Tuesday, November 26, 2013

ശ്യാമലി ഗുപ്തക്ക് ആദരാഞ്ജലി

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ അധ്യക്ഷയുമായിരുന്ന ശ്യാമലി ഗുപ്ത അന്തരിച്ചു. 68 വയസ്സായിരുന്നു. തിങ്കളാഴ്ച പകല്‍ 11ന് കൊല്‍ക്കത്തയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച. ബിഹാറിലെ ബോധഗയയില്‍ തിങ്കളാഴ്ച സമാപിച്ച മഹിളാ അസോസിയേഷന്‍ പത്താം ദേശീയസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശ്യാമലി ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാംദിവസം കൊല്‍ക്കത്തയ്ക്ക് മടങ്ങിയിരുന്നു. സമ്മേളനത്തിന് പതാക ഉയര്‍ത്തിയ ശ്യാമലി പ്രതിനിധികളെ അഭിവാദ്യംചെയ്ത് പ്രസംഗിച്ചിരുന്നു.

1945 ജൂണില്‍ കൊല്‍ക്കത്തയില്‍ ജയന്ത- അമല ദാസ്ഗുപ്ത ദമ്പതിമാരുടെ മകളായാണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ജാദവപുര്‍, കൊല്‍ക്കത്ത സര്‍വകലാശാലകളില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. ബിമന്‍ ബസു, ബുദ്ധദേബ് ഭട്ടാചര്യ, ശ്യാമല്‍ ചക്രവര്‍ത്തി എന്നിവരോടൊപ്പം വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ സജീവമായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ 18-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. ബംഗാളില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്ക് വഹിച്ചു. പഠനം പൂര്‍ത്തിയാക്കി സിലിഗുരി, ബാങ്കുറ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കോളേജ് അധ്യാപികയായി. അധ്യാപനത്തോടാപ്പം മഹിളകളെ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

1983ല്‍ പശ്ചിമ ബംഗാള്‍ ഗണതന്ത്രിക് മഹിളാ സമിതി ജനറല്‍ സെക്രട്ടറിയായി. 1996വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 2000വരെ സമിതി സംസ്ഥാന കമ്മറ്റി വര്‍ക്കിങ് പ്രസിഡന്റായും തുടര്‍ന്ന് പത്തുവര്‍ഷത്തോളം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2010മുതല്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി. തിങ്കളാഴ്ച സമാപിച്ച ദേശീയസമ്മേളനത്തില്‍ അധ്യക്ഷപദവി ഒഴിഞ്ഞ ശ്യാമലിയെ രക്ഷാധികാരിയായി നിര്‍ദേശിച്ചിരുന്നു. 1985ല്‍ സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 2010ല്‍ സംസ്ഥാന സെക്രട്ടറിയറ്റംഗമായി. 2002ല്‍ ഹൈദരബാദില്‍ നടന്ന 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും പശ്ചിമ ബംഗാള്‍ മുന്‍മന്ത്രിയുമായിരുന്ന പരേതനായ ശങ്കര്‍ ഗുപ്തയാണ് ഭര്‍ത്താവ്. മകന്‍: സോംസുബ്രോ.
(ഗോപി)

deshabhimani

No comments:

Post a Comment