Saturday, November 30, 2013

ആറന്മുള വിമാനത്താവളം അനുവദിക്കരുത്‌...

(സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

പരിസ്ഥിതിയെ ആകമാനം അട്ടിമറിച്ചുകൊണ്ടും ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും വാണിജ്യതാല്‍പര്യത്തോടെ നിര്‍മ്മിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആറന്മുളയിലെ വിമാനത്താവളത്തിന്‌ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമങ്ങളെ ആകമാനം കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിക്കൊണ്ടാണ്‌ ഈ വിമാനത്താവളം ആരംഭിക്കാന്‍ പോകുന്നത്‌. ഇതിന്റെ ഭാഗമായി 1200-ലധികം ചെറുതും വലുതുമായ വീടുകള്‍, ആരാധനാലയങ്ങള്‍, കൃഷിസ്ഥലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. 5000-ത്തോളം പേര്‍ ഭവനരഹിതരാകുന്ന നില ഉണ്ടാകും എന്നും പറയുന്നു. 350 ഏക്കര്‍ നെല്‍വയല്‍ നികത്തിയും കോഴിത്തോട്‌ നികത്തിയും സ്ഥാപിക്കുന്ന വിമാനത്താവളം വലിയ പരിസ്ഥിതി നാശമാണ്‌ ഉണ്ടാക്കുക.

യുനസ്‌കോ തന്നെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഗ്രാമങ്ങളിലൊന്നാണ്‌ ആറന്മുള. ഈ ജനത കുടിയിറക്കപ്പെടുന്നതോടെ ഒരു സംസ്‌കാരത്തിനു തന്നെ തിരിച്ചടിയാകും. സ്വന്തമായി കരം അടച്ചുകൊണ്ടിരുന്ന ഈ നാട്ടിലെ ജനങ്ങള്‍ അറിയാതെയാണ്‌ ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങൂര്‍ വില്ലേജുകളിലെ 500 ഏക്കര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്‌. ഈ പ്രദേശത്തെ നെല്‍വയല്‍ മുഴുവന്‍ നികത്തുമ്പോള്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളിലെയും വെള്ളം വറ്റും. ഇത്രയും വയലുകള്‍ നികത്തുന്നതിന്‌ എത്രയോ മലകള്‍ ഇടിച്ചുനികത്തേണ്ടിവരും. അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവിടത്തെ ആവാസവ്യവസ്ഥകളെ മുഴുവന്‍ തകിടം മറിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ നിയമസഭാ പരിസ്ഥിതി കമ്മിറ്റി നേരത്തെതന്നെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടും ഇതിന്‌ എതിരായിരുന്നു. മലയോരത്തെ ആയിരക്കണക്കിന്‌ ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തുകൊണ്ട്‌ പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കെ.ജി.എസ്‌ ഗ്രൂപ്പിന്റെ പ്രശ്‌നം വരുമ്പോള്‍ പരിസ്ഥിതി പ്രശ്‌നം പരിഗണിക്കേണ്ടതില്ല എന്നു പറയുന്നത്‌ സര്‍ക്കാരുകളുടെ നയസമീപനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നുണ്ട്‌.

കെ.ജി.എസ്‌ എന്ന ഈ സ്ഥാപനം യഥാര്‍ത്ഥത്തില്‍ റിലയന്‍സ്‌ ഗ്രൂപ്പിന്റെ ഒരു `ബി' ടീം മാത്രമാണ്‌. ഇതില്‍ 15 ശതമാനം ഷെയര്‍ റിലയന്‍സിനുണ്ട്‌. മധ്യതിരുവിതാംകൂറില്‍ റിലയന്‍സിന്‌ വിപുലമായൊരു സംഭരണ-സംസ്‌കരണ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനം ആവശ്യമുണ്ട്‌ എന്നതുകൂടി ഇതിനു പിന്നിലുണ്ട്‌ എന്ന വിമര്‍ശനവും ഉണ്ട്‌. അവരുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ്‌ ഈ നീക്കമെന്നും പറയപ്പെടുന്നു. ആറന്മുള വിമാനത്താവളം മാത്രമായിരിക്കില്ല, ഇതിനു ചുറ്റുമുള്ള ഒരു ടൗണ്‍ഷിപ്പുകൂടി ലക്ഷ്യമിട്ടുകൊണ്ടാണ്‌ നിര്‍മ്മിക്കുന്നതെന്ന്‌ കമ്പനി ചീഫ്‌ നന്ദകുമാര്‍ തന്നെ വ്യക്തമാക്കിയത്‌ ഇവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
മധ്യതിരുവിതാംകൂറില്‍നിന്ന്‌ ഗള്‍ഫിലേക്കും മറ്റ്‌ വിദേശ രാഷ്‌ട്രങ്ങളിലും ചേക്കേറിയിട്ടുള്ളവര്‍ക്ക്‌ ജന്മനാട്ടിലേക്ക്‌ വേഗം എത്താനുള്ള പുതിയ മാര്‍ഗം എന്ന നിലയിലേക്കാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടത്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ സമീപത്തൊരു വ്യോമത്താവളം എന്ന കാര്യം മുന്നോട്ട്‌ വെച്ച്‌ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ആറന്മുള വിമാനത്താവളം യഥാര്‍ത്ഥത്തില്‍ വ്യക്തമായ പഠനത്തിന്റേയോ ജനങ്ങളുടെ ആവശ്യമോ കണക്കിലെടുത്തുകൊണ്ട്‌ ഉണ്ടായതല്ല. കേരളത്തിന്റെ ആകെയുള്ള വ്യോമദൂരം 600 കിലോമീറ്ററാണ്‌. ഇതില്‍ ഏതാണ്ട്‌ 150 കിലോമീറ്റര്‍ അകലങ്ങളിലായി നാല്‌ വിമാനത്താവളങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇത്തരം ഒരു വിമാനത്താവളത്തിന്റെ ആവശ്യകത പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ഐ.എന്‍.എസ്‌ ഗരുഡയുടെ ഫ്‌ളൈയിംഗ്‌ സോണിനകത്താണ്‌ ആറന്മുള പ്രദേശം. അതുകൊണ്ടുതന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന്‌ ആദ്യം അനുമതി നിഷേധിച്ചതാണ്‌. എന്നാല്‍, മാസങ്ങള്‍ക്കുശേഷം പ്രതിരോധവകുപ്പും വ്യോമയാനവകുപ്പും നിലപാട്‌ മാറ്റുകയായിരുന്നു. ഈ പദ്ധതി കേവലം വിമാനത്താവളത്തിനു മാത്രമായിരിക്കില്ലെന്നും അനുബന്ധ വ്യവസായങ്ങള്‍ നടപ്പിലാക്കുമെന്നും കമ്പനി പറയുന്നുണ്ട്‌. ഫലത്തില്‍ ഇത്‌ മറ്റു തരത്തിലുള്ള സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന്‌ ഉള്ളതാണ്‌ എന്നും പറയപ്പെടുന്നുണ്ട്‌.

ആറന്മുളയിലെ ആയിരക്കണക്കിനു വരുന്ന ജനതയെ കുടിയൊഴിപ്പിച്ചും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ത്തും നമ്മുടെ സംസ്‌കാരത്തിന്റെ ശേഷിപ്പുകളെ ഇല്ലാതാക്കിക്കൊണ്ടും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ആറന്മുള വിമാനത്താവളത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്‌തു.

No comments:

Post a Comment