Friday, April 3, 2009

ഇടതുപക്ഷവിരോധം വിലപ്പോകുമോ?

ഇടതുപക്ഷം മതവിശ്വാസികള്‍ക്ക് എതിരല്ല

കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും സഭയ്ക്കോ മതവിശ്വാസികള്‍ക്കോ എതിരാണെന്ന വാദം ശരിയല്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ക്കുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമാണ്. ഒറീസയില്‍ വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായ വിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി ആസ്ഥാനത്താണ് പ്രാര്‍ഥനയ്ക്ക് സൌകര്യം നല്‍കിയത്. മതന്യൂനപക്ഷങ്ങള്‍ പീഡനത്തിന് ഇരയാകുമ്പോഴെല്ലാം മനുഷ്യസ്നേഹപരമായി ഇടപെട്ടത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷം ഏതെങ്കിലും സഭയ്ക്കോ വിശ്വാസികള്‍ക്കോ എതിരാണെന്ന വാദം ജനങ്ങള്‍ അംഗീകരിക്കില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും കക്ഷികള്‍ക്ക് വോട്ടുചെയ്യണമെന്ന് യാക്കോബായ സഭ വിശ്വാസികളോട് പറയാറില്ല. എന്നാല്‍, സാമൂഹ്യനീതിയും സമത്വവും മതസൌഹാര്‍ദവും പുലരണമെന്ന് സഭ ആഗ്രഹിക്കുന്നു. വര്‍ഗീയശക്തികളെ എന്തുവില കൊടുത്തും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തണം. ആഗോളവല്‍ക്കരണവും പുത്തന്‍ സാമ്പത്തികനയങ്ങളും രാജ്യത്തെ കൂടുതല്‍ ദുരിതത്തിലേക്ക് നയിച്ചു. ക്രിസ്തു വിഭാവനംചെയ്ത ദൈവരാജ്യം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന സമൂഹമാണ്. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള ബദല്‍നയം ആവിഷ്കരിച്ച് നടപ്പാക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ഇതിനെ മനുഷ്യനന്മയുടെ പക്ഷമെന്നാണ് വിശേഷിപ്പിക്കുക.

മതേതരത്വത്തിനും മനുഷ്യസൌഹാര്‍ദത്തിനും അങ്ങേയറ്റം അപകടം സംഭവിച്ചിരിക്കുന്ന കാലത്ത് മതേതരസര്‍ക്കാര്‍ അധികാരത്തില്‍ വരണം. അയോധ്യമുതല്‍ ഒറീസവരെയുള്ള കാര്യങ്ങള്‍ ഭാരതീയ സംസ്കാരത്തിനുതന്നെ അപമാനമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുകയെന്ന മഹത്തായ ഭാരതീയ പൈതൃകമാണ് ക്രിസ്ത്യന്‍ സഭ ഇന്ത്യയില്‍ വളരാന്‍ കാരണം. ആ സഹിഷ്ണുതയും സാഹോദര്യചിന്തയും ഇവിടെ തല്ലിക്കെടുത്തുകയാണ്. നമുക്ക് നഷ്ടപ്പെട്ട നന്മയും മൂല്യങ്ങളും വീണ്ടെടുക്കണം. മനുഷ്യസ്നേഹപരമായ ആ കടമ നിര്‍വഹിക്കുന്ന രാഷ്ട്രീയശക്തികള്‍ക്കേ നാടിന്റെ രക്ഷയ്ക്കായുള്ള സമഗ്രമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കാനാകൂ. സഭാവിശ്വാസികളും മനുഷ്യനന്മയുടെ പക്ഷത്തേ നിലയുറപ്പിക്കൂ. അതിന് അവര്‍ക്ക് ഒരു ഇടയലേഖനത്തിന്റെയും സഹായം ആവശ്യമില്ല. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനും വിശ്വാസികളെക്കൊണ്ട് വോട്ടുചെയ്യിക്കാനും മെത്രാന്മാര്‍ പുറപ്പെടുന്നത് നാണക്കേടാണ്. കേരളത്തില്‍ സഭാമേധാവികള്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുമായി വിദ്യാഭ്യാസനയങ്ങളിലടക്കം ചില സഭാമേധാവികള്‍ക്കുള്ള അഭിപ്രായവ്യത്യാസം ചര്‍ച്ചചെയ്ത് പരിഹരിക്കണം.

യാക്കോബായ സുറിയാനി സഭ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ യൌസേബിയോസ്
(കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ വൈസ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം)

മാര്‍ക്സിസ്റ്റ് വിരോധം വിലപ്പോവില്ല

ക്രൈസ്തവ സമൂഹത്തിനിടയില്‍ മാര്‍ക്സിസ്റ്റ് വിരോധം ഇനിയും വിലപ്പോവില്ല. എല്‍ഡിഎഫ് വിജയിച്ചാലേ മതേതരത്വം നിലനിര്‍ത്താനാവൂ. സാമ്പത്തിക രാഷ്ട്രീയ മാര്‍ക്സിയന്‍ ചിന്തകള്‍ പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നതാണ്. കാലഘട്ടത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ രാഷ്ട്രീയ സാമ്പത്തിക നയത്തിലൂടെ മാത്രമെ കഴിയൂ. ഇടതുപക്ഷത്തിന് അനുകൂലമായി നിരവധി ഇടയശ്രേഷ്ഠന്മാര്‍ അഭിപ്രായം പറഞ്ഞത് ശുഭോദര്‍ക്കമാണ്. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ചില വിഷയങ്ങളിലൊഴികെ കമ്യൂണിസ്റ്റ് പാര്‍ടി ആശയങ്ങളോട് യോജിക്കുന്നു എന്നു പറഞ്ഞത് അതാണ്. കാതലിക് ബിഷപ്പ്സ് കോഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസ്താവന ഇടതുപക്ഷത്തിന് അനുകൂലമാണ്. ഒറീസയും ഗുജറാത്തും കര്‍ണ്ണാടകവുമൊക്കെ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ കേന്ദ്രത്തില്‍ ശക്തമായി നിലനില്‍ക്കണം. വര്‍ഗീയവാദികള്‍ വീടുകളും ആരാധനാലയങ്ങളും തകര്‍ത്ത ഒറീസയിലെ ക്രൈസ്തവര്‍ക്ക് സിപിഐ എം പാര്‍ടി ഓഫീസ് ആരാധനയ്ക്കായി തുറന്നുകൊടുത്തത് മഹത്തായ മാതൃകയാണ്. ക്രൈസ്തവര്‍ ഒറീസയില്‍ കൂട്ടക്കുരുതിക്ക് വിധേയരായപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും എവിടെയായിരുന്നു? ഗുജറാത്തില്‍ മുസ്ളീങ്ങള്‍ വംശഹത്യക്കിരയായപ്പോള്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്? ദേശവ്യാപകമായി മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ അരുതെന്നു പറയാന്‍ സിപിഐ എമ്മും ഇടതുപക്ഷവും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുക്കാനും മതേതരത്വവും മനുഷ്യത്വവും നിലനിര്‍ത്താനും എല്‍ഡിഎഫ് അധികാരസ്ഥാനങ്ങളിലെത്തണം.

മാര്‍ത്തോമ്മാ സഭയിലെ മുതിര്‍ന്ന വൈദികനും പ്രമുഖ ചിന്തകനുമായ ഫാ. എ പി ജേക്കബ്

സി.ബി.സി.ഐ. മാര്‍ഗരേഖയില്‍ നിന്ന്.

''ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കൊത്ത്‌ രാഷ്‌ട്രഗതിയെ നയിക്കാനും മാര്‍ഗഭ്രംശമുണ്ടായാല്‍ അതിനെ തിരുത്താനുമുള്ള ശക്തി ജനങ്ങളില്‍ത്തന്നെയാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഈ വിധത്തില്‍ നമ്മുടെ രാജ്യത്തെ ശക്തവും ശ്രേഷ്‌ഠവും സമ്പന്നവും നീതിനിഷ്‌ഠവുമാക്കാന്‍ ആവശ്യമായ കരുത്തും അര്‍പ്പണബോധവും സ്വഭാവവൈശിഷ്‌ട്യവുമുള്ള സ്ഥാനാര്‍ഥികളെ തന്നെയാണല്ലോ നാം തിരഞ്ഞെടുക്കേണ്ടത്‌. തീവ്രവാദം ചെറുക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും വര്‍ഗീയത ഉന്മൂലനം ചെയ്യാനും ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച്‌ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനും രാജ്യത്തെ സമഗ്ര പുരോഗതിയിലേക്ക്‌ നയിക്കാനും കഴിവുള്ള പാര്‍ട്ടികളെയും വ്യക്തികളെയുമാണ്‌ വിജയിപ്പിക്കേണ്ടത്‌. അവര്‍ അഴിമതിയുടെ കറപുരളാത്തവരും മാനുഷിക-ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുള്ളവരും ആയിരിക്കണം. നിരീശ്വരവാദവും അക്രമരാഷ്‌ട്രീയവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‌പിക്കുന്നവരാകരുത്‌. ദേശീയ താത്‌പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും അവഗണിച്ച്‌ വ്യക്തിതാത്‌പര്യങ്ങളും പാര്‍ട്ടി താത്‌പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരും ആയിരിക്കരുത്‌. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരുടെയും അവകാശങ്ങള്‍ നീതിപൂര്‍വം കാത്തുസംരക്ഷിക്കുവാന്‍ കടപ്പെട്ടിട്ടുണ്ടെന്ന്‌ ഓര്‍ക്കണം. നാം ജാഗ്രത പുലര്‍ത്തിയാലേ ഇത്‌ സാധിക്കൂ. നിതാന്തജാഗ്രതയാണ്‌ സ്വാതന്ത്ര്യത്തിനു കൊടുക്കേണ്ട വലിയ വില.

എല്ലാ മതങ്ങളെയും തുല്യമായി കാണുകയും ഭാഷ, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍, ദരിദ്രര്‍, സ്‌ത്രീകള്‍ മുതലായവരുടെ ക്ഷേമം ഉറപ്പു വരുത്തുക, ദളിത്‌ ക്രൈസ്‌തവരോട്‌ കാട്ടുന്ന വിവേചനം അവസാനിപ്പിച്ച്‌ അതേ സാമൂഹിക വ്യവസ്ഥിതിയില്‍പെട്ടവര്‍ക്കൊപ്പം തുല്യ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ താത്‌പര്യമുള്ളവരായിരിക്കണം നമ്മുടെ ജനപ്രതിനിധികള്‍. ഭാരതീയസംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്ക്‌ ക്ഷയം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈശ്വരവിശ്വാസം, സത്യം, നീതി, സാഹോദര്യം, സമഭാവന, സഹിഷ്‌ണുത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരായിരിക്കണം നമ്മുടെ ഭരണകര്‍ത്താക്കള്‍. വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രതയും മൂല്യങ്ങളും കാത്തു സംരക്ഷിക്കുന്നതോടൊപ്പം ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചെറുക്കുന്നവരുമായിരിക്കണം അവര്‍.''

ഇടതുപക്ഷ വിരുദ്ധമോ ഇടയലേഖനം

...........ഈ ദര്‍ശനത്തെ പിന്തുടര്‍ന്നാല്‍ വിദ്യാഭ്യാസ സംഘര്‍ഷങ്ങളാല്‍ ഇടക്കാലത്ത്‌ മുറിഞ്ഞുപോയ ക്രിസ്‌ത്യന്‍-മാര്‍ക്‌സിസ്റ്റ്‌ സംവാദത്തിന്റെ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കാനാകും എന്ന്‌ ഞാന്‍ കരുതുന്നു. ഇന്ത്യയിലെ ഇന്നത്തെ മൂര്‍ത്തമായ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്‌ അനിവാര്യമാണുതാനും. ഇടയലേഖനത്തിന്റെ ഇടതുപക്ഷ വിരുദ്ധ വ്യാഖ്യാനം ഇത്തരമൊരു സംഭവവികാസത്തെ തടയിടുന്നതിനുവേണ്ടിയാണ്‌. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പു താത്‌പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ദുര്‍വ്യാഖ്യാനം മാത്രമാണ്‌.

ഡോ.തോമസ് ഐസക്കിന്റെ ലേഖനത്തില്‍ നിന്ന്

2 comments:

  1. ക്രൈസ്തവ സമൂഹത്തിനിടയില്‍ മാര്‍ക്സിസ്റ്റ് വിരോധം ഇനിയും വിലപ്പോവുമോ?

    ReplyDelete
  2. ക്രിസ്തു വിഭാവനംചെയ്ത ദൈവരാജ്യം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന സമൂഹമാണ്. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള ബദല്‍നയം ആവിഷ്കരിച്ച് നടപ്പാക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ഇതിനെ മനുഷ്യനന്മയുടെ പക്ഷമെന്നാണ് വിശേഷിപ്പിക്കുക.

    ReplyDelete