Monday, November 25, 2013

ആണവപദ്ധതി: ലോകരാഷ്ട്രങ്ങളും ഇറാനുമായി ധാരണ

ജനീവ: വര്‍ഷങ്ങളായി തുടരുന്ന യുറേനിയം സമ്പുഷ്ടീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ തീരുമാനിച്ചു. ഇറാന്റെയും ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെയും ജര്‍മനിയുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചുദിവസമായി ജനീവയില്‍ നടന്ന ചര്‍ചയില്‍ ആണവപദ്ധതികള്‍ സംബന്ധിച്ച നിര്‍ണായക തീരുമാനത്തിന് ഇറാന്‍ സന്നദ്ധമായി.

യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കതറിന്‍ അഷ്ടണിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ച അനുകൂലമാകുമെന്ന സൂചന ലഭിച്ചതോടെ അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവ്, ബ്രിട്ടീഷ് വിദേശ സെക്രട്ടറി വില്യം ഹേഗ് എന്നിവര്‍ ശനിയാഴ്ചതന്നെ ജനീവയില്‍ എത്തിയിരുന്നു. ധാരണപ്രകാരം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ആറുമാസത്തേക്ക് നിര്‍ത്തിവയ്ക്കും.

അഞ്ചു ശതമാനത്തിനപ്പുറമുള്ള സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നാണ് ധാരണ. സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്നതിന്റെ അളവ് കുറയ്ക്കണം. നാതന്‍സ്, ഫോര്‍ഡോ ആണവനിലയങ്ങളില്‍ ദൈനംദിനപരിശോധന അനുവദിക്കാനും സമ്പുഷ്ടീകരണം കൂടുതല്‍ സുതാര്യമാക്കാനും ഇറാന്‍ തയ്യാറായി. ഇതിനു പകരമായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തികമടക്കമുള്ള ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കാമെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. രക്ഷാസമിതിയുടെ സെപ്തംബറിലെ വാര്‍ഷിക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തമ്മില്‍ 15 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു. ഇതുകൂടാതെ ധാരണ സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മില്‍ നേരത്തെയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒമാനിലും മറ്റിടങ്ങളിലും നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ അടുത്ത സൃഹുത്തുക്കളില്‍നിന്നുപോലും അമേരിക്ക മറച്ചുവയ്ക്കുകയായിരുന്നു. ഇറാന്റെ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു. ബോംബിന്റെ വഴിയിലേക്കുള്ള ഇറാന്റെ സഞ്ചാരത്തെ അവര്‍ തടഞ്ഞു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു. മധ്യേഷ്യയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കാന്‍ ഇത് സഹായകമാകുമെന്ന് വിദേശമന്ത്രി വാങ് യി പറഞ്ഞു. ഇറാന്‍ ജനതയുടെ സുഗമമായ ജീവിതത്തിന് ഇത് വഴിയൊരുക്കും. സൈനിക ഇടപെടലില്ലാതെ നയതന്ത്രത്തിന്റെ വഴിയില്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും നഷ്ടമായില്ല, എല്ലാവരും വിജയിച്ചു എന്നായിരുന്നു റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവിന്റെ പ്രതികരണം. ഇത് പുതിയ ചക്രവാളം തുറക്കലാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ട്വിറ്ററില്‍ പ്രതികരിച്ചു.

ഇറാന്‍ ജനത യുക്തിസഹമായി ചിന്തിച്ചതിന്റെ ഫലമാണ് പുതിയ തീരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തന്റെ വിജയത്തെ സൂചിപ്പിച്ചുകൊണ്ട് റൂഹാനി പറഞ്ഞു.യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം അംഗീകരിക്കപ്പെട്ടിരിക്കയാണെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവേദ് ഷെറീഫ് പറഞ്ഞു. എന്നാല്‍, ചരിത്രപരമായ തെറ്റ് എന്നാണ് പുതിയ ധാരണയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. 2003 മുതലാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഊര്‍ജിതമാക്കിയത്.

മാരകമായ അണ്വായുധങ്ങള്‍ നിര്‍മിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് ആരോപിച്ച് അമേരിക്കയടക്കമുള്ള പാശചാത്യചേരി അന്നുമുതല്‍തന്നെ രംഗത്തുവന്നു. സാമ്പത്തിക ഉപരോധവും യുദ്ധഭീഷണിയുമായി ഇറാനെ ഒറ്റപ്പെടുത്തി. എന്നാല്‍, ഊര്‍ജാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് തങ്ങള്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇറാന്‍ ഭീഷണിയെ കൂസലില്ലാതെ നേരിട്ടു. ഇത് മറ്റൊരു ഗള്‍ഫ് യുദ്ധത്തിന് വഴിവച്ചേക്കുമെന്ന ആശങ്കയിലായിരുന്നു ലോകം. ഈ യുദ്ധഭീതിയാണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്.

deshabhimani

No comments:

Post a Comment