Friday, April 17, 2009

ബംഗാളിന്റെ വികസനത്തില്‍ കോണ്‍ഗ്രസിന്റെ കണ്ണുകടി

ദേശീയ തലത്തില്‍ സിപിഐ എംന്റെ ശക്തമായ ഇടപെടല്‍ മൂലം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കാന്‍ മറ്റു കോപ്പുകളൊന്നും കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ബംഗാളിന്റെ മാത്രം പോരായ്മകള്‍ എടുത്തു കാട്ടി കൊണ്ട് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബംഗാളിനെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രചരണ ലഘുലേഖയിലെ കണക്കുകള്‍ അധികവും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. അതില്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും വ്യാജ നിര്‍മ്മിതവും യാഥാര്‍ത്ഥ്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത വയുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണക്കുകള്‍ നിരത്തിക്കൊണ്ടാണ് ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നത്. അതില്‍ പറയുന്ന മിക്ക കാര്യങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ വളരെ മെച്ചമാണ് ബംഗാളിന്റെ ഇന്നത്തെ സ്ഥിതി.

കോണ്‍ഗ്രസ് നേതൃത്വത്തിനു വേണ്ടി ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി ലഘുലേഖ പ്രസിദ്ധീകരിച്ച പിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പ്രണാബ് മുഖര്‍ജിയ്ക്കു തന്നെ അതിലെ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വ്യക്തമാണ്. അതിനാലാണ് അതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിനു അദ്ദേഹം തുനിയാതിരുന്നത്. പ്രണാബ് മുഖര്‍ജിയെ കൊണ്ടു തന്നെ തെറ്റായ വസ്തുതകള്‍ പറയിപ്പിച്ചതില്‍ കോണ്‍ഗ്രസിന് പ്രത്യേക ഉദ്ദേശ്യമുണ്ട്. പലപ്പോഴും പല വേദികളിലും ഇടതുമുന്നണി ഗവണ്മെന്റ് നടപ്പിലാക്കുന്ന ഗ്രാമീണ തൊഴില്‍ദാന പദ്ധതി, ദാരിദ്ര്യനിര്‍മ്മാര്‍ജനം, കൃഷി വികസനം, ആരോഗ്യ- സേവന നടപടികള്‍ തുടങ്ങിയ കാര്യങ്ങളെ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. മുഖര്‍ജി പുറത്തിറക്കിയ ചെറുപുസ്തകത്തില്‍ പറയുന്ന പരാമര്‍ശങ്ങള്‍ മിക്കതും മുമ്പ് അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളതിന് കടക വിരുദ്ധമായ കാര്യങ്ങളാണ്.

ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിന് കൊല്‍ക്കത്തയില്‍ ജെ ഡി ഡയബറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആരോഗ്യ രംഗത്ത് ബംഗാള്‍ ആര്‍ജിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചടങ്ങില്‍ സന്നിഹിതനായിരുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്ത പ്രണാബ് മുമ്പ് ചികിത്സക്കായി സംസ്ഥാനത്തെ ജനങ്ങള്‍ മറ്റുസംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നതെന്നും ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും അനുസ്മരിക്കുകയുണ്ടായി. ബംഗാളിലെ എല്ലാ പത്രങ്ങളിലും ഇത് ഫ്രണ്ട്പേജ് വാര്‍ത്തയായിരുന്നു.

2009 മാര്‍ച്ച് രണ്ടിന് പ്രതിദിന്‍ എന്ന ബംഗാളി ദിന പത്രം പ്രസിദ്ധീകരിച്ച 'ബംഗ്ളാര്‍ മുഖ്' എന്ന സപ്ളിമെന്റില്‍ പ്രണാബ് മുഖര്‍ജി എഴുതിയ ഒരു ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ മേഖലയില്‍ നടപ്പാക്കുന്ന തൊഴിലവസരം, വൈദ്യുതിവല്‍ക്കരണം, റോഡ് നിര്‍മ്മാണം എന്നീ രംഗങ്ങളിലെല്ലാം വളരെ പുരോഗതി കൈവരിച്ചതായി എടുത്തു കാട്ടി. ഭാരത് നിര്‍മ്മാണ്‍ പദ്ധതി പ്രകാരമുള്ള ഗ്രാമീണ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളുടെ സഹായത്തോടെ വളരെ തൃപ്തികരമായ രീതിയിലാണ് നടപ്പിലാക്കുന്നത്. വളരെയധികം തൊഴിലവസരങ്ങള്‍ ഇതുമൂലം ഉണ്ടായി. സംസ്ഥാനത്തെ 37910 ഗ്രാമങ്ങളില്‍ 31705 ഇടത്തും വൈദ്യുതിയെത്തി. മറ്റുസ്ഥലങ്ങളിലും എത്രയുംവേഗം വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നതായി മനസ്സിലാക്കുന്നു. ഗ്രാമീണ റോഡു നിര്‍മ്മാണവും വളരെ മുന്നോട്ടു പോയി. 2008-09 ല്‍ 4058 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. പശ്ചിമ ബംഗാളിലൊട്ടാകെ ഗ്രാമീണ തൊഴിലവസരം സൃഷ്ടിക്കല്‍ വളരെ നല്ലനിലയില്‍ നടക്കുന്നു. ജില്ലകളില്‍ ആളുകള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യുന്നു. സംസ്ഥാനത്ത് ആകെ 25 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. എല്ലാം കൂടി 504 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ ഇതില്‍ വന്‍തോതില്‍ പങ്കാളികളായി. സ്ത്രീകളുടെ പങ്കാളിത്തവും ഗണ്യമായുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് എതാണ്ട് 595 കോടി രൂപ സംസ്ഥാനത്ത് ഇതിനായി ഇതിനകം ചെലവഴിച്ചു. 36,201 പണികള്‍ പൂര്‍ത്തിയായി. 39,738 ഇടത്ത് പണി പുരോഗമിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഞാന്‍ കക്ഷി രാഷ്ട്രീയം ഇടകലര്‍ത്താറില്ല; ഇതാണ് മുഖര്‍ജിയുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും എതിരെ രൂക്ഷമായി നില കൊള്ളുന്ന പത്രമാണ് പ്രതിദിന്‍. അതില്‍ താന്‍ തന്നെ ഒരു മാസം മുമ്പ് എഴുതിയ കാര്യങ്ങള്‍ ദേശീയ തലത്തില്‍ ഇടതുമുന്നണിയേയും അതിനു നേതൃത്വം കൊടുക്കുന്ന സിപിഐഎംനേയും താറടിക്കാനായി പ്രണാബിന് ബോധപൂര്‍വ്വം മറച്ചു പിടിക്കേണ്ടിവന്നു.

പ്ളാനിംഗ് കമ്മീഷന്റേയും വിവിധ മന്ത്രാലയങ്ങളുടേയും കണക്കുകളില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് കോണ്‍ഗ്രസ് ലഘുലേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് കണക്ക് 1998-99ലെ വിവരമാണ് നല്‍കിയിരിക്കുന്നത്. അന്ന് 14 ശതമാനമായിരുന്നിടത്ത് ഇപ്പോള്‍ 8.56 ശതമാനം മാത്രമാണ് സംസ്ഥാനത്ത് കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ സ്കൂളുകളും നൂറുകണക്കിന് കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടലെടുത്തു. 1977ല്‍ സംസ്ഥാനത്തെ നിരക്ഷരതാ നിരക്ക് 64 ശതമാനമായിരുന്നത് ഇപ്പോള്‍ 14 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ 6535 പ്രാഥമിക ചികിത്സാ -ശിശുക്ഷേമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തൊട്ടാകെ 20 ശതമാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞപ്പോള്‍ ബംഗാളില്‍ അത് വര്‍ദ്ധിക്കുകയാണ്. ജനങ്ങളില്‍ 72 ശതമാനവും ഗവണ്മെന്റ് ചികിത്സയെയാണ് ആശ്രയിക്കുന്നത്.

രാജ്യത്തിനൊട്ടാകെ മാതൃകയായി ഏറ്റവും സമഗ്രമായി നടപ്പാക്കിയ ഭൂപരിഷ്കരണത്തെ കുറിച്ച് കോണ്‍ഗ്രസിന്റെ കൊച്ചു പുസ്തകത്തില്‍ ഒറ്റയക്ഷരവും ഉരിയാടിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ദേശീയ ശരാശരി വളര്‍ച്ചയേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ കൃഷിയില്‍ നേടിയ അഭിവൃദ്ധിയെ കൂറിച്ചും ഒന്നും മിണ്ടുന്നില്ല. ആ രംഗത്ത് ഒരു തരത്തിലും കൃത്രിമ രേഖ ചമയ്ക്കാന്‍ കഴിഞ്ഞില്ല.

ബംഗാളില്‍ ദാരിദ്ര്യം ഏറ്റവും അധികം വര്‍ദ്ധിച്ചത് 28 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്താണ്. 1977ല്‍ ഇടതുമുന്നണി ആദ്യമായി അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടു കിടക്കുകയായിരുന്നു. ഭക്ഷ്യോല്‍പാദനം ഏറ്റവും താഴെതട്ടിലായിരുന്നു. കൃഷി ഭൂമിയുടെ സിംഹഭാഗവും ജമിന്ദാര്‍മാരുടേയും വന്‍കിട ഭൂഉടമകളുടെയും കൈവശമായിരുന്നു. ഭൂരഹിതരായ കൃഷിക്കാരായിരുന്നു ബഹുഭൂരിപക്ഷവും. മിതമായി പോലും ഭക്ഷണം ലഭിക്കാതെ ബഹുഭൂരിപക്ഷം ജനങ്ങളും വലയുകയായിരുന്നു. മിക്ക അവശ്യവസ്തുക്കള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യോല്‍പാദനത്തില്‍ പശ്ചിമ ബംഗാള്‍ മുന്‍നിര സംസ്ഥാനമായി മാറി. പഞ്ചാബിനേയും ആന്ധ്രയേയും തള്ളി പിന്നിലാക്കിക്കൊണ്ട് അരിയുല്‍പ്പാദനത്തില്‍ ബംഗാള്‍ കുതിച്ചു കയറുകയാണ്. അതേപോലെ പച്ചക്കറി, മത്സ്യബന്ധനം എന്നിവയിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. പയറ്-പരിപ്പു വര്‍ഗങ്ങള്‍, എണ്ണക്കുരു എന്നിവയിലും ഗണ്യമായ നേട്ടമുണ്ടാക്കി. മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ ബംഗാള്‍ സ്വയം പര്യാപ്തതയുടെ വക്കത്തെത്തി. അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങി സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ 170.80 ലക്ഷം മെട്രിക് ടണ്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ 170.19 ലക്ഷം മെട്രിക് ടണ്ണും ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു. സമഗ്രമായ വളര്‍ച്ചയുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 1977ല്‍ ബംഗാളിലെ ജനസംഖ്യ 4 കോടിയായിരുന്നു. ഇപ്പോള്‍ അത് എട്ടര കോടി കവിഞ്ഞു. ജനസംഖ്യയിലുണ്ടായ ഈ വന്‍ വര്‍ദ്ധനവു കൂടി കണക്കിലെടുത്തുള്ള ഭക്ഷ്യ സ്വയം പര്യാപ്തത 32 വര്‍ഷത്തെ പ്രതിബദ്ധതയോടുകൂടിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഇപ്പോള്‍ കൃഷിയില്‍ ദേശീയ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. ദേശീയാടിസ്ഥാനത്തില്‍ 2.6 ശതമാനം വര്‍ദ്ധനയുണ്ടായപ്പോള്‍ ബംഗാളിലേത് 4.4 ശതമാനമാണ്.

ഫലപ്രദമായ ഭൂപരിഷ്കരണം, ആധുനിക സാങ്കേതിക മികവോടെയുള്ള കാര്‍ഷിക പദ്ധതികള്‍, ജലസേചന സൌകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ കൂടിയാണ് ഈ വന്‍ നേട്ടം കൈവരിച്ചത്. കാര്യക്ഷമമായി നടപ്പിലാക്കിയ ഭൂപരിഷ്കരണം ലക്ഷക്കണക്കിന് ഭൂരഹിതരായ പാവപ്പെട്ടവരെ ഭൂഉടമകളാക്കി. ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ലഭിച്ചത് സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നവര്‍ക്കാണ് . 2009 ജനുവരി 15 വരെ 11.26 ലക്ഷം ഏക്കര്‍ കൃഷിഭൂമി ആകെ വിതരണം ചെയ്തു. 30 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഇതു ലഭിച്ചത്. അതില്‍ 78 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ്. ബര്‍ഗാ ഓപ്പറേഷന്റെ പേരില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്ഥിര പങ്കുപാട്ട കൃഷി അവകാശം ലഭിച്ചു. ബംഗാളിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്ത് എടുത്തു പറയത്തക്ക വ്യതിയാനമാണ് ഇത് സൃഷ്ടിച്ചത്. 1977ല്‍ കൃഷി ഭൂമിയുടെ 32 ശതമാനം സ്ഥലത്തു മാത്രമായിരുന്നു ജലസേചന സൌകര്യമുണ്ടായിരുന്നത്. ഇപ്പോള്‍ അത് 78 ശതമാനമായി വര്‍ദ്ധിച്ചു. ഇതുമൂലം അരിയുല്‍പാദനം വന്‍തോതില്‍ കൂടി. ഒരുതവണ മാത്രം കൃഷിയിറക്കിയിരുന്ന പാടങ്ങളില്‍ മിക്കതും രണ്ടും മൂന്നും തവണ വീതം നെല്‍ കൃഷിയ്ക്കനുയോജ്യമായി. ഇപ്പോള്‍ സംസ്ഥാനത്തെ മൊത്തം അരിയുല്‍പാദനം 155.33ലക്ഷം ടണ്ണാണ്. സംസ്ഥാനത്തിന്റെ ആവശ്യം 137.62 ലക്ഷം ടണ്ണും. 128.4 ലക്ഷം ടണ്‍ പച്ചക്കറിയാണ് ഈ വര്‍ഷത്തെ ഉല്‍പാദനം. മറ്റു സംസ്ഥാനങ്ങളിലേക്ക് ഇവ കയറ്റിയയക്കുന്നു.

കൃഷി വീണ്ടും ആധുനിക പ്രക്രിയയിലൂടെ അഭിവൃദ്ധിപ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ദ്ദേശിക്കാനായി ഡോക്ടര്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാര്‍ഷിക കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗവണ്മെന്റ് നടപ്പാക്കാന്‍ തുടങ്ങി. കാര്‍ഷിക രംഗത്ത് തൊഴില്‍ അവസരവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് പുതുതായി നടപ്പാക്കുന്നത്. അതിനായി ഇതിനകം 64 ബയോഗ്രാമങ്ങള്‍ സംസ്ഥാനത്ത് രൂപീകരിച്ചു. ഓരോ ബ്ളോക്കിലും ഓരോ ബയോ ഗ്രാമം രൂപീകരിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതകളും ആവശ്യവും കണക്കിലെടുത്താണ് ഇത് നടപ്പാക്കുക. 2002-03 കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഇതുവഴി കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം ലഭ്യമായി. 2007-08 ല്‍ 2,73,000 ഹെക്ടര്‍ സ്ഥലം വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടു വന്നു.

കൃഷിയിലുണ്ടായ നേട്ടം നിലനിര്‍ത്തിക്കൊണ്ടാണ് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുള്ള വ്യവസായ വികസന പദ്ധതികള്‍ ഗവണ്മെന്റ് തയ്യാറാക്കിയത്. സംസ്ഥാനത്തെ ആകെ കൃഷി ഭൂമിയുടെ ഒരു ശതമാനം പോലും വ്യാവസായികാവശ്യത്തിനായി ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. കാര്യമായി ഗവണ്മെന്റില്‍ ഭൂമി നിക്ഷിപ്തമല്ലാത്തതിനാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത അവസരത്തില്‍ തക്കതായ പ്രതിഫലം നല്‍കിക്കൊണ്ടാണ് വ്യവസായത്തിനായി നാമമാത്രമായി ഭൂമി ഏറ്റെടുക്കുന്നത്. ഈ വസ്തുതകള്‍ മറച്ചുവെച്ചു കൊണ്ടാണ് ഇടതുമുന്നണിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഇടതുമുന്നണി ഭരണത്തിനിടയില്‍ ബംഗാളില്‍ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും വ്യവസായം വര്‍ദ്ധിപ്പിക്കാന്‍ കൃഷിയും കൃഷിഭൂമിയും തകര്‍ക്കുകയാണെന്നും ഘോര ഘോരം വായിട്ടടിക്കുന്ന മമതാ ബാനര്‍ജിക്കും അവരുടെ പാര്‍ടിക്കും പോലും കാര്‍ഷിക രംഗത്ത് ഇവിടെയുണ്ടായ ഈ വന്‍ വളര്‍ച്ചയെ അംഗീകരിക്കേണ്ടി വന്നു. അവര്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അത് പരോക്ഷമായെങ്കിലും സുചിപ്പിക്കേണ്ടിയും വന്നു. കൃഷി ഒഴിച്ചുള്ള എല്ലാ മേഖലകളിലും ബംഗാള്‍ വളരെ പിന്നിലാണെന്ന് ആരോപിക്കുന്ന മമത, വ്യവസായ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും അതിനായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യമായി പ്രഖ്യാപിച്ചു.

വ്യവസായ രംഗത്തും ബംഗാള്‍ കഴിഞ്ഞ വര്‍ഷം ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച നേടി. ആ രംഗത്ത് ദേശീയ ശരാശരി വളര്‍ച്ച 4.1 ആണെങ്കില്‍ സംസ്ഥാനത്തിന്റേത് 5.8 ശതമാനമാണ്.

ഇടതുമുന്നണി അധികാരത്തില്‍ വന്നതിനു ശേഷം ദാരിദ്ര്യ നിര്‍മ്മാര്‍ജനം അടിക്കടി മെച്ച പ്പെടുകയായിരുന്നു. കേന്ദ്ര ഗവണ്മെന്റ് കണക്കുകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നിരത്തിയ കണക്കുകള്‍ പലതും സ്വന്തം കക്ഷി നേതൃത്വം നല്‍കുന്ന ഗവണ്മെന്റിന്റെ കണക്കുകളുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവരുടെ ദേശീയ ശരാശരിയേക്കാളും കോണ്‍ഗ്രസ് ഗവണ്മെന്റ് ഭരണം നടത്തുന്ന ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളേക്കാളും വളരെ മെച്ചമാണ് ബംഗാളിന്റെ നില. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് ബംഗാളില്‍ നടപ്പിലാകുന്നത്. 1977 ല്‍ ബംഗാളിലെ ജനങ്ങളില്‍ 61 ശതമാനവും ദാരിദ്ര്യ രേഖക്കുതാഴെ കഴിയുന്നവരായിരുന്നു. അന്ന് ദേശീയ ശരാശരി 51 ശതമാനമായിരുന്നു. 1948 മുതല്‍ 77 വരെ ബംഗാളില്‍ 28 വര്‍ഷം കോണ്‍ഗ്രസ്സ് ഭരണമായിരുന്നു. 2005-06ലെ പ്ളാനിംഗ് കമ്മീഷന്റെ കണക്കു പ്രകാരം ദേശീയ തലത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവര്‍ 22 ശതമാനമായിരുന്നു. അന്ന് ബംഗാളില്‍ അത് 19 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ അതിലും താഴെയാണ്. സംസ്ഥാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പു നടത്തിയ സാമ്പത്തിക സര്‍വേയനുസരിച്ച് 14 ശതമാനമാണ് ഇപ്പോള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍. 50 വര്‍ഷത്തിലധികം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും 21 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നതിനെക്കുറിച്ച് പ്രണാബ് മുഖര്‍ജിയും കൂട്ടരും ഒന്നും മിണ്ടുന്നില്ല. ഇന്റര്‍നാഷണല്‍ ഫുഡ് പ്രോസസിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കനുസരിച്ച് 88 വികസ്വര രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 66ാമതാണ്. ഇതിനുത്തരവാദിയാരെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണം.

കോണ്‍ഗ്രസ് എന്നല്ല ആര് എന്തു കൃതിമ രേഖ ചമച്ച് ഇടതുമുന്നണിക്കും സിപിഐ എംനുമെതിരെ പ്രചരിപ്പിച്ചാലും ബംഗാള്‍ ജനത അത് വിശ്വസിക്കില്ല. അവരുടെ അനുഭവങ്ങളാണ് അവരുടെ സ്ഥിതിവിവരകണക്കുകള്‍. ഇടതുമുന്നണി സര്‍ക്കാര്‍ ജനകീയ താത്പര്യത്തിനനുസരിച്ച് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനാലാണ് തുടര്‍ച്ചയായി ജനങ്ങള്‍ അവരെ അധികാരത്തിലേറ്റുന്നത്. പുറത്ത് തെറ്റിദ്ധാരണ പരത്താന്‍ ഇറക്കിയിരിക്കുന്ന കള്ളരേഖകള്‍ അവജ്ഞയോടെ തന്നെ വസ്തുത മനസ്സിലാക്കുന്ന ജനങ്ങള്‍ തള്ളിക്കളയും. ഇതേപോലുള്ള പല കള്ളക്കണക്കുകളും രേഖകളും മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയ്ക്കൊന്നും അതിന്റെ കടലാസ് വിലപോലും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

ഗോപി, കൊല്‍ക്കത്ത chintha

1 comment:

  1. ദേശീയ തലത്തില്‍ സിപിഐ എംന്റെ ശക്തമായ ഇടപെടല്‍ മൂലം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കാന്‍ മറ്റു കോപ്പുകളൊന്നും കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ബംഗാളിന്റെ മാത്രം പോരായ്മകള്‍ എടുത്തു കാട്ടി കൊണ്ട് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബംഗാളിനെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രചരണ ലഘുലേഖയിലെ കണക്കുകള്‍ അധികവും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. അതില്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും വ്യാജ നിര്‍മ്മിതവും യാഥാര്‍ത്ഥ്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത വയുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണക്കുകള്‍ നിരത്തിക്കൊണ്ടാണ് ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നത്. അതില്‍ പറയുന്ന മിക്ക കാര്യങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ വളരെ മെച്ചമാണ് ബംഗാളിന്റെ ഇന്നത്തെ സ്ഥിതി.

    ReplyDelete