Saturday, August 29, 2020

‘YONO, അഥവാ യൂ ഒൺലി നീഡ് വൺ !’ ‌രാജപ്രീതി തന്നെ ആപിന്റെ ലക്ഷ്യം

 കൊച്ചി> തെറ്റിദ്ധരിക്കണ്ട. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിൻ്റെ അധികം പഴക്കമല്ലാത്ത ഒരു ആപ്പിൻ്റെ ചുരുക്കപ്പേരാണ്, യോനോ. ''You only need one" അതാണ് പൂർണ രൂപം. ഇന്ന് രാജ്യത്താകെ ഒരു പൊതുവികാരം ഉയർത്തിക്കൊണ്ടുവരാൻ ചില ''ദേശസ്നേഹികളും '' ഇതേ രീതിയിലുള്ള മുദ്രാവാക്യം ഉയർത്തി വരുന്ന കാലമാണ്. ഒരിന്ത്യ ഒരു നികുതി, ഒരിന്ത്യ ഒരു നിയമം, ഒരിന്ത്യ ഒരു പാർട്ടി അങ്ങനെ അങ്ങനെ പലതും. ഇവിടെ അതിൻ്റെ ഒരു ചെറു മറുപതിപ്പ്. ഒരു ആപ്പിലൂടെ എല്ലാ സൗകര്യവും. എല്ലാം നല്ലതിനു തന്നെ. ഇടപാടുകാരെല്ലാം ആപ്പ് ഡൗൺലോഡുചെയ്തു. തുടക്കം അവരവരുടെതായ പിൻ അടിച്ചു കൊടുത്താണ് ആപ്പിലേക്കുള്ള പ്രവേശനം.

പൊതുമേഖലാ ബാങ്കിൻ്റെ ആപ്പാണ്. അത് കൊണ്ട് തന്നെ പൊതുവായ ജനകീയമായ സന്ദേശങ്ങൾ ആപ്പിലൂടെ കൈമാറുന്നത് സ്വാഭാവികം. തുടക്കത്തിൽ നല്ല സന്ദേശങ്ങളാണ് കൈമാറിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ /മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധികളിലേക്കുള്ള സംഭാവന, ദുരന്ത സമയങ്ങളിലെ പ്രധാന കർത്തവ്യങ്ങൾ അങ്ങനെ പലതും. എന്നാൽ ഇപ്പോഴോ, വ്യത്യസ്ഥമായ ഒരു സന്ദേശമാണ് ആപ്പിലേറിയാൽ കാണാനാകുന്നത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര സമിതിയുടെ അക്കൗണ്ടിലേക്ക് ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ ഉദാരമായി സംഭാവന ചെയ്യാനാണ് പൊതുമേഖലാ ബാങ്കിൻ്റെ ആപ്പിലൂടെ പുറത്ത് വരുന്ന ആപ്തവാക്യം! "തർക്കഭൂമിയെ" സംബന്ധിച്ച് സുപ്രീം കോടതിയിൽ നടന്ന കേസിൽ കോടതിയുടെ അത്യസാധാരണമായ ഒരു ഇടപെടലിലൂടെ രൂപീകൃതമായ ഒരു ട്രസ്റ്റിന് സംഭാവന നൽകാൻ ഒരു സർക്കാർ ബാങ്ക് അവരുടെ ആപ്പിലൂടെ നിർദ്ദേശം നൽകുന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതല്ലെ? ഇനി അതേ സുപ്രീംകോടതി അതേ വിധിയിൽ പറഞ്ഞ മസ്ജിദ് നിർമ്മാണ വേളയിലും ഈ പൊതുമേഖലാ ബാങ്ക് ഇതേ തരത്തിലുള്ള സംഭാവന ചോദിച്ച് സന്ദേശം പുറപ്പെടുവിക്കുമോ? അതോ ഈ കൊറോണക്കാലത്ത് നമ്മളാരുമറിയാതെ നമ്മുടെ ഭരണഘടനയിലൊക്കെ വേണ്ട മാറ്റങ്ങൾ വരുത്തിയോ? എന്തിനാണ് അതിലേക്കൊക്കെപ്പോകുന്നത് അല്ലെ? ഇതേ ട്രസ്റ്റിൻ്റെ ഇതേ അമ്പല നിർമ്മാണ ചടങ്ങിൽ സംബന്ധിച്ച് കല്ലിടൽ നിർവ്വഹിച്ചത് അതേ ഭരണഘടനയെ ചുംബിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി ജി തന്നെയായിരുന്നില്ലേ? അല്ല, കല്ലിടൽ കർമ്മത്തെ സ്വാതന്ത്ര്യ സമര ഏടുകളോട് ചേർത്ത് കെട്ടുകയായിരുന്നല്ലൊ അദ്ദേഹം. നമ്മുടെ സംസ്കാരത്തിൻ്റെ ആധുനിക മുഖമെന്ന വിശേഷണം കൂടി ഈ 'സത്കർമ്മത്തിന്' വാഴ്ത്തി നല്കിയ പ്രധാനമന്ത്രിയുടെ നാട്ടിലല്ലെ? അപ്പോൾ ആപ്പിൻ്റെ ലക്ഷ്യവും രാജ പ്രീതി തന്നെ.

മേൽതട്ടിലെ രാജഭക്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോഴും സർക്കാർ ബാങ്ക് തന്നെ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്. ബാങ്ക് ദേശസാൽക്കരണത്തിനും വളരെ മുൻപ് സർക്കാർ അധീനതയിൽ വന്ന വമ്പൻ ബാങ്ക്. നിരവധി മഹത് വ്യക്തിത്വങ്ങൾ നേതൃത്വം കൊടുത്ത് വളർത്തി വലുതാക്കിയതാണ് ഈ വലിയ ബാങ്കിനെ. 2013 ഒക്ടോബർ 7 ന് SBl യുടെ ചെയർ പേഴ്സണായി ചുമതലയേറ്റ അരുന്ധതി ഭട്ടാചാര്യയെ ഓർക്കുന്നില്ലെ? മൂന്നു വർഷമാണ് പ്രസ്തുത തസ്തികയുടെ കാലാവധി. കാലാവധി തീരാറായ വേളയിലാണ് SBl യെ വീണ്ടും വലുതാക്കാൻ ഭരണാധികാരികൾ ചില പുതിയ ലയന പദ്ധതി പ്രഖ്യാപിച്ചത്. സംഘടനകളെല്ലാം എതിർത്ത് സമരം പ്രഖ്യാപിച്ചു. പതിവുപോലെ മുഖ്യ സംഘടനാ തലവൻ ധനമന്ത്രിയെക്കണ്ട് SBl യെ വിട്ട് മറ്റ് സബ്സിഡറികളെ ലയിപ്പിച്ച് തൻ്റെ സംഘടനയെ കാപ്പാക്കണമെന്ന് അപേക്ഷിച്ചു. ധനമന്ത്രി ഒന്നിരുത്തി ഓ.കെ. മൂളിയതും, സബ്സിഡറി ലയനത്തിന് യൂണിയൻ ചീഫ് ഡബിൾ ഓ കെ പറഞ്ഞ് കത്ത് നൽകി. യൂണിയമുഖ്യൻ്റെ ലയനാംഗീകാര കത്ത് കിട്ടിയ ധനമന്ത്രി ഊറിച്ചിരിച്ചതും യഥാർത്ഥ ലയനം വേഗതയിലാക്കിയതും ഒക്കെ ചരിത്രം.

ഇതിനിടെ ചെയർപേഴ്സൺ അരുന്ധതി ഒരു പണി ചെയ്തു. പത്രക്കാരെ കണ്ട് ഒരു പ്രസ്താവന കാച്ചി. സബ്സിഡറി ബാങ്കുകളുടെ എസ്.ബി.ഐ. ലയനംകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ലെന്നായിരുന്നു കാച്ച്. സംഗതി കാറ്റ് പിടിച്ചു. ചെയർപേഴ്സണെ ധനമന്ത്രി പരിവാര സമേതമെത്തി യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയത്രെ. കൃത്യം രണ്ടാഴ്ച ചെയർപേഴ്സൺ മലക്കം മറിഞ്ഞു. ലയനം നടന്നു, എസ്.ബി.ഐ.വലിയ ബാങ്കായി.ദോഷം പറയരുതല്ലൊ? ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ, അത് കിട്ടി. 2016 ഒക്ടോബർ 6ന് കാലാവധിയാകേണ്ട ചെയർപേഴ്സൺ സ്ഥാനം 2017 ഒക്ടോബർ 6 വരെ നീട്ടി. അവിടെയും നിന്നില്ല. അത് കഴിഞ്ഞുള്ള കാര്യവും ഭദ്രമാക്കണ്ടെ. പിന്നെ പലതും വേഗതയിൽ നടന്നു. മണ്ണും വിണ്ണും സമുദ്രവും എല്ലാമെല്ലാം വീതം വച്ച് കൈക്കലാക്കുന്ന രാജ്യത്തെ മുതലാളിമാരിൽ വമ്പൻ, അംബാനി മുതലാളിയുടെ ജിയോ പേയ്മെൻ്റ് ബാങ്കിൽ 30% ഓഹരി കൂടി എടുക്കണമെന്ന കേന്ദ്ര ഭരണാധികാരികളുടെ നിർദ്ദേശവും ശിരസാവഹിക്കപ്പെട്ടു. പണ്ടത്തെ ഒരു കവി വാചകമുണ്ടല്ലൊ "വാർദ്ധക്യമെന്നൊരുവൻ കടലുണ്ട് മുന്നിലെന്ന്.'' അതായിരുന്നു മനസ്സിൽ. അത് ശരിയായി. ഏറ്റവും വലിയ പൊതു മേഖലാ ബാങ്കിൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തു നിന്ന് താഴെ ഇറങ്ങിയതും കിട്ടി പുതിയ സ്ഥാനം. ലോകത്തെ തന്നെ ഏറ്റവും വലിയ മുതലാളിയുടെ, റിലയൻസ് ഇൻസസ്ട്രീസിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ശ്രീമതി ഭട്ടാചാര്യ നിയോഗിക്കപ്പെട്ടു.

രാജ പാതയിൽ രജനീഷ് കുമാറും

SBl യിലെ ഇപ്പോഴത്തെ മേധാവി, ശ്രീ.രജനീഷ് കുമാർ. 2017 ഒക്ടോബർ 7 നാണ് ചുമതലയേറ്റത്. പ്രായം അറുപതിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുതിയ പതവിയിലേക്കുള്ള സ്ഥാനാരോഹണം. ഇനി കഷ്ടി രണ്ട് മാസക്കാലാവധി കൂടിയേ ബാക്കിയുള്ളു. അത് കൊണ്ട് തന്നെ ഉടനെ ഉടയവരുടെ ഇഷ്ട പുസ്തകത്തിലിടം നേടണം. അതിനെന്തു വഴി? അതായിരുന്നു ചിന്ത. അതുകൊണ്ട് ആദ്യം ഒരു പ്രസ്താവന ഇറക്കി.മറ്റൊന്നുമല്ല, ബാങ്കിടപാടുകളിൽ 9% മാത്രമാണ് ഇപ്പോൾ ശാഖകളിലൂടെ നേരിട്ട് നടക്കുന്നുള്ളൂ, ബാക്കി 91% വും ഡിജിറ്റൽ ഇടപാടുകളെന്ന്. ഡിജിറ്റലിനായി ജനങ്ങളുടെ കൈയിലിരുന്ന കറൻസി പോലും ഒറ്റയടിക്ക് പീറ പേപ്പറാക്കി മാറ്റിയവരാണല്ലൊ ഭരണക്കാർ. അവർക്ക് ഒരാവേശമുണ്ടാക്കാനായിരുന്നു തട്ട്.

മറ്റൊന്ന് നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളെയും തൻ്റെ മുൻഗാമിയുടെ ഇപ്പോഴത്തെ മേലാളൻമാരെയും അവരുടെയൊക്കെ ചെറു ബാങ്കുകളെയും പ്രോൽസാഹിപ്പിക്കുക, അതൊക്കെയായിരുന്നു ലക്ഷ്യം. സംഗതി എത്തേണ്ടിടത്തൊക്കെ വേണ്ട രീതിയിലെത്തി. എന്നിട്ടും എന്തോ ഒരു കുറവ്. ഉടനെ കൊടുത്തു അടുത്ത തട്ട് .പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിച്ചാലും സമ്പദ് മേഖലക്ക് ഒരു കുഴപ്പവും വരില്ല പോലും. മാത്രമല്ല സമ്പദ് മേഖലക്ക് അത് ഒരു പുത്തനുർവേകുകയേയുള്ളൂ പോലും. 1980 ൽ SBl എന്ന പൊതുമേഖലാ ബാങ്കിൽ ഔദ്യോഗിക ജീവിതം തുടങ്ങി,പൊതു മേഖലയുടെ തണലിൽ വളർന്നു വലുതായി, ഇപ്പോഴും പൊതുമേഖലയുടെ എല്ലാ സൗകര്യവും പറ്റി പിരിഞ്ഞു പോകാറായപ്പോൾ, പൊതുമേഖലയല്ല പോലും നല്ലത്. യജമാനൻമാരുടെ കാലു നക്കിയാൽ മുഖ്യമന്ത്രി പദം പോലും കിട്ടുമെന്ന കാലമാണ്. നോട്ടമതാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഉടനെതന്നെ ദേശ സ്നേഹം ഒന്നുകൂടി വ്യക്തമാക്കി ഇരിക്കുന്ന കസേര വിട്ടൊഴിയുന്നതല്ലെ ചെയർമാനേ നല്ലത്. അതല്ല രണ്ട് മാസത്തിനിടക്ക് ജിയോ മുതലാളിക്ക് ബാങ്കിനെ തന്നെ കൈമാറാനാണോ അണിയറയിലെ ശ്രമമെന്നതും പറയുക വയ്യ.

രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് ഇപ്പം കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളിയാണെന്നാണ് സംസാരം. തെളിമയാർന്ന വാർത്തകൾ മാത്രം കൈകാര്യം ചെയ്യുന്ന നമ്മുടെ മാധ്യമ മുതലാളിമാരാരും സാധാരണക്കാരൻ്റെ ജീവിത സമ്പാദ്യം കുത്തിച്ചോർത്തിക്കൊണ്ടു പോകുന്നതിന് തയ്യാറെടുത്ത് നിൽക്കുന്ന സംഭവങ്ങളോ അതിന് ചൂട്ടു പിടിക്കുന്ന രജനീഷുമാരുടെ ചെയ്തികളോ ഭരണഘടനക്കു പോലും ആപ്പുവക്കുന്ന യോനോ ആപ്പുകളെയോ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

*

എസ് എസ് അനിൽ

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


No comments:

Post a Comment