Friday, November 22, 2013

ആറന്മുള വിമാനത്താവളം നിര്‍മിക്കാന്‍ അനുവദിക്കില്ല: ടി വി രാജേഷ്

പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചട്ടങ്ങള്‍ ലംഘിച്ച് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ നിയമപരമായി നേരിടും. ജനങ്ങളോടൊപ്പംനിന്ന് സമരം ശക്തമാക്കും. ആറന്മുള പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റോക്കറ്റ് വേഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വ്യഗ്രത ദുരൂഹമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ വിമാനത്താവളത്തിനുള്ള ഭൂമിയെടുപ്പ് ഉത്സവമായാണ് നാട്ടുകാര്‍ നടപ്പാക്കിയത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷം ഭരിച്ചിട്ടും അവിടെ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയില്ല. കാല്‍നൂറ്റാണ്ടായി വിഴിഞ്ഞം തുറമുഖം കേരളം ആവശ്യപ്പെടുന്നു.എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ഇതുവരെ അനുമതി നേടിയെടുക്കാനായില്ല. അതേസമയം തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 7,000 കോടി രൂപയുടെ ടെര്‍മിനലിന് കേന്ദ്ര ബജറ്റില്‍ അനുമതി നല്‍കി. പാലക്കാട് കോച്ച് ഫാക്ടറിക്കൊടൊപ്പം പ്രഖ്യാപിച്ച മറ്റു സംസ്ഥാന കോച്ച് ഫാക്ടറികളില്‍നിന്ന് വാഗണുകള്‍ പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ വിമാനത്താവളത്തിന് അനുമതി. ഇത്രയധികം എതിര്‍പ്പുകളുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നടപടി തെറ്റ്: പിണറായി

തിരു: വിഴിഞ്ഞത്തെ റോഡ് നിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാര്‍ മാപ്പെഴുതി നല്‍കിയത് തെറ്റായ നടപടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എങ്ങനെയാണ് ഒരു സര്‍ക്കാരിന് ഇത്തരം നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത്. ഏതാനും പേര്‍ക്കു വേണ്ടിയുള്ള ഭരണമാണ് ഇന്ന് നടക്കുന്നത്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ആറന്മുള വിമാനത്താവളത്തിന് അനുമതി കിട്ടുന്നു. അതേ സമയം വിഴിഞ്ഞത്തിന് ലഭിക്കുന്നില്ല. റോഡ് നിര്‍മിക്കുന്നത് നിയമലംഘനമാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും പിണറായി പറഞ്ഞു.

ആറന്മുള വിമാനത്താവളം: സത്യവാങ്മൂലം നല്‍കണം

കൊച്ചി: ആറന്മുള വിമാനത്താവള നിര്‍മാണത്തിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ ആറ് ആഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെജിഎസ് കമ്പനിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. വിമാനത്താവളം നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതും ചോദ്യംചെയ്തുള്ള ഒരുകൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കവി സുഗതകുമാരി, കുമ്മനം രാജശേഖരന്‍, സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി തുടങ്ങിയവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment