Monday, January 6, 2014

പ്രധാനമന്ത്രിക്ക് താക്കീതായി ജനപ്രതിനിധികളുടെ കൂട്ട ഉപവാസം

പാചകവാതക വില കുത്തനെ ഉയര്‍ത്താന്‍ അനുമതി നല്‍കിയശേഷം കേരളത്തിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നാടിന്റെ താക്കീതായി ജനപ്രതിനിധികളുടെ ഉപവാസസമരം. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കുടിലതയ്ക്കെതിരെ ജനരോഷമിരമ്പി. വൈറ്റില ജങ്ഷനില്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും സഹകാരികളും സിപിഐ എം പ്രവര്‍ത്തകരും അണിനിരന്നു.

പാചകവാതക വില വര്‍ധന പിന്‍വലിക്കുക, ആധാര്‍ സബ്സിഡിയുമായി ബന്ധിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുമുയര്‍ന്നു. പാചകവാതക വിലവര്‍ധനയ്ക്കു പിന്നില്‍ കോണ്‍ഗ്രസിന്റെ നയങ്ങളാണെന്ന് സമരം ഉദ്ഘാടനംചെയ്ത് പി രാജീവ് എംപി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരാണ് കമ്പനികള്‍ക്ക് ഇഷ്ടപ്രകാരം എണ്ണ വില വര്‍ധിപ്പിക്കാന്‍ അവസരം നല്‍കിയത്. ഇത് മറച്ചുവച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ജനങ്ങളെ കബളിപ്പിക്കുകയാണ്. വില നിര്‍ണയാവകാശം കമ്പനികള്‍ക്കു നല്‍കിയത് അശാസ്ത്രീയമാണെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നയം തിരുത്തിയില്ല.

പ്രകൃതിവാതകത്തിന്റെയും വില കമ്പനികള്‍ക്ക് നിര്‍ണയിക്കാന്‍ അവസരം ഒരുക്കുകയാണ്. ആധാര്‍ കാര്‍ഡിന് നിയമപരമായി പിന്തുണയില്ല. ഇതിന് സാധുത നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. ബില്‍ പാസാക്കാതെ സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവു നല്‍കിയിട്ടും ജനങ്ങളെ പിഴിയാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. സബ്സിഡിക്ക് ലോകത്തൊരിടത്തും നികുതി ഈടാക്കാറില്ല. ഇന്ത്യയില്‍ പാചകവാതകത്തിന്റെ സബ്സിഡിക്കും നികുതി ഏര്‍പ്പെടുത്തി. വില നിര്‍ണയാവകാശം കമ്പനികളില്‍നിന്ന് മാറ്റില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി കേരളത്തില്‍ വന്നാണ് പ്രസ്താവന നടത്തിയത്.

ഇതെല്ലാം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും കമ്പനികളെ കുറ്റപ്പെടുത്തുന്നത്. സോണിയഗാന്ധിയും മന്‍മോഹന്‍ സിങ്ങും അറിയാതെ കമ്പനികള്‍ വില വര്‍ധിപ്പിക്കില്ല. എല്‍എന്‍ജി ഉപയോഗിച്ചാല്‍ ഫാക്ടിന് രക്ഷപ്പെടാമെന്ന പ്രഖ്യാപനം പാഴായി. പ്രകൃതിവാതകം ഉപയോഗിച്ചതോടെ ഫാക്ടിന് കൂടുതല്‍ സാമ്പത്തികഭാരമാണ് ഉണ്ടായത്. എല്‍എന്‍ജി പൈപ്പിടല്‍ പലയിടത്തും പൂര്‍ത്തിയായിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമം പൈപ്പിടുന്നതിലും ബാധകമാക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വിപണിവിലയും നഷ്ടപരിഹാരവും നല്‍കണമെന്നാണ് പാര്‍ടി ആവശ്യപ്പെടുന്നത്. സിറ്റി ഗ്യാസ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ ജെ ജേക്കബ് അധ്യക്ഷനായി. സി പി നാരായണന്‍ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, സംസ്ഥാനകമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ മണിശങ്കര്‍, പി എം ഇസ്മയില്‍, വൈറ്റില ഏരിയ സെക്രട്ടറി എന്‍ സതീഷ്, മൂവാറ്റുപുഴ നഗരസഭാ ചെയര്‍മാന്‍ യു ആര്‍ ബാബു, സാബു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഉപവാസസമരം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശനിയാഴ്ച ജില്ലയിലെമ്പാടും കരിദിനം ആചരിച്ചിരുന്നു.

deshabhimani

No comments:

Post a Comment