജ്ഞാപനത്തിന്റെ കോപ്പി ; ഷോർട്ട്‌ സർക്യൂട്ടെന്ന്‌ ഫയർഫോഴ്‌സും

സെക്രട്ടറിയറ്റ്‌ പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ  ഭാഗികമായി കത്തിയത്‌ വെറും പന്ത്രണ്ട്‌ ഫയലുകൾ. ഇതിൽ അഞ്ച്‌ ഫയലിന്റെ  അരികുകൾ മാത്രമാണ്‌ കത്തിയത്‌‌. പലതിന്റേയും ഇ ഫയലുമുണ്ട്‌. ഡോ. കൗശികിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ‌ പരിശോധനയിലാണ്‌ ഈ പ്രാഥമിക വിലയിരുത്തൽ‌. കത്തിയത്‌ കൂടുതലും ഗസറ്റ്‌ വിജ്ഞാപനത്തിന്റെ കോപ്പിയാണ്‌. ക്വാറന്റൈനിലുള്ള ജീവനക്കാർ എത്തിയ ശേഷം വിശദ  പരിശോധന നടത്തും.

അതിനിടെ തീ ‌പിടിച്ചത്‌ ഷോർട്ട്‌ സർക്യൂട്ട്‌മൂലമെന്ന്‌ ഫയർഫോഴ്‌സ്‌ അന്വേഷണ സംഘവും റിപ്പോർട്ട്‌ നൽകി. റീജ്യണൽ ഫയർ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട്‌ വിശദമായ പരിശോധനയ്‌ക്കുശേഷം ഫയർഫോഴ്‌സ്‌ ഡയറക്ടർ ജനറൽ ഡിജിപി ആർ ശ്രീലേഖ മുഖ്യമന്ത്രി പിണറായി വിജയന്‌ സമർപ്പിച്ചു. പൊളിറ്റിക്കൽ വിഭാഗത്തിലെ കേടായ സീലിങ്‌‌ ഫാനിൽനിന്നായിരുന്നു‌ ഷോർട്ട്‌ സർക്യൂട്ട്‌ എന്നാണ്‌ റിപ്പോർട്ട്‌. ഷോർട്ട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ വ്യക്തമാക്കി പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിടവിഭാഗവും മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക സംഘത്തിന്റെ  അന്വേഷണം തുടരുകയാണ്‌. ഫോറൻസിക്‌ റിപ്പോർട്ട്‌ കിട്ടിയാൽ ഇവരുടെ റിപ്പോർട്ടും കൈമാറും.  

തീപിടിത്തമുണ്ടായ ഉടൻതന്നെ റീജ്യണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ്‌ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ആദ്യം എത്തിയ ഫയർ ഓഫീസർമാരിൽനിന്ന്‌ വിവരം ശേഖരിച്ചു.  സ്ഥലം വിശദമായി പരിശോധിച്ച്‌ അതിന്റെ സ്വഭാവവും പഠിച്ചു. തുടർന്നാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  ഇത്തരം തീപിടിത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്‌ മറ്റൊരു റിപ്പോർട്ട്‌കൂടി സമർപ്പിക്കും. സെക്രട്ടറിയറ്റ്‌ സുരക്ഷ ശക്തമാക്കാനുള്ള നടപടിക്രമം ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ടി കെ ജോസ്‌ ഉടൻ തയ്യാറാക്കും.

ഫയർഫോഴ്‌സ്‌ നിഗമനം

ആദ്യം എത്തിയത്‌ ഫയർ ഓഫീസർ മുഹമ്മദ്‌. കതകും ജനാലയും അടഞ്ഞ്‌ കിടന്നതിനാൽ വായുസഞ്ചാരമില്ലാതെ പുകയായിരുന്നു അകം നിറയെ. ജനാല തുറന്നപ്പോൾ ഓക്‌സിജൻ അകത്ത്‌ കയറിയപ്പോഴാണ്‌ തീ പാളിയത്‌. അത്‌ അപ്പോൾ തന്നെ അണച്ചു.

ഭാഗികമായി കത്തിയ ഫയലുകൾ

● വ്യവസായ മന്ത്രിയുടെ വീട്‌ വാടക വർധിപ്പിക്കൽ

● മന്ത്രി മന്ദിരങ്ങളിൽ  സാധനങ്ങൾ വാങ്ങൽ

● കേരള ഹൗസിൽ ഇലക്‌ഷൻ വകുപ്പ്‌ ജീവനക്കാർക്ക്‌ റിസർവേഷൻ അനുവദിക്കൽ

●മലപ്പുറം ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വീഴ്‌ച വരുത്തിയത്‌ സംബന്ധിച്ച പരാതി

● മന്ത്രി എ കെ ബാലന്റെ എംപി പെൻഷൻ സംബന്ധിച്ച അപേക്ഷ.

(ഇവയിൽ പലതിന്റെയും അക്ഷരങ്ങൾ പൂർണമായും മാഞ്ഞിട്ടില്ല.)

സുപ്രധാന ഫയലുകൾ കത്തിയിട്ടില്ല: മുഖ്യമന്ത്രി

സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ ഒന്നുപോലും കത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പൊളിറ്റിക്കൽ 2എ, പൊളിറ്റിക്കൽ അഞ്ച്‌ എന്നീ സീറ്റുകൾക്കടുത്തായിരുന്നു കത്തിയത്‌‌. അവിടെയുണ്ടായിരുന്ന  ഫയലുകളുടെ ചില ഭാഗങ്ങൾ മാത്രമാണ്‌ കത്തിയത്‌. അന്വേഷണത്തിനായി വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അവരുടെ റിപ്പോർട്ട്‌ ഒരാഴ്‌ചയ്‌ക്കകം  ലഭിക്കും. അന്വേഷണത്തിൽ എല്ലാ കാര്യവും വ്യക്തമാകും. റിപ്പോർട്ട്‌ വരുംവരെ എല്ലാവരും കാത്തിരിക്കുന്നതാണ്‌ ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തീപിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയറ്റിലെ സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

റഷീദ് ആനപ്പുറം

സഭയില്‍ തോറ്റതിന് സെക്രട്ടറിയറ്റിനോടോ?

 പതനത്തിന്റെ പടുകുഴിയിൽ വീണാൽ പിന്നെയും താഴേക്ക് കുഴിച്ചുപോകാൻ കഴിയുമോ എന്ന ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. സെക്രട്ടറിയറ്റിലെ ഒരു മുറിക്കുള്ളിൽ ഷോർട്ട് സർക്യൂട്ടുമൂലമെന്നു സംശയിക്കുന്ന തീപിടിത്തത്തെപ്പറ്റി എൻഐഎ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെടുന്നത്. ചാനലുകളെ ഒപ്പം കൂട്ടി എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് അക്രമസമരത്തിനും യുഡിഎഫും ബിജെപിയും തയ്യാറായി.

പ്രതിപക്ഷത്തിന്റെ വേവലാതി വ്യക്തമാണ്. ഒന്നരമാസമായി നുണ കൂട്ടിയിട്ട് കത്തിച്ച് അവരുണ്ടാക്കിയ പുകമറകളാണ് തിങ്കളാഴ്ച നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പറന്നുപോയത്. ‘സർക്കാരിനെ പ്രതിക്കൂട്ടിലാക്കു'ന്ന പ്രതിപക്ഷത്തെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങിയിരുന്ന മാധ്യമങ്ങൾക്ക് പ്രതികളുടെ പ്രതിച്ഛായയോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തെയാണ് കാണാൻ കിട്ടിയത്. പാളിയ തന്ത്രത്തിന്റെ പേരിൽ യുഡിഎഫിലും കോൺഗ്രസിലും തമ്മിലടിക്കും തുടക്കമായി. ഈ ഗതികേടിൽ നാണംകെട്ടു നിൽക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് സെക്രട്ടറിയറ്റിൽ തീപിടിത്തം എന്ന വാർത്ത വരുന്നത്. പതിവുപോലെ ആദ്യം ബിജെപിയും പിന്നാലെ യുഡിഎഫും എത്തി. സെക്രട്ടറിയറ്റിനുള്ളിൽ പൊലീസിനെ ആക്രമിക്കാനും ശ്രമം നടന്നു.

പ്രോട്ടോകോൾ വിഭാഗത്തിലെ നിർണായക ഫയലുകൾ കത്തിപ്പോയെന്നാണ് ആരോപണം. പ്രതിപക്ഷനേതാവിന് ഒറ്റനോട്ടത്തിൽ അക്കാര്യം വ്യക്തമായത്രേ. ബിജെപി നേതാക്കളും മോശമായില്ല. തീകത്തിച്ചതാണെന്ന് ബിജെപി പ്രസിഡന്റിന്റെ ‘ദിവ്യദൃഷ്ടി'യിലും തെളിഞ്ഞു. മാധ്യമങ്ങളും മാറിനിന്നില്ല. ‘തീപിടിത്തമല്ല'തെളിവ് നശിപ്പിക്കാനുള്ള ‘തീപിടിത്ത നാടകം' എന്നാണ്‌ അവതാരകരിൽ ചിലർ ഉറപ്പിച്ചത്.

പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന അധ്യക്ഷനും ഇതൊക്കെ പറയാം. പക്ഷേ, കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രി നേരിട്ട്‌ കത്തിച്ചതാണെന്ന മട്ടിൽ പ്രതികരിച്ചത് എല്ലാ ഭരണമര്യാദയുടെയും ലംഘനമാണ്. എബിവിപിയുടെ പഴയ കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലവാരത്തിൽനിന്ന് ഒരു പടിപോലും മാനസികമായി ഉയരാൻ ഈ കേന്ദ്ര സഹമന്ത്രിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. സ്വർണക്കടത്ത് കേസിൽ തുടക്കംമുതൽ സംശയനിഴലിലാണ് മുരളീധരൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ ആവർത്തിച്ച് മറിച്ച് വ്യക്തമാക്കിയിട്ടും നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന് വാദിച്ച കേന്ദ്രമന്ത്രിയാണ് അദ്ദേഹം.  സ്വർണക്കടത്തിൽനിന്ന്, പെരുന്നാളിന് യുഎഇ കോൺസുലേറ്റ് സഹായക്കിറ്റ് നൽകിയ വിഷയത്തിലേക്ക് ശ്രദ്ധ തെന്നിക്കാനുള്ള ശ്രമംകൂടിയാണ് മുരളീധരൻ നടത്തുന്നതെന്ന് സംശയിക്കണം. പ്രോട്ടോകോൾ രേഖകളാണ് കത്തിപ്പോയതെന്ന് മന്ത്രി ആവർത്തിക്കുന്നതിൽനിന്ന് ഇത് ഊഹിക്കാം. ഒപ്പം സ്വന്തം ചാനൽത്തലവനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നതിന്റെ വേവലാതിയും മന്ത്രിക്കുണ്ടാകാം.

തീപിടിത്തത്തെപ്പറ്റി മറ്റ് ചില സംശയങ്ങൾ ന്യായമായും ഉയരാം. തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം ഒരു മിന്നൽ സമരത്തിന്‌ വഴിയോരുങ്ങിയതെങ്ങനെ എന്നതിൽ വ്യക്തതയില്ല. ചെറിയ രാഷ്ട്രീയനേട്ടത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ സമരം ആയിരുന്നതിനാൽ ഇതും അന്വേഷിക്കേണ്ടിവരും. ചില ചാനലുകൾ സ്ഥലത്തെത്തിയ അതിവേഗനീക്കവും സംശയാസ്പദമാണ്. അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക്‌ അതൊക്കെ പുറത്തുവരട്ടെ.

സെക്രട്ടറിയറ്റിൽ തീപിടിത്തം ആദ്യമല്ല. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആറു തവണയാണ്‌ തീപിടിത്തമുണ്ടായത്‌. എങ്കിലും കേന്ദ്ര സെക്രട്ടറിയറ്റിൽ ഉണ്ടാകാറുള്ളയത്ര തീകത്തൽ ഇവിടെ പതിവില്ല. ഡൽഹിയിലെ വിവിധ മന്ത്രാലയങ്ങളിൽ സമീപവർഷങ്ങളിൽ 20 തവണയാണ് തീപിടിത്തം ഉണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുണ്ട്.

സെക്രട്ടറിയറ്റിൽ പൊതുഭരണവകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഏതാനും ഫയലുകൾ കത്തിപ്പോയി. സർക്കാർ ഗസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്നത് സംബന്ധിച്ച ഫയലുകളാണ് ഇവയിൽ പലതുമെന്ന്‌ അധികൃതർ വ്യക്തമാക്കുന്നു. ഏത് ഫയൽപോയാലും അതിനൊക്കെ പകരം ഇ ഫയലുകൾ സെക്രട്ടറിയറ്റിൽ ലഭ്യമാണ്. ഏത്‌ കടലാസ് സെക്രട്ടറിയറ്റിൽ വന്നാലും അത് സ്കാൻചെയ്ത് നമ്പരിട്ട് ബന്ധപ്പെട്ട സെക്‌ഷനിൽ ഇ ഫോർമാറ്റിലാണ് എത്തുക.

സെക്രട്ടറിയറ്റിലും എട്ട്‌ കലക്ടറേറ്റിലും പൂർണമായും ഇ ഫയലിങ്‌ നടപ്പാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി നിയമസഭയിൽ മുമ്പ് പറഞ്ഞിരുന്നു. മറ്റിടങ്ങളിൽ നടപടി പുരോഗമിക്കുന്നു. അതുകൊണ്ടുതന്നെ രേഖകൾ കത്തിച്ച് ആർക്കും ആരെയും രക്ഷിക്കാനാകില്ല. ആ കാലമൊക്കെ പോയി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജൻസികൾ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽനിന്ന് ഇതുവരെ ആവശ്യപ്പെട്ട രേഖകൾ സർക്കാർ നൽകിക്കഴിഞ്ഞു. ഇനി ചോദിച്ചാലും കൊടുക്കാനും കഴിയും. അപ്രധാന ഫയലുകളാണ് കത്തിയതെന്ന്‌ പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ തകർന്നടിഞ്ഞ യുഡിഎഫ് അതിൽനിന്ന് കരകയറാം എന്ന പ്രതീക്ഷയിലാണ് തീപിടിത്തത്തിന്റെ പേരിൽ, മലയാളിയുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യംചെയ്യുന്ന മട്ടിൽ, ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വ്യക്തം.ബിജെപിക്ക്‌ സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധതിരിക്കുകയും വേണം. ഇരുകൂട്ടരും തീപിടിത്തത്തിനു പിന്നാലെ ഒന്നിച്ചിറങ്ങി നടത്തിയ അക്രമസമരത്തിനു പിന്നിൽ ഈ ദുഷ്ടലാക്കാണുള്ളത്. പക്ഷേ, സ്വർണക്കടത്ത് ആരോപണം തിരിച്ചടിച്ചതുപോലെയും ലൈഫ് പദ്ധതി തകർക്കാനുള്ള നീക്കം പൊളിഞ്ഞതുപോലെയും ഇതും അപഹാസ്യനാടകമായി അവസാനിക്കുമെന്ന് ഉറപ്പാണ്.

deshabhimani editorial

കുരുക്ക്‌ മുറുകി; അനിൽ നമ്പ്യാർ "ജനം' ടിവി ചുമതലയിൽ നിന്നൊഴിഞ്ഞു; ആശങ്കയിൽ ബിജെപി

 തിരുവനന്തപുരം > സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തതിനു പിന്നാലെ ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അനില്‍ നമ്പ്യര്‍. അനിൽ നമ്പ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ അനില്‍ നമ്പ്യാരോട് ചാനല്‍ മാനേജ്‌മെന്റ് രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തത്കാലത്തേക്ക് മാറി നില്‍ക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് അറിയുന്നത്. അനിലിലൂടെ കേസ്‌ ബിജെപിയിലേക്ക്‌ എത്തുന്നതിന്‌ മുമ്പേയുള്ള പാർട്ടി തീരുമാനമാണ്‌ ഇതെന്ന്‌ അറിയുന്നു. നയതന്ത്ര ബാഗേജ്‌ അല്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്‌താവനയും അതെപ്പറ്റിയുള്ള സ്വപ്‌നയുടെ മൊഴിയും കേസിൽ ബിജെപിയുടെ ഉന്നതബന്ധങ്ങളിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് കള്ളക്കടത്ത് വിഷയം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫോണില്‍ സംസാരിച്ച ആളുകളിലൊരാള്‍ അനില്‍ നമ്പ്യാരായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്‌തത്

അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന്‌ സ്വപ്‌ന; ബിജെപിക്ക്‌ വേണ്ടിയും സഹായം തേടിയെന്ന്‌ മൊഴി

കൊച്ചി> ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് സ്വപ്‌ന സുരേഷാണ്. ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.  നിരവധി തവണ കണ്ടിട്ടുണ്ടെന്നും അനിൽ നമ്പ്യാരുടെ ബന്ധുവിന്റെ കടയുദ്‌ഘാടനത്തിന്‌ കോൺസുൽ ജനറലിനെ കൊണ്ടുപോയത്‌ താനാണെന്നും സ്വപ്‌ന മൊഴിയിൽ പറയുന്നു.

അനിൽ നമ്പ്യാരുടെ പേരിൽ യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നതിതാൽ യാത്രവിലക്ക്‌ ഉണ്ടായിരുനനു. .അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി അനിലിന്‌ ദുബായ് സന്ദർശിക്കേണ്ടിയിരുന്നു.  അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനിൽ നമ്പ്യാർ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചു. അതനുസരിച്ച് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകി. അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിന്റെ സഹായങ്ങളും അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി.

ബന്ധുവിന്റെ ടൈൽ കട ഉദ്ഘാടനത്തിന് യു.എ.ഇ കോൺസുൽ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാൻ കഴിയുമോ എന്നും ആരാഞ്ഞു. താൻ അത് ഏറ്റു. അതിന് ശേഷം ടൈൽ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോൺസുൽ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താൻ കോൺസൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മാക്ബുക്ക് സമ്മാനമായി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നൽകി. ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

സ്വർണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ അത് നിർത്താൻ കോൺസുൽ ജനറൽ തന്റെ സഹായം അഭ്യർത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദേശിച്ചു. അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസുൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസുൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നൽകാം എന്ന് അനിൽ നമ്പ്യാർ അറിയിച്ചു. എന്നാൽ ആ സമയത്ത് താൻ സ്വയംരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്‌ന സുരേഷ് മൊഴി നൽകി.

ചാനൽ മേധാവിയുടെ വെളിപ്പെടുത്തൽ ; ബിജെപി ഉന്നതരും സംശയനിഴലിൽ

സ്വർണക്കടത്ത്‌ കേസിൽ ആർഎസ്‌എസ്‌ ചാനൽ മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതോടെ ഉന്നത ബിജെപി നേതാക്കളും സംശയനിഴലിൽ. മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ അടക്കമുള്ളവരുമായി ബിജെപി നേതാക്കൾക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച്‌  അന്വേഷണസംഘത്തിന്‌ നിർണായക വിവരങ്ങൾ കിട്ടിയതായി സൂചനയുണ്ട്‌. സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അനിൽ നമ്പ്യാരെ അന്വേഷണസംഘം ചോദ്യംചെയ്‌തത്‌. യുഎഇ കോൺസുലേറ്റ്‌ ഉന്നതരെ ബിജെപിയുമായി അടുപ്പിച്ചത്‌ താൻ പറഞ്ഞത്‌ പ്രകാരമാണെന്ന സ്വപ്‌നയുടെ മൊഴി അനിൽ നമ്പ്യാർ ശരിവച്ചു.

സ്വർണക്കടത്ത്‌ കണ്ടെത്തിയ ജൂലൈ അഞ്ചിന്‌ സ്വപ്‌ന സുരേഷും അനിൽ നമ്പ്യാരും തമ്മിൽ രണ്ടുതവണ മൊബൈലിൽ സംസാരിച്ചു. ബാഗേജ്‌ വിട്ടുകിട്ടിയില്ലെങ്കിൽ സരിത്തിനോട്‌ കുറ്റം ഏൽക്കാൻ പറയണമെന്നും ബാക്കിയെല്ലാം  തങ്ങൾ നോക്കിക്കൊള്ളാമെന്നും അനിൽ നമ്പ്യാർ പറഞ്ഞിരുന്നു.  ഇതാണ്‌ ബിജെപി നേതൃത്വത്തിലേക്ക്‌ സംശയമുന നീളാൻ വഴിയൊരുക്കിയത്‌. 

സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ ചിലർക്കുള്ള വൻ സ്വത്തിനെക്കുറിച്ചും അന്വേഷണ സംഘത്തോട്‌ അനിൽ നമ്പ്യാർ സൂചനകൾ നൽകിയതായാണ്‌ വിവരം.അനിൽ നമ്പ്യാർക്ക്‌ ബിനാമി നിക്ഷേപമുള്ളതെന്ന്‌ ആരോപണമുള്ള തിരുവനന്തപുരത്തെ ടൈൽസ്‌ ഷോറും 2019ൽ യുഎഇ കോൺസുലേറ്റ്‌ ജനറലാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഈ ഷോറൂമിലെ മറ്റൊരു പങ്കാളിയുടെ പേരിലുള്ള  ശാസ്‌തമംഗലത്തെ ആഡംബര ഫ്‌ളാറ്റിൽ സ്വപ്‌നയും ചില ബിജെപി ഉന്നത നേതാക്കളും ഒത്തുകൂടിയതിന്റെ തെളിവും അന്വേഷണ സംഘത്തിന്‌ കിട്ടി. കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ എന്നിവരുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്‌ ആർഎസ്‌എസ്‌ ചാനൽ കോ–-ഓർഡിനേറ്റിങ്‌ എഡിറ്ററായ അനിൽ നമ്പ്യാർ.

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ്‌ നയതന്ത്ര പാഴ്‌സലല്ലെന്ന്‌ കസ്‌റ്റംസിന്‌ എഴുതിക്കൊടുക്കാൻ സ്വപ്‌നയോട്‌ നിർദേശിച്ചത്‌ അനിൽ നമ്പ്യാരാണ്‌. വ്യക്തിപരമായ ബാഗേജ്‌ ആണെന്നും വിട്ടുതരാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചയക്കണമെന്ന്‌ കോൺസുലേറ്റ്‌ ജനറലിന്റെ മേൽ വിലാസത്തിൽനിന്ന്‌ സ്വപ്‌ന മെയിൽ അയക്കുകയും ചെയ്‌തിരുന്നു. നയതന്ത്ര ബാഗേജ്‌ അല്ല പിടിച്ചതെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ അതിനുശേഷമാണ്‌ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വാദം ഉയർത്തിയത്‌.

സ്വർണക്കടത്തുകേസ്; കൊല്ലത്ത്‌ കോൺഗ്രസ്‌‌ – ബിജെപി രഹസ്യചർച്ച, സംഭവം എൻഐഎയും ഇഡിയും എത്തിയതിന്‌ പിന്നാലെ

കൊല്ലം > സ്വർണക്കടത്തുകേസിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ പങ്കിനെക്കുറിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി)‌ അന്വേഷണം നടക്കുന്നതിനിടെ കോൺഗ്രസ്‌ നേതൃത്വവും ബിജെപി സംസ്ഥാന നേതാവുമായി രഹസ്യചർച്ച. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിശ്വസ്‌തനും കൊല്ലം ജില്ലയിൽനിന്നുള്ള മുൻ സംസ്ഥാന ഭാരവാഹിയുമായ നേതാവുമായാണ്‌ ‌സംസ്ഥാന നേതാവ്‌ ഉൾപ്പെട്ട ഡിസിസി നേതൃത്വം കഴിഞ്ഞ ദിവസം ചർച്ച നടത്തിയത്‌.

ആരോപണവിധേയനായ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ മുൻ മാനേജരിൽനിന്ന്‌ ‌അന്വേഷണ ഏജൻസി  മൊഴിയെടുത്തതിനെതുടർന്നു നടന്ന ചർച്ചയിൽ ചില ധാരണയുണ്ടായതായാണ്‌ സൂചന. മുൻ മാനേജർ മണ്ഡലം പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ‌പെട്രോൾ പമ്പ്‌ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ചുമതലക്കാരനായിരുന്നു. മണ്ഡലം പ്രസിഡന്റിനെതിരെ പരാതി നൽകിയവരിൽ ഒരാൾക്ക്‌  ബിജെപിയുമായി ബന്ധമുണ്ട്‌‌. പരാതിക്കാരനുമായി അടുപ്പമില്ലെങ്കിലും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള ബന്ധമാണ്‌ ‌ ബിജെപി  നേതാവുമായുള്ള ചർച്ചയ്‌ക്ക്‌ ആധാരം.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ വൻ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ്‌ ‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ പരാതി ലഭിച്ചത്‌. സ്വർണക്കടത്തുകേസിൽ  എൻഐഎയും ഇഡിയും കൊല്ലത്ത്‌ എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. മണ്ഡലം പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ‌ഒരു‌ സ്ഥാപനത്തിൽ സ്വപ്‌ന സുരേഷിനെ കണ്ടതായും പരാതിയിലുണ്ട്‌.

മൊഴിക്കുശേഷമുള്ള ആരോപണവിധേയരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്‌. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന്‌ മുന്നറിയിപ്പു‌ നൽകിയാണ്‌  ഇഡിയും എൻഐഎയും മുൻ മാനേജരെ മടക്കിയത്‌.

courtesy: deshabhimani