തിരുവനന്തപുരം > സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എൻഐഎയും കസ്റ്റസും ആവശ്യപ്പെട്ട ഒരു രേഖയും ഇല്ലെന്ന് മലയാള മനോരമയും. തീപിടിത്തമുണ്ടായ വിഭാഗത്തിൽ നിർണായക ഫയലുകൾ, പ്രോട്ടോക്കോൾ ഓഫീസ് ഇനി നൽകാനുള്ളത് എന്നീ എന്ന തലക്കെട്ടിലെ വാർത്തകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
മനോരമ വിഷലിപ്‌തമായ തലക്കെട്ടിലെ വാർത്തയ്‌ക്കുള്ളിൽ പറയുന്ന വസ്‌തുതകൾ ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിക്കുന്നു. കസ്റ്റംസും എൻഐഎയും ആവശ്യപ്പെട്ട ഒരു രേഖയും തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിലില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറിക്കെതിരെ മനോരമയുടെ ഐബി ഭീഷണി
സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടിത്തമുണ്ടായ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിച്ച ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്‌ക്കെതിരെ മനോരമ. സെക്രട്ടറിയറ്റ് മാന്വൽ പ്രകാരം സെക്രട്ടറിയറ്റിന്റെ സൂക്ഷിപ്പുകാരൻ ചീഫ് സെക്രട്ടറിയാണ്. ആ ഉത്തരവാദിത്തം ഏറ്റെടുത്താണ് സെക്രട്ടറിയറ്റിലേക്ക് മാധ്യമസംഘമടക്കം ഇരച്ചുകയറി തെളിവ് നശിക്കാനിടവരുത്തുന്ന ശ്രമത്തെ അദ്ദേഹം തടഞ്ഞത്. ഇതിന്റെ പേരിൽ ചീഫ് സെക്രട്ടറിക്കെതിരെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയെന്നാണ് മനോരമ തട്ടിവിടുന്നത്. കേന്ദ്രം അന്വേഷണം വന്നാൽ പ്രതിരോധത്തിലാകുമെന്ന ‘മുന്നറിയിപ്പു’മുണ്ട്.
ചൊവ്വാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് അനധികൃതമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിക്കാർ അതിക്രമിച്ച് കയറി. ഒപ്പം മാധ്യമപ്പടയും. സെക്രട്ടറിയറ്റ് സുരക്ഷാമേഖലയാണ്. കോവിഡ് കാലമായതിനാൽ അതീവ സുരക്ഷയിലുമാണ്. പരിശോധിക്കാതെ ആരെയും കടത്തിവിടില്ല. ശരീരോഷ്‌മാവ് അടക്കം പരിശോധിക്കും. ജീവനക്കാരല്ലാത്തവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തുന്നുമുണ്ട്. ഷോർട്ട് സർക്യൂട്ടാണെങ്കിലും തീപിടിത്തമുണ്ടായ സ്ഥലത്ത് ഫോറൻസിക് പരിശോധനയടക്കം നടത്തണം. അതിനു വിഘാതമാകുന്ന നീക്കങ്ങളെ തടയുകയായിരുന്നു അദ്ദേഹം .
കത്തിയത് പന്ത്രണ്ട് ഫയൽ മാത്രം ; കൂടുതലും ഗസറ്റ് വിജ്ഞാപനത്തിന്റെ കോപ്പി ; ഷോർട്ട് സർക്യൂട്ടെന്ന് ഫയർഫോഴ്‌സും
സെക്രട്ടറിയറ്റ് പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ ഭാഗികമായി കത്തിയത് വെറും പന്ത്രണ്ട് ഫയലുകൾ. ഇതിൽ അഞ്ച് ഫയലിന്റെ അരികുകൾ മാത്രമാണ് കത്തിയത്. പലതിന്റേയും ഇ ഫയലുമുണ്ട്. ഡോ. കൗശികിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് ഈ പ്രാഥമിക വിലയിരുത്തൽ. കത്തിയത് കൂടുതലും ഗസറ്റ് വിജ്ഞാപനത്തിന്റെ കോപ്പിയാണ്. ക്വാറന്റൈനിലുള്ള ജീവനക്കാർ എത്തിയ ശേഷം വിശദ പരിശോധന നടത്തും.
അതിനിടെ തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട്‌മൂലമെന്ന് ഫയർഫോഴ്‌സ് അന്വേഷണ സംഘവും റിപ്പോർട്ട് നൽകി. റീജ്യണൽ ഫയർ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് വിശദമായ പരിശോധനയ്‌ക്കുശേഷം ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ ഡിജിപി ആർ ശ്രീലേഖ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പൊളിറ്റിക്കൽ വിഭാഗത്തിലെ കേടായ സീലിങ് ഫാനിൽനിന്നായിരുന്നു ഷോർട്ട് സർക്യൂട്ട് എന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ ഇവരുടെ റിപ്പോർട്ടും കൈമാറും.
തീപിടിത്തമുണ്ടായ ഉടൻതന്നെ റീജ്യണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ആദ്യം എത്തിയ ഫയർ ഓഫീസർമാരിൽനിന്ന് വിവരം ശേഖരിച്ചു. സ്ഥലം വിശദമായി പരിശോധിച്ച് അതിന്റെ സ്വഭാവവും പഠിച്ചു. തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത്തരം തീപിടിത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് മറ്റൊരു റിപ്പോർട്ട്‌കൂടി സമർപ്പിക്കും. സെക്രട്ടറിയറ്റ് സുരക്ഷ ശക്തമാക്കാനുള്ള നടപടിക്രമം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉടൻ തയ്യാറാക്കും.
ഫയർഫോഴ്‌സ് നിഗമനം
ആദ്യം എത്തിയത് ഫയർ ഓഫീസർ മുഹമ്മദ്. കതകും ജനാലയും അടഞ്ഞ് കിടന്നതിനാൽ വായുസഞ്ചാരമില്ലാതെ പുകയായിരുന്നു അകം നിറയെ. ജനാല തുറന്നപ്പോൾ ഓക്‌സിജൻ അകത്ത് കയറിയപ്പോഴാണ് തീ പാളിയത്. അത് അപ്പോൾ തന്നെ അണച്ചു.
ഭാഗികമായി കത്തിയ ഫയലുകൾ
● വ്യവസായ മന്ത്രിയുടെ വീട് വാടക വർധിപ്പിക്കൽ
● മന്ത്രി മന്ദിരങ്ങളിൽ സാധനങ്ങൾ വാങ്ങൽ
● കേരള ഹൗസിൽ ഇലക്‌ഷൻ വകുപ്പ് ജീവനക്കാർക്ക് റിസർവേഷൻ അനുവദിക്കൽ
●മലപ്പുറം ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വീഴ്‌ച വരുത്തിയത് സംബന്ധിച്ച പരാതി
● മന്ത്രി എ കെ ബാലന്റെ എംപി പെൻഷൻ സംബന്ധിച്ച അപേക്ഷ.
(ഇവയിൽ പലതിന്റെയും അക്ഷരങ്ങൾ പൂർണമായും മാഞ്ഞിട്ടില്ല.)
സുപ്രധാന ഫയലുകൾ കത്തിയിട്ടില്ല: മുഖ്യമന്ത്രി
സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ ഒന്നുപോലും കത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊളിറ്റിക്കൽ 2എ, പൊളിറ്റിക്കൽ അഞ്ച് എന്നീ സീറ്റുകൾക്കടുത്തായിരുന്നു കത്തിയത്. അവിടെയുണ്ടായിരുന്ന ഫയലുകളുടെ ചില ഭാഗങ്ങൾ മാത്രമാണ് കത്തിയത്. അന്വേഷണത്തിനായി വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ഒരാഴ്‌ചയ്‌ക്കകം ലഭിക്കും. അന്വേഷണത്തിൽ എല്ലാ കാര്യവും വ്യക്തമാകും. റിപ്പോർട്ട് വരുംവരെ എല്ലാവരും കാത്തിരിക്കുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയറ്റിലെ സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
റഷീദ് ആനപ്പുറം
No comments:
Post a Comment