Friday, November 22, 2013

സമൂഹം ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ സംഘടിത ശ്രമം: സെമിനാര്‍

കൊച്ചി: നിരന്തര പോരാട്ടങ്ങളിലൂടെ മുന്‍കാലങ്ങളില്‍ സമൂഹം ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഇപ്പോള്‍ സംഘടിത ശ്രമം നടക്കുന്നതായി ചിന്ത വാരിക സുവര്‍ണജൂബിലി സെമിനാര്‍ അഭിപ്രായപ്പെട്ടു. "ബഹുജന സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും ഇന്ന്" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.

ശാസ്ത്രബോധം ഇല്ലാതാക്കി ജ്യോതിഷം, വാസ്തുവിദ്യ തുടങ്ങിയ കപടശാസ്ത്രങ്ങള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നു. കോടികളുടെ സമ്പത്ത് കൈവശമുള്ള ആള്‍ദൈവങ്ങളും മന്ത്രവാദികളും ക്വട്ടേഷന്‍സംഘങ്ങളും വര്‍ധിക്കുകയാണ്. ജനങ്ങളുടെ സംഘടിതശക്തി ഇല്ലാതാക്കലാണ് എല്ലാവരുടെയും ലക്ഷ്യം. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് സെമിനാര്‍ ആഹ്വാനം ചെയ്തു. എറണാകുളം ഇ എം എസ് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയും സംഘാടകസമിതി ചെയര്‍മാനുമായ സി എം ദിനേശ്മണി സ്വാഗതം പറഞ്ഞു. ചിന്ത വാരിക മുഖ്യപത്രാധിപര്‍ സി പി നാരായണന്‍ എംപി ആമുഖപ്രഭാഷണം നടത്തി.

50 വര്‍ഷം മുമ്പ് കോഴിക്കോട്ടാണ് ചിന്ത പ്രസിദ്ധീകരണം ആരംഭിച്ചത്. ഇ കെ നായനാരും ചാത്തുണ്ണി മാസ്റ്ററുമായിരുന്നു മുഖ്യചുമതലക്കാര്‍. കെ ഇ കെ നമ്പൂതിരി ആദ്യ പത്രാധിപരായി. പാര്‍ടിയുടെ തലശേരി പ്ലീനത്തിനുശേഷം 1970 ഡിസംബര്‍ ആദ്യമാണ് തിരുവനന്തപുരത്തേക്ക് പ്രസിദ്ധീകരണം മാറ്റിയത്. ഇ എം എസ് പത്രാധിപരായി. 1972 ലാണ് ഇ എം എസിന്റെ ചോദ്യോത്തര പംക്തി ആരംഭിച്ചത്. സിപിഐ എമ്മിന്റെ മുന്നോട്ടുള്ള പോക്കില്‍ ചിന്തയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് സി പി നാരായണന്‍ എംപി പറഞ്ഞു. ജില്ലയില്‍ ആകെ 2854 വാര്‍ഷിക വരിക്കാരെയാണ് ചേര്‍ത്തത്. വാര്‍ഷിക വരിസംഖ്യ എസ് രാമചന്ദ്രന്‍പിള്ള ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി എം ഇസ്മയില്‍ വരിസംഖ്യ എസ് ആര്‍ പിയെ ഏല്‍പ്പിച്ചു. ചിന്ത ഓണ്‍ലൈന്‍ എഡിഷന്റെ ഉദ്ഘാടനവും എസ് രാമചന്ദ്രന്‍പിള്ള നിര്‍വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംഘാടകസമിതി കണ്‍വീനറുമായ കെ ജെ ജേക്കബ് നന്ദി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എന്‍ മോഹനന്‍, എസ് ശര്‍മ എംഎല്‍എ എന്നിവരും പങ്കെടുത്തു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍, ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

പുരോഗമനമായതെല്ലാം തകര്‍ക്കാന്‍ ശ്രമം: എസ് ആര്‍ പി

കൊച്ചി: നേട്ടങ്ങള്‍ അപഹരിക്കപ്പെടുന്നതും കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകുന്നതും ശക്തമായി ചെറുക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ശാസ്ത്രനേട്ടങ്ങള്‍ നിഷേധിച്ചും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേല്‍പ്പിച്ചും ജനങ്ങളുടെ ബോധത്തെയും സംഘടിത ശേഷിയെയും തകര്‍ക്കാനാണ് ഉത്തരാധുനികത ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിന്ത വാരികയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "വര്‍ഗബഹുജന സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും ഇന്ന്" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വവും നവഉദാരവല്‍ക്കരണ ശക്തികളും സൈദ്ധാന്തികരും എല്ലാ പുരോഗമനത്തെയും ശക്തമായ കടന്നാക്രമിക്കുന്നു. ഭൂപരിഷ്കരണം കര്‍ഷകര്‍ക്ക് ഭൂമി സമ്മാനിക്കുക മാത്രമല്ല, ജന്മി, ജാതി മേധാവിത്വത്തിന്റെ അടിത്തറ തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് കര്‍ഷകര്‍ ഉള്ള ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. "92-ല്‍ രാജ്യത്തെ ഗ്രാമീണ ഭൂരഹിതര്‍ 21 ശതമാനം ആയിരുന്നത് ഇന്ന് 43 ശതമാനമായി. കേരളത്തില്‍പ്പോലും 60 ശതമാനം കൃഷിക്കാര്‍ കടത്തിലാണ്. കൃഷി അനാദായകരമായതാണ് കാരണം. തൊഴില്‍മേഖലയിലെ വേതനവും സേവന വ്യവസ്ഥകളും കവര്‍ച്ചചെയ്യപ്പെടുന്നു. സ്വകാര്യമേഖലയില്‍ 80 ശതമാനവും പൊതുമേഖലയില്‍ 50 ശതമാനവും കരാര്‍സമ്പ്രദായമായി. പൊതുവിദ്യാഭ്യാസ രംഗത്തുനിന്ന് സര്‍ക്കാര്‍ മാറിയതോടെ കേരളത്തില്‍പ്പോലും മെച്ചപ്പെട്ട വിദ്യാഭ്യാസം സമ്പന്നര്‍ക്കു മാത്രമായി. സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സ്ഥാനത്ത് അനേകായിരം കോടിയുടെ ആസ്തിയുള്ള ആള്‍ദൈവങ്ങളാണ് ഇന്നുള്ളത്. ശാസ്ത്ര, യുക്തി ബോധം തല്ലിക്കെടുത്താന്‍ അത്യാധുനിക മാധ്യമസങ്കേതങ്ങളെ ആയുധമാക്കുന്നു. ജ്യോതിഷമാകട്ടെ മയക്കുമരുന്നിന്റെയും വേദനാസംഹാരിയുടെയും സ്ഥാനം വഹിക്കുന്നു. എന്‍ജിനിയറിങ് ഏറെ പുരോഗമിച്ചിട്ടും വാസ്തുശാസ്ത്രത്തിന്റെ പേരില്‍ കള്ളനാണയങ്ങള്‍ പ്രചരിക്കുന്നു. ജനങ്ങളുടെ സംഘടിതബോധത്തെ തകര്‍ക്കലാണ് ഇവയുടെ ആത്യന്തിക ലക്ഷ്യം. മാഫിയകള്‍ ശക്തമാകുന്നു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നു. മുതലാളിത്തം സമ്മാനിക്കുന്ന വൈകൃതങ്ങളാണിവ. ഇതിനെല്ലാമെതിരെ എല്ലാ മേഖലയിലും ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്നും എസ് ആര്‍ പി പറഞ്ഞു.

നേട്ടങ്ങളെ ഇല്ലാതാക്കുന്നത് ചെറുക്കണം: കോടിയേരി

കൊച്ചി: മുതലാളിത്വവും കോര്‍പറേറ്റുകളും മാധ്യമങ്ങളും അന്ധവിശ്വാസവും അനാചാരവും ജാതിചിന്തയും മതബോധവുമൊക്കെ സമൂഹത്തില്‍ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോരാട്ടങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കി പിന്തിരിപ്പന്‍പാതയില്‍ സമൂഹത്തെ കൊണ്ടുപോകാനുള്ള നിരന്തര ശ്രമമാണ് ഇതിനു പിന്നില്‍. പാര്‍ടി, വര്‍ഗ ബഹുജന സംഘടനകളെ ശക്തമാക്കി ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിന്ത വാരികയുടെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കേരളത്തിന്റെ വളര്‍ച്ചയുടെ ചരിത്രം എല്‍ഡിഎഫിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. മതനിരപേക്ഷതയും ജനാധിപത്യവും നിലനിറുത്താനും സംഘബോധത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കാനും കഴിഞ്ഞത് എണ്ണമറ്റ പോരാട്ടങ്ങളിലൂടെയാണ്. ഇതിനെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. പാര്‍ടി, വര്‍ഗ ബഹുജന സംഘടകളെ തകര്‍ക്കാന്‍ ഭരണസംവിധാനത്തെപ്പോലും ഉപയോഗിക്കുന്നു. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന കേഡര്‍മാരെ വളര്‍ത്തി ഇതിനെ ചെറുക്കണം. പുരോഗതിക്കും പ്രബുദ്ധതയ്ക്കും കേരളത്തെ പ്രാപ്തമാക്കിയ സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പോരാട്ടത്തിന് പ്രത്യയശാസ്ത്രപരമായും ആശയപരമായും "ചിന്ത" വാരിക നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും സംഘടനാപരമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ഊര്‍ജിതമാക്കേണ്ട ഉത്തരവാദിത്തമാണ് ചിന്ത ഏറ്റെടുത്തിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment