തിരുവനന്തപുരം > സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്‌റ്റംസ് ചോദ്യം ചെയ്‌തതിനു പിന്നാലെ ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അനില്‍ നമ്പ്യര്‍. അനിൽ നമ്പ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ അനില്‍ നമ്പ്യാരോട് ചാനല്‍ മാനേജ്‌മെന്റ് രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തത്കാലത്തേക്ക് മാറി നില്‍ക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് അറിയുന്നത്. അനിലിലൂടെ കേസ് ബിജെപിയിലേക്ക് എത്തുന്നതിന് മുമ്പേയുള്ള പാർട്ടി തീരുമാനമാണ് ഇതെന്ന് അറിയുന്നു. നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്‌താവനയും അതെപ്പറ്റിയുള്ള സ്വപ്‌നയുടെ മൊഴിയും കേസിൽ ബിജെപിയുടെ ഉന്നതബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് കള്ളക്കടത്ത് വിഷയം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫോണില്‍ സംസാരിച്ച ആളുകളിലൊരാള്‍ അനില്‍ നമ്പ്യാരായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്‌തത്
അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വപ്‌ന; ബിജെപിക്ക് വേണ്ടിയും സഹായം തേടിയെന്ന് മൊഴി
കൊച്ചി> ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് സ്വപ്‌ന സുരേഷാണ്. ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. നിരവധി തവണ കണ്ടിട്ടുണ്ടെന്നും അനിൽ നമ്പ്യാരുടെ ബന്ധുവിന്റെ കടയുദ്‌ഘാടനത്തിന് കോൺസുൽ ജനറലിനെ കൊണ്ടുപോയത് താനാണെന്നും സ്വപ്‌ന മൊഴിയിൽ പറയുന്നു.
അനിൽ നമ്പ്യാരുടെ പേരിൽ യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നതിതാൽ യാത്രവിലക്ക് ഉണ്ടായിരുനനു. .അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി അനിലിന് ദുബായ് സന്ദർശിക്കേണ്ടിയിരുന്നു. അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനിൽ നമ്പ്യാർ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചു. അതനുസരിച്ച് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകി. അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിന്റെ സഹായങ്ങളും അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി.
ബന്ധുവിന്റെ ടൈൽ കട ഉദ്ഘാടനത്തിന് യു.എ.ഇ കോൺസുൽ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാൻ കഴിയുമോ എന്നും ആരാഞ്ഞു. താൻ അത് ഏറ്റു. അതിന് ശേഷം ടൈൽ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോൺസുൽ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താൻ കോൺസൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മാക്ബുക്ക് സമ്മാനമായി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നൽകി. ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.
സ്വർണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ അത് നിർത്താൻ കോൺസുൽ ജനറൽ തന്റെ സഹായം അഭ്യർത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദേശിച്ചു. അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസുൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസുൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നൽകാം എന്ന് അനിൽ നമ്പ്യാർ അറിയിച്ചു. എന്നാൽ ആ സമയത്ത് താൻ സ്വയംരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്‌ന സുരേഷ് മൊഴി നൽകി.
ചാനൽ മേധാവിയുടെ വെളിപ്പെടുത്തൽ ; ബിജെപി ഉന്നതരും സംശയനിഴലിൽ
സ്വർണക്കടത്ത് കേസിൽ ആർഎസ്‌എസ് ചാനൽ മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതോടെ ഉന്നത ബിജെപി നേതാക്കളും സംശയനിഴലിൽ. മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവരുമായി ബിജെപി നേതാക്കൾക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചനയുണ്ട്. സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽ നമ്പ്യാരെ അന്വേഷണസംഘം ചോദ്യംചെയ്‌തത്. യുഎഇ കോൺസുലേറ്റ് ഉന്നതരെ ബിജെപിയുമായി അടുപ്പിച്ചത് താൻ പറഞ്ഞത് പ്രകാരമാണെന്ന സ്വപ്‌നയുടെ മൊഴി അനിൽ നമ്പ്യാർ ശരിവച്ചു.
സ്വർണക്കടത്ത് കണ്ടെത്തിയ ജൂലൈ അഞ്ചിന് സ്വപ്‌ന സുരേഷും അനിൽ നമ്പ്യാരും തമ്മിൽ രണ്ടുതവണ മൊബൈലിൽ സംസാരിച്ചു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കിൽ സരിത്തിനോട് കുറ്റം ഏൽക്കാൻ പറയണമെന്നും ബാക്കിയെല്ലാം തങ്ങൾ നോക്കിക്കൊള്ളാമെന്നും അനിൽ നമ്പ്യാർ പറഞ്ഞിരുന്നു. ഇതാണ് ബിജെപി നേതൃത്വത്തിലേക്ക് സംശയമുന നീളാൻ വഴിയൊരുക്കിയത്.
സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ ചിലർക്കുള്ള വൻ സ്വത്തിനെക്കുറിച്ചും അന്വേഷണ സംഘത്തോട് അനിൽ നമ്പ്യാർ സൂചനകൾ നൽകിയതായാണ് വിവരം.അനിൽ നമ്പ്യാർക്ക് ബിനാമി നിക്ഷേപമുള്ളതെന്ന് ആരോപണമുള്ള തിരുവനന്തപുരത്തെ ടൈൽസ് ഷോറും 2019ൽ യുഎഇ കോൺസുലേറ്റ് ജനറലാണ് ഉദ്‌ഘാടനം ചെയ്‌തത്. ഈ ഷോറൂമിലെ മറ്റൊരു പങ്കാളിയുടെ പേരിലുള്ള ശാസ്‌തമംഗലത്തെ ആഡംബര ഫ്‌ളാറ്റിൽ സ്വപ്‌നയും ചില ബിജെപി ഉന്നത നേതാക്കളും ഒത്തുകൂടിയതിന്റെ തെളിവും അന്വേഷണ സംഘത്തിന് കിട്ടി. കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ എന്നിവരുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ആർഎസ്‌എസ് ചാനൽ കോ–-ഓർഡിനേറ്റിങ് എഡിറ്ററായ അനിൽ നമ്പ്യാർ.
തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര പാഴ്‌സലല്ലെന്ന് കസ്‌റ്റംസിന് എഴുതിക്കൊടുക്കാൻ സ്വപ്‌നയോട് നിർദേശിച്ചത് അനിൽ നമ്പ്യാരാണ്. വ്യക്തിപരമായ ബാഗേജ് ആണെന്നും വിട്ടുതരാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചയക്കണമെന്ന് കോൺസുലേറ്റ് ജനറലിന്റെ മേൽ വിലാസത്തിൽനിന്ന് സ്വപ്‌ന മെയിൽ അയക്കുകയും ചെയ്‌തിരുന്നു. നയതന്ത്ര ബാഗേജ് അല്ല പിടിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അതിനുശേഷമാണ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വാദം ഉയർത്തിയത്.
സ്വർണക്കടത്തുകേസ്; കൊല്ലത്ത് കോൺഗ്രസ് – ബിജെപി രഹസ്യചർച്ച, സംഭവം എൻഐഎയും ഇഡിയും എത്തിയതിന് പിന്നാലെ
കൊല്ലം > സ്വർണക്കടത്തുകേസിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പങ്കിനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വവും ബിജെപി സംസ്ഥാന നേതാവുമായി രഹസ്യചർച്ച. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിശ്വസ്‌തനും കൊല്ലം ജില്ലയിൽനിന്നുള്ള മുൻ സംസ്ഥാന ഭാരവാഹിയുമായ നേതാവുമായാണ് സംസ്ഥാന നേതാവ് ഉൾപ്പെട്ട ഡിസിസി നേതൃത്വം കഴിഞ്ഞ ദിവസം ചർച്ച നടത്തിയത്.
ആരോപണവിധേയനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മുൻ മാനേജരിൽനിന്ന് അന്വേഷണ ഏജൻസി മൊഴിയെടുത്തതിനെതുടർന്നു നടന്ന ചർച്ചയിൽ ചില ധാരണയുണ്ടായതായാണ് സൂചന. മുൻ മാനേജർ മണ്ഡലം പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ഉൾപ്പെടെ സ്ഥാപനങ്ങളുടെ ചുമതലക്കാരനായിരുന്നു. മണ്ഡലം പ്രസിഡന്റിനെതിരെ പരാതി നൽകിയവരിൽ ഒരാൾക്ക് ബിജെപിയുമായി ബന്ധമുണ്ട്. പരാതിക്കാരനുമായി അടുപ്പമില്ലെങ്കിലും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള ബന്ധമാണ് ബിജെപി നേതാവുമായുള്ള ചർച്ചയ്‌ക്ക് ആധാരം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വൻ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചത്. സ്വർണക്കടത്തുകേസിൽ എൻഐഎയും ഇഡിയും കൊല്ലത്ത് എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. മണ്ഡലം പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ സ്വപ്‌ന സുരേഷിനെ കണ്ടതായും പരാതിയിലുണ്ട്.
മൊഴിക്കുശേഷമുള്ള ആരോപണവിധേയരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകിയാണ് ഇഡിയും എൻഐഎയും മുൻ മാനേജരെ മടക്കിയത്.
courtesy: deshabhimani
No comments:
Post a Comment