Tuesday, November 26, 2013

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കല്‍ ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ നടത്തും. ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും പ്രവര്‍ത്തകരോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് സോഷ്യലിസംതന്നെ കാലഹരണപ്പെട്ടു എന്ന പ്രചാരണമാണ് വലതുപക്ഷശക്തികള്‍ ലോകത്താകമാനം നടത്തിയത്. എന്നാല്‍, അത്തരം പ്രചാരണം അസ്ഥാനത്താണെന്ന് തെളിയിക്കുന്ന തരത്തിലാണ് ആഗോള മുതലാളിത്തപ്രതിസന്ധി രൂപപ്പെട്ടത്. ഇത് പരിഹരിക്കുന്നതിന് മുമ്പുതന്നെ വീണ്ടും പുതിയ പ്രതിസന്ധിയിലേക്ക് മുതലാളിത്തം കൂപ്പുകുത്തി. മുതലാളിത്ത സമ്പദ്ഘടനയുടെ ഈ തകര്‍ച്ച ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്കെതിരായി അതിശക്തമായ പ്രതിഷേധങ്ങള്‍ ലോകത്ത് വ്യാപിച്ചിരിക്കുന്നു. മാര്‍ക്സിന്റെ നിഗമനം അക്ഷരംപ്രതി ശരിവയ്ക്കുകയാണിതെല്ലാം. മാത്രമല്ല, മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണെന്ന് ഈ അനുഭവങ്ങള്‍ ലോകത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ വാശിയോടെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുതിരുന്നത്. ഇതിലൂടെ ജനങ്ങളെ മറന്ന് ധനമൂലധനശക്തികള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിന്റെ ഫലമായി വിലക്കയറ്റം അതിന്റെ എല്ലാ സീമകളെയും ലംഘിച്ച് കുതിക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു. എല്ലാ സാമൂഹ്യ ഉത്തരവാദിത്തങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. ഈ നയത്തിന്റെ ഭാഗമായി ധാതുലവണങ്ങളും തരംഗങ്ങളും ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തിലൂടെ രൂപപ്പെടുന്ന അഴിമതി സമ്പദ്ഘടനയെപോലും തകര്‍ക്കുന്ന വിധത്തില്‍ വളരുകയാണ്.

വിദേശനയത്തിലാകട്ടെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാകാനുള്ള സമീപനങ്ങളും തുടരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങളെയെല്ലാം അതേപോലെ പിന്തുണയ്ക്കുന്ന ബിജെപിയാകട്ടെ രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിച്ച് നേട്ടം കൊയ്യുന്നതിനുള്ള ശ്രമം തുടരുകയാണ്. തെറ്റായ നയങ്ങള്‍ക്കെതിരായി ബദല്‍ ഉയര്‍ത്തി ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ജനാധിപത്യപ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഇടപെടലാണ് സിപിഐ എം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഭൂപരിഷ്കരണംപോലും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യസുരക്ഷാപദ്ധതികള്‍ താളംതെറ്റി. വിലക്കയറ്റം കുടുംബബജറ്റുകളെ തകര്‍ത്തു. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ട കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവന്നു.

കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഒഴിയുമ്പോള്‍ 3881 കോടി രൂപ ഖജനാവില്‍ അവശേഷിച്ചിരുന്ന കേരളത്തില്‍ സാമ്പത്തികപ്രതിസന്ധിയും രൂപപ്പെട്ടിരിക്കുകയാണ്. അഴിമതി സര്‍വത്ര വ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി പരാമര്‍ശം നിരവധി തവണ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയപാരമ്പര്യത്തെത്തന്നെ അപഹസിക്കുകയാണ്. പെണ്‍വാണിഭസംഘങ്ങളും ഗുണ്ടാസംഘങ്ങളും നാടുമുഴുവന്‍ അടക്കിഭരിക്കുകയാണ്. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ സംസ്കാരത്തെപ്പോലും തകര്‍ക്കുന്നതാണ് ജാതി-മത ശക്തികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍. കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം ജനകീയപ്രശ്നങ്ങളെ സംബന്ധിച്ച് ആലോചിക്കാന്‍പോലും യുഡിഎഫിന് സമയമില്ലാതായി. ജനദ്രോഹകരമായ ഇത്തരം നയങ്ങളെ തുറന്നുകാട്ടിയും ആഗോളവല്‍ക്കരണ നയസമീപനങ്ങളെ എതിര്‍ത്തുകൊണ്ടും ബദല്‍നയങ്ങള്‍ മുന്നോട്ടുവച്ചും ജനങ്ങളെ അണിനിരത്തി സിപിഐ എം പോരാടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നത് നാടിന്റെ താല്‍പ്പര്യത്തിന് അനിവാര്യമാണ്. ഇതിനായി പാര്‍ടിയുടെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനും ഉള്ള ഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment