Monday, November 25, 2013

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം വേണം

പാപ്പാഉമാനാഥ് നഗര്‍ (ബോധ്ഗയ): അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിഹാറിലെ ബോധ്ഗയയില്‍ നടക്കുന്ന സമ്മേളനം തിങ്കളാഴ്ച സമാപിക്കും.

പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ ഞായറാഴ്ചയും ചര്‍ച്ച തുടര്‍ന്നു. ദേശീയ- അന്തര്‍ദേശീയരംഗത്ത് വനിതകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ മതേതര കാഴ്ചപ്പാടുകളുള്ള ഇതര വനിതാസംഘടനകളുമായി ചേര്‍ന്ന് പോരാട്ടം ശക്തമാക്കണമെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്ന് എം ജെ മീനാംബിക (തിരുവനന്തപുരം), പി കെ ശ്യാമള (കണ്ണൂര്‍), മേഴ്സി മാത്യു (പാലക്കാട്), കണ്ണമ്മ (പാലക്കാട്)}എന്നിവര്‍ സംസാരിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി സുധ സുന്ദര്‍രാമന്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചു. ഏഴ് കമീഷന്‍ പേപ്പറുകളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ജന്‍ഡര്‍ ബജറ്റിങ്- ഇന്ത്യന്‍ അനുഭവത്തില്‍, ആരോഗ്യരംഗത്തെ കുത്തകവല്‍ക്കരണം, തൊഴിലെടുക്കുന്ന സ്ത്രീകള്‍, മാധ്യമ-പൊതുരംഗത്തെ വനിതകള്‍, പഞ്ചായത്തീരാജും സ്ത്രീകളും, ഭാരതത്തിലെ മുസ്ലിംസ്ത്രീകള്‍, വിദ്യാഭ്യാസം- സ്ത്രീകളുടെ അടിസ്ഥാന അവകാശം എന്നീ പേപ്പറുകളാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചയും നടന്നു. ആദ്യകാല നേതാക്കളായ സത്യ (ഹിമാചല്‍ പ്രദേശ്), സുധ ഇന്ദു (ബിഹാര്‍) എന്നിവരെ ആദരിച്ചു. വൃന്ദ കാരാട്ട് എഴുതിയ "ടു ഫോര്‍ ദ പ്രൈസ് ഓഫ് വണ്‍", കീര്‍ത്തി സിങ് എഴുതിയ "ലോസ് ആന്‍ഡ് സണ്‍ പ്രിഫറന്‍സസ് ഇന്‍ ഇന്ത്യ" എന്നീ പുസ്തകങ്ങള്‍ വേദിയില്‍ പ്രകാശനംചെയ്തു. സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഇന്ദു അഗ്നിഹോത്രി സംസാരിച്ചു. സമാപനദിനമായ തിങ്കളാഴ്ച രാവിലെ കമീഷന്‍ പേപ്പറുകള്‍ക്കുമേല്‍ നടന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയും ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയണം: മഹിളാ അസോ.

പാപ്പാഉമാനാഥ് നഗര്‍ (ബോധ്ഗയ): പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കുംനേരെ നടക്കുന്ന ആക്രമണങ്ങളില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്താം അഖിലേന്ത്യാ സമ്മേളനം പ്രതിഷേധിച്ചു. ഇഷിത മുഖര്‍ജി അവതരിപ്പിച്ച പ്രമേയത്തെ ജര്‍നദാസ് എംപി പിന്താങ്ങി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം ഉടന്‍ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാര്‍വദേശീയ-ദേശീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കുശേഷം അംഗീകരിച്ചു. 60 പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണം, ആഗോളസാമ്പത്തികപ്രതിസന്ധി, ഇവയുടെ ഫലമായി സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. കേരളപ്രതിനിധിസംഘത്തില്‍നിന്ന് ആര്‍ ബിന്ദു ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളസംഘത്തെ പ്രതിനിധാനം ചെയ്ത് ജി മീനാംബിക റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ സംസാരിച്ചു. ചര്‍ച്ച ഞായറാഴ്ചയും തുടരും. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഋതബ്രതോ ബാനര്‍ജി, അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി എന്‍ കെ ശുക്ല എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സമ്മേളനവേദിയില്‍നിന്ന് അഖിലേന്ത്യാ പ്രസിഡന്റ് ശ്യാമലി ഗുപ്ത മടങ്ങി. അഖിലേന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക് സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. മൂന്ന് പുസ്തകങ്ങളുടെ പ്രകാശനത്തിനും സമ്മേളനം വേദിയായി. ദേവകി വാര്യര്‍ അടക്കം മഹിളാ പ്രസ്ഥാനത്തിന്റെ ആറ് ആദ്യകാലനേതാക്കളെക്കുറിച്ച് മാലിനി ഭട്ടാചാര്യയും തന്‍വിയും ചേര്‍ന്ന് എഴുതിയ പുസ്തകം, "സാമ്രാജ്യത്വത്തിനും നവഉദാരവല്‍ക്കരണത്തിനും എതിരായും സോഷ്യലിസത്തിനുവേണ്ടിയും സ്ത്രീകള്‍" എന്ന സുഭാഷിണി അലിയുടെ ഗ്രന്ഥം, ഇന്ത്യയിലെ സ്ത്രീകളുടെ പദവിയും സാഹചര്യവും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തിയ ലഘുപുസ്തകം എന്നിവയാണ് പ്രകാശനം ചെയ്തത്.

deshabhimani

No comments:

Post a Comment