Monday, November 25, 2013

പ്ലീനത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കം

സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രസംഭവമാക്കാന്‍ കേരളത്തിന്റെ നെല്ലറയായ പാലക്കാട് ഒരുങ്ങി. നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ജില്ലയാകെ ബോര്‍ഡും ചുമരെഴുത്തും തോരണങ്ങളും നിറഞ്ഞു. വര്‍ണാഭമായ വിളംബരജാഥകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ പങ്കാളിത്തമാണുള്ളത്. വാദ്യവും നാടന്‍കലകളും നിശ്ചല ദൃശ്യവും ബലൂണും വര്‍ണക്കടലാസുമൊക്കെയായി ഉത്സവാന്തരീക്ഷമാണ് ഓരോ വിളംബരജാഥയും പകരുന്നത്. പ്ലീനം നടക്കുന്ന പാലക്കാട് നഗരം ചെങ്കൊടിയും തോരണവും കൊണ്ട് ചുവന്നു. 29ന് നടക്കുന്ന രണ്ടുലക്ഷം പേരുടെ റാലി ജില്ല ഇന്നേ വരെ ദര്‍ശിക്കാത്ത തരത്തിലുള്ള ജനമുന്നേറ്റമാകും.

വൈവിധ്യമാര്‍ന്ന പ്രചാരപ്രവര്‍ത്തനമാണ് പ്ലീനത്തിന്റെ ഭാഗമായി ജില്ലയിലെങ്ങും നടന്നിട്ടുള്ളത്. പാലക്കാട് നഗരത്തില്‍ മഹാന്മാരായ നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മരണ ഉണര്‍ത്തി എട്ട് ചത്വരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവഴികള്‍ രേഖപ്പെടുത്തുന്ന ചിത്രങ്ങളോടെയുള്ള പ്രചാരണ ബോര്‍ഡുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നതാണ്. പെരുവെമ്പ് തണ്ണിശേരിയിലും പട്ടാമ്പി കൊപ്പം പുലാശേരിയിലും പ്ലീനത്തിന്റെ ഭാഗമായി സ്ഥിരം ബസ് വെയിറ്റിങ് ഷെഡ്ഡുകള്‍ സ്ഥാപിച്ചു. കൊല്ലങ്കോട് നെന്മാറ കണിമംഗലത്ത് "മംഗള്‍യാന്‍" മാതൃകയില്‍ തീര്‍ത്ത സ്തൂപം ആകര്‍ഷകമായി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴില്‍ എഴുതിയ പ്രചാരണബോര്‍ഡുകള്‍ കാണാം. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലും നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലും വിപുലമായ പ്രചാരണമാണ് വന്നിട്ടുള്ളത്. സിപിഐ എം പാര്‍ടി ഓഫീസുകള്‍ ദീപാലംകൃതമാണ്.

പ്ലീനത്തിന്റെ വിജയത്തിന് ബൂത്തടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. ബൂത്ത് കേന്ദ്രങ്ങളില്‍ സംഘാടകസമിതി ഓഫീസുകള്‍ തുടങ്ങി. കുടുംബയോഗങ്ങള്‍ ചേര്‍ന്ന് ജനങ്ങളെയാകെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കി. ജില്ലയിലെ വര്‍ഗþബഹുജന സംഘടനകളും കൈകോര്‍ത്തു. ചുരുങ്ങിയത് നൂറ് രൂപ വീതം പ്ലീനത്തിന്റെ ചെലവിലേക്കായി പാര്‍ടി അംഗങ്ങള്‍ സംഭാവന നല്‍കി. ഇതിനു പുറമെ വീടുകളില്‍ കയറി 25 രൂപ കൂപ്പണ്‍ നല്‍കിയും ഫണ്ട് ശേഖരിച്ചു. ജില്ല കേന്ദ്രീകരിച്ച് രണ്ടു ജാഥ നടത്തിയാണ് ഫണ്ട് ഏറ്റുവാങ്ങിയത്. 20ന് പതാകദിനമായി ആചരിച്ചു. ജില്ലയിലെ പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളില്‍ ഒരുലക്ഷത്തില്‍പരം പതാക ഉയര്‍ത്തി. രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയുടെ വിജയത്തിനായുള്ള ഒരുക്കവും പുരോഗമിക്കുകയാണ്. ഓരോ ബൂത്ത്കമ്മിറ്റിയും ചുരുങ്ങിയത് 100പേരെ റാലിയില്‍ പങ്കെടുപ്പിക്കും. കുടുംബയോഗങ്ങളും ബൂത്ത് കമ്മിറ്റിയും ചേര്‍ന്ന് റാലിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി. പാര്‍ടി അനുഭാവികളേയും പ്രവര്‍ത്തകരേയും റാലിക്കെത്തിക്കാന്‍ വാഹനങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്.

സ്വാഗതഗാനം ഒരുങ്ങുന്നു

പാലക്കാട്: സിപിഐ എം സംസ്ഥാനപ്ലീനത്തിനായി സ്വാഗതഗാനം ഒരുങ്ങുന്നു. കവി ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച ജീവപ്രപഞ്ചം വികാരസത്യങ്ങളെ....എന്നു തുടങ്ങുന്ന വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ബേബി വടക്കഞ്ചേരിയാണ്. ഉഷ മഞ്ഞളൂരിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണ് പ്ലീനത്തിന് തുടക്കം കുറിച്ച് 27ന് രാവിലെ സ്വാഗതഗാനം അവതരിപ്പിക്കുക. ഷാനി, ശ്രീരഞ്ജിനി, അക്ഷയ, പ്രിയങ്ക, രഞ്ജിത, സാരിക, നിവേദ, അരുണ്‍കുമാര്‍, സുന്ദര്‍ദാസ്, സുജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഗാനാലാപനം നടത്തുന്നത്.

ഉറവവറ്റാത്ത വിപ്ലവവീര്യം

ഒറ്റപ്പാലം: ഓര്‍മകളുടെ കടലിരമ്പലില്‍ ചരിത്രം ചികഞ്ഞെടുക്കുമ്പോള്‍ വാമനന്‍ സഖാവ് കോറിയിടുന്നത് പാര്‍ടി ചരിത്രത്തിന്റെ പരിച്ഛേദം. പോരാളിയുടെ ഉറവ വറ്റാത്ത വിപ്ലവവീര്യം കാത്തുസൂക്ഷിക്കുന്ന 88 കാരന്‍ പുതുതലമുറയ്ക്കൊരു പാഠപുസ്തകമാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച എം വാമനന്‍ 1967 മുതല്‍ അമ്പതാണ്ട് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം "65 മുതല്‍ തുടര്‍ച്ചയായി 30 വര്‍ഷം ഒറ്റപ്പാലത്ത് പാര്‍ടിയുടെ അമരക്കാരന്‍, പാര്‍ടി നിരോധിക്കപ്പെട്ട 1948-50 കാലത്ത് നേതാക്കള്‍ക്ക് അകമ്പടി പോകലായിരുന്നു സഖാവിന്റെ ചുമതല. പാര്‍ടി സാഹിത്യങ്ങള്‍ സൂക്ഷിക്കാനും നേതാക്കള്‍ക്കുള്ള കത്തുകള്‍ കൈമാറാനുമുള്ള ചുമതലയുമുണ്ടായിരുന്നു. 1946 മുതല്‍ക്കാണ് വാമനന്‍ സജീവ പാര്‍ടി പ്രവര്‍ത്തകനായി മാറുന്നത്. ത്രാങ്ങാലി വെള്ളിയാട് ബ്രാഞ്ച് സെക്രട്ടറിയായി. 1953ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ത്രാങ്ങാലി വാര്‍ഡിനെ പ്രതിനിധീകരിച്ച് വാണിയംകുളം പഞ്ചായത്ത് അംഗമായി. ത്രാങ്ങാലി ഗ്രാമത്തിന്റെ സര്‍വതോന്മുഖ വികസനത്തിനുവേണ്ടി മുന്നണി പോരാളിയായി. കൂനത്തറയില്‍നിന്ന് ത്രാങ്ങാലിയിലേക്കുള്ള റോഡ്, കൃഷിനാശത്തിന് പരിഹാരമായുള്ള ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവക്ക് ഭൂമി വിട്ടുനല്‍കി. വായനശാലക്ക് തുടക്കം കുറിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സി എച്ച് കണാരനും നായനാര്‍ക്കും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കി.

അടിസ്ഥാനവര്‍ഗത്തിന്റെ അവകാശപോരാട്ടങ്ങള്‍ക്കും ക്ഷേമത്തിനുമായി സ്വജീവിതം കര്‍മമണ്ഡലമാക്കിയ വാമനന്‍ പുതുതലമുറക്ക് വഴികാട്ടിയാണ്. പഴയകാല ഓര്‍മകളിലേക്ക് ഊളിയിടുമ്പോഴും ഒന്നൊന്നായി ഓര്‍ത്തെടുക്കുമ്പോഴും തെളിയുന്ന കൃത്യതയും സൂക്ഷ്മതയും പാര്‍ടി പ്രവര്‍ത്തനത്തിലുടനീളം സഖാവ് പുലര്‍ത്തിയിരുന്നു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയെന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ സിപിഐ എമ്മിന്റെ ജില്ലയിലെ ശക്തിദുര്‍ഗമാക്കുന്നതില്‍ വാമനന്റെ നേതൃപാടവത്തിന് നിര്‍ണായകപങ്കുണ്ട്. സിപിഐ എമ്മിന്റെ ആദ്യ ജില്ലാസമ്മേളനം നടന്ന മണ്ണാണ് ഒറ്റപ്പാലത്തേത്. വെള്ളിയാട് അരിക്കത്ത് മനക്കെതിരെയും ചുനങ്ങാട് നടന്ന മിച്ചഭൂമി കൈയേറ്റങ്ങളും മൂന്നുമാസം നീണ്ട മിച്ചഭൂമി സമരവും പാര്‍ടിക്ക് ജനകീയ അടിത്തറ തീര്‍ക്കുന്നതില്‍ പ്രധാനപ്പെട്ടവയായിരുന്നുവെന്ന് ദീര്‍ഘകാലം കര്‍ഷകസംഘത്തിന്റെ ജില്ലാ ഭാരവാഹിയായിരുന്ന വാമനന്‍ ആവേശപൂര്‍വം സാക്ഷ്യപ്പെടുത്തുന്നു.
(പി രൂപേഷ്)

deshabhimani

No comments:

Post a Comment