Wednesday, November 27, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമരത്തെ ഭയന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു; ജനസമ്പര്‍ക്കം തൊടുപുഴയിലേക്ക് മാറ്റി

ചെറുതോണി: മലയോര മേഖലയില്‍ ജ്വലിച്ചുയരുന്ന കനത്ത പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം പരിപാടി തൊടുപുഴയിലേക്ക് മാറ്റി. ഡിസംബര്‍ ഒന്‍പതിന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ കനത്ത പൊലീസ് കാവലില്‍ ജനസമ്പര്‍ക്ക വഴിപാട് നടക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് ജില്ലാ കലക്ടറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരികരിച്ചത്. വേദി മാറ്റിയതിന് പിന്നില്‍ പി ടി തോമസ് എംപി യാണെന്നും അറിയുന്നു. ഹൈറേഞ്ച് മേഖലയിലാകെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ വ്യപക പ്രതിഷേധം ഉയര്‍ന്നുനില്‍ക്കവെയാണ് വേദിമാറ്റ നാടകം അരങ്ങേറുന്നത്. മലയോര മേഖലയില്‍ ലക്ഷക്കണക്കായ ജനങ്ങള്‍ മുഖ്യമന്ത്രിക്കും പി ടി തോമസിനും എതിരായി കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയതിന് തൊട്ടുപിന്നാലെ പുതിയ ഉത്തരവുകള്‍ ദിവസംതോറും വന്നുകൊണ്ടിരിക്കുന്നത് സമരത്തിന്റെ ഗതി മാറ്റാന്‍ ഇടയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു.

ദേവികുളം താലൂക്കില്‍ കീഴാന്തൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 52 ല്‍പ്പെടുന്ന 166 ഹെക്ടര്‍ സ്ഥലം ഇഎഫ്എല്‍ ആയി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറങ്ങിയിരുന്നു. ഈ മേഖലയിലെ സ്ഥലം ഉടമകളുടെ നികുതി സ്വീകരിക്കാന്‍ പാടില്ലെന്നും സ്ഥലങ്ങള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റവന്യുഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് കൈമാറിയിരുന്നു. വന്യജീവി സങ്കേതങ്ങളില്‍ കൂടി രാത്രികാല സഞ്ചാരം പാടില്ലെന്നും പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ പാടില്ലെന്നുമുള്ള ഉത്തരവ് കഴിഞ്ഞദിവസം കേന്ദ്ര വന്യജീവി വകുപ്പ് ഇറക്കിയിരുന്നു. ഇതനുസരിച്ച് വൈകിട്ട് ഏഴുമണി കഴിഞ്ഞാല്‍ ഇടുക്കി തൊടുപുഴ യാത്ര നടക്കില്ല. പാമ്പള മുതല്‍ നേര്യമംഗലം വരെയും ഇരുമ്പുപാലം മുതല്‍ നേര്യമംഗലം വരെയുമുള്ളതും ചിന്നാര്‍ മേഖലയിലെയും യാത്ര ദുഷ്കരമാകും. വെള്ളപ്പാറ വന്യജീവി സങ്കേതത്തിന് നടുവിലുള്ള കലക്ട്രേറ്റും ഒറ്റപ്പെടും. ഈ ഉത്തരവുകള്‍ക്ക് പിന്നാലെ കൂടുതല്‍ കൂടുതല്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമെന്നും മുഖ്യമന്ത്രിയും എംപിയും കരുതുന്നു. ജനസമ്പര്‍ക്കത്തിന് മുമ്പ് ഇനിയും ചില കര്‍ഷകദ്രോഹ ഉത്തരവുകള്‍ വരാനിടയുണ്ടന്നും സൂചനയുണ്ട്.

ഈ പാശ്ചാത്തലത്തിലാണ് ജനസമ്പര്‍ക്കം തൊടുപുഴയിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ടുതവണയും ജനസമ്പര്‍ക്കം നടന്നത് ജില്ലാ കേന്ദ്രത്തിലാണ്. മറ്റ് ജില്ലകളിലും ജില്ലാ കേന്ദ്രത്തില്‍ തന്നെയായിരുന്നു. ജില്ലാ ആസ്ഥാനത്തു നിന്നും തൊടുപുഴയ്ക്ക് മാറ്റുന്നത് ജനങ്ങളെ വലയ്ക്കും. തൊടുപുഴയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്നതിനേക്കാള്‍ പ്രയാസമാണ് മറയൂരില്‍ നിന്ന് തൊടുപുഴയിലെത്തുന്നത്. നഗരവാസികളുടെ നടുവില്‍ തൊടുപുഴയില്‍ നടത്തപ്പെടുന്നത് ജില്ലയുടെ ഭൂരിഭാഗം വരുന്ന മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യില്ല. ഹൈറേഞ്ചില്‍പ്പെടുന്ന തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍, കോളനി നിവാസികള്‍, പട്ടികവര്‍ഗക്കാര്‍, ലയങ്ങളില്‍ കഴിയുന്നവര്‍ എല്ലാം ഒഴിവാക്കപ്പെടും. 130ല്‍പ്പരം കിലോമീറ്റര്‍ യാത്രചെയ്ത് തൊടുപുഴയിലെത്താന്‍ ഒരു വികലാംഗര്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ടാകും രോഗികളും നിരാലംബരുമായവര്‍ക്ക് വന്‍തുക വാഹനകൂലിയും നല്‍കേണ്ടിവരും. അപേക്ഷകരായ മുഴുവന്‍ പേരെയും ബുദ്ധിമുട്ടിക്കുന്നതാണ് എംപി യുടെ നിര്‍ദേശാനുസരണം മുഖ്യമന്ത്രിയുടെ തീരുമാനം. 14 ജില്ലകളിലും ജനസമ്പര്‍ക്കം നടത്തിയെന്നുവരുത്തി തീര്‍ക്കുകമാത്രമാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം.

ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രിക്ക് പരിഹരിക്കാന്‍ 301 പരാതി മാത്രം

കാസര്‍കോട്: വെള്ളിയാഴ്ച നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കലക്ടര്‍ പി എസ് മുഹമ്മദ്സഗീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് പരിപാടി ആരംഭിക്കും. ഔദ്യോഗിക ഉദ്ഘാടനമില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും മുഖ്യമന്ത്രിയും സംസാരിച്ച് കഴിഞ്ഞാല്‍ പരാതി സ്വീകരിക്കും. ആകെ 6908 അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ 301 എണ്ണമാണ് മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുന്നത്. ഇക്കാര്യം പരാതിക്കാരെ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് എസ്എംഎസായും ഇ- മെയിലായും അറിയിച്ചിട്ടുണ്ട്. ഇതില്‍ 101 അപേക്ഷ സാമ്പത്തിക സഹായത്തിനുള്ളതാണ്. മറ്റ് അപേക്ഷയെല്ലാം ജില്ലയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് മറുപടി നല്‍കി. 2778 അപേക്ഷ ബിപിഎല്‍ കാര്‍ഡിനുള്ളതായിരുന്നു. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ഇവരില്‍നിന്ന് പകല്‍ ഒന്നിന് പരാതി സ്വീകരിക്കും. പരിഹാരം പിന്നീടായിരിക്കും.

മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്നുള്ളവര്‍ക്ക് രാത്രി എട്ടിന് ശേഷം അവസരമുണ്ടാകും. വേദിയെ എ, ബി പ്ലോട്ടായി തിരിച്ചിട്ടുണ്ട്. ബിയില്‍ പൊതുജനങ്ങളെ ഇരുത്തും. എയില്‍ വേദിയും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമാണുണ്ടാവുക. മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അനുവദിച്ചവരെ ഊഴമനുസരിച്ച് എയിലേക്ക് മാറ്റും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ഒരു ഗേറ്റിലൂടെയേ ആളുകളെ കയറ്റു. രോഗികള്‍ക്കും ആംബുലന്‍സിനും വരാന്‍ പ്രത്യേക ഗേറ്റുണ്ടാകും. പൊലീസിനായിരിക്കും ഗേറ്റുകളുടെ നിയന്ത്രണം. സുരക്ഷക്കായി 1500 പൊലീസുകാരെയും അതിനാവശ്യമായ ഓഫീസര്‍മാരെയും നിയോഗിച്ചതായി ജില്ലാപൊലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. എഡിഎം എച്ച് ദിനേശ, ഡെപ്യൂട്ടി കലക്ടര്‍ ദേവിദാസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പന്തലൊരുക്കാന്‍ മാത്രം 15 ലക്ഷം

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പന്തലൊരുക്കാന്‍ 15 ലക്ഷം രൂപ. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രത്യേക പന്തലൊരുക്കിയാണ് ഇത്തവണ ജനസമ്പര്‍ക്കം. ഇരുപതിനായിരത്തോളം ആളുകള്‍ വരുമെന്നാണ് സംഘാടകര്‍ കണക്കാക്കുന്നത്. പിഡബ്ല്യുഡിക്കാണ് പന്തല്‍ നിര്‍മാണച്ചുമതല. നൂറിലധികം ആളുകള്‍ക്ക് ഇരിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള പന്തലില്‍ വിപുലമായ സൗകര്യമാണൊരുക്കുന്നത്. പന്തലിനു പുറമെ ഭക്ഷണത്തിനും മറ്റു സൗകര്യത്തിനുമായി ലക്ഷക്കണക്കിന് രൂപ ചെലവാകും. അത് എത്രവരുമെന്ന് കലക്ടര്‍ക്കും ഇപ്പോള്‍ പറയാനാവില്ല. ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നാണ് കണക്ക്. ജില്ലയില്‍നിന്ന് ലഭിച്ച 6908 പരാതിയില്‍ 6607 എണ്ണത്തിനും ഇതിനകം ഉദ്യോഗസ്ഥര്‍ പരിഹാരം കാണുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടുണ്ട്. 301 പരാതിയാണ് മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കുന്നത്. ജില്ലയില്‍ പരിഹരിക്കാന്‍ കഴിയാത്തവയാണത്. ഇതിനുവേണ്ടിയാണ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജനസമ്പര്‍ക്ക മാമാങ്കം നടത്തുന്നത്. അന്നേദിവസം നല്‍കുന്ന പരാതിക്ക് പരിഹാരം അപ്പോഴുണ്ടാകില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment