Wednesday, November 27, 2013

ബദല്‍ സര്‍ക്കാരിനായി ജനങ്ങള്‍ കാത്തിരിക്കുന്നു: കാരാട്ട്

 കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര ബദല്‍ സര്‍ക്കാരിനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു. കോണ്‍ഗ്രസിന് ബദലായി ഉയര്‍ത്തിക്കാട്ടുന്ന ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയ്ക്കും യുപിഎയുടെ അതേനയമാണ്. അതിനാല്‍ ജനകീയ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബദല്‍ സര്‍ക്കാര്‍ അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു. പാലക്കാട് സംസ്ഥാന പ്ലീനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്‍തുടരുന്ന യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും വര്‍ധിച്ചു. കാര്‍ഷിക മേഖലയും സാമ്പത്തികമേഖലയും തകര്‍ന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായി രാജ്യത്ത് അഴിമതി വ്യാപകമായി. ആഗോള ഉദാരനയങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെയാണ് ബിജെപി. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അധികാരത്തിലേറാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജസ്ഥാനില്‍ 44 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ഉത്തര്‍പ്രദേശിയെ മുസാഫര്‍ നഗറിലടക്കമുള്ള വര്‍ഗീയ സംഘര്‍ഷങ്ങളും എടുത്ത് പറയേണ്ടതാണ്. ബിഹാറിലും ബിജെപി വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ യുപിഎയ്ക്ക് കരുത്തില്ല. അഴിമതിയും വിലക്കയറ്റവുമാണ് യുപിഎയുടെ ഭരണനേട്ടം.

സിപിഐ എമ്മും ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങളുമാണ് വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടത്പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമരരംഗത്താണ് ഇടത് പാര്‍ട്ടികള്‍.

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ വിദേശനയം രൂപീകരിക്കുന്നത്. 2005 ജൂലൈയില്‍ അമേരിക്കയുടെ താല്‍പര്യം സംരക്ഷിച്ച് ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തത് ചേരിചേരാ നയത്തിന് വിരുദ്ധമായാണ്. അതിനെതിരെ ഇടത്പക്ഷം ശക്തിയായി പ്രതികരിച്ചിരുന്നു. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദ്ദ ഫലമായി ഇറാനെതിരെ നിയമവിരുദ്ധമായി ബാങ്കിങ് ഉപരോധവും ഏര്‍പ്പെടുത്തി. ഇറാനില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വാതകപൈപ്പ് ലൈന്‍ വഴി പാചകവാതകം എത്തിക്കുന്ന പദ്ധതിയും ഇതോടെ അവതാളത്തിലായി. നാല് ദിവസം മുന്‍പ് ഇറാനും അമേരിക്കയും തമ്മില്‍ ആണവപ്രശ്നം പരിഹരിക്കാനുള്ള കരാറുണ്ടാക്കി. ഇതിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന ഉപരോധം പിന്‍വലിച്ചു. എന്നാല്‍ ഉപരോധത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത് കുറഞ്ഞനിരക്കില്‍ പാചകവാതകം രാജ്യത്തെത്തിക്കാനുള്ള പദ്ധതിയാണ്.

കഴിഞ്ഞഒക്ടോബര്‍ 30ന് കോണ്‍ഗ്രസ് ഇതര മതേതര കക്ഷികളുടെ സമ്മേളനം സിപിഐ എം വിളിച്ചുചേര്‍ത്തിരുന്നു. കോണ്‍ഗ്രസ് ബിജെപി ബദല്‍ സര്‍ക്കാര്‍ വരുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് ഇതിലൂടെയുണ്ടായി. ഇതിന് നേതൃത്വപരാമയ പങ്ക് വഹിക്കാന്‍ സിപിഐഎമ്മിന് കഴിയും. ഇന്ത്യയില്‍ സിപിഐ എമ്മിന് നല്ല വേരോട്ടമുള്ള പശ്ചിമ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടി ഉടന്‍ കരകയറും. ഈ സവിശേഷ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിയ്ക്ക് പ്രാധാന്യമേറെയാണ്.

ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരുത്തുറ്റ പാര്‍ട്ടിയാണ് കേരളത്തലുള്ളത്. പ്ലീനം പാര്‍ട്ടിയ്ക്ക് കൂടുതല്‍ കരുത്ത് പകരും. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നതാണ് പ്ലീനം കൊണ്ടുദ്ദേശിക്കുന്നത്. പ്രധാന നേതാക്കളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. സ്വയം വിമര്‍ശനപരാമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംഘടനാപരാമായ പോരായ്മ തിരുത്തി പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടത് ആവശ്യമാണ്. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് മൂല്യങ്ങളില്‍ അടിയുറച്ച് പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കണം. സമഗ്രവും ക്രിയാത്മകവുമായ വിലയിരുത്തലുകള്‍ നടത്തി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്ലീനം കൊണ്ട് സാധിക്കണമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment