Saturday, November 30, 2013

ആന്‍മരിയക്കും സനീഷിനും ജീവിക്കാന്‍ "തമ്പുരാന്‍" കനിയണം

മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണെന്ന് പലരും ആക്ഷേപിക്കുമ്പോഴും ആന്‍മരിയ സഹായം തേടി ജനസമ്പര്‍ക്ക പരിപാടിക്കുമെത്തി. സുതാര്യ കേരളം വഴി നല്‍കിയ പരാതിപ്രകാരം അഞ്ചുലക്ഷം രൂപ നല്‍കുമെന്നും എന്‍ഡോള്‍സള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ട് കാലമേറെയായെങ്കിലും ഒന്നും നടപ്പായില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തല്ലാത്ത വെസ്റ്റ് എളേരിയില്‍ താമസിക്കുന്ന ആന്‍മരിയക്ക് സഹായം ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കണം. വെറും വാക്കല്ലാതെ ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

വെസ്റ്റ് എളേരി ഏച്ചിപ്പൊയില്‍ മണ്ഡപത്തെ ടാക്സി ഡ്രൈവര്‍ ബാബുവിന്റെയും റസിമോളുടെയും മകളാണ് ഒമ്പതുകാരിയായ ആന്‍മരിയ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ കയ്യൂര്‍- ചീമേനിയുടെ അതിര്‍ത്തിയില്‍ കീടനാശിനി തളിച്ച പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിനരികിലുള്ള കമ്പല്ലൂരിലെ ഭര്‍തൃവീട്ടിലാണ് അമ്മ റസിമോള്‍ ആദ്യം താമസിച്ചിരുന്നത്. ഇവിടെയാണ് ആന്‍മരിയയും മൂത്ത സഹോദരി ആഗ്നസും ജനിച്ചത്. ജനനം മുതലെ വളര്‍ച്ചക്കുറവുള്ള ആന്‍മരിയയുടെ തല മാത്രം വളരുന്നു. ശ്വാസം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നുവെന്ന് മാത്രം. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചാല്‍ പകുതിയും ഛര്‍ദിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയാണ് ആന്‍മരിയ. വര്‍ഷങ്ങളായി പല വിഭാഗത്തിലും നിവേദനം നല്‍കി സഹായം കാത്തിരിക്കുന്ന ആന്‍മരിയക്ക് ജീവിതം മുന്നോട്ടുനീക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് നിര്‍ബന്ധം. വെള്ളിയാഴ്ച അതിരാവിലെ ടാക്സി കാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയിട്ടും വൈകിട്ട് ആറിന് കാണാമെന്നാണറിയിച്ചത്. പൊരിയുന്ന വെയിലില്‍ പൊടിപാറുന്ന സ്റ്റേഡിയത്തില്‍ ജീവഛവമായ മകളെയും മടിയിലിരുത്തി അമ്മ കാത്തിരുന്നു കേരള നാട്ടിലെ "പൊന്നുതമ്പുരാനെ". തൊട്ടടുത്ത അംബാസഡര്‍ കാറില്‍ അമ്മ നാരായണിക്കൊപ്പം ഇരുപത്താറുകാരനായ സനീഷുമുണ്ട് സഹായം തേടി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ കയ്യൂര്‍- ചീമേനിയിലെ പുല്ലാഞ്ഞിപ്പാറയിലാണ് ടി രാമചന്ദ്രന്റെ മകന്‍ സുനീഷ് ജനിച്ചത്. വളര്‍ച്ചക്കുറവുള്ള സുനീഷിന്റെ ചികിത്സക്കായി 50 സെന്റ് ഭൂമിയും ചെറിയ പുരയും വിറ്റു. ഇപ്പോള്‍ ഭാഗം കിട്ടിയ പിലിക്കോട് മട്ടലായിയിലെ വീട്ടിലാണ് താമസം. എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കാന്‍ നിരവധി നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ കനിഞ്ഞില്ല. ഇപ്പോള്‍ താമസിക്കുന്ന പിലിക്കോട് പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തല്ലാത്തതാണ് സാങ്കേതിക കാരണം. ചീമേനിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും പകുതി മാത്രമാണ് കിട്ടിയത്. കൂലിപ്പണിയെടുത്തിരുന്ന അച്ഛന്‍ രാമചന്ദ്രന്‍ കരള്‍രോഗത്തെ തുടര്‍ന്ന് വീട്ടിലായതോടെ ഏക വരുമാനവും ഇല്ലാതായി.
(മുഹമ്മദ് ഹാഷിം)

വിതരണംചെയ്തത് മുന്‍കൂട്ടി തീരുമാനിച്ച ധനസഹായം

കാസര്‍കോട്: ജനസമ്പര്‍ക്കത്തില്‍ പ്രധാന ഇനം ധനസഹായ വിതരണം. 1.56 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ധനസഹായത്തിന് 831 അപേക്ഷയാണ് മുന്‍കൂട്ടി ലഭിച്ചത്. ഇതില്‍ പകുതിയോളം പേര്‍ക്കാണ് സഹായം കിട്ടിയത്. മുഖ്യമന്ത്രി നേരില്‍കണ്ട 101 പേരും ഇതിലുള്‍പ്പെടും. മൂന്ന് മാസമായി ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പരിശോധിച്ച് സഹായത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയവരെയാണ് കാസര്‍കോട് വിളിച്ചുവരുത്തിയത്. എഴുന്നേറ്റ് നടക്കാന്‍പോലുമാകാത്തവരെ സഹായം വാങ്ങാന്‍ കാസര്‍കോടേക്ക് വിളിച്ചുവരുത്തി. ഇവര്‍ക്ക് അനുവദിച്ച സഹായം അതത് വില്ലേജ് ഓഫീസുകള്‍ മുഖേന കൊടുക്കാവുന്നതാണ്. അതിനുള്ള എല്ലാ നടപടിയും പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും ജനസമ്പര്‍ക്കത്തിന് ആളെ കൂട്ടാനും മുഖ്യമന്ത്രിയുടെ സ്വന്തം തീരുമാനപ്രകാരം സഹായം നല്‍കിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇവരെ കാസര്‍കോട്ടെത്തിച്ചത്. ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്ത അപേക്ഷകള്‍ക്കൊപ്പം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ശുപാര്‍ശക്കത്തുമായാണ് പലരും മുഖ്യന്ത്രിയെ കാണാനെത്തിയത്. തങ്ങള്‍ പറഞ്ഞിട്ടാണ് സഹായം കിട്ടിയതെന്ന തോന്നലുണ്ടാക്കാനുള്ള നാടകമാണ് ഇതൊക്കെയെന്ന് കണ്ടിരുന്നവര്‍ക്ക് മനസിലായി.

ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ച മഹാഭൂരിപക്ഷവും പുറത്ത്

കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടുതല്‍ പരാതി ലഭിച്ചത് ബിപിഎല്‍ കാര്‍ഡിനാണെങ്കിലും ലഭിച്ചത് 403 പേര്‍ക്ക് മാത്രം. 2778 പേരാണ് അപേക്ഷ നല്‍കിയത്. ഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് കീഴിലുള്ളവരാണെങ്കിലും അപേക്ഷകളില്‍ തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. 2009ലെ ബിപിഎല്‍ ലിസ്റ്റിലുള്ളവരാണ് അപേക്ഷകര്‍. പഞ്ചായത്തില്‍ 23 ശതമാനത്തിലധികം ബിപിഎല്ലുകാര്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ കൂടുതലാളുകള്‍ക്ക് കാര്‍ഡ് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ല. ഭൂരിപക്ഷം പഞ്ചായത്തിലും ഇപ്പോള്‍തന്നെ ഈ പരിധി പൂര്‍ത്തിയായി. അതിനാല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയില്ലെങ്കില്‍ ബാക്കിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ സാധ്യതയില്ല. 50 പേര്‍ക്ക് മുഖ്യമന്ത്രി നേരിട്ടും 353 പേര്‍ക്ക് അതിനുമുമ്പും കാര്‍ഡ് പാസാക്കി. ഇതെല്ലാം ജനസമ്പര്‍ക്ക വേദിയില്‍ വിതരണം ചെയ്തു. സമ്പര്‍ക്കത്തിന് ആളെക്കൂട്ടാന്‍ കാര്‍ഡ് അനുവദിച്ച എല്ലാവരോടും കാസര്‍കോട്ടെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

യാത്രാച്ചെലവും കടമായി

കാസര്‍കോട്: കഴിഞ്ഞതവണ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി അനുവദിച്ചത് 2000 രൂപയാണ്. ഇതില്‍ 1750 രൂപ ടാക്സിക്ക് വാടകയായി. മറ്റു ചെലവും കൂടിയായപ്പോള്‍ കടം ബാക്കി. ഇത്തവണയെങ്കിലും കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വന്നത്- വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട പാണത്തൂരിലെ എം സി മാത്യുവിന്റെ (45) വാക്കുകളില്‍ വേദന. 1987ല്‍ കാസര്‍കോട് അണങ്കൂരില്‍ ജീപ്പ് മറിഞ്ഞാണ് ഡ്രൈവറായിരുന്ന മാത്യുവിന് ഗുരുതരമായി പരിക്കേറ്റത്. ലക്ഷങ്ങള്‍ ചെലവിട്ടുള്ള ചികിത്സക്ക് ശേഷം അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട നിലയില്‍ ജീവിതം തിരിച്ചുകിട്ടി. ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലം ചികിത്സാചെലവിനായി വിറ്റതിനാല്‍ കയറിക്കിടക്കാന്‍ സ്വന്തമായി കിടപ്പാടമില്ലാത്തതിനാല്‍ സഹോദരനൊപ്പമാണ് താമസം. മനഃശക്തിയുടെ കരുത്തില്‍ ജീവിതം തള്ളിനീക്കുന്ന മാത്യു സഹായം തേടി മൂന്നുതവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. 2002ല്‍ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വന്നപ്പോഴും ഒന്നാം ജനസമ്പര്‍ക്ക പരിപാടിയിലും വയ്യാത്ത ശരീരവുമായി വാഹനത്തില്‍ ബന്ധുക്കള്‍ക്കൊപ്പം സഹായം തേടിയെത്തി. ലക്ഷങ്ങള്‍ ചെലവഴിച്ച് ജനസമ്പര്‍ക്ക മാമാങ്കം നടത്തി പലരെയും വഞ്ചിച്ചതുപോലെ 2000 രൂപ നല്‍കി മാത്യുവിനെയും മുഖ്യമന്ത്രി "കാര്യമായി" സഹായിച്ചു. വീണ്ടും ടാക്സി പിടിച്ച് മുഖ്യമന്ത്രിയുടെ സഹായം തേടിയെത്തിയിരിക്കുകയാണ് മാത്യു.

No comments:

Post a Comment